Pages

Saturday, 4 January 2014

78.UNA PURA FORMALITA (FRENCH,1994)

78.UNA PURA FORMALITA(FRENCH,1994),|Crime|Thriller|Mystery|,Dir:- Giuseppe Tornatore,*ing:- Gérard DepardieuRoman PolanskiSergio Rubini

ഈ  ചിത്രം ഒരു യാത്രയാണ് .സത്യത്തിനും മിഥ്യയ്ക്കുംഇടയില്‍ ഉള്ള ഒരു നേര്‍ത്ത വരയില്‍ തീര്‍ത്ത ഒരു യാത്ര .ഇങ്ങനെ ഒരു സിനിമ എടുക്കാന്‍ പിന്നെയും സംവിധായകര്‍ക്ക് പ്രചോദനം  ആയെങ്കിലും ഈ സിനിമ എങ്ങും കേട്ടിട്ടില്ലായിരുന്നു .ഈ സിനിമ കാണുവാന്‍ നിര്‍ദേശിച്ച സുഹൃത്തിനോട്‌ ആദ്യം നന്ദി പറയുന്നു .കാരണം ഈ സിനിമ പലപ്പോഴും നിരൂപക പ്രശംസ പിടിച്ചു പറ്റുമ്പോഴും ഇതിനെ കുറിച്ച് അറിയാന്‍ നമുക്ക് സാധിച്ചിരുന്നില്ല .ഈ രീതിയില്‍ ഒക്കെ ചിന്തിക്കുന്ന മനുഷ്യര്‍ ഇവിടെ നമ്മോടൊപ്പം ദേശാന്തരങ്ങള്‍ക്ക് അപ്പുറം ഉണ്ട് എന്നുള്ളത് ഒരു അത്ഭുതമായി എനിക്ക് തോന്നി .ഒരു സിനിമ ജനിക്കുമ്പോള്‍ അതിന് പിതൃത്വം കല്‍പ്പിക്കപ്പെടുന്ന സംവിധായകനും കഥയെഴുത്തുകാരനും ഒരാള്‍ ആകുമ്പോള്‍ അതിനുള്ള ശക്തി എന്ത് മാത്രം ആണെന്ന് ഈ സിനിമ കണ്ടപ്പോള്‍ മനസ്സിലായി .സിനിമ ഒരു വിനോധോപാധി എന്ന നിലയ്ക്കപ്പുറം ചിന്തിക്കാനുള്ള മനുഷ്യന്‍റെ കഴിവിനെ പരീക്ഷിക്കുന്നതിനുള്ള നല്ല ഒരു ഉദാഹരണം നോളന്റെ ഇന്സെപ്ഷനില്‍ കണ്ടതാണ് .അതിനു ശേഷം എന്നെ ചിലപ്പോഴെങ്കിലും സിനിമ പുറകോട്ട് ഓടിച്ചു നോക്കുന്നതിനും പ്രേരകമായി ഈ ചിത്രം .എങ്കില്‍ പോലും രണ്ടാമതൊരിക്കല്‍ കൂടി കാണേണ്ടി വന്ന് ഈ സിനിമ പൂര്‍ണമായും മനസ്സിലാക്കുവാന്‍ .പിന്നീടാണ് മനസ്സിലായത്‌ ഈ സിനിമയുടെ കഥ വിശദീകരിക്കാന്‍ കൂടുതല്‍ പേര്‍ ശ്രമിച്ചിരുന്നുവെന്ന് .എന്തായാലും എനിക്ക് അധികം തെറ്റ് പറ്റിയില്ല.രണ്ടാമതൊരിക്കല്‍  കണ്ടപ്പോള്‍ ,അതും അവസാന പത്തു മിനിറ്റില്‍ കഥ മനസ്സിലായി .ഇനി കഥയിലേക്ക് ..

   സിനിമ ആരംഭിക്കുന്നത് ഒരു തോക്കിന്‍ കുഴലില്‍ നിന്നും ഉണ്ടാകുന്ന വെടി ശബ്ദത്തോടെ ആണ് .അതിനു ശേഷം കാണുന്നത് മഴയത്ത്  കാടിലൂടെ ഓടി വരുന്ന മധ്യവയസ്ക്കനായ  ഒരു മനുഷ്യനെയും ..അയാളെ കാത്തു നില്‍ക്കുന്നത് കുറേ പോലീസുകാരും .അവര്‍ അയാളോട് ഐഡന്റിറ്റി കാര്‍ഡുകള്‍ ചോദിക്കുന്നു .എന്നാല്‍ പോക്കറ്റില്‍ തപ്പി നോക്കുന്ന അയാള്‍ താന്‍ അത് വീട്ടില്‍ മറന്നു വച്ചിരിക്കുന്നു എന്ന് പറയുന്നു .മഴയത്ത് വന്ന അയാളെ സഹായിക്കാം എന്ന് പറഞ്ഞ് അവര്‍ പോലീസ് സ്റ്റേഷനില്‍ കൊണ്ട് പോകുന്നു .അവിടെ എത്തുന്ന അയാളോട് എന്ത് ചോദിച്ചാലും അവര്‍ ഇന്‍സ്പെക്റ്റര്‍ വന്നിട്ട് മറുപടി നല്‍കാമെന്നു പറയുന്നു .അല്‍പ്പ സമയം കഴിഞ്ഞപ്പോള്‍ അയാള്‍ വയലന്റാകുന്നു .എന്നാല്‍ പോലീസുകാര്‍ അയാളെ മര്‍ദിച് നിയന്ത്രണത്തില്‍ ആകുന്നു .പിന്നീടു അവിടെ വരുന്ന ഇന്‍സ്പെക്റ്റര്‍ അയാളെ ചോദ്യം ചെയ്യാന്‍ തുടങ്ങുന്നു.അത് വെറും ഫോര്‍മല്‍ ആയ ഒരു സംഭാഷണം ആണെന്ന് പറയുകയും ചെയ്യുന്നു  .അയാള്‍ തന്‍റെ പേരായി പറഞ്ഞത് ഇറ്റലിയിലെ പ്രശസ്തനായ എഴുത്തുകാരന്‍ ഒനോഫ് എന്നയാളുടെ പേരായിരുന്നു .ആദ്യം ചിരിച്ചു തള്ളുകയും ,തന്‍റെ പേര് ലിയോനാര്‍ഡോ ഡാവിഞ്ചി ആണെന്നും പറയുന്ന ഇന്‍സ്പെക്റ്റര്‍ ഒനോഫ് എഴുതിയ കൃതികളിലെ ശകലങ്ങള്‍ അയാളോട് പറയുന്നു .എന്നാല്‍ ആദ്യം അയാള്‍ അത് എന്താണെന്ന് മനസ്സിലാകാതെ പരുങ്ങുന്നു .അയാള്‍ പറഞ്ഞതെല്ലാം തെറ്റാണെന്ന് അവര്‍ അയാളെ കളിയാക്കുന്നു .

  എന്നാല്‍ സമചിത്തത വീണ്ടെടുത്ത അയാള്‍ ഒനോഫിന്റെ കൃതികളിലെ വാക്യങ്ങള്‍ പറയുന്നു .ഒനോഫിന്റെ ആരാധകനായ ഇന്‍സ്പെക്ടര്‍ അതെല്ലാം അത്ഭുതത്തോടെ കേള്‍ക്കുകയും അയാള്‍ ഒനോഫ് ആണെന്ന് സമ്മതിക്കുകയും  ചെയ്യുന്നു .എന്നാല്‍ മഴയത് നനഞ്ഞൊലിക്കുന്ന പോലീസ് സ്റെഷനില്‍ അകപ്പെട്ട അയാള്‍ക്ക് ആകെ മൊത്തം ഒരു മുഷിപ്പ് തോന്നുന്നു .അയാള്‍ അവിടെ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നു .എന്നാല്‍ അയാളെ പോലീസ് അയാളെ വീണ്ടും പിടിക്കുന്നു .അയാളെ അവര്‍ വീണ്ടും ചോദ്യം ചെയ്യുന്നു .അയാള്‍ അന്നേ ദിവസം നടന്ന സംഭവങ്ങള്‍ പലപ്പോഴും മാറ്റി പറയുന്നു .എന്നാല്‍ രാത്രി ഏഴു മണിക്ക്  ശേഷം നടന്ന സംഭവങ്ങള്‍ അയാള്‍ മറക്കുകയും ചെയ്യുന്നു .പിന്നീട് ഇന്‍സ്പെക്റ്റര്‍ ആ രഹസ്യം വെളിപ്പെടുത്തി ഒനോഫ് താമസിച്ചിരുന്ന സ്ഥലത്ത് അന്ന് രാത്രി ഒരു കൊലപാതകം നടന്നിരുന്നു എന്ന് .ആറു  വര്‍ഷമായി എഴുതാനായി ഒന്നും ലഭിക്കാതിരുന്ന ഒനോഫിന് ഒന്നും മനസ്സിലാകുന്നില്ല .അന്ന് രാത്രി ഏഴു മണിക്ക് ശേഷം എന്ത് സംഭവിച്ചു ?ഒനോഫ് യഥാര്‍ത്ഥത്തില്‍ ആരാണ്?അയാളാണോ ഒനോഫ് ?അയാള്‍ കള്ളം പറയുകയാണോ  ??ആ പോലീസുകാരുടെ യഥാര്‍ത്ഥ ലക്‌ഷ്യം എന്താണ് ??അതാണ്‌ ഈ സിനിമയുടെ ബാക്കി .

  ഈ സിനിമയില്‍ ഇന്‍സ്പെക്റ്റര്‍ ആയി വരുന്ന റോമന്‍ പോലന്സ്കിയെ അധികം ആര്‍ക്കും പരിചയപ്പെടുത്തേണ്ടി വരില്ല.അഭിനയ കലയുടെ കുലപതികളില്‍ ഒരാള്‍ ആണ് അദ്ദേഹം .ഒനോഫ് ആയി വരുന്ന Gérard Depardieu വിശ്വ വിഖ്യാതനായ മറ്റൊരു നടനും.അവര്‍ തമ്മില്‍ ഉള്ള അഭിനയ രംഗങ്ങള്‍ എല്ലാം ഒരു വിസ്മയമായിരുന്നു .യാഥാര്‍ഥ്യത്തോട് നീതി പുലര്‍ത്തുന്ന അഭിനയം .എന്നാല്‍ ഈ സിനിമയുടെ അവസാന ഒരു പത്തു മിനിറ്റ് അവകാശപ്പെടുന്നത് ഇതിന്‍റെ സംവിധായകനും കഥ എഴുത്തുകാരനുമായ Giuseppe Tornatore എന്ന മനുഷ്യനോടാണ് .അയാളുടെ ചിന്താ സരണി നമ്മുടെതിനെക്കാളും എത്രയോ മുകളില്‍ ആണെന്ന് തോന്നി .കൂടുതല്‍ ഈ ചിത്രത്തെ കുറിച്ച് പറയാന്‍ സാധിക്കില്ല.അത് ഈ സിനിമയുടെ രസച്ചരട് പൊട്ടിക്കും  .ഒരു പോലീസ് സ്റ്റേഷനില്‍ ഒരു രാത്രി കഴിയുന്ന മനുഷ്യന്‍ മനസ്സിലാകുന്ന യാതാര്‍ത്ഥ്യംഅതി ഭീകരമായിരുന്നു .തന്‍റെ ജീവന്‍റെ അപ്പുറത്ത് നില്‍ക്കുന്ന സംഭവങ്ങള്‍ .എനിക്ക് വളരെയധികം ചിന്തിക്കാന്‍ വേദി ഒരുക്കിയ ഈ ചിത്രത്തിന് ഞാന്‍ നല്‍കുന്ന മാര്‍ക്ക്‌ 9/10!!

More reviews @ www.movieholicviews.blogspot.com

No comments:

Post a Comment