Pages

Friday, 14 February 2014

99.PAPILIO BUDDHA(MALAYALAM,2013)

PAPILIO BUDDHA(MALAYALAM,2013),Dir:-Jayan K Cherian,*ing:-Sreekumar,Saritha Sunil,Kallen Pokkudan.

പപ്പിലിയോ ബുദ്ധ ഒരു പ്രതീകമാണ്.വംശനാശം വന്നിരിക്കുന്ന ഒരു ചിത്രശലഭവവും അത് പോലെ തന്നെ സാമൂഹിക അരക്ഷിതാവസ്ഥയില്‍ അന്യം നിന്ന് പോയേക്കാവുന്ന കുറച്ചു മനുഷ്യരുടേയും കഥയാണ്.മലയാളം സിനിമയില്‍ ഒരിക്കലും അവതരിപ്പിക്കാന്‍ സാധ്യതയില്ലാത്ത തീം ആണ് ചിത്രത്തിന്.നമുക്ക് പരിചിതമല്ലാത്ത ഒരു മലയാള സിനിമ..ഒരു സിനിമ എന്ന നിലയില്‍ ഇതില്‍ വര്‍ണത്തില്‍ ചാലിച്ച കഥയില്ല, കഥാപാത്രങ്ങളില്ല.പകരം ഇരുളടഞ്ഞ കുറച്ചു ജീവിതങ്ങള്‍,അതും സമ്പൂര്‍ണ സാക്ഷരതയുടെയും ബൗദ്ധിക ജ്ഞാനത്തിന്റെയും നിറക്കുടങ്ങള്‍ എന്ന് സ്വയം അഹങ്കരിക്കുന്ന ഒരു സമൂഹത്തില്‍ തൊട്ടുകൂടായ്മ സാമൂഹികമായും രാഷ്ട്രീയമായും പതിപ്പിച്ചു കൊടുത്തവരുടെ ജീവിതം ആണിവിടെ പ്രതിപാദ്യം.

 "പപ്പിലിയോ ബുദ്ധ" എന്ന ചിത്രശലഭങ്ങളെ കുറിച്ച്  പഠനം നടത്താന്‍ വരുന്ന അമേരിക്കക്കാരനായ ജാക്കിന്‍റെ സഹായി ആണ് ശ്രീകുമാര്‍ അവതരിപ്പിക്കുന്ന ശങ്കരന്‍.ബ്രാഹ്മണ നാമാധാരിയായ തൊട്ടുകൂടാത്തവന്‍.ശങ്കരനും ജാക്കും സ്വവര്‍ഗ്ഗാനുരാഗികള്‍ ആണ്..ശങ്കരന്‍റെ അച്ഛനായ കരിയേട്ടന്‍(കല്ലേന്‍ പൊക്കുടന്‍) ആണ് ആദിവാസികളുടെ സമരമുഖത്തെ നേതാവ്.സ്വന്തമായി ഭൂമിക്കായി അവര്‍ വനം കയ്യേറി സമരം ചെയ്യുന്നു.പഴയ കമ്മ്യൂണിസ്റ്റ് ആയ കരിയേട്ടന്‍ ദൈവത്തോടൊപ്പം ആരാധിച്ചിരുന്ന ഈ.എം.എസ് പിന്നീട് ഭൂമിയുടെ കാര്യം വന്നപ്പോള്‍ നമ്പൂതിരിയും മറ്റെയാളുകളും എന്ന നിലപാടെടുത്തപ്പോള്‍ പാര്‍ട്ടിയോട് വിട പറഞ്ഞു.എങ്കിലും ഒരിക്കല്‍ ചുവരില്‍ കയറിയ "ദൈവത്തെ" താഴെ ഇറക്കാന്‍ കരിയേട്ടന്‍ തുനിയുന്നില്ല.ദളിത്‌ യുവതിയായ മഞ്ചുശ്രീ ഒരു ഓട്ടോ ഡ്രൈവര്‍ ആണ്.ഓട്ടോ ഓടിച്ചു കിട്ടുന്ന കാശില്‍ അവിടത്തെ കുട്ടികളെ അവള്‍ പഠിപ്പിക്കുന്നു.കഥാപാത്രങ്ങള്‍ എന്ന് പറയുന്നത് ഇവരൊക്കെ ആണ്.പിന്നെ ഉള്ളതെല്ലാം പ്രതീകങ്ങള്‍ ആണ്.

സീം എന്ന എന്‍.ജി.ഓ സ്വഭാവമുള്ള ഗ്രൂപ്പ് അവരുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.എന്നാല്‍ ആദിവാസികള്‍ക്കായി പ്രത്യേകിച്ച് ഒന്നും ചെയ്യാതെ ഭോഗിച്ചും കുടിച്ചും  പ്രവര്‍ത്തിക്കുന്ന അവരിലും ജാതീയവും മതപരവുമായ മോശം പരാമര്‍ശങ്ങള്‍ ഉണ്ടാകുമ്പോള്‍ അവരോടൊപ്പം ഉള്ള ജീവിതത്തെ സ്നേഹിക്കുന്ന ജെ.എന്‍.യൂ ക്കാരനായ ശങ്കരന്‍ അവരില്‍ നിന്നും അകലുന്നു.ദളിത്‌ തീവ്രവാദികള്‍ എന്ന് മുദ്രകുത്തി ഭയാനകമായ രീതിയില്‍ പോലീസ് പീഡിപ്പിക്കുന്ന ശങ്കരനും കാമാതുരമായ  കണ്ണുകളോടെ തന്നെ സമീപിച്ച സഹ ഓട്ടോ ഡ്രൈവറെ  ആക്രമിച്ചതിന്റെ പ്രതികാരമായി പീഡിപ്പിക്കപ്പെട്ട മഞ്ചുശ്രീ എന്നിവര്‍ അവകാശങ്ങള്‍ ഇല്ലാത്ത സമൂഹത്തെ പ്രതിനിധികരിക്കുന്നു.ദളിതരായ ശങ്കരനെയും മഞ്ചുശ്രീയേയും ആര്‍ക്കും വേണ്ട.മാധ്യമ നയനങ്ങള്‍ക്ക് അവര്‍ അന്യരാണ്.സെന്‍സര്‍ ബോര്‍ഡിന്‍റെ കുരുക്കുകളില്‍ പെട്ട് പ്രദര്‍ശനാനുമതി നിഷേധിച്ച ഈ സിനിമയില്‍ നഗ്നതയും പിന്നെ ചില ദേശിയ പ്രതീകങ്ങളോടുള്ള പ്രത്യക്ഷമായ എതിര്‍പ്പും പ്രകടിപ്പിക്കുന്നുണ്ട്.ഈ ചിത്രത്തില്‍ ഗാന്ധിജിയെക്കാളും അംബേദ്‌കര്‍ ,അയ്യങ്കാളി ,ബുദ്ധന്‍ എന്നിവര്‍ക്കാണ് പ്രാമൂഖ്യം നല്‍കിയിരിക്കുന്നത്.ഗാന്ധിയെക്കുറിച്ചുള്ള പരാമര്‍ശങ്ങളും അവസാന രംഗങ്ങളില്‍ കത്തിക്കുകയും ചവിട്ടി തെറിപ്പിക്കുകയും ചെയ്യുന്ന ഇത്തരം പ്രതീകങ്ങളും ഈ നിരോധനത്തിന് ആക്കം കൂട്ടി എന്ന് വേണം കരുതാന്‍.ക്രൂരമായി പീഡിപ്പിക്കപ്പെടുന്ന മഞ്ചുശ്രീയെ ആക്രമിക്കുന്നവരില്‍ എല്ലാ തരക്കാരും ഉണ്ടെന്ന് ഓട്ടോകളില്‍ ഉള്ള ചിത്രങ്ങള്‍ സൂചിപ്പിക്കുന്നു.

 നിലവിലുള്ള സാമൂഹിക കാഴ്ചപ്പാടിനെയും രാഷ്ട്രീയത്തെയും മോശമാക്കി ചിത്രീകരിക്കുന്ന ഒരു രീതിയാണ് ഇതില്‍ അവലംബിച്ചിരിക്കുന്നത്.എന്നാല്‍ ഒരു സിനിമയെ സിനിമയായി കാണാന്‍ സാധിച്ചാല്‍ ഫിക്ഷന്റെ കണിക അധികമില്ലാത്ത ഈ ചിത്രത്തെ ധീരമായ ഒരു ചുവടുവയ്പ്പ് ആണെന്ന് പറയേണ്ടി വരും.അവകാശങ്ങളില്ലാത്ത ദളിത്‌ ജനത,പിന്നെ സ്ത്രീ സുരക്ഷ മതപരവും ജാതിപരവുമായ തൊട്ടു കൂടായ്മ എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഒരു ചിത്രം.അതിനായി ഉപയോഗിച്ച രംഗങ്ങള്‍ ഭീകരമായിരുന്നു.ഞാന്‍ കണ്ടത്തില്‍ വച്ച് റിയാലിറ്റിയോട് അടുത്ത് നില്‍ക്കുന്ന ക്രൂരമായ രംഗങ്ങള്‍ ഈ ചിത്രത്തിലാണ്.എം.ജെ രാധാകൃഷ്ണന്റെ ക്യാമറ ചലിച്ചപ്പോള്‍ കണ്ടത് കാനന സൌന്ദര്യവും കാനന ക്രൌര്യതയും ആണ്.അഭിനയത്തേക്കാള്‍ ഉപരി ജീവിക്കുകയായിരുന്നു ഇതിലെ നടീ നടന്മാര്‍ എന്ന് വേണം പറയാന്‍.അല്‍പ്പം മാറി ചിന്തിക്കുന്ന ചിത്രം കാണണം എന്നഗ്രഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും കാണാവുന്ന സിനിമയാണിത്.സിനിമയുടെ തുടക്കത്തില്‍ ഉള്ള ഇരുട്ട് ഒരു പ്രതീകമായിരുന്നു എന്ന് മനസ്സിലാകും സിനിമ അവസാനിക്കുമ്പോള്‍..പരാജിതരായ ഒരു ജനസമൂഹത്തിന്റെ ജീവിതത്തിലെ ഇരുട്ട്..

More reviews @ www.movieholicviews.blogspot.com

No comments:

Post a Comment