Pages

Wednesday, 28 May 2014

116.BLOOD RAIN(KOREAN,2005)

116.BLOOD RAIN(KOREAN,2005),|Mystery|Crime|,Dir:-Dae-seung Kim,*ing:-Seung-won ChaYong-woo ParkSeong Ji

  പതിവ് കൊറിയന്‍ ത്രില്ലറുകളുടെ തന്നെ പ്രമേയത്തില്‍ 1808ല്‍ നടക്കുന്ന കുറച്ചു കൊലപാതകങ്ങളുടെ ചുരുളഴിക്കുകയാണ് "ബ്ലഡ്‌ റെയിന്‍" എന്ന ഈ കൊറിയന്‍ ചിത്രം.പഴയ കാലം ആണ് പശ്ചാത്തലം എങ്കിലും വളരെയധികം കുഴയ്ക്കുന്ന ഒരു കടങ്കഥ പോലെ ആണ് ഈ ചിത്രം.അക്കാലത്തെ പരിഷ്കൃതമായ കണ്ടെത്തല്‍ ആയിരുന്നു പേപ്പര്‍.ടോന്ഗ്വ എന്ന ദ്വീപില്‍ പേപ്പര്‍ ഉണ്ടാക്കാന്‍ ആവശ്യമുള്ള കാലാവസ്ഥയും മറ്റു അവശ്യസാധനങ്ങളും ഉണ്ടായിരുന്നു.അത് കാരണം സ്വയംപര്യാപ്തമായ ഒരു ജനസമൂഹം ആയിരുന്നു അവിടെ.എന്നാല്‍ അവിടെ അപ്രതീക്ഷിതം ആയി നടന്ന ചില കൊലപാതകങ്ങളും അതിനെ പിന്‍പ്പറ്റി നടന്ന സംഭവങ്ങളും ആ ദ്വീപിനെ ബാധിക്കുന്നു.കൊലപാതകങ്ങള്‍ നടക്കുന്നു എന്നതില്‍ ഉപരി അത് നടത്തപ്പെടുന്ന രീതികള്‍ ആണ് ജനങ്ങളെ ഭീതിയിലാഴ്ത്തിയത്.രാജാവിന് വര്‍ഷാവര്‍ഷം കാഴ്ചവയ്ക്കുന്നു അതിവിഷിഷ്ട്ടമായ പേപ്പറുകള്‍ ഉണ്ടാകുന്ന സമയം ആയിരുന്നു അത്.ഈ കൊലപാതകങ്ങള്‍ എന്നാല്‍ ജനങ്ങള്‍ കരുതിയിരുന്നത് ഏഴു വര്‍ഷം മുന്‍പ്  മരണ ശിക്ഷയ്ക്ക് വിധേയനാക്കിയ ചാംഗ് എന്ന പേപ്പര്‍ മില്ലിന്റെ ഉടമയുടെ പ്രേതം ആയിരുന്നു എന്നായിരുന്നു.ചാംഗിന്റെ പ്രേതം ശപഥം ചെയ്തത് പോലെ അയാള്‍ വന്നിരിക്കുന്നു എന്നും അത് കൊണ്ട് ചുവന്ന നിറത്തില്‍ ഉള്ള മഴ പെയ്യും എന്നും അവര്‍ വിശ്വസിച്ചു.കിണറിലെ വെള്ളത്തില്‍ ഉണ്ടാകുന്ന നിറവ്യത്യാസവും മണവും അവരുടെ സംശയം കൂട്ടുന്നു.ഭീതി മൂലം അവര്‍ മില്ലിലെ ജോലിക്ക് പോകാതെ ആയി.

    അവസാനം രാജാവ് സത്യാവസ്ഥ അറിയുവാനായി വോങ്ക്യു എന്ന അന്വേഷണ ഉദ്യോഗസ്ഥനെ അയയ്ക്കുന്നു.അതി ബുദ്ധിമാന്‍ ആയ വോങ്ക്യു ദ്വീപിലെ കൊലപാതകങ്ങളെയും അത് നടത്തിയ രീതികളെയും സസൂക്ഷം പഠിക്കുന്നു.വോന്ക്യുവിന്റെ അന്വേഷണത്തില്‍ ചാംഗിന്റെ കുടുംബം മൊത്തം നാമാവശേഷം ആയതായി മനസ്സിലാക്കുന്നു.അതിനാല്‍ തന്നെ കൊലപാതകങ്ങള്‍ നടത്തുന്നത് ആരാണെന്ന് പിടിക്കിട്ടാതെ കുഴയുന്നു.പ്രേതമാണ്‌ മരണത്തിനു കാരണം എന്ന് വോങ്ക്യു എന്നാല്‍ വിശ്വസിക്കുന്നില്ല.വോങ്ക്യു അവിടെ എത്തിയതിനു ശേഷവും,അയാളുടെ മുന്നില്‍ വച്ച് പോലും മരണങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു.ജനങ്ങള്‍ കൂടുതല്‍ പരിഭ്രാന്തിയില്‍ ആകുന്നു.അവര്‍ മന്ത്രവാദിയുടെ അടുക്കല്‍ ഒക്കെ പോയി തുടങ്ങുന്നു.ഭീതിതരായ ജനങ്ങള്‍ ചാംഗ് തന്‍റെ പക വീട്ടാന്‍ വന്നതാണെന്ന് തന്നെ വിശ്വസിക്കുന്നു.എന്നാല്‍ കേസില്‍ കൂടുതല്‍ ആഴ്ന്നിറങ്ങുമ്പോള്‍ വോങ്ക്യു മനസ്സിലാക്കുന്നു പ്രത്യക്ഷത്തില്‍ കാണുന്നതിലും അപ്പുറം ഉള്ള രഹസ്യങ്ങള്‍ ആ ദ്വീപിനു ഉണ്ടായിരുന്നു എന്ന്.ഒരു അഴിയാക്കുരുക്ക്‌ അഴിക്കുന്നത് പോലെ അയാള്‍ അവയെല്ലാം അഴിക്കാന്‍ ശ്രമിക്കുന്നു.എന്നാല്‍ മരണങ്ങള്‍ മുറയ്ക്ക് നടന്നു കൊണ്ടിരുന്നു.ഒരു പ്രത്യേക ക്രമത്തിലും പ്രത്യേക രീതിയിലും.ആരാണ് അല്ലെങ്കില്‍ എന്താണ് ഈ കൊലകള്‍ക്ക് പിന്നില്‍?പ്രേതമോ അതോ മനുഷ്യരോ?എന്തിനായിരുന്നു ചാംഗിനെ വധശിക്ഷയ്ക്കു വിധിച്ചത്?കൊലപാതകങ്ങളുടെ യഥാര്‍ത്ഥ കാരണങ്ങള്‍ എന്ത്?ഇതെല്ലാം കൂടുതല്‍ അറിയണമെങ്കില്‍ സിനിമ കാണുക.

   കൊറിയന്‍ ദേശിയ പുരസ്ക്കാരം,ബ്ലൂ ഡ്രാഗണ്‍ ചലച്ചിത്ര പുരസ്ക്കാരം,ഗ്രാന്‍ഡ്‌ ബെല്‍ പുരസ്ക്കാരം തുടങ്ങിയവ ഉള്‍പ്പടെ 2005ലെ അന്തര്‍ദേശിയ കൊറിയന്‍ സിനിമയുടെ അന്തസ്സുയര്‍ത്തിയ ചിത്രമാണ് "ബ്ലഡ്‌ റെയിന്‍".ചൈന ഭരിച്ചിരുന്ന കൊറിയയുടെ  അക്കാലത്തെ ഭരണകൂടത്തിന്‍റെ രീതികളും സമ്പ്രദായങ്ങളും എല്ലാം ഈ ചിത്രത്തില്‍ കാണിക്കുവാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്.അതിമനോഹരമായ ക്യാമറ കാഴ്ചകളും സംവിധാനവും അഭിനയവും എല്ലാം ചേര്‍ന്ന് മികച്ച ഒരു ത്രില്ലര്‍ ആക്കി മാറ്റി ഈ ചിത്രത്തെ.വീണ്ടും ഒരു നല്ല ത്രില്ലര്‍,കൊറിയന്‍ സിനിമയില്‍ നിന്നും.ഇത്തരം ചിത്രങ്ങളില്‍ താല്‍പ്പര്യം ഉള്ളവര്‍ക്ക് ധൈര്യമായി കാണാവുന്ന ചിത്രം.ഞാന്‍ ഈ ചിത്രത്തിന് നല്‍കുന്ന മാര്‍ക്ക് 7.5/10!!

More reviews @ www.movieholicviews.blogspot.com

Monday, 19 May 2014

115.H (KOREAN,2002)

115.H.(KOREAN,2002),|Thriller|Mystery|Crime|,Dir:-Jong-hyuk Lee,*ing:- Jung-ah YumJin-hee JiJi-ru Sung

  "H" ഈ അക്ഷരത്തില്‍ കൊറിയയില്‍ നിന്നും 2002ല്‍ ഇറങ്ങിയ ഈ ത്രില്ലര്‍ ചിത്രത്തെ കുറിച്ച് ഉള്ളതെല്ലാം അടങ്ങിയിരിക്കുന്നു.ആറു സ്ത്രീകളുടെ കൊലപാതകത്തിന് ശേഷം പരമ്പര കൊലയാളി ആയ ഇരുപത്തിരണ്ടു വയസ്സുകാരന്‍ ഷിന്‍ പോലീസില്‍ കീഴടങ്ങുന്നു.അവന്‍റെ അവസാനത്തെ ഇര ആരായിരുന്നു എന്ന് കണ്ടുപിടിക്കുവാന്‍ പോലീസിനു സാധിക്കുന്നില്ല.എന്നാലും ഈ കൊലപാതകങ്ങള്‍ക്ക് നിയമം ഷിന്നിനു മരണ ശിക്ഷ നല്‍കുന്നു.ഷിന്‍ ജയിലില്‍ ആയതിന്‍റെ പത്താം മാസം സമാനമായ രീതിയില്‍ രണ്ടു സ്ത്രീകള്‍ കൂടി കൊല്ലപെടുന്നു.ഷിന്‍ ചെയ്തത് പോലെ തന്നെ ഗര്‍ഭിണികള്‍ ആയിരുന്നു ഇത്തവണയും മരിച്ചത്.ഒരു മനോരോഗിയുടെ ചെയ്തികള്‍ ആയി പോലീസ് കരുതിയിരുന്ന ആ കൊലപാതകങ്ങള്‍ക്ക് മറ്റു അര്‍ത്ഥതലങ്ങള്‍ കൈ വരുന്നു.സമാനമായ രീതിയില്‍ ഉള്ള കൊലപാതകങ്ങളുടെ പിന്നാലെ പോയ അന്വേഷണ ഉദ്ധ്യോഗസ്ഥര്‍ ആയ കിം ,കാംഗ് എന്നിവര്‍ക്ക് ആദ്യ കൊലപാതകിയെ മനസ്സിലാകുന്നു.അയാളുടെ പുറകെ പോയ കാംഗ് അയാളെ ഒരു നിശാക്ലബ്ബില്‍ വച്ച് വെടിവയ്ക്കുന്നു.എന്നാല്‍ അയാള്‍ വെടിയേല്‍ക്കുന്നതിനു മുന്‍പ് അവിടെ ഉണ്ടായിരുന്ന ഒരു സ്വവര്‍ഗാനുരാഗി ആയ സ്ത്രീയുടെ ചെവി മുറിച്ചിട്ട് അവരെ കൊല്ലപ്പെടുത്തുന്നു.വെടി ഏറ്റെങ്കിലും അയാള്‍ മരിക്കുന്നില്ല.പിന്നീടുള്ള അന്വേഷണത്തില്‍ അയാള്‍ ഷിന്നിനോടൊപ്പം ജയിലില്‍ ഉണ്ടായിരുന്ന ആള്‍ ആണെന്ന് മനസ്സിലാകുന്നു.

  എന്നാല്‍ കൊലപാതകങ്ങള്‍ അവിടെ അവസാനിക്കുന്നില്ല.പിന്നീടും സമാന രീതിയില്‍ ഉള്ള കൊലപാതകങ്ങള്‍ നടക്കുന്നു.പോലീസ് ആകെ മൊത്തം കുഴങ്ങുന്നു.ഷിന്നിനോട് ഇതിനെക്കുറിച്ച്‌ ചോദിക്കാന്‍ ജയിലില്‍ പോയ കാംഗ്,കിം എന്നിവരോട് അയാള്‍ സഹകരിക്കുന്നില്ല.കിമ്മിന്റെ പോലീസ് ആയ കാമുകന്‍ ഹാന്‍ ആദ്യം ഷിന്നിന്റെ കേസ് അന്വേഷിച്ച സമയത്ത് ആത്മഹത്യ ചെയ്തിരുന്നു.കാരണം ദുരൂഹമായി തുടരുന്നു. വീണ്ടും കൊലയാളിയെ ലഭിക്കുന്നു. ഇത്തവണ കൊലയാളി, പോലീസിന്‍റെ മുന്നില്‍ വച്ച് ആത്മഹത്യ ചെയ്യുന്നു.അയാള്‍ ഷിന്‍ പഠിച്ച സ്ഥാപനത്തില്‍ സീനിയര്‍ ആയിരുന്നു എന്ന് മനസ്സിലാകുന്നു.എന്നാല്‍ ഈ കൊലപാതകങ്ങള്‍ തുടര്‍ക്കഥ ആയപ്പോള്‍ സര്‍ക്കാര്‍ ഷിന്നിനെ മരണ ശിക്ഷയ്ക്ക് വിധിക്കുന്നു.പോലീസ് ഇനിയും കൊലപാതകങ്ങള്‍ ഉണ്ടാകില്ല എന്ന് വിശ്വസിക്കുന്നു.എന്നാല്‍ എന്താണ് ഈ കൊലകളുടെ കാരണം?ഇവര്‍ പോലീസ് സംശയിക്കുന്നത് പോലെ ഷിന്നിന്റെ വാടക കൊലയാളികള്‍ ആയിരുന്നോ?സംശയത്തിന്‍റെ മുള്‍മുനയില്‍ പലരും ഉണ്ട്.എന്നാല്‍ ഒന്നിനും ഒരു തെളിവ് ലഭിക്കുന്നുമില്ല.കാത്തിരിക്കുന്നത് അപ്രതീക്ഷിതമായ കാരണങ്ങള്‍ ആണ്.ബാക്കി അറിയുവാന്‍ ചിത്രം കാണുക.

  വളരെയധികം സങ്കീര്‍ണമായ ഒരു കഥയാണ് ഈ ചിത്രത്തിനുള്ളത്."The Cure" എന്ന ജാപനീസ് സിനിമയോട് കുറച്ചൊക്കെ സാമ്യം ഈ ചിത്രത്തിന് തോന്നിയിരുന്നു.എങ്കിലും കഥാസന്ദര്‍ഭം,കഥാതന്തു എന്നിവയെല്ലാം ഈ ചിത്രത്തില്‍ വ്യത്യസ്തം ആണ്.ത്രില്ലര്‍ സിനിമകളുടെ ആരാധകര്‍ക്ക് തലപുകയ്ക്കാന്‍ ഉള്ള അവസരങ്ങള്‍ ഈ ചിത്രം സൃഷ്ടിക്കുന്നുണ്ട്.ഒരു നല്ല ത്രില്ലര്‍ സിനിമ എന്ന് പറയാം H എന്ന ഈ ചിത്രത്തെ.H എന്താണെന്ന് അവസാനം എനിക്ക് മനസ്സിലായപ്പോള്‍ ഞാന്‍ ഈ ചിത്രത്തിന് 7/10 മാര്‍ക്ക് നല്‍കുന്നു.

 More reviews @ www.movieholicviews.blogspot.com

Thursday, 15 May 2014

114.7 BOXES(SPANISH,2012)

114. 7 BOXES(SPANISH,2012),|Thriller|,Dir:-Juan Carlos ManegliaTana Schembori,*ing:-Celso FrancoVíctor SosaLali Gonzalez

 പരാഗ്വേയില്‍ നിന്നും ഉള്ള ഒരു ത്രില്ലര്‍ ആണ് "7 ബോക്സെസ്".ഒരു മികച്ച ത്രില്ലര്‍ എന്ന് പറയുന്നതില്‍ എന്തൊക്കെ വേണോ അതെല്ലാം ശരിയായ അളവില്‍ പാകത്തിന് കൊടുത്ത് രൂപപ്പെടുത്തിയ മികച്ച ചിത്രം ആണിത്.വിക്റ്റര്‍ മാര്‍ക്കറ്റില്‍ കൈവണ്ടി തള്ളി ജീവിക്കുന്ന യുവാവാണ്.അവന്‍റെ പ്രായത്തിന്റേതായ സ്വപ്‌നങ്ങള്‍ എല്ലാം താലോലിക്കുന്നവന്‍.അവനു ടി വി ഒരു അത്ഭുത വസ്തു ആണ്.അവന്‍ ടി വിയില്‍ വരുന്നതിനെ കുറിച്ച് അവന്‍ സ്വപ്നം കാണാറുണ്ട്‌.അങ്ങനെ ഒരു ദിവസം ഉച്ച തിരിഞ്ഞ് 3:30 യ്ക്ക് അവന്‍ ടി വി കണ്ടു കൊണ്ടിരിക്കുമ്പോള്‍ അവനു ഒരു കസ്റ്റമറെ നഷ്ടപ്പെടുന്നു.അവന്‍റെ ജോലിയിയിലെ എതിരാളിയായ നെല്‍സന്‍ ആ കസ്റ്റമറെ കൊണ്ട് പോകുന്നു.അവന്‍ വിഷമിച്ചു നില്‍ക്കുമ്പോഴാണ് ഫോട്ടോയും വീഡിയോയും എടുക്കാന്‍ സാധിക്കുന്ന വിലകൂടിയ ഒരു മൊബൈലുമായി അവന്‍റെ സഹോദരി വരുന്നത്.അത്  അവളുടെ സുഹൃത്തിന്‍റെ ആണെന്നും അത് വില്‍ക്കാന്‍ നടക്കുകയാണെന്നും പറയുന്നു.വിക്ട്ടറിനു ആ മൊബൈല്‍ ഒരു അത്ഭുതം ആയിരുന്നു.അത് അവനു വാങ്ങണം എന്നുണ്ടായിരുന്നു.എന്നാല്‍ കാശില്ലാത്തത്‌ കൊണ്ട് അവന്‍ വിഷമിച്ചു നടക്കുന്നു.അപ്പോഴാണ്‌ അവനോടു ഗസ് എന്ന ആളെ കാണുവാന്‍ അടുത്തുള്ള മൊബൈല്‍ കടയിലെ പെണ്‍ക്കുട്ടി  പറയുന്നത്.

  വിക്റ്റര്‍ ഗസിന്റെ അടുക്കല്‍ പോകുന്നു.ആ സ്ഥലം മൊത്തം പോലീസ് വളഞ്ഞിട്ടുണ്ട്.ഗസ് അവനെ രഹസ്യമായി 7 പെട്ടികള്‍ ഏല്‍പ്പിക്കുന്നു.അവന്‍ ആ പെട്ടികളും കൊണ്ട് പോയിട്ട് തിരിച്ചു വരാന്‍ ആവശ്യപ്പെടുന്നു.പകരമായി ഒരു നൂറു ഡോളര്‍ മുറിച്ച് അവന്‍റെ കയ്യില്‍ കൊടുക്കുന്നു.തിരിച്ചു വരുമ്പോള്‍ അതിന്‍റെ പകുതി തരാം എന്ന് പറയുന്നു.വിക്റ്റര്‍ ഉടനെ സഹോദരിയുടെ അടുക്കല്‍ ചെന്ന് ആ പകുതി ഡോളറിനെ വീണ്ടും പകുതി ആക്കി ഏല്‍പ്പിക്കുന്നു.മൊബൈല്‍ ഫോണ്‍ ആര്‍ക്കും വില്‍ക്കാതിരിക്കാന്‍ ഉള്ള അഡ്വാന്‍സ് ആയി.താന്‍ അത് വൈകിട്ട് വാങ്ങും എന്നും പറയുന്നു.വിക്റ്റര്‍ ആ പെട്ടികളുമായി പോയപ്പോള്‍ കൂടെ ലിസ് എന്ന പെണ്‍ക്കുട്ടി കൂടെ കൂടുന്നു.ഇടയ്ക്ക് വച്ച് അതില്‍ ഒരു പെട്ടി മോഷണം പോകുന്നു.ഇതേ സമയം നെല്‍സന്‍ തന്‍റെ മകനെയും കൊണ്ട് മരുന്ന് വാങ്ങിക്കാന്‍ ചെന്നപ്പോള്‍ കാശില്ലാത്തത്‌ കൊണ്ട് ദു:ഖത്തോടെ മടങ്ങി വരുന്നു.അപ്പോഴാണ്‌ താന്‍ കൊണ്ട് പോകാന്‍ ഇരുന്ന പെട്ടികള്‍ വിക്റ്റര്‍ കൊണ്ട് പോയി എന്നറിഞ്ഞത്.അതെങ്ങനെ എങ്കിലും കൈക്കലാക്കി കാശ് ഒപ്പിക്കാന്‍ നെല്‍സന്‍ തീരുമാനിക്കുന്നു.അയാള്‍ വിക്ട്ടറെ അന്വേഷിച്ച് ഇറങ്ങുന്നു.എന്നാല്‍ ആ പെട്ടികള്‍ അന്ന് ഉള്ള അല്‍പ്പസമയത്തിനുള്ളില്‍ എല്ലാവരുടെയും ജീവിതം മാറ്റി മറിയ്ക്കാന്‍ പോകുന്ന ഒന്നാണെന്ന് കുറച്ച് പേര്‍ക്ക് അറിയാമായിരുന്നു.അത്രയ്ക്കും അപകടകരം ആയതാണ് ആ പെട്ടിയില്‍ നിന്നറിയാതെ അതുമായി സഞ്ചരിക്കുന്ന വിക്ട്ടറും വിക്റ്ററുടെ പിന്നാലെ പോകുന്ന ചിലരുടെയും അപകടകരമായ കഥയാണ് "7 ബോക്സസ്" എന്ന ഈ സ്പാനിഷ് ചിത്രം പറയുന്നത്.എന്തായിരുന്നു ആ പെട്ടികളില്‍?ആ പെട്ടിയില്‍ ഉള്ളത് ഇതിലെ കഥാപാത്രങ്ങളുടെ ജീവിതം എങ്ങനെ മാറ്റി മറിയ്ക്കും?കൂടുതല്‍ അറിയുവാനായി ചിത്രം കാണുക.

  ഓരോ സീനിലും അപ്രതീക്ഷിതമായ ട്വിസ്റ്റുകള്‍ ആണ് ഈ ചിത്രത്തിന്‍റെ ശക്തി.പരഗ്വയുടെ സിനിമ ചരിത്രത്തില്‍ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നാണ് ഈ ചിത്രം.നിരൂപക പ്രശംസയും ബോക്സോഫീസില്‍ മികവും പുലര്‍ത്തി ഈ ചിത്രം.യഥാര്‍ത്ഥത്തില്‍ നടക്കുന്ന ഒരു സംഭവം ആണോ എന്ന് തോന്നിപ്പിക്കും വിധം ആണ് ചിത്രത്തിന്‍റെ നിര്‍മാണം.ലാറ്റിന്‍ അമേരിക്കന്‍ ഫിലിം അവാര്‍ഡ്‌,പാം സ്പ്രിംഗ് അന്താരാഷ്‌ട്ര പുരസ്ക്കാരം തുടങ്ങി നിരവധി ബഹുമതികള്‍ ഈ ചിത്രം നേടിയിട്ടുണ്ട്.ത്രില്ലര്‍ സിനിമകളുടെ ആരാധകര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രം.ഞാന്‍ ഈ ചിത്രത്തിന് നല്‍കുന്ന മാര്‍ക്ക് 7.5/10!!

             More reviews @ www.movieholicviews.blogspot.com

Wednesday, 14 May 2014

113.SECONDS(ENGLISH,1966)

113.SECONDS(ENGLISH,1966),|Drama|Mystery|,Dir:-John Frankenheimer,*ing:-Rock HudsonFrank CampanellaJohn Randolph

  സെക്കന്റ്സ്-നിമിഷങ്ങള്‍ എന്ന് നമ്മള്‍ പറയുന്ന ഈ വാക്കിന് ജീവന്റെ വില വരുന്ന അവസ്ഥ ആലോചിച്ചിട്ടുണ്ടോ?അതും പലരും പല രീതിയില്‍ ആഖ്യാനിക്കുന്ന ജനന-മരണ പ്രക്രിയയെ സൂചിപ്പിക്കുമ്പോള്‍.പുനര്‍ജനിക്കുന്ന മനുഷ്യരെ കുറിച്ച് പലയിടത്തും,മിത്തുകളിലും ഇതിഹാസങ്ങളിലും വിശ്വാസങ്ങളിലും എല്ലാം പ്രതിപാദിക്കുന്നുണ്ട്.എന്നാല്‍ അവയെല്ലാം സാധാരണയായി മരണത്തിനു ശേഷം സംഭവിക്കുന്ന പ്രക്രിയകള്‍ ആയാണ് വിവരിക്കുന്നത്.എന്നാല്‍ ജീവനോടെ ഇരിക്കുമ്പോള്‍ അത്തരം ഒരു അവസ്ഥയെ നേരിടേണ്ടി വരുന്ന അവസ്ഥ?അതാണ്‌ ഈ ചിത്രം പ്രതിപാദിക്കുന്ന പ്രമേയം.ജനന-മരണ പ്രക്രിയകള്‍ സാധാരണയായി പ്രകൃതിയുടെ മാറ്റങ്ങളെ അനുസരിച്ച് സംഭവിക്കുന്നു.എന്നാല്‍ മനസ്സിന്‍റെ മാറ്റങ്ങള്‍ക്കനുസരിച്ച് ഈ ഒരു അവസ്ഥയെ നേരിടാനുള്ള അവസ്ഥയാണ് ആര്‍തര്‍ ഹാമില്‍ട്ടന്‍ എന്ന ജീവിതത്തില്‍ എല്ലാം നേടി എന്ന തോന്നല്‍ ഉണ്ടായ മനുഷ്യന് നേരിടേണ്ടി വന്നത്.

  ആര്‍തര്‍ ഹാമില്‍ട്ടന്‍ ജീവിതത്തിലെ പടവുകള്‍ എല്ലാം വിജയകരമായി കടന്നിരിക്കുന്നു.അയാളുടെ ജീവിതത്തില്‍ ലക്ഷ്യങ്ങളും അയാളെ കുറിച്ച് വ്യാകുലപ്പെടുന്നവരുടെ എണ്ണം പോലും കുറഞ്ഞതായി അയാള്‍ക്ക്‌ തോന്നുന്നു.സ്വന്തം ഭാര്യയെ പോലും തൃപ്തിപ്പെടുത്താന്‍ സാധിക്കാത്ത അയാള്‍ക്ക്‌  ഒരു ഫോണ്‍ കോള്‍ വരുന്നു.മറുവശത്ത് ആര്‍തറിന്റെ മരിച്ചു പോയെന്നു കരുതുന്ന ചാര്‍ളി എന്ന സുഹൃത്തില്‍ നിന്നായിരുന്നു.താന്‍ മരിച്ചിട്ടില്ല എന്നും.തന്‍റെ മരണ വാര്‍ത്ത വെറും  ഒരു കഥയാണെന്നും പുതിയ ഭാവത്തില്‍ താന്‍ ജീവിച്ചിരിപ്പുണ്ടെന്നും അയാള്‍ ആര്‍തറിനെ അറിയിക്കുന്നു.ചാര്‍ളി തന്നെ പോലെ ആകാന്‍ ആര്‍തറിനെ ക്ഷണിക്കുന്നു.ചാര്‍ളി പറഞ്ഞത് പോലെ വിത്സണ്‍ എന്ന പേരില്‍ ആര്‍തര്‍ അയാള്‍ പറഞ്ഞ അറവുശാലയില്‍  എത്തുന്നു."കമ്പനി" എന്ന പേരില്‍ അറിയപ്പെടുന്ന ഒരു കൂട്ടം ആളുകള്‍ നടത്തുന്ന ആ സ്ഥാപനത്തില്‍ തങ്ങളുടെ മരണം മറ്റൊരാളുടെ ശവം ഉപയോഗിച്ച് യാഥാര്‍ത്ഥ്യം ആക്കുകയും,ആവശ്യക്കാര്‍ക്ക് ശസ്ത്രക്രിയയിലൂടെ പുതിയ രൂപം നല്‍കുകയും ചെയ്യുന്നു.ആര്‍തര്‍ തന്‍റെ ജീവിതത്തിലേക്ക് നോക്കിയപ്പോള്‍ ഒരു പുനര്‍ജനനം തനിക്കു ആവശ്യം ആണെന്ന് മനസ്സിലാക്കുന്നു.ശസ്ത്രക്രിയയ്ക്ക് ശേഷം വിത്സന്‍ എന്ന പേരില്‍ ജീവിക്കാന്‍ തുടങ്ങുന്നു.നോറ എന്ന കാമുകിയും അയാളുടെ കൂടെ വരുന്നു.സന്തോഷകരമായ ആദ്യ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ആണ് തനിക്കു ലഭിച്ചു പുനര്‍ജന്മത്തിന്റെ ദോഷവശങ്ങള്‍ ആര്‍തര്‍ മനസ്സിലാക്കുന്നത്.എന്നാല്‍ എന്നെന്നേക്കുമായി അകപ്പെട്ടു പോയ അവസ്ഥയില്‍ ആയിരുന്നു വിത്സണ്‍.വിത്സണ്‍ എന്ന ആര്‍തറിന് കമ്പനിയുടെ അടുക്കല്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കുമോ?തന്‍റെ പുനര്‍ജന്മത്തിലെ ദോഷ വശങ്ങള്‍ എന്തൊക്കെയായിരുന്നു?ആ രഹസ്യങ്ങള്‍ ആണ് ബാക്കി ചിത്രം പറയുന്നത്.

 ഡേവിഡ് എലി എഴുതിയ  അതേ പേരില്‍ ഉള്ള നോവലില്‍ നിന്നും കടം കൊണ്ടതാണ് ഈ സിനിമ.കാന്‍സ്‌ ചലച്ചിത്ര മേളയില്‍ ഒക്കെ അംഗീകാരം ലഭിച്ച ഈ  ചിത്രം ഒസ്കാറിലും മത്സര രംഗത്തുണ്ടായിരുന്നു ചായഗ്രഹണ വിഭാഗത്തില്‍.ജോണ്‍ ഫ്രാങ്ക്ഹൈമര്‍ സംവിധാനം ചെയ്ത ഈ ചിത്രം പ്രമേയപരമായി പ്രേക്ഷകനുമായി ധാരാളം കാര്യങ്ങള്‍ സംവേദനം നടത്തുന്നുണ്ട്.അതിലൊന്നാണ് പ്രകൃതി നിയമങ്ങളെ മാനസിക നിലയ്ക്കനുസരിച്ചു രൂപപ്പെടുതുന്നതിലെ അപാകതകള്‍ തന്നെ പ്രധാനം.പിന്നെ ബന്ധങ്ങളില്‍ എന്താണ് സംഭവിക്കുന്നതെന്നും .പലപ്പോഴും നമ്മുടെ ചിന്തകള്‍ക്കും അപ്പുറം ആണ് ബന്ധങ്ങള്‍.ബന്ധങ്ങളിലെ പരിപാവനത പലപ്പോഴും മനസ്സിലാക്കുമ്പോള്‍ വൈകിയിരിക്കും.അറുപതുകളില്‍ ഇറങ്ങിയ ഈ ചിത്രം ഒരു സാധാരണ സയന്‍സ് ഫിക്ഷന്‍ സിനിമയുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ ഒരിക്കലും കഴിയില്ല.അതിലും മുകളില്‍ ആണ് ഈ ചിത്രത്തിന്‍റെ സ്ഥാനം.സിനിമ ആരംഭിക്കുമ്പോള്‍ കാണിക്കുന്ന ഭൂതക്കണ്ണാടിയിലൂടെ ഉള്ള ചിത്രങ്ങള്‍ പോലെ തന്നെ സൂക്ഷ്മമായി പ്രതിപാദിക്കുന്ന പലതും ഈ ചിത്രത്തിലുണ്ട്.ഞാന്‍ ഈ ചിത്രത്തിന് നല്‍കുന്ന മാര്‍ക്ക് 8/10!!

More reviews @ www.movieholicviews.blogspot.com

Tuesday, 13 May 2014

112.BLOW OUT(ENGLISH,1981)

112.BLOW OUT(ENGLISH,1981),|Thriller|,Dir:-Brian De Palma,*ing:-John TravoltaNancy AllenJohn Lithgow.

 അവിചാരിതമായി ഒരു അപകടത്തിനു സാക്ഷിയാകേണ്ടി വരുകയും പിന്നീട് ആ അപകടത്തിന്‍റെ പിന്നില്‍ ഉള്ള യാഥാര്‍ത്യങ്ങള്‍ അവിശ്വസനീയമായ ഒരു അപസര്‍പ്പക കഥ പോലെ തന്നെ പിന്തുടരുകയും  ചെയ്ത ജാക്ക് ടെറി എന്ന സൌണ്ട് ഡിസൈനറുടെ കഥയാണ് ബ്ലോ ഔട്ട്‌ എന്ന ഈ ബ്രയാന്‍ ഡി പാമ ചിത്രം അവതരിപ്പിക്കുന്നത്‌.ജോണ്‍ ട്രവോള്‍ട്ട ആണ് ഇവിടെ ജാക്ക് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌.ജാക്ക് ടെറി ബി-ഗ്രേഡ് സിനിമകളിലെ സൌണ്ട് ഡിസൈനര്‍ ആണ്.പ്രകൃതിയില്‍ നിന്നും സ്വാഭാവികമായ ശബ്ദങ്ങള്‍ ശേഖരിക്കുന്നതിനായി അയാള്‍ ഒരു രാത്രി ഒരു പുഴവക്കില്‍ ഉള്ള പാലത്തില്‍ നിന്ന് ശബ്ദം റെക്കോര്‍ഡ് ചെയ്യുകയായിരുന്നു.അപ്പോഴാണ് നിയന്ത്രണം വിട്ട് ഒരു കാര്‍ എതിര്‍വശത്തുള്ള പാലത്തിന്‍റെ കൈവരി തകര്‍ത്തു വെള്ളത്തില്‍ വീഴുന്നത് അയാള്‍ കണ്ടത്.രക്ഷാപ്രവര്‍ത്തനത്തിനായി വെള്ളത്തില്‍ ചാടിയ അയാള്‍ക്ക്‌ ആ കാറില്‍ ഉണ്ടായിരുന്ന യുവതിയെ രക്ഷപ്പെടുത്തുവാന്‍ മാത്രമേ സാധിച്ചുള്ളൂ.അവരെ ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ചെയ്തതിനു ശേഷം ആണ് മനസിലായത് ആ വണ്ടി ഓടിച്ചിരുന്നത് പ്രസിഡന്റ് ആകാന്‍ വളരെയധികം സാധ്യത കല്‍പ്പിച്ചിരുന്ന അവിടത്തെ ഗവര്‍ണര്‍ ആയിരുന്നു എന്നും.ഗവര്‍ണറുടെ പി.ഏ ടെറിയെ സമീപിക്കുകയും അയാളോട് ആ കാറില്‍ യുവതി ഉള്ള കാര്യം പുറത്തു അറിയിക്കരുത് എന്നും ആവശ്യപ്പെടുന്നു.ഗവര്‍ണറുടെ കുടുംബത്തിനു അത് നാണക്കേട്‌ ഉണ്ടാക്കും എന്നാണു അയാള്‍ അതിനു കാരണം പറഞ്ഞത്.

  ടെറി,സാലി എന്ന ആ യുവതിയുമായി ചങ്ങാത്തത്തില്‍ ആകുന്നു.ഒരു അപകട മരണം എന്ന് എഴുതി തള്ളാന്‍ ഒരുങ്ങിയ ആ മരണത്തില്‍ എന്നാല്‍ അസ്വാഭാവികമായി ചിലത് ടെറി ശ്രദ്ധിക്കുന്നു.അപകടം നടക്കുന്നതിനു മുന്‍പുണ്ടായ വെടി ശബ്ദം അതിനു തെളിവായി ടെറി നിരത്തുന്നു.എന്നാല്‍ ടെറിയെ വിശ്വസിക്കാന്‍ ആരും തയ്യാറാകുന്നില്ല.അതിനാല്‍ ടെറി സ്വന്തമായി അന്വേഷണം തുടങ്ങുന്നു.എന്നാല്‍ വലിയ അപകടങ്ങള്‍ ആയിരുന്നു ടെറിയെ കാത്തിരുന്നത്.അപകടത്തിന്‍റെ ഫോട്ടോകള്‍ കയ്യില്‍ ഉണ്ടെന്നു പറഞ്ഞു ഒരാള്‍ കൂടി വരുന്നതോടു കൂടി സംഭവങ്ങള്‍ കൂടുതല്‍ വഷളാകുന്നു.സാലി എന്ന യുവതിയും ഈ സംഭവവുമായി ബന്ധം ഉണ്ടെന്നു അയാള്‍ വിശ്വസിക്കുന്നു.എന്നാല്‍ പലയിടത്തും ടെറിയുടെ കണക്കു കൂട്ടലുകള്‍ പിഴയ്ക്കുന്നു.ആ മരണം സത്യത്തില്‍ ഒരു കൊലപാതകം ആയിരുന്നോ?പോലീസും മാധ്യമങ്ങളും അപകടമായി ആ സംഭവത്തെ കണക്കാക്കുന്നു.എന്നാല്‍ ടെറിയുടെ കണ്ടെത്തലുകളില്‍ എന്തെങ്കിലും വാസ്തവം ഉണ്ടോ?കൂടുതല്‍ അറിയാന്‍ ബാക്കി സിനിമ കാണുക.അവസാനം വരെ ഉദ്വേഗജനകം ആണ് ബ്ലോ ഔട്ട്‌ എന്ന ഈ ചിത്രം.

   കോണ്‍സ്പിരസി ത്രില്ലറുകള്‍ കൂടുതലായി ഇറങ്ങിയ ഒരു സമയം ഉണ്ടായിരുന്നു.എണ്‍പതുകളില്‍ ഉണ്ടായിരുന്ന രാജ്യങ്ങള്‍ തമ്മില്‍ ഉള്ള അസഹിഷ്ണുത പല നാടുകളിലും അരക്ഷിതാവസ്ഥ ഉണ്ടാക്കിയിരുന്നു എന്ന് വേണമെങ്കിലും പറയാം.അത്തരം ചുറ്റുപാടില്‍ ആണ് ഈ ചിത്രം രൂപപ്പെടുത്തിയിരിക്കുന്നത്."ദി പാരലാക്സ് വ്യൂ" എന്ന സിനിമ പോലെ തന്നെ നമ്മള്‍ പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സ് ആണ് ഈ ചിത്രത്തിനും.അത് തന്നെ ആണ് ഇത്തരം ത്രില്ലറുകള്‍ ഇപ്പോഴും അവയുടെ ജോനറില്‍ പ്രസക്തിയോടെ നില്‍ക്കുന്നത്.ജോണ്‍ ട്രവോല്‍ട്ടയുടെ ഒക്കെ യുവത്വം നല്‍കുന്ന പ്രസരിപ്പും ചിത്രത്തിന് മുതല്‍ക്കൂട്ടായി.നല്ല ത്രില്ലറുകളുടെ ശ്രേണിയില്‍ പെടുത്താവുന്ന ഈ ചിത്രത്തിന് ഞാന്‍ നല്‍കുന്ന മാര്‍ക്ക് 7/10!!

More reviews @ www.movieholicviews.blogspot.com !!

Sunday, 11 May 2014

111.SIN RETORNO(SPANISH,2012)

111.SIN RETORNO(SPANISH,2010),|Thriller|Drama|,Dir:-Miguel Cohan,*ing:-Leonardo SbaragliaMartin SlipakBárbara Goenaga

  ഒരു കുറ്റകൃത്യം ചെയ്ത ആളെ സമൂഹം കൈകാര്യം ചെയ്യുന്നത് അയാള്‍ അര്‍ഹിക്കുന്ന രീതിയില്‍ ആയിരിക്കും പലപ്പോഴും.രാഷ്ട്രീയം മാത്രം ആണ് ഇതിനു അപവാദം.എന്നാല്‍ ഒരു കുറ്റവും ചെയ്യാത്ത ഒരാള്‍ ,അതും ഒരു കൊലപാതകത്തിന്റെ പാപക്കറ തന്‍റെ ചുമലില്‍ ഏല്‍ക്കേണ്ടി വരുകയും,സത്യം അയാള്‍ക്കല്ലാതെ മറ്റാര്‍ക്കും അറിയാതെ വരുമ്പോള്‍ അയാള്‍ തീര്‍ത്തും ഒറ്റപ്പെട്ടു പോകും.ജീവിതത്തിലെ ഒരു വന്‍ വീഴ്ച ആകും അത്തരമൊരു അവസ്ഥ.അത്തരത്തില്‍ ഉള്ള ഒരു അവസ്ഥയില്‍ അകപ്പെടുന്നു ഒരു മനുഷ്യന്റെ കഥയാണ് Sin Retorno എന്ന സ്പാനിഷ് ചിത്രം അവതരിപ്പിക്കുന്നത്‌.ഒരു ത്രില്ലര്‍ സിനിമയേക്കാള്‍ ഉപരി അതിഭാവുകത്വം നല്‍കാതെ ഉള്ള ഒരു കഥാഘടനയും കഥാപാത്രങ്ങളും ആണ് ഈ ചിത്രത്തില്‍ ഉള്ളത്.സിനിമയുടെ അവസാനം ഒക്കെ ത്രില്ലര്‍ സ്വഭാവത്തില്‍ നിന്നും മാറി വേറൊരു തലത്തിലേക്ക് ചിത്രം എത്തുന്നുണ്ട്.

    പാബ്ലോ എന്ന യുവാവ് രാത്രി സൈക്കിളില്‍ യാത്ര ചെയ്യുകയായിരുന്നു.വഴിയില്‍ സൈക്കിള്‍ നിര്‍ത്തിയ പാബ്ലോയെ ആദ്യം ഫെട്രിക്കോ എന്ന സ്റ്റേജ് കൊമേഡിയന്ന്‍റെ കാര്‍ ഇടിക്കേണ്ടാതായിരുന്നു.എന്നാല്‍ തലനാരിഴയ്ക്ക് പാബ്ലോ രക്ഷപ്പെടുന്നു.പാബ്ലോയുടെ സൈക്കിളിനു കേടുപാടുകള്‍ സംഭവിക്കുന്നു.എന്നാല്‍ വിധി പാബ്ലോയ്ക്ക് എതിരായിയിരുന്നു.അല്‍പ്പസമയത്തിനു ശേഷം അത് വഴി വന്ന മത്തിയാസ് എന്ന യുവാവിന്‍റെ കാര്‍ പാബ്ലോയെ ഇടിക്കുന്നു.ഭയന്ന് പോയ അവര്‍ അടുത്തുള്ള ഫോണ്‍ ബൂത്തില്‍ പോയി ആംബുലന്‍സിന് വിളിച്ചു പറഞ്ഞതിന് ശേഷം രക്ഷപ്പെടുന്നു.രാത്രി ആയതു കൊണ്ട് സാക്ഷികള്‍ ആരും ഇല്ലായിരുന്നു.ഭയന്ന് പോയ മത്തിയാസ് തന്‍റെ കാര്‍ ഒളിപ്പിക്കുകയും അത് കളവു പോയെന്നും തന്‍റെ മാതാപിതാക്കളോട് പറയുന്നു.ഫെട്രിക്കോ ഒന്നും അറിയാതെ തന്‍റെ വീട്ടില്‍ പോവുകയും സൈക്കിള്‍ ഇടിച്ചു കാറിന്‍റെ പെയിന്റ് പോയത് കൊണ്ട് സര്‍വീസിനു കയറ്റുകയും ചെയ്യുന്നു.കാര്‍ കാണാതെ പോയ മത്തിയാസിനെ അന്വേഷിച്ച് ഇന്ഷുരന്സില്‍ നിന്നും അന്വേഷണത്തിനായി ആള്‍ എത്തുന്നു.എന്നാല്‍ മത്തിയാസിന്റെ മൊഴികളില്‍ പല വൈരുധ്യങ്ങളും അയാള്‍ക്ക്‌ തോന്നുന്നു.എന്നാല്‍ പാബ്ലോയുടെ വൃദ്ധനായ അച്ഛന്‍ തന്‍റെ മകന്റെ മരണം പൊതുസമൂഹത്തിന്റെ മുന്നില്‍ അവതരിപ്പിക്കുന്നു.മാധ്യമങ്ങളില്‍ വന്നതോട് കൂടി സംഭവം കൂടുതല്‍ ചൂട് പിടിക്കുന്നു.വൃദ്ധനായ പിതാവിന്‍റെ വിഷമം കണ്ട് തെളിവുകള്‍ എല്ലാം തനിയെ വരുന്നു.ബാക്കി ഇവരുടെ മൂന്നു പേരുടെ ജീവിതതിലും എന്ത് സംഭവിച്ചു എന്നറിയാന്‍ ചിത്രം കാണുക.

     ഒരു ത്രില്ലര്‍ സിനിമയേക്കാള്‍ ഉപരി ഈ ചിത്രം എനിക്കിഷ്ടപ്പെട്ടത് ഇതിലെ അവസാനത്തെ ഭാഗങ്ങള്‍ ആണ്.തെറ്റ് ചെയ്തവനും ചെയ്യാത്തവനും തമ്മില്‍ ഉള്ള അന്തരം ജീവിത്ക്കാഴ്ചകളിലൂടെ അവതരിപ്പിക്കുമ്പോള്‍ ചെറിയ ഒരു സങ്കടം തോന്നാം.ഇവിടെ വില്ലന്‍ എന്ന് പറയാന്‍ കഥാപാത്രങ്ങള്‍ ഒന്നുമില്ല.പകരം എല്ലാവരും അവരുടെ രീതിയില്‍ ശരിയാണ്.ഈ ശരി തെറ്റുകളുടെ കഥയാണ് ഈ ചിത്രം.അഭിനേതാക്കള്‍ കൂടുതലും സ്വാഭാവിക അഭിനയം കൊണ്ട് തങ്ങളുടെ വേഷങ്ങള്‍ നന്നായി ചെയ്തു.ഞാന്‍ ഈ ചിത്രത്തിന് നല്‍കുന്ന മാര്‍ക്ക് 6.5/10!!

More reviews @ www.movieholicviews.blogspot.com


Thursday, 8 May 2014

110.THE PARALLAX VIEW(ENGLISH,1974)

:-
110.THE PARALLAX VIEW (ENGLISH,1974),|Thriller|,Dir:-Alan J. Pakula,*ing:-Warren BeattyPaula PrentissWilliam Daniels

 Parallax View-ഒരു വസ്തുവിനെ രണ്ടു സ്ഥലത്തായി കാണുന്ന അവസ്ഥയെ ആണ് ഈ പടം കൊണ്ട് സൂചിപ്പിക്കുന്നത്.ഈ സിനിമയും അത്തരത്തില്‍ ഒരു തീം തന്നെയാണ് അവതരിപ്പിക്കുന്നത്‌.ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ എന്ന് വിളിക്കാവുന്ന ചിത്രം,നമ്മുടെ ചുറ്റും നടക്കുന്ന സംഭവങ്ങള്‍ക്കൊക്കെ നമ്മള്‍ വീക്ഷിക്കുന്നതിനും അപ്പുറം ഒരു അര്‍ത്ഥം ഉണ്ടെങ്കില്‍?നമ്മുടെ എല്ലാം കാഴ്ചപ്പാടുകളില്‍ അധികം പ്രാധാന്യം കൊടുക്കാത്ത വിവരങ്ങള്‍ യഥാര്‍ത്ഥത്തില്‍ മറ്റൊരു രീതിയില്‍ എഴുതപ്പെട്ട തിരക്കഥകള്‍ ആണെന്ന് അറിയുമ്പോള്‍ ഉണ്ടാകുന്ന അവസ്ഥ.പ്രധാനമായും ഒരു രാജ്യത്തിന്‍റെ പ്രധാന സംഭവങ്ങള്‍ എല്ലാം അത്തരത്തില്‍ മുന്‍ക്കൂട്ടി എഴുതി കൂട്ടിയ ഒരു തിരക്കഥ ആണെങ്കില്‍ ഇത്തരം ധാരാളം ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന ഒരു മികച്ച ത്രില്ലര്‍ ആണെന്ന് പറയാം ഈ ചിത്രം.സാധാരണഗതിയില്‍ ഉള്ള ഒരു ത്രില്ലറില്‍ നിന്നും ഇതിനെ വ്യത്യസ്തം ആക്കുന്നത് ഈ സിനിമ അവതരിപ്പിച്ചിരിക്കുന്ന പ്രമേയം തന്നെ ആണ്.

   ചാര്‍ല്സ് കരോള്‍ എന്ന അമേരിക്കന്‍ സെനറ്റര്‍ വെടിയേറ്റ്‌ കൊല്ലപ്പെടുന്നു.വെയിറ്റര്‍ ആയി വേഷമിട്ട് വെടി  വച്ചയാളെ പോലീസിനു പിടിക്കുവാന്‍ സാധിക്കുന്നില്ല.എന്നാല്‍ അയാള്‍ രക്ഷപെടാന്‍ ഉള്ള ശ്രമത്തില്‍ കെട്ടിടത്തിന്‍റെ മുകളില്‍ നിന്നും വീണ് മരിക്കുന്നു.ആയുധമേന്തിയ മറ്റൊരാള്‍ അതിന്‍റെ ഇടയ്ക്ക് രക്ഷപ്പെടുന്നു.കരോളിന്റെ കൊലപാതകം സ്വയം പ്രേരിതമായ ഒരു കൊലപാതകമായി അന്വേഷണ കമ്മീഷന്‍ വിധി എഴുതുന്നു.മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം അന്ന് സെനറ്റര്‍ വെടിയേറ്റ്‌ വീഴുന്ന സ്ഥലത്തുണ്ടായിരുന്ന കാര്‍ട്ടര്‍ എന്ന പത്രപ്രവര്‍ത്തക തന്‍റെ പത്രപ്രവര്‍ത്തക സുഹൃത്തായ ജോ ഫ്രാടിയെ കാണുവാന്‍ വരുന്നു.അന്ന് സെനറ്റര്‍ മരണപ്പെട്ടപ്പോള്‍ സ്ഥലത്തുണ്ടായിരുന്ന ആറു പേര്‍ പിന്നീട് സ്വാഭാവികമായ രീതിയില്‍ കൊല്ലപ്പെടുന്നു എന്ന് പറയുന്നു.എങ്കിലും കാര്‍ട്ടര്‍ക്ക്‌ ആ മരണങ്ങളില്‍ സംശയങ്ങള്‍ ഉണ്ടായിരുന്നു.ഫ്രാടി അത് കാര്ട്ടരിന്റെ വെറും സംശയങ്ങള്‍ ആയി തള്ളിക്കളയുന്നു.എന്നാല്‍ കുറച്ചു ദിവസങ്ങള്‍ക്കു ശേഷം കാര്‍ട്ടര്‍ കൊല്ലപ്പെടുന്നു.സ്വാഭാവിക മരണം എന്ന് വിധിയെഴുതിയ ആ മരണം എന്നാല്‍ ഫ്രാടിയില്‍ സംശയങ്ങള്‍ ഉണ്ടാക്കുന്നു.ഫ്രാടി തന്‍റെ സംശയങ്ങള്‍ താന്‍ ജോലി ചെയ്യുന്ന പത്രസ്ഥാപനത്തിലെ ഉടമയുമായി പങ്കു വയ്ക്കുന്നു.ഈ സംഭവങ്ങളുടെ പിന്നില്‍ എന്താണ് യഥാര്‍ത്ഥത്തില്‍ ഉള്ളതെന്ന് ഫ്രാടി അന്വേഷണം തുടങ്ങുന്നു.എന്നാല്‍ ഫ്രാടിയെ കാത്തിരുന്നത് പ്രതീക്ഷകള്‍ക്കും വിശ്വാസങ്ങള്‍ക്കും അപ്പുറം ഉള്ള കാര്യങ്ങള്‍ ആയിരുന്നു.ഫ്രാടിയുടെ മുന്നില്‍ ഉള്ള കടമ്പ വലുതായിരുന്നു.ആരാണ് യഥാര്‍ത്ഥത്തില്‍ ഈ സംഭവങ്ങളുടെ പിന്നില്‍?അതോ ഈ മരണങ്ങള്‍ എല്ലാം സ്വാഭാവിക മരങ്ങള്‍ ആയിരുന്നോ?കൂടുതല്‍ അറിയാന്‍ സിനിമ കാണുക.കാത്തിരിക്കുന്നത് ഒരു നല്ല ത്രില്ലര്‍ ആണ്.അല്‍പ്പം കുഴയ്ക്കുന്ന ഒന്ന്.

   ചിത്രം ഇറങ്ങിയപ്പോള്‍ സമ്മിശ്ര പ്രതികരണം ലഭിച്ചു എങ്കിലും ശ്രദ്ധിക്കപ്പെട്ടു.സമാന പ്രമേയവുമായി ചിത്രങ്ങള്‍ വന്നിട്ടുണ്ടെങ്കിലും ഈ ചിത്രം പറയാന്‍ ശ്രമിച്ചത്‌ മികച്ച ഒരു ത്രില്ലര്‍ എന്ന്‍ വിളിക്കാവുന്ന സിനിമയിലേക്ക് വഴിതെളിച്ചു.വിശ്വാസങ്ങള്‍ക്കതീതമായി മറ്റെന്തോ നമ്മുടെ എല്ലാം ജീവിതത്തിനെ നിയന്ത്രിക്കുന്നു എന്ന രീതിയില്‍ ജീവിതത്തിന്‍റെ മറ്റൊരു വീക്ഷണ കോണ്‍ ഈ ചിത്രം അവതരിപ്പിക്കുന്നു.Conspiracy ത്രില്ലറുകള്‍ ഇഷ്ടപ്പെടുന്നവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രം.ഈ ലിസ്റ്റില്‍ ധാരാളം സിനിമകള്‍ ഉണ്ട്.ഇത്തരം പ്രമേയങ്ങളോട് എന്‍റെ ഇഷ്ടക്കൂടുതല്‍ കാരണം ഞാന്‍ ഈ ചിത്രത്തിന് നല്‍കുന്ന മാര്‍ക്ക് 7/10!!

More reviews @ www.movieholicviews.blogspot.com

   

Thursday, 1 May 2014

109.TEOREMA(ITALIAN,1968)

109.TEOREMA(ITALIAN,1968),|Mystery|Drama|,Dir:-Pier Paolo Pasolini,*ing:-Silvana ManganoTerence StampMassimo Girotti

 "Teorema" നിഗൂഡമായി ഒരു കുടുംബത്തിലേക്ക് അതിഥിയായി വന്ന ഒരു യുവാവ് ആ കുടുംബത്തില്‍ ഉള്ളവരില്‍ നല്‍കിയ സന്തോഷങ്ങളും അതിനു ശേഷം അവരില്‍ ഉണ്ടാക്കിയ മാറ്റങ്ങളുടെയും കഥ പറയുന്നു.ഒരു മിസ്റ്ററി സിനിമ എന്ന നിലയില്‍ വളരെയധികം സാധ്യതകള്‍ പ്രേക്ഷകന് മുന്നില്‍ തുറന്നിടുന്നുണ്ട് ഈ ചിത്രം.ഇറ്റലിയില്‍ ഉള്ള ഒരു സമ്പന്ന കുടുംബത്തില്‍ ഒരു അതിഥി എത്തുന്നു.അതിഥി എന്ന് മാത്രം ആണ് ആ കഥാപാത്രത്തിനെ സിനിമയില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.ഇറ്റലിയിലെ സമ്പദ് വ്യവസ്ഥയില്‍ ഉന്നത സ്വാധീന ഉള്ള ആ കുടുംബത്തില്‍ ഉണ്ടായിരുന്നത് ഗൃഹനാഥനും,ഗൃഹനാഥയും അവരുടെ രണ്ടു കുട്ടികളും ഒരു വേലക്കാരിയും ആയിരുന്നു.സുമുഖനായ ആ അതിഥി അവരുടെ ജീവിതത്തില്‍ ഒരു പ്രത്യേക സ്ഥാനം നേടിയെടുത്തു.അല്ലെങ്കില്‍ ആ കുടുംബത്തെ ഒന്നടങ്കം വശീകരിച്ചു.അവരും ആയി ശാരീരികവും മാനസികവും ആയ അടുപ്പം അയാള്‍ ഉണ്ടാക്കി എടുക്കുന്നു. 

   ദൈവഭക്തയായ വേലക്കാരിയെ ആത്മഹത്യയില്‍ നിന്നും രക്ഷിക്കുന്നു.പിന്നീട് ജീവിതത്തില്‍ ഒരു അര്‍ത്ഥവും ഇല്ലാതെ ജീവിച്ച അവരുടെ മകനെ ആശ്വസിപ്പിക്കുന്നു.പിന്നീട് കുടുംബ ജീവിതത്തില്‍ തൃപ്തി ഇല്ലാത്ത ഗൃഹനാഥ അയാളില്‍ ആശ്വാസം കണ്ടെത്തുന്നു.കുട്ടിത്തം മാറാത്ത തന്നിഷ്ടക്കാരിയായ മകള്‍ക്ക് ജീവിതവും പഠിപ്പിച്ചു കൊടുക്കുന്നു.ഏറ്റവും പ്രധാനമായത് അയാള്‍ ഇവരുടെ എല്ലാം കൂടെ കിടപ്പറ പങ്കിട്ടു എന്നതാണ്.അസുഖം വന്ന ഗൃഹനാഥന്‍ അയാളുടെ സാമീപ്യത്തില്‍ സുഖപ്പെടുന്നു.എന്നാല്‍ പെട്ടന്നൊരു ദിവസം ഒരു അയാള്‍ തിരിച്ചു പോകുന്നു.അയാളുടെ തിരിച്ചു പോക്ക് അവരില്‍ എല്ലാം മാറ്റങ്ങള്‍ ഉണ്ടാക്കുന്നു.ഒരു പ്രത്യേകതരം അവസ്ഥയിലേക്ക് അവര്‍ എല്ലാം മാറുന്നു.ഓരോരുത്തരും അവരുടെ ജീവിതത്തില്‍ പലതും ആയി മാറുന്നു;അയാളുടെ വരവിനു മുന്‍പ് ഉണ്ടായിരുന്നവരെ അല്ല പിന്നീട് കാണുന്നത്.അയാള്‍ യഥാര്‍ത്ഥത്തില്‍ ആരായിരുന്നു??അയാള്‍ ദൈവം ആയിരുന്നോ??അതോ ചെകുത്താനോ??കാരണം അവരില്‍ ഉണ്ടാക്കിയ മാറ്റങ്ങള്‍ അത്രയ്ക്കും വലുതായിരുന്നു.അവരുടെ ജീവിതത്തില്‍ ഉണ്ടായ മാറ്റങ്ങളും എല്ലാം ബാക്കി സിനിമ അവതരിപ്പിക്കുന്നു.

  വ്യത്യസ്തമായ ആഖ്യാന രീതി ആണ് ഈ ചിത്രത്തില്‍ സംവിധായകന്‍ പസോളിനി സ്വീകരിച്ചിരിക്കുന്നത്.സുമുഖനായ ദൈവ (ചെകുത്താന്‍) സമാനനായ യുവാവിനെ അവതരിപ്പിച്ചിരിക്കുന്നത് ടെറന്‍സ്‌ സ്റ്റാമ്പ് ആയിരുന്നു.വളരെയധികം വിമര്‍ശനങ്ങള്‍ ഏറ്റ് വാങ്ങിയിരുന്നു ഈ ചിത്രം.പ്രധാനമായും ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്ന പ്രമേയം തന്നെ.ദൈവ വിശ്വാസ സങ്കല്‍പ്പങ്ങളെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ എല്ലാം ഈ ചിത്രം ചെയ്യുന്നുണ്ട്.അത് കാഴ്ചക്കാരന്റെ കണ്ണില്‍ വ്യത്യസ്തപ്പെടും എന്ന് മാത്രം.സ്ഫോടനാത്മകമായ ആശയം പറയുന്ന ഈ ചിത്രം എല്ലാവര്ക്കും ദഹിക്കണം എന്നില്ല.കാരണം വ്യത്യസ്തമായ അവതരണ രീതി തന്നെ.എന്തായാലും അല്‍പ്പം ആലോചിച്ചിട്ടാണ് എങ്കിലും ഈ ചിത്രം കഴിയാവുന്നത്ര മനസ്സിലാക്കുവാന്‍ ശ്രമിച്ചിട്ടുണ്ട്.ഞാന്‍ ഈ ചിത്രത്തിന് നല്‍കുന്ന മാര്‍ക്ക് 8/10!!

 More reviews @ www.movieholicviews.blogspot.com