Pages

Tuesday, 28 January 2014

88.THE CURE(JAPANESE,1997)

88.THE CURE(JAPANESE,1997),|Psychological Thriller|Crime|,Dir:-Kiyoshi Kurosawa,*ing:-Masato HagiwaraKôji YakushoTsuyoshi Ujiki

   അസാധാരണമായ ഒരു വിഷയം അസാധാരണമായ രീതിയില്‍ അവതരിപ്പിക്കുകയാണ് "ദി ക്യൂര്‍" എന്ന ജാപനീസ് സിനിമ.മനസ്സിന്‍റെ ചിന്തകള്‍ പ്രാവര്‍ത്തികമാക്കുന്ന തലച്ചോറിന്‍റെ പ്രവര്‍ത്തനം തെറ്റ് ,ശരി എന്നിവയില്‍ നിന്നും വേര്‍തിരിച്ചുള്ള കാഴ്ചപ്പാടിലേക്ക് നയിക്കുന്നു.ചിലപ്പോഴൊക്കെ അത് കൈ മോശം വരുന്നവരില്‍ പിന്നീട് ജീവിതാന്ത്യം വരെ മനസ്സാക്ഷിയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ സാധിക്കാതെ വരുകയും അതിന്‍റെ ഫലമായി ദുരനുഭവങ്ങള്‍ വരുകയും ചെയ്യും.ഒരു ജന സമൂഹത്തില്‍ ഇത്തരം ചിന്തകള്‍ക്ക് വളരെയധികം പ്രാധാന്യം ഉണ്ട്.ചിന്തകള്‍ പ്രാവര്‍ത്തികമാക്കുന്ന തലച്ചോറ് എന്തെങ്കിലും ഒരു പ്രത്യേക വസ്തുവിനോട് അടിമപ്പെട്ടു പോവുകയും അതൊരു ലഹരിയായി ഒരാളെ നിയന്ത്രിക്കുകയും ചെയ്യുമ്പോള്‍ അവിടെ കുറ്റകൃത്യങ്ങള്‍ സംഭവിക്കും.ലഹരി പദാര്‍ത്ഥങ്ങള്‍ ചിലരില്‍ അത്തരമൊരു സ്വഭാവവിശേഷം ഉണ്ടാക്കുന്നു.അത് പോലെ തന്നെ മോശമായ ജീവിതാനുഭവങ്ങളും വികാരങ്ങളും ഒരാളെ ആ അവസ്ഥയില്‍ എത്തിക്കാന്‍ മാത്രം പര്യാപ്തമാണ്.എന്നാല്‍ ഇതില്‍ നിന്നുമെല്ലാം മാറി ചിന്തകളെ പ്രാപിക്കാന്‍ പറ്റിയ മറ്റൊരു ശക്തിയുണ്ടോ??അത്തരമൊരു ശക്തിയുടെ കഥയാണ് "ദി ക്യൂര്‍" എന്ന ചിത്രത്തിന് പറയാന്‍ ഉള്ളത്.

     ചിത്രം ആരംഭിക്കുന്നത് ഒരു കൊലപാതകത്തോടെ ആണ്.ഒരു സ്ത്രീ കൊല്ലപ്പെടുന്നു.അവരുടെ കഴുത്തില്‍ നിന്നും താഴേക്കു X എന്ന് അടയാളപ്പെടുത്തിയ രീതിയില്‍ ഉള്ള മുറിവില്‍ നിന്നും രക്തംവാര്‍ന്നു മരിക്കുന്നു.എന്നാല്‍ അന്വേഷണ സ്ഥലത്ത് നിന്ന് തന്നെ അന്വേഷണ ഉദ്യോഗസ്ഥനായ തകാബെയ്ക്ക് ഭയത്തോടെ ഒളിച്ചിരുന്ന കൊലപാതകിയെ കിട്ടുന്നു.കൊന്നത് താന്‍ ആണെന്ന് സമ്മതിക്കുന്ന അയാള്‍ എന്നാല്‍ അത് എന്തിനു വേണ്ടി ആണെന്ന് ഉള്ള കാരണം പറയാന്‍ കഴിയാതെ കുഴയുന്നു.എന്നാല്‍ ഇത്തരത്തില്‍ ഉള്ള  കൊലപാതകം പോലീസിന്റെ മുന്നില്‍ ആദ്യത്തേത് അല്ലായിരുന്നു .സമാനമായ രീതിയില്‍ നടന്ന കൊലപാതകങ്ങള്‍ വേറെയും ഉണ്ടായിരുന്നു.എല്ലാ കൊലപാതകങ്ങള്‍ക്കും സമാനതയും.കൊല്ലപ്പെട്ട ആളുടെ കഴുത്തില്‍ X എന്ന് അടയാളപ്പെടുത്തിയിരിക്കും.അത് പോലെ തന്നെ പ്രതിയെ സംഭവസ്ഥലത്ത് നിന്ന് തന്നെ താന്‍ എന്തിന് അത് ചെയ്തു എന്നറിയാത്ത നിലയില്‍ കിട്ടുകയും ചെയ്യും.ഈ കേസുകളുടെ അന്വേഷണം തക്കാബെ എന്ന ഉദ്യോഗസ്ഥന്‍ ആണ് നടത്തുന്നത്.ഒരു സൈക്കോളജിക്കല്‍ ആയ സമീപനം ഇതില്‍ ഉണ്ടെന്നു കണ്ടെത്തുന്ന തക്കാബെ മനോശാസ്ത്ര വിദഗ്ദ്ധനായ സുഹൃത്ത്‌ സകുമയുടെ സഹായവും തേടുന്നു.മനോരോഗ  പ്രശ്നങ്ങള്‍ ഉള്ള ഭാര്യയും കൂടി ആയപ്പോള്‍ തക്കാബെയ്ക്ക് ഈ കൊലപാതകങ്ങള്‍  ദുസ്സഹം ആയി തോന്നി തുടങ്ങി .എന്നാല്‍ കൊലപാതകങ്ങള്‍ അവിടെ തീരുന്നില്ല .പിന്നീട് ഒരു അദ്ധ്യാപകന്‍ ,ഒരു പോലീസുകാരന്‍ ഒരു ഡോക്റ്റര്‍ എന്നിവര്‍ സമാനമായ രീതിയില്‍ കൊലപാതകത്തിന് ശേഷം പിടിയിലാകുന്നു.ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ ഇരകളും.എന്നാല്‍ പോലും കൊലപാതകത്തിന്റെ തൊട്ടു മുന്‍പ് കൊലയാളികള്‍ക്കെല്ലാം ഒരു അതിഥി ഉണ്ടാകും.തന്നെക്കുറിച്ച് ഒന്നും തന്നെ അറിയാത്ത ചോദ്യങ്ങള്‍ മാത്രം ചോദിക്കുന്ന ഒരു അതിഥി .ഒരു ചോദ്യത്തിന് ഉത്തരം മറു ചോദ്യം ചോദിക്കുന്ന ആള്‍..ഈ കൊലപാതകങ്ങളെ സാധാരണ പരമ്പര കൊലപാതകങ്ങള്‍ പോലെ കാണുന്നതിന് പകരം അവയ്ക്ക് മറ്റൊരു ലക്‌ഷ്യം കൂടി ഉണ്ടാകും എന്ന് തക്കാബെ മനസ്സിലാക്കുന്നു.തക്കബെയുടെ അന്വേഷണം പ്രതിയെ കണ്ടെത്താന്‍ സാധിച്ചോ??പ്രതിയുടെ ഉദ്ദേശം എന്തായിരുന്നു?ഇതാണ് ബാക്കി ചിത്രം അവതരിപ്പിക്കുന്നത്‌ .

  ആദ്യം പറഞ്ഞത് പോലെ അവിശ്വസനീയമായ രീതിയില്‍ നടത്തുന്ന കൊലപാതകങ്ങളുടെ രീതിയില്‍ പോകുന്ന ഈ സംഭവങ്ങള്‍ പലപ്പോഴും ക്രൂരമായി മാറുന്നു.ജീവന് തുല്യം സ്നേഹിക്കുന്ന ഭാര്യയെ കൊലപ്പെടുത്തുന്ന അധ്യാപകന്‍.സഹപ്രവര്‍ത്തകനെ കൊല്ലപ്പെടുതുന്ന പോലീസുകാരന്‍.ഒരാളെ കഴുത്തിലൂടെ മുറിച്ച് കൊലപ്പെടുത്തുന്ന ഡോക്റ്റര്‍.ഇവരെല്ലാം ഒരു സമസ്യ ആയി മാറുന്നു. പരമ്പര കൊലയാളികളെ കുറിച്ചുള്ള സിനിമകളില്‍ നിന്നും ഈ ചിത്രം വ്യതാസപ്പെടുന്നത് ഇവിടെ ആണ്.മാനസിക തലത്തില്‍ നടക്കുന്ന ഇത്തരം പ്രവര്‍ത്തികളുടെ ഉറവിടം എന്താണ് എന്നുള്ള ചോദ്യങ്ങള്‍ ഈ സിനിമയെ കൂടുതല്‍ സങ്കീര്‍ണം ആക്കുന്നുണ്ട്‌.അത് പോലെ ഈ പ്രവര്‍ത്തികളില്‍ നിന്നും മാറി നില്‍ക്കാന്‍ ഉള്ള ആര്‍ജവം ഒരിക്കല്‍ ഇത്തരം പ്രവര്‍ത്തികള്‍ക്ക് അടിമപ്പെട്ടു പോയാല്‍ എത്ര മാത്രം ക്രൂരമയിരിക്കും എന്നുള്ളതും.

  വ്യത്യസ്തമായ ഒരു സൈക്കോളജിക്കല്‍ ത്രില്ലര്‍ ആണ് "ദി ക്യൂര്‍".മനസ്സിന്‍റെ നിയന്ത്രണം മറ്റൊന്നില്‍ ആകുമ്പോള്‍ നടക്കുന്ന ക്രൂരതകള്‍ ആണ് ഈ ചിത്രത്തിന്‍റെ ഇതിവൃത്തം.ഈ ചിത്രം അവതരിപ്പിച്ച രീതിയും വളരെയധികം ബ്രില്ല്യന്റ് ആണെന്നെ പറയാന്‍ കഴിയൂ.വ്യത്യസ്തമായ ഒരു അനുഭവം ആയിരുന്നു ഈ ചിത്രം.മനസ്സിന്‍റെ കളികള്‍ അവതരിപ്പിച്ച ഈ ചിത്രത്തിന് എന്‍റെ മാര്‍ക്ക് 7/10!!

  More reviews @ www.movieholicviews.blogspot.com

  

No comments:

Post a Comment