Pages

Wednesday, 1 July 2015

405.KAAKA MUTTAI(TAMIL,2014)

405.KAAKA MUTTAI(TAMIL,2014),|Drama|,Dir:-M. Manikandan,*ing:-Vignesh,Ramesh.

  തമിഴ് സിനിമയിലെ പരീക്ഷണ ചിത്രങ്ങളുടെ ഇടയിലേക്ക് വന്ന "കാക്ക  മുട്ടെ" ദേശിയ അവാര്‍ഡ് വേദിയിലെ മിന്നും  നക്ഷത്രം ആയിരുന്നു.മികച്ച കുട്ടികളുടെ ചിത്രത്തിനും മികച്ച ബാലതാരങ്ങള്‍ക്ക്  ഉള്ള പുരസ്ക്കാരങ്ങളും ഈ ചിത്രം  നേടുകയുണ്ടായി.ധനുഷിന്റെ കൂടി നിര്‍മാണ പങ്കാളിത്തത്തില്‍ ഫോക്സ് സ്റ്റാര്‍  സ്റ്റുഡിയോ  വിതരണത്തിന് എടുത്ത  ഈ ചിത്രം അവതരിപ്പിക്കുന്നത്‌ പല  ഭാഷകളിലും അവതരിപ്പിച്ച തീം ആണ്.പ്രതീക്ഷകള്‍ ഉണ്ടാകാന്‍ ജീവിതത്തില്‍ ഒരു കുട്ടി/അല്ലെങ്കില്‍  കുട്ടികളുടെ മുന്നില്‍  ഒരു  വസ്തു.അതിനെ ചുറ്റിപ്പറ്റി  പുരോഗമിക്കുന്ന കഥ.ഇതൊക്കെ ആണ് ഈ ചിത്രത്തിന്റെയും ശൈലി.

  എന്നാല്‍  എല്ലാവര്‍ക്കും എപ്പോഴും  ഇഷ്ടമാകുന്ന കഥ പറച്ചില്‍ ആണ് അതെന്നാണ്‌ തോന്നുന്നത്.പ്രത്യേകിച്ചും നിഷ്ക്കളങ്കരായ ദാരിദ്ര്യത്തില്‍ പോലും മനസ്സ്  നിറഞ്ഞു ചിരിക്കുന്ന കഥാപാത്രങ്ങളുടെ ഒറിജിനാലിറ്റി നല്ലത്  പോലെ പ്രേക്ഷകന് മനസ്സിലാകും.മേല്‍പ്പറഞ്ഞ അവസ്ഥയില്‍ ഉള്ള രണ്ടു കഥാപാത്രങ്ങള്‍ ആണ്  ഈ ചിത്രത്തിലും ഉള്ളത്.പ്രത്യേകിച്ച് ഒരു പേര് കൊടുക്കാത്ത ഈ ബാലന്മാര്‍ അവരുടെ പേര് പറയുന്നത് പെരിയ കാക്ക മുട്ടെ,ചിന്ന കാക്ക മുട്ടെ എന്നാണു.മുട്ട വാങ്ങിച്ചു കഴിക്കാന്‍ പണം ഇല്ലാത്ത അവരുടെ പ്രിയ ഭക്ഷണത്തില്‍ ഒന്ന് കറുത്ത നിറമുള്ള ആ പക്ഷിയുടെ മുട്ട ആയിരുന്നു.സ്വപ്‌നങ്ങള്‍ ഒന്നുമില്ലാതെ ഒറ്റ മുറിയില്‍ ചെന്നൈയിലെ ചേരിയില്‍ കഴിഞ്ഞിരുന്നവരുടെ അച്ഛന്‍ ജയിലില്‍ ആണ്.അമ്മ പണിക്കു പോകുന്നു.ദാരിദ്ര്യം കാരണം ട്രെയിനില്‍ നിന്നും വീഴുന്ന കരി പെറുക്കി വിറ്റാണ് അവര്‍ ജീവിച്ചിരുന്നത്.

  എന്നാല്‍ അവര്‍ക്ക് ആവശ്യങ്ങള്‍,സ്വപ്‌നങ്ങള്‍ എന്നിവ  കാണാന്‍ തക്ക വണ്ണം അവരുടെ കണ്ണുകള്‍  എത്തുന്ന സ്ഥലത്ത് ആ കുഞ്ഞു മനസ്സിലെ ആഗ്രഹം വന്നു.ഒരിക്കലും പ്രതീക്ഷിക്കാന്‍ ആകാത്തത് ജീവിതത്തില്‍ അദ്ധ്വാനത്തിലൂടെ നേടി എടുക്കാന്‍ ആ കുട്ടികള്‍ ശ്രമിക്കുന്നു.എന്നാല്‍ നിഷ്ക്കളങ്കം ആയ അവരുടെ ചിന്തകളെ മനസ്സിലാക്കാന്‍ സമൂഹം കഷ്ട്ടപ്പെടുന്നു.കാരണം പണത്തിന്റെയും പ്രശസ്തിയുടെയും മാത്രം  പുറകെ  പോകുന്ന മനുഷ്യര്‍ മാത്രം ഉള്ളപ്പോള്‍ നിഷ്ക്കളങ്കതയ്ക്ക് എന്ത് വില?യാതാര്‍ത്ഥ്യ  ബോധത്തോടെ ചിത്രം  അവതരിപ്പിച്ച സംവിധായകന്‍  ആണ് ചിത്രത്തിലെ യഥാര്‍ത്ഥ താരം.ഒപ്പം ആ രണ്ടു  കുട്ടികളും.അവരുടെ കഥാപാത്രങ്ങളുടെ പേര് ചിത്രത്തില്‍ പറയുന്നില്ലെങ്കിലും സിനിമ കാണുന്നവരുടെ മനസ്സില്‍ കോറി  വയ്ക്കുന്ന രണ്ടു  മുഖങ്ങള്‍  ആണ്  ആ കുട്ടികള്‍ രണ്ടു പേരും.

More movie suggestions @www.movieholicviews.blogspot.com

No comments:

Post a Comment