Pages

Thursday, 12 March 2015

317.ORAALPPOKKAM(MALAYALAM,2014)

317.ORAALPPOKKAM(MALAYALAM,2014),|Drama|,Dir:-Sanal Kumar Sasidharan,*ing:-Prakash Bare, Meena Kandasamy, Chala Chari.

  Crowd funded ചിത്രം ആയിരുന്നു സനല്‍ കുമാര്‍ സംവിധാനം ചെയ്ത ഒരാള്‍പ്പൊക്കം.ഇതേ രീതിയില്‍ അവതരിപ്പിച്ച കന്നഡ ചിത്രം ലൂസിയയും ഉന്നത നിലവാരം പുലര്‍ത്തിയിരുന്നു.പരീക്ഷിക്കാവുന്ന സിനിമ നിര്‍മാണ മാര്‍ഗം ആണ് ഇത്.ചലച്ചിത്ര മേളകളില്‍ നിറഞ്ഞ സാന്നിധ്യം ആയ ഈ ചിത്രം അവതരിപ്പിക്കുന്ന തീം മനസ്സിലാക്കാന്‍ അല്‍പ്പം ബുദ്ധിമുട്ട് ഉള്ളതായി തോന്നാം.അല്ലെങ്കില്‍ പ്രേക്ഷകന്റെ മുന്നിലേക്ക്‌ തന്‍റെ കഥാ പാത്രങ്ങളെ മനസിലാക്കാന്‍ വിട്ടു കൊടുത്തിരിക്കുകയാണ് സനല്‍ കുമാര്‍.ജീവിതവും മരണവും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു കണ്ണി ആണ് ഓര്‍മ.ചിലരുടെ ഓര്‍മ്മകള്‍ ഒരാളെ ജീവിതക്കാലം മുഴുവന്‍ വേട്ടയാടാന്‍ സാധ്യത ഉണ്ട്.ആ ഓര്‍മ്മകള്‍ അയാളെ കൊണ്ടെത്തിക്കുന്ന തലങ്ങള്‍ മരണത്തിനും അപ്പുറം ഉള്ള അതിജീവനം ആ കഥാപാത്രത്തിന് നല്‍കുന്നു.അത്തരം ഒരു പ്രമേയം ആണ് ഒരാള്‍പ്പൊക്കം അവതരിപ്പിക്കുന്നതും.

  മഹേന്ദ്രന്‍ എന്ന പത്രപ്രവര്‍ത്തകന്‍ തന്‍റെ സ്ത്രീ സുഹൃത്തായ തമിഴത്തി മായയും ആയി ലിവ്-ഇന്‍-റിലേഷന്‍ഷിപ്പില്‍ ആണ്.പരസ്പ്പര സമ്മതത്തോടെ ഉള്ള ആ ജീവിതത്തില്‍ വിലങ്ങുകള്‍ അവര്‍ പരസ്പ്പരം അണിയുന്നില്ല.ഒരു ഭാര്യ-ഭര്‍തൃ ബന്ധം എന്നതിലുപരി ആയുള്ള ആ ബന്ധത്തില്‍ അത്തരം ഒരു നിയമാവലിയുടെ ആവശ്യവും ഇല്ലായിരുന്നു.എന്നാല്‍ തന്നെ ലൈംഗികമായി ആകര്‍ഷിച്ച പുതിയ സ്ത്രീ സുഹൃത്തിനോട്‌ മായയ്ക്ക് അസൂയ തോന്നിയപ്പോള്‍ അഞ്ചു വര്‍ഷം ഒരുമിച്ചു താമസിച്ചത് തികയ്ക്കുന്ന ദിവസം അവര്‍ പിരിയുന്നു.മഹേന്ദ്രന്‍ പുതിയ പെണ്‍ സുഹൃത്തിനോടൊപ്പം തന്‍റെ ജീവിതം മുന്നോട്ടു പോകുന്ന സമയം .ഒരു ദിവസം ബാറില്‍ ഇരിക്കുമ്പോള്‍ മായയുടെ ഫോണ്‍ കോള്‍ വരുന്നു.താന്‍ മഹേന്ദ്രനില്‍ നിന്നും മാറിയപ്പോള്‍ കേദാരനാഥില്‍ എത്തി ചേര്‍ന്ന് എന്നും ഉയരം കൂടിയ മലകള്‍ കണ്ടപ്പോള്‍ ഉയരമുള്ള മഹിയെ ഓര്‍മ വന്നു എന്നും പറയുന്നു.മദ്യപിച്ചു ബാറില്‍ നിന്നും ഇറങ്ങിയ മഹി അന്ന് രാത്രി ബോധവും ഫോണിന്റെ ബാറ്ററി ചാര്‍ജും തീരുന്നിടത്തോളം അവളോട്‌ സംസാരിച്ചു.പിറ്റേ ദിവസം ഉറക്കം എഴുന്നേറ്റപ്പോള്‍ ടി വിയില്‍ കേദാരനാഥിലും പരിസരത്തും ഉണ്ടായ പ്രളയ ദുരിതത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ ആയിരുന്നു.ഉയരങ്ങള്‍ നടന്നു കയറുന്ന മായയ്ക്ക് എന്തായി എന്നറിയാന്‍ മഹി ഫോണ്‍ വിളിക്കുന്നു എങ്കിലും അവളെ കിട്ടുന്നില്ല.എങ്കിലും മഹിയുടെ മനസ്സില്‍ അവള്‍ ജീവനോടെ ഇരിക്കുന്നു എന്ന തോന്നല്‍ ഉണ്ടാകുന്നു.അയാള്‍ യാത്രയാകുന്നു മായയെ അന്വേഷിച്ച്.അതാണ്‌ ബാക്കി ചിത്രം.

   ഉയര്‍ന്ന മിഡില്‍ ക്ലാസ് വിഭാഗത്തില്‍ ഉള്ള ലൈംഗിക അസ്ഥിരതയുടെയും ബന്ധങ്ങളുടെ നിലനില്‍പ്പിനെയും കുറിച്ചുള്ള അപഗ്രഥനം ആയി ചിത്രം ഏറെ കുറെ സഞ്ചരിക്കുമ്പോള്‍ അവസാന ഭാഗങ്ങളില്‍,പ്രത്യേകിച്ചും യാത്രയുടെ സമയം മരണവും ഓര്‍മകളും ആണ് കഥയെ മുന്നോട്ടു നയിക്കുന്നത്.മനോഹരമായ ക്യാമറ കാഴ്ചകള്‍ ആണ് ചിത്രത്തിന്‍റെ പ്രധാന ആകര്‍ഷണം ആയി തോന്നിയത്.ബൌദ്ധികമായ ഉന്നത നിലവാരം ഒരു പക്ഷേ മനുഷ്യനില്‍ ഉണ്ടാക്കുന്ന വിചാരങ്ങളും അത് കുറഞ്ഞവനില്‍ ഉണ്ടാകുന്നത് ഏകദേശം ഒരു പോലെ ആണെങ്കിലും ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളുടെ വ്യത്യാസം ചിത്രത്തില്‍ പ്രതിഫലിക്കുന്നുണ്ട്.ഭൂതക്കാലം;അതിനോടൊപ്പം ഇപ്പോള്‍ നടക്കുന്ന ജീവിതവും ആയി കോര്‍ത്ത്‌ ഇണക്കുന്ന കണ്ണിയായി ഓര്‍മ്മകള്‍ വരുമ്പോള്‍ മായയ്ക്ക് മഹി അമരത്വം നല്‍കുന്നു,അയാളുടെ മരണം വരേയ്ക്കും.

More suggestions @www.movieholicviews.blogspot.com

No comments:

Post a Comment