Pages

Tuesday, 13 May 2014

112.BLOW OUT(ENGLISH,1981)

112.BLOW OUT(ENGLISH,1981),|Thriller|,Dir:-Brian De Palma,*ing:-John TravoltaNancy AllenJohn Lithgow.

 അവിചാരിതമായി ഒരു അപകടത്തിനു സാക്ഷിയാകേണ്ടി വരുകയും പിന്നീട് ആ അപകടത്തിന്‍റെ പിന്നില്‍ ഉള്ള യാഥാര്‍ത്യങ്ങള്‍ അവിശ്വസനീയമായ ഒരു അപസര്‍പ്പക കഥ പോലെ തന്നെ പിന്തുടരുകയും  ചെയ്ത ജാക്ക് ടെറി എന്ന സൌണ്ട് ഡിസൈനറുടെ കഥയാണ് ബ്ലോ ഔട്ട്‌ എന്ന ഈ ബ്രയാന്‍ ഡി പാമ ചിത്രം അവതരിപ്പിക്കുന്നത്‌.ജോണ്‍ ട്രവോള്‍ട്ട ആണ് ഇവിടെ ജാക്ക് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌.ജാക്ക് ടെറി ബി-ഗ്രേഡ് സിനിമകളിലെ സൌണ്ട് ഡിസൈനര്‍ ആണ്.പ്രകൃതിയില്‍ നിന്നും സ്വാഭാവികമായ ശബ്ദങ്ങള്‍ ശേഖരിക്കുന്നതിനായി അയാള്‍ ഒരു രാത്രി ഒരു പുഴവക്കില്‍ ഉള്ള പാലത്തില്‍ നിന്ന് ശബ്ദം റെക്കോര്‍ഡ് ചെയ്യുകയായിരുന്നു.അപ്പോഴാണ് നിയന്ത്രണം വിട്ട് ഒരു കാര്‍ എതിര്‍വശത്തുള്ള പാലത്തിന്‍റെ കൈവരി തകര്‍ത്തു വെള്ളത്തില്‍ വീഴുന്നത് അയാള്‍ കണ്ടത്.രക്ഷാപ്രവര്‍ത്തനത്തിനായി വെള്ളത്തില്‍ ചാടിയ അയാള്‍ക്ക്‌ ആ കാറില്‍ ഉണ്ടായിരുന്ന യുവതിയെ രക്ഷപ്പെടുത്തുവാന്‍ മാത്രമേ സാധിച്ചുള്ളൂ.അവരെ ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ചെയ്തതിനു ശേഷം ആണ് മനസിലായത് ആ വണ്ടി ഓടിച്ചിരുന്നത് പ്രസിഡന്റ് ആകാന്‍ വളരെയധികം സാധ്യത കല്‍പ്പിച്ചിരുന്ന അവിടത്തെ ഗവര്‍ണര്‍ ആയിരുന്നു എന്നും.ഗവര്‍ണറുടെ പി.ഏ ടെറിയെ സമീപിക്കുകയും അയാളോട് ആ കാറില്‍ യുവതി ഉള്ള കാര്യം പുറത്തു അറിയിക്കരുത് എന്നും ആവശ്യപ്പെടുന്നു.ഗവര്‍ണറുടെ കുടുംബത്തിനു അത് നാണക്കേട്‌ ഉണ്ടാക്കും എന്നാണു അയാള്‍ അതിനു കാരണം പറഞ്ഞത്.

  ടെറി,സാലി എന്ന ആ യുവതിയുമായി ചങ്ങാത്തത്തില്‍ ആകുന്നു.ഒരു അപകട മരണം എന്ന് എഴുതി തള്ളാന്‍ ഒരുങ്ങിയ ആ മരണത്തില്‍ എന്നാല്‍ അസ്വാഭാവികമായി ചിലത് ടെറി ശ്രദ്ധിക്കുന്നു.അപകടം നടക്കുന്നതിനു മുന്‍പുണ്ടായ വെടി ശബ്ദം അതിനു തെളിവായി ടെറി നിരത്തുന്നു.എന്നാല്‍ ടെറിയെ വിശ്വസിക്കാന്‍ ആരും തയ്യാറാകുന്നില്ല.അതിനാല്‍ ടെറി സ്വന്തമായി അന്വേഷണം തുടങ്ങുന്നു.എന്നാല്‍ വലിയ അപകടങ്ങള്‍ ആയിരുന്നു ടെറിയെ കാത്തിരുന്നത്.അപകടത്തിന്‍റെ ഫോട്ടോകള്‍ കയ്യില്‍ ഉണ്ടെന്നു പറഞ്ഞു ഒരാള്‍ കൂടി വരുന്നതോടു കൂടി സംഭവങ്ങള്‍ കൂടുതല്‍ വഷളാകുന്നു.സാലി എന്ന യുവതിയും ഈ സംഭവവുമായി ബന്ധം ഉണ്ടെന്നു അയാള്‍ വിശ്വസിക്കുന്നു.എന്നാല്‍ പലയിടത്തും ടെറിയുടെ കണക്കു കൂട്ടലുകള്‍ പിഴയ്ക്കുന്നു.ആ മരണം സത്യത്തില്‍ ഒരു കൊലപാതകം ആയിരുന്നോ?പോലീസും മാധ്യമങ്ങളും അപകടമായി ആ സംഭവത്തെ കണക്കാക്കുന്നു.എന്നാല്‍ ടെറിയുടെ കണ്ടെത്തലുകളില്‍ എന്തെങ്കിലും വാസ്തവം ഉണ്ടോ?കൂടുതല്‍ അറിയാന്‍ ബാക്കി സിനിമ കാണുക.അവസാനം വരെ ഉദ്വേഗജനകം ആണ് ബ്ലോ ഔട്ട്‌ എന്ന ഈ ചിത്രം.

   കോണ്‍സ്പിരസി ത്രില്ലറുകള്‍ കൂടുതലായി ഇറങ്ങിയ ഒരു സമയം ഉണ്ടായിരുന്നു.എണ്‍പതുകളില്‍ ഉണ്ടായിരുന്ന രാജ്യങ്ങള്‍ തമ്മില്‍ ഉള്ള അസഹിഷ്ണുത പല നാടുകളിലും അരക്ഷിതാവസ്ഥ ഉണ്ടാക്കിയിരുന്നു എന്ന് വേണമെങ്കിലും പറയാം.അത്തരം ചുറ്റുപാടില്‍ ആണ് ഈ ചിത്രം രൂപപ്പെടുത്തിയിരിക്കുന്നത്."ദി പാരലാക്സ് വ്യൂ" എന്ന സിനിമ പോലെ തന്നെ നമ്മള്‍ പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സ് ആണ് ഈ ചിത്രത്തിനും.അത് തന്നെ ആണ് ഇത്തരം ത്രില്ലറുകള്‍ ഇപ്പോഴും അവയുടെ ജോനറില്‍ പ്രസക്തിയോടെ നില്‍ക്കുന്നത്.ജോണ്‍ ട്രവോല്‍ട്ടയുടെ ഒക്കെ യുവത്വം നല്‍കുന്ന പ്രസരിപ്പും ചിത്രത്തിന് മുതല്‍ക്കൂട്ടായി.നല്ല ത്രില്ലറുകളുടെ ശ്രേണിയില്‍ പെടുത്താവുന്ന ഈ ചിത്രത്തിന് ഞാന്‍ നല്‍കുന്ന മാര്‍ക്ക് 7/10!!

More reviews @ www.movieholicviews.blogspot.com !!

No comments:

Post a Comment