Pages

Sunday, 7 September 2014

169.RAJADHI RAJA(MALAYALAM,2014)

169.RAJADHI RAJA(MALAYALAM,2014),Dir:-Ajai Vasudev,*ing:-Mammootty,Joju

 "ഞാന്‍ വെയിലത്ത്‌ നടന്നാലും ഇക്കയും ലാലേട്ടനും ബെന്‍സില്‍ തന്നെ പോകണം " എന്ന് ചിന്തിക്കുന്ന ആരാധകര്‍ തന്നെയാണ് ഈ താരങ്ങളുടെ ജീവിത വിജയത്തില്‍ നിര്‍ണായ ഘടകം ആയതു എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.സാധാരണ ഒരു പ്രേക്ഷകന്‍ ഒരു നല്ല സിനിമ കണ്ടു അതിനെ പുകഴ്ത്തുന്നതിലും അധികം ആരാധകരെ തൃപ്തിപ്പെടുത്തുന്ന സിനിമയിലൂടെ നേടാം എന്നൊരു വിശ്വാസവും ഇവര്‍ക്കെല്ലാം ഉണ്ടെന്നു തോന്നുന്നു.പറഞ്ഞു വരുന്നത് ഓണം റിലീസുകളെ കുറിച്ചാണ്.മലയാളത്തിലെ പ്രധാനപ്പെട്ട രണ്ടു താരങ്ങളും ആരാധകരെ ലക്ഷ്യമാക്കി ആണ് ഇത്തവണത്തെ ഓണ സിനിമകളും ആയി എത്തിയത് എന്ന് തോന്നി പോകും.വിജയ ഫോര്‍മുല എന്ന് ചിന്തിക്കുന്ന ഒരു പ്രത്യേക അനുപാതം ആണ് ഈ ചിത്രത്തിലും ഉള്ളത്.ആക്ഷന്‍,ഐറ്റം ടാന്‍സ്‌ എന്ന് വേണ്ട ഒരു വിധം മസാലകള്‍ എല്ലാം ഇ ചിത്രത്തിലും ഉണ്ട് .ഉത്സവ ചിത്രങ്ങള്‍ ഇത്തരത്തില്‍ ആയാല്‍ കൂടുതല്‍ ലാഭം കൊയ്യാം എന്നൊരു തോന്നല്‍ അതിന്‍റെ പുറകില്‍ ഉണ്ടായിരുന്നിരിക്കാം.കാരണം നല്ല സിനിമകള്‍ എന്ന് സാധാരണ പ്രേക്ഷകര്‍ പറയുന്ന ചിത്രം ബോക്സോഫീസ് നഷ്ടങ്ങളുടെ ഗണത്തില്‍ പെടുമ്പോള്‍ തീര്‍ച്ചയായും അവരുടെ ചിന്തകളെ കുറ്റം പറയാന്‍ സാധിക്കില്ല.നല്ല സിനിമകള്‍ കാണാന്‍ ആരാധകരും മടിക്കുന്നതായി പലപ്പോഴും കാണാം.മുന്നറിയിപ്പ് എന്ന സിനിമ നല്ല അഭിപ്രായം നേടിയപ്പോഴും ഒരു ബോക്സോഫീസ് ഹിറ്റ്‌ ആയി എന്ന് അതിനെ കുറിച്ച് പറയാന്‍ സാധിക്കുമോ?ആരാധകര്‍ അവയൊന്നും കാണുന്നില്ലേ എന്നുള്ള ചിന്ത അവിടെ ഉണ്ടാകും.

  ഇനി സിനിമയിലേക്ക്.അജയ് വാസുദേവ് ഈ ചിത്രത്തിലൂടെ ആരാധകര്‍ കാത്തിരുന്ന മമ്മൂട്ടിയെ തിരികെ കൊണ്ട് വന്നിട്ടുണ്ട്.അത് സിനിമയുടെ ഗുണത്തില്‍ അല്ല.പകരം ആരാധകര്‍ തങ്ങളുടെ ഇക്കയെ എങ്ങനെ കാണാന്‍ ആഗ്രഹിക്കുന്നോ ആ രീതിയില്‍.പുതുമ തീരെ ഇല്ലാത്ത കഥ.സാധാരണ ജീവിതം നയിക്കുന്ന നായകന്‍റെ ഭൂതക്കാലവും അയാള്‍ ആരാണ് എന്ന് അറിയുമ്പോള്‍ ഉള്ള പ്രശ്നങ്ങളും എല്ലാം ആണ് കഥയുടെ ഇതിവൃത്തം.സിനിമയില്‍ ജോജു എന്ന നടന്‍ ശ്രദ്ധേയമായ അഭിനയം കാഴ്ച വച്ചിട്ടുണ്ട്.ആദ്യ പകുതി ഭൂരിഭാഗവും ജോജു തന്നെ കയ്യടക്കി എന്ന് പറയാം.എന്നാല്‍ ഇടവേളയ്ക്കു മുന്‍പുള്ള സമയം ആരാധകര്‍ ആവേശ തിമിര്‍പ്പില്‍ ആകാന്‍ ഉള്ളത് ഒരുക്കുകയും ചെയ്തിട്ടുണ്ട്.മമ്മൂട്ടി എന്ന നടന്റെ സ്ക്രീന്‍ പ്രസന്‍സ് അപാരം ആണ്.ഈ പ്രായത്തിലും തന്‍റെ സമകാലികരെക്കാളും പ്രസരിപ്പും ഓജസ്സും അദ്ധേഹത്തിനുണ്ട്.ആര്‍ക്കും അസൂയ തോന്നുന്ന വ്യക്തി പ്രഭാവവും.നാല്‍പ്പതുകളില്‍ ഉള്ള കുടുംബനാഥന്‍ ആയി അദ്ധേഹത്തെ കാണുന്നതില്‍ ഒരു വിഷമവും ഇല്ലായിരുന്നു.സിബി-ഉടയാന്‍ സിനിമകളുടെ പതിവ് ചേരുവകയായ ചളിയില്‍ കുതിര്‍ന്ന തമാശകള്‍ക്ക് ഇവിടെ അവര്‍ അവധി നല്‍കി.രാജാധി രാജ എന്ന ബി ജി എം രണ്ടാം പകുതി മുഴുവനും ഉണ്ടായിരുന്നു.ഇപ്പോഴും അത് ചെവിയില്‍ കേള്‍ക്കുന്നത് പോലെ തോന്നുന്നു.

  ആദ്യ പകുതിയുടെ ഒരു രസം രണ്ടാം പകുതിയില്‍ നഷ്ടം ആയതു പോലെ തോന്നി.പഞ്ച് എല്ലാം ഉണ്ടായിരുന്നു എങ്കിലും എവിടെയോ എന്തോ നഷ്ടം ആയ ഒരു അവസ്ഥ."അവതാരം" സിനിമയിലെ അതെ വേഷത്തോടെ വന്ന സിദ്ധിക്കും മറ്റു സഹതാരങ്ങളും രാജയുടെ വണ്മാന്‍ ഷോയില്‍ മുങ്ങി പോവുകയും ചെയ്തു.ആരാധകരുടെ സഹകരണത്തോടെ ഈ ചിത്രം തിയറ്ററുകളില്‍ കുറച്ചു ദിവസം തീര്‍ച്ചയായും കാണും."പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍" എന്ന രീതിയില്‍ ആയിരുന്നു സിനിമ എങ്കിലും ആരാധകര്‍ ഇഷ്ടപ്പെട്ടിരുന്ന അവരുടെ ഇക്കയെ ഈ സിനിമയില്‍ കാണാന്‍ കഴിഞ്ഞു എന്നതോര്‍ത്ത് സന്തോഷിക്കുന്നും ഉണ്ട്..സമെപക്കാലത്ത് ആരാധകര്‍ പൊക്കി കൊണ്ട് നടന്ന അവരുടെ മാസ്സ് എന്ന് പറഞ്ഞ ചിത്രങ്ങളായ "ദൈവത്തിന്‍റെ സ്വന്തം ക്ലീറ്റസ്", "മംഗ്ലീഷ്" എന്നിവയെക്കാളും ഒക്കെ ഭേദം ആയിരുന്നു ഈ  ചിത്രം.എനിക്ക് ഈ ചിത്രം ഒരു ശരാശരി ആയാണ് തോന്നിയത്.ഈ ഓണ ചിത്രത്തിന് എന്റെ മാര്‍ക്ക് 2.5/5

More reviews @ www.movieholicviews.blogspot.com


No comments:

Post a Comment