Pages

Thursday, 27 June 2024

1813. The Man On The Roof (Swedish, 1976)

 1813. The Man On The Roof (Swedish, 1976)

         Police-Procedural Thriller



ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്ന റിട്ടയർഡ് പോലീസ് ഉദ്യോഗസ്ഥൻ ആയിരുന്ന സ്റ്റിഗ് നയ്മാനെ ക്രൂരമായി ആരോ കൊലപ്പെടുത്തുന്നു. ഭയാനകമായ ഒരു കൊലപാതകം ആയിരുന്നു അത്. അത്തരത്തിൽ ഒരാളെ കൊലപ്പെടുത്താൻ മാത്രം അയാളോട് ആർക്കായിരുന്നു വിരോധം ഉണ്ടായിരുന്നത്?


 സ്വീഡിഷ് സിനിമ ചരിത്രത്തിലെ ഏറ്റവും മികച്ച ക്രൈം ഇൻവെസ്റ്റിഗേഷൻ സിനിമ ആയി കണക്കാക്കപ്പെടുന്ന ചിത്രമാണ് The Man On The Roof.ഇവിടെ സസ്പെൻസ്, ട്വിസ്റ്റ് തുടങ്ങിയവ ഒന്നുമല്ല ഈ ചിത്രത്തെ മികച്ചതാക്കുന്നത്. പകരം ഈ ചിത്രത്തിൽ പോലീസിന്റെ അന്വേഷണത്തിന് നൽകിയ മറ്റൊരു മുഖം ഉണ്ട്. യാഥാർഥ്യത്തോട് ഏറെ ചേർന്ന് നിൽക്കുന്ന ഒന്ന്. ഒരു പക്ഷെ അന്നത്തെ സ്വീഡിഷ് സിനിമകൾക്കും പിന്നീട് വന്നവയ്ക്കും അത്തരത്തിൽ ഒരു മെയ്ക്കിങ്ങിലൂടെ വഴി വെട്ടി തുറന്നത് കൂടി കാരണം ആയിരുന്നേക്കാം.


ഈ സിനിമയിൽ തുടക്കത്തിൽ ഉള്ള കൊലപാതകങ്ങൾക്ക് ശേഷം സിനിമയുടെ പേരിനു ചേർന്ന രീതിയിൽ ഉള്ള ചില സംഭവങ്ങൾ കൂടി നടക്കുന്നുണ്ട്. ആ രംഗങ്ങളെ കുറിച്ച് വായിച്ചറിഞ്ഞത്, അതിൽ ഉണ്ടായിരുന്ന പല ആളുകളും ആ സമയത്ത് ആ വഴിയിലൂടെ പോയിരുന്നവർ ആയിരുന്നു എന്നും. അപ്രതീക്ഷിതമായി ഇത്തരം ഒരു സംഭവം ഉണ്ടാകുമ്പോൾ ഉള്ള അവരുടെ ഭാവങ്ങൾ എല്ലാം അങ്ങനെ തന്നെ പകർത്താൻ കഴിഞ്ഞു അത് കൊണ്ട്.


 ഇനി കാഴ്ച്ചയുടെ രീതിയിൽ ആണെങ്കിൽ ഈ ചിത്രത്തിൽ കൂടുതൽ സ്വീഡിഷ് ചേരുവ ആയത് കൊണ്ട് തന്നെ സ്വീഡന്റെ പുറത്ത് ഈ ചിത്രം അത്ര മാത്രം ചലനം ഉണ്ടാക്കിയില്ല എന്നുള്ള നിരൂപക മതം കണ്ടിരുന്നു. എന്നേ സംബന്ധിച്ച് സിനിമയിലെ പ്രധാനപ്പെട്ട സംഭവങ്ങൾ തുടങ്ങുന്നത് മുതൽ അവസാനം വരെയുള്ള ഭാഗങ്ങൾ കാരണം നല്ലൊരു ത്രില്ലർ സിനിമ ആയിട്ടാണ് അനുഭവപ്പെട്ടത്. ഇപ്പോൾ നോക്കുമ്പോൾ പുതുമകൾ കുറവായിരിക്കാം. എന്നാൽ ആ സമയം വച്ച് നോക്കുമ്പോൾ മികച്ച സിനിമയും ആയിരുന്നിരിക്കാം The Man On The Roof.


സിനിമ കാണണം എന്ന് തോന്നുന്നവർക്ക് t.me/mhviews1 ൽ ലിങ്ക് ലഭിക്കുന്നതാണ്.




Wednesday, 19 June 2024

1812. Wicked Little Letters (English, 2023)

 1812. Wicked Little Letters (English, 2023)

         Mystery, Comedy




Wicked Little Letters: Witty, Sharp, Thrilling


  ലിറ്റിൽ ഹാംറ്റണിലെ എഡിത് സ്വാനിന് ഊമക്കത്തുകൾ ലഭിച്ചു തുടങ്ങി. വളരെ മോശം ഭാഷയിൽ വന്ന കത്തുകൾ അവളെ മാനസികമായി തളർത്തി. അജ്ഞാതമായി അവൾക്കു ലഭിച്ചു കൊണ്ടിരുന്ന കത്തുകളുടെ ഉടമ റോസ് ഗുഡിങ് എന്ന സ്ത്രീ ആണെന്നുള്ള നിഗമനത്തിൽ എത്തി. അതിനു കാരണം അയർലൻഡിൽ നിന്നും വന്ന, ഭർത്താവില്ലാത്ത, ജീവിതത്തിൽ അടക്കവും ഒതുക്കവും ഇല്ലാത്ത സ്ത്രീ ആണ് റോസ് എന്നുള്ള അഭിപ്രായം കാരണം ആയിരുന്നു. മാത്രമല്ല, കാതിൽ ഉപയോഗിച്ചിരുന്ന മോശം വാക്കുകൾ എഴുതാൻ അവൾക്കു മാത്രമേ കഴിയൂ എന്ന് അവർ കരുതുന്നു.പിന്നീട് എഡിത് അല്ലാതെ മറ്റ് പലർക്കും കത്തുകൾ ലഭിച്ചു തുടങ്ങുന്നു.ഒരു ഘട്ടത്തിൽ ഈ സംഭവം ദേശീയ വാർത്ത ആയി വരെ മാറുന്നു.യഥാർത്ഥത്തിൽ ആ കത്തുകൾ എഴുതിയത് ആരാണ്? അതാണ്‌ സിനിമയുടെ കഥ.


യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി, അൽപ്പം സ്ത്രീപക്ഷ ചിന്തയിൽ കൂടി ആണ് ചിത്രം മുന്നോട്ട് പോകുന്നത്. അന്നത്തെ യാഥാസ്തികമായ ലോകത്തിൽ നില നിന്നിരുന്ന പല പ്രശ്നങ്ങളും ചിത്രം ചർച്ച ചെയ്യുന്നുണ്ട്.സ്ത്രീ പക്ഷ സിനിമ എന്നത് കൊണ്ട് പുരുഷ വിരുദ്ധ സിനിമ ആയിട്ടല്ല Wicked Little Letters അവതരിപ്പിച്ചിരിക്കുന്നത്. 


തമാശയിലൂടെ പറഞ്ഞുബ്പോകുന്ന പലതും ഡാർക്ക്‌ ഹ്യൂമർ ആയി ചിത്രത്തിൽ മാറുന്നുണ്ട്. ഒപ്പം നിഗൂഢതകൾ ഏറെ ഉണ്ടെന്നു തോന്നിക്കുന്ന രീതിയിൽ ഒരു മിസ്റ്ററി ത്രില്ലറും ആകുന്നുണ്ട്. മികച്ച രീതിയിൽ തന്നെ സിനിമ അവതരിപ്പിച്ചുട്ടുണ്ട്.


തീർച്ചയായും കാണാൻ ശ്രമിക്കുക. നല്ലൊരു സിനിമയാണ് Wicked Little Letters.


⭐⭐⭐⭐/5


സിനിമയുടെ ലിങ്ക് t.me/mhviews1 ൽ ലഭ്യമാണ്.






1811. Tatsama Tadbhava (Kannada, 2024)

 

1811. Tatsama Tadbhava (Kannada, 2024)

         Mystery, Crime



കുറേ ട്വിസ്റ്റും സസ്പെൻസും ഉള്ള ചിത്രമാണ് Tatsama Tadbhava എന്ന കന്നഡ ചിത്രം.തന്റെ ഭർത്താവിനെ കാണ്മാനില്ല എന്ന് പറഞ്ഞാണ് ആരിക എന്ന യുവതി പോലീസ് സ്റ്റേഷനിൽ എത്തുന്നത്. എന്നാൽ പോലീസ് അന്വേഷണം നടക്കുമ്പോൾ അവൾ ആ കേസിൽ മുഖ്യ പ്രതി ആണെന്ന് പോലീസ് സംശയിക്കുന്നു. എന്നാൽ പോലീസിന്റെ നിഗമനം ശരിയാണോ അതോ തെറ്റാണോ  എന്നതാണ് സിനിമയുടെ ബാക്കി കഥ.


 ഒരു സൈക്കോളജിക്കൽ ത്രില്ലർ ആണോ അതോ മർഡർ മിസ്റ്ററി ആണോ എന്ന് മനസ്സിലാകാത്ത വിധം ആണ് സിനിമയുടെ മൊത്തത്തിൽ ഉള്ള അവതരണം. അത് പോലെ ആണ് പലപ്പോഴായി പ്രേക്ഷകന്റെ മുന്നിൽ അവതരിപ്പിക്കുന്ന ട്വിസ്റ്റുകൾ. ക്ലൈമാക്സ് ആകുമ്പോൾ ഇതിൽ ഒരു ജോണർ ആണെന്ന് കരുതി ഇരിക്കുമ്പോൾ ആണ് tail end ൽ വീണ്ടും ട്വിസ്റ്റ് കൊണ്ട് വരുന്നത്.


 ഒരു പക്ഷെ ട്വിസ്റ്റുകൾ കണ്ട് എന്താണ് ശരിക്കും സംഭവിക്കുന്നത് എന്ന് മനസ്സിലാക്കാതെ ഇരിക്കുമെങ്കിലും മിസ്റ്ററി, പ്ലോട്ട് ട്വിസ്റ്റ് സിനിമ ആരാധകർക്കു കണ്ട് നോക്കാവുന്ന ഒന്നാണ്. മേഘന രാജ് നാല് വർഷങ്ങൾക്കു ശേഷം അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.


⭐⭐⭐/5




1810. Oru Nodi (Tamil, 2024)

 1810. Oru Nodi (Tamil, 2024)

         Mystery, Crime




അപ്രതീക്ഷിതമായ ഒരു ക്ലൈമാക്സിനു വേണ്ടി എടുത്ത സിനിമ ആയിട്ടാണ് "ഒരു നൊടി" എന്ന സിനിമയെ കുറിച്ച് തോന്നിയത്. ഒരാളെ കാണ്മാനില്ല എന്ന ഭാര്യയുടെ പരാതി കാരണം പോലീസ് അന്വേഷണം തുടങ്ങുന്നു. അതിന്റെ പിന്നാമ്പുറ കഥകളിലേക്ക് പോകുമ്പോൾ ഒരു കൊലപാതകം കൂടി റിപ്പോർട്ട് ചെയ്യുന്നു. ഈ രണ്ടു കേസുകളുടെയും അന്വേഷണം നടക്കുന്ന സമയം സിനിമയ്ക്ക് നന്നായി ലാഗ് അനുഭവപ്പെടുന്നതായി തോന്നി.


 തമൻ കുമാറിന്റെ പോലീസ് വേഷം ആണെങ്കിൽ നല്ല മസിൽ പിടുത്തവും. ഇടയ്ക്ക് ഈ സിനിമ എങ്ങോട്ടേക്ക് ആണ് പോകുന്നത് എന്ന് തോന്നിപ്പിക്കുന്ന രീതിയിൽ കഥാപാത്രങ്ങൾ പലരും വരുന്നുമുണ്ട്. അങ്ങനെ താൽപ്പര്യം കുറഞ്ഞു ഇരിക്കുമ്പോൾ ആണ് പെട്ടെന്ന് ആ ക്ലൈമാക്സ് വരുന്നത്. സത്യത്തിൽ അത്രയും നേരം ബോർ അടിച്ചിരുന്നു കണ്ട സിനിമയിൽ ഇങ്ങനെ ഒരു ക്ലൈമാക്സ് പ്രതീക്ഷിക്കാത്തത് ആയിരുന്നു.


 കുറച്ചു കൂടി നല്ല മേക്കിങ്ങും എഴുത്തും ആയിരുന്നെങ്കിൽ ക്ലൈമാക്സിനോട് നീതി പുലർത്താമായിരുന്നു എന്ന് തോന്നി.ഒപ്പം സിനിമ കൂടുതൽ മെച്ചപ്പെടുത്താമായിരുന്നു എന്നും.


എന്തായാലും The climax saved the day for "Oru Nodi".


⭐⭐⭐/5




 

1809. Dirty Harry (English, 1971)

 

ലോക സിനിമയിൽ ആംഗ്രി - കോപ് എന്ന നായക സങ്കല്പത്തിന് കാരണക്കാരൻ ആണ് ക്ലിന്റ് ഈസ്റ്റ്‌വുഡിന്റെ "ഹാരി കള്ളിഗൻ" അഥവാ "ഡർട്ടി ഹാരി" എന്ന് പറഞ്ഞാൽ പോലും അതിശയോക്തി ആകില്ല. പഞ്ച് ഡയലോഗുകൾ, ആരെയും കൂസാത്ത പ്രകൃതം, ജോലിയിൽ തന്റെ payroll ന്റെ മുകളിൽ ഉള്ളവർ ആയാൽ പോലും 'പോടാ പുല്ലേ ' എന്ന മനോഭാവം ഉള്ള കഥാപാത്രങ്ങളുടെ എല്ലാം പിതാവ് ആയിരിക്കണം ഡർട്ടി ഹാരി എന്ന് കരുതുന്നു.


 ഡർട്ടി ഹാരി സീരീസിലെ ആദ്യ ചിത്രം ആണ് ' ഡർട്ടി ഹാരി. അജ്ഞാതനായ ഒരു കൊലയാളി തന്റെ ഇരകളെ കൊന്നൊടുക്കുന്നു. ഏറെ ദൂരത്തു നിന്നും വെടി വച്ച് ആണ് അയാൾ അത് ചെയ്യുന്നത്. പക്ഷെ പ്രത്യേകിച്ച് കാരണങ്ങൾ ഒന്നും ഇല്ലാതെ random ആയി ആളുകളെ കൊന്നൊടുക്കുന്ന അയാൾ പിന്നീട് മേയറോട് പണം ആവശ്യപ്പെടുന്നു.പണം നൽകിയില്ലെങ്കിൽ ഒരു പുരോഹിതനയോ അല്ലെങ്കിൽ കറുത്ത വർഗ്ഗക്കാരനെയോ കൊല്ലും എന്ന് അയാൾ ഭീഷണി മുഴക്കുന്ന്.എന്നാൽ കൊലയാളികൾക്ക് സാൻ ഫ്രാൻസിസ്ക്കോയിൽ കൊല്ലാതെ ഇരിക്കാൻ പണം കൊടുക്കില്ല എന്നും അതിനായി പണം കൊടുത്തു പോലീസിനെ വച്ചിട്ടുണ്ട് എന്നുമുളള അഭിപ്രായക്കാരൻ ആയിരുന്നു മേയർ.


കേസ് അന്വേഷണം സ്ഥിരമായി എല്ലാ ജോലിയും ചെയ്യുന്ന ഇൻസ്പെക്റ്റർ ഹാരി കള്ളിഗനെ ഏൽപ്പിക്കുന്നു. സ്വന്തമായി കുറ്റവാളികൾക്കും സാമൂഹിക വിരുദ്ധർക്കും നിയമത്തിന്റെ മേലെയുള്ള ശിക്ഷ നൽകുക എന്നത് തന്റെ സിദ്ധാന്തം ആയി കൊണ്ട് നടക്കുന്ന ഹാരിയും കൊലയാളിയും തമ്മിൽ ഉള്ള conflict ആണ് സിനിമയുടെ ബാക്കി കഥ.


 ആദ്യം പറഞ്ഞത് പോലെ 'ആംഗ്രി കോപ് ' എന്ന നിലയിൽ ക്ലിന്റ് ഈസ്റ്റ്വുഡിന്റെ മാസ് ഡയലോഗുകളും മാനറിസങ്ങളും ആണ് സിനിമ മുഴുവനും. ഒരു പക്ഷെ പിൽക്കാലത്തു പല ഭാഷകളിലും അതിന്റെ വേറെ രൂപങ്ങൾ സിനിമകളിൽ എല്ലാവരും കണ്ടിട്ടും ഉണ്ട്. കിടിലൻ സിനിമയാണ് ഡേർട്ടി ഹാരി എന്ന അഭിപ്രായം ആണ് എനിക്കുള്ളത്.അത് പോലെ പഴയ മലയാളം മാസ് സിനിമകളിലെ പല സംഭാഷണങ്ങളും പൊളിറ്റിക്കൽ കറക്റ്റനസ്സ് കൊണ്ട് അളക്കുന്നത് പോലെ ഇതിലും അതിനു കഴിയുന്ന ധാരാളം സംഭാഷണങ്ങൾ ഉണ്ട്.


സിനിമകളെ കുറിച്ചൊക്കെ എഴുതി തുടങ്ങുന്നതിനു മുന്നേ ക്ലിന്റ് ഈസ്റ്റ്വുഡിന്റെ സിനിമകൾ പലതും കണ്ടത് ഇപ്പോൾ കഥയൊക്കെ മറന്നത് കൊണ്ട് കൂടി ഒന്ന് കൂടി കാണണം എന്നുള്ള ആഗ്രഹം കാരണം ഉള്ള re- watch ആണ് ഇപ്പോൾ ചെയ്യുന്നത്. ഇപ്പോഴും അന്നത്തെ പുതുമയോടെ തന്നെ ഇതൊക്കെ ആസ്വദിക്കാൻ സാധിക്കുന്നും ഉണ്ട് എന്നത് വലിയ കാര്യമായി തന്നെ കരുതുന്നു. സിനിമ കാണാത്തവർ കണ്ട് നോക്കൂ.


താൽപ്പര്യം ഉള്ളവർക്ക് സിനിമ ലിങ്ക് t.me/mhviews1 ൽ ലഭ്യമാണ്.


1809. Dirty Harry (English, 1971)

         Crime, Action.

Tuesday, 18 June 2024

1808. The Best Offer ( English, 2013)


 1808. The Best Offer ( English, 2013)

          Mystery.

ലോകത്തിൽ എന്തിന്റെയും വ്യാജസൃഷ്ടി നിർമിക്കാൻ സാധിക്കുമോ? വസ്തുക്കളുടെ ശരിയായിരിക്കും. എന്നാൽ വികാരങ്ങളോ?


സിനിമ പാരഡൈസോ, ഗിസേപ്പേ ടോർണാറ്റോറെ എന്നീ പേരുകൾ ഒരു സിനിമ സ്നേഹിയെ സംബന്ധിച്ച് അധികം മുഖവുരകൾ വേണ്ടാത്തത്തതാണ്. ഗിസെപ്പേയുടെ 2013 ൽ റിലീസ് ആയ ഒരു ഹിച്ച്കോക്കിയൻ സ്റ്റൈൽ ചിത്രം ആണ് The Best Offer. 


 വിലപിടിപ്പുള്ള പുരാവസ്തുക്കളുടെ ലേലം നടത്തുന്ന ഒരു കമ്പനിയുടെ ഡിറക്റ്റർ ആണ്  വിർഗിൽ. സ്വന്തമായി ഉന്നതമായ നിലവാരം നിർമിച്ചു അതിനനുസരിച്ചു ജീവിക്കുന്ന,  ധാരാളം വിലപിടിപ്പുള്ള വസ്തുക്കളുടെ ഉടമ കൂടി ആണയാൾ. ഒരു ദിവസം അയാൾ തന്റെ വീട്ടിലെ വസ്തുക്കൾ എല്ലാം വില നിശ്ചയിച്ചു വിറ്റു തരണം എന്ന ആവശ്യവുമായി ക്ലെയർ എന്ന യുവതി അയാളെ വിളിക്കുകയാണ്‌. എന്നാൽ ഫോണിലൂടെ അല്ലാതെ അവൾ അയാളുടെ മുന്നിലേക്ക്‌ വരുന്നില്ല. എന്നാൽ ഈ ഫോൺ വിളികൾ വിർഗിലിന്റെ ജീവിതത്തെ അടിമുടി മാറ്റുകയാണ്. അതെങ്ങനെ എന്നതാണ് The Best Offer പറയുന്നത്.


 സിനിമ ഇറങ്ങിയ സമയത്ത് ധാരാളം നല്ല നിരൂപണങ്ങൾ കേട്ടത് കൊണ്ടും ഏകദേശം കഥയെ കുറിച്ച് ഒരു രൂപം ഉള്ളത് കൊണ്ട് ഒരു ദശാബ്ദത്തോളം കഴിഞ്ഞാണ് ഞാൻ The Best Offer കാണാൻ തീരുമാനിക്കുന്നത്. സിനിമ കണ്ട് കൊണ്ടിരുന്നപ്പോൾ തന്നെ ഒരു പക്ഷെ തേർഡ് ആക്റ്റ് ഇങ്ങനെ ആയിരിക്കും എന്നൊരു ചിന്ത മനസ്സിലൂടെ പോയിരുന്നു. എന്നാൽ ആ ചിന്ത ഏകദേശം അതേപോലെ വന്നെങ്കിലും The Best Offer അത് വരെ എന്റെ ഉള്ളിലെ പ്രേക്ഷകനെ പലപ്പോഴായി മറ്റൊരു ലോകത്തിലേക്കു കൊണ്ട് പോയിരുന്നു.


 സ്വാർത്ഥൻ ആയ ഒരു മനുഷ്യൻ, അയാളുടെ സൗഹൃദങ്ങൾ, ശീലങ്ങൾ, പ്രണയം എന്നിവയെല്ലാം ശരിക്കും ഇത്തരത്തിൽ ഉള്ള ചിന്തകളിൽ നിന്നും പ്രേക്ഷകനെ distract ചെയ്യുക ആയിരുന്നു എന്ന് ഒരു പക്ഷെ സിനിമയുടെ അവസാനം തോന്നിയാലും കുഴപ്പമില്ല. ഒരു പക്ഷെ വിർഗില്ലിന്റെ അവസ്ഥയും ഇങ്ങനെ ആയിരിക്കണം എന്ന് പറഞ്ഞാലും അതിശയോക്തി ആകില്ല.


കഥാപാത്രങ്ങളും പ്രേക്ഷകനും തമ്മിൽ ശക്തമായ ഒരു ബന്ധം ഉണ്ടാക്കുക, അതിനു ശേഷം സ്‌ക്രീനിൽ നടക്കുന്നത് പ്രേക്ഷകനെ വിശ്വസിപ്പിക്കുക എന്ന സിനിമയുടെ ഏറ്റവും വലിയ മാന്ത്രികതയാണ് ഇവിടെ കാണാൻ സാധിക്കുന്ന. അജ്ഞാതയായി ഇരിക്കാൻ താൽപ്പര്യം ഉള്ള യുവതിയോട് ഇടയ്ക്ക് ചെറിയ പ്രണയം പ്രേക്ഷകന് തോന്നിയാലും കുഴപ്പമില്ല. കാരണം , വിർഗിൽ ചിലപ്പോൾ ഈ അവസ്ഥയിൽ ആയിരിക്കണം. പ്രേക്ഷകനും കഥാപാത്രവും  ഉണ്ടാക്കിയ ബന്ധം കാരണം അത് നമുക്ക് കൂടുതൽ ആയി അനുഭവപ്പെടുന്നു എന്ന് മാത്രം.


 ഏതൊരു വസ്തുവിന്റെയും മൗലികമായ രൂപത്തെയും വ്യാജ നിർമിതിയെയും തമ്മിൽ തിരിച്ചറിയാൻ കഴിയുന്ന വീർഗിലിന്റെ ജീവിതത്തിൽ അയാൾക്ക്‌ തെറ്റ് പറ്റിയോ എന്നത് ആണ് The Best Offer പറഞ്ഞ് വയ്ക്കുന്നത്. തീർച്ചയായും കാണാൻ ശ്രമിക്കുക. നല്ലൊരു ചിത്രമാണ്.



⭐⭐⭐⭐½ /5


സിനിമയുടെ ലിങ്ക് t.me/mhviews1 ൽ ലഭ്യമാണ്.


  

Wednesday, 12 June 2024

1807. Character (Japanese, 2021)


 " നല്ല കഴിവ് ഉള്ളവൻ ആണ് കീഗോ. പക്ഷെ അവന്റെ Manga കഥാപാത്ര സൃഷ്ടികളിൽ മികച്ച ഒരു വില്ലൻ ഇല്ല. അതിനു കാരണം അവന്റെ സ്വഭാവം കൂടി ആണ്. അവനെ പോലെ പാവത്താൻ ആയ ഒരാൾക്ക്‌ ക്രൂരത നിറഞ്ഞ ഒരു വില്ലനെ സൃഷ്ടിക്കാൻ കഴിയില്ല ". കീഗോ യമാഷിരോ കഴിവുള്ള ഒരു Manga ആർട്ടിസ്റ്റ് ആണ്. അയാളെ കുറിച്ച് ഉള്ള അഭിപ്രായം ആണ് ആദ്യം പറഞ്ഞത്. ഈ ഒരു കാരണം കൊണ്ട് അയാളുടെ സൃഷ്ടികൾ ഒരിക്കലും വെളിച്ചം കാണുന്നില്ല. എന്നാൽ ഒരു ദിവസം അയാളുടെ സൃഷ്ടികളിൽ മികവ് ഇല്ലാതിരുന്ന കഥാപാത്രത്തെ അയാൾ നേരിട്ട് കാണുന്നു. അതും ക്രൂരമായ രീതിയിൽ കൊല്ലപ്പെട്ട ഒരു കുടുംബത്തിലെ ആളുകളുടെ കൊലയാളിയെ.


 ഇവിടെ നിന്നും കീഗോയുടെ ജീവിതം മാറുകയാണ്. അയാൾ നേരിട്ട് അനുഭവിച്ചു അറിയുന്ന ആ കൊലയാളി അയാളുടെ കഥകളിൽ ആ കൊലയാളി വരുകയാണ്. എന്നാൽ ആ സമയം കൊലയാളിക്കും അങ്ങനെ ഒരു സ്വഭാവം രീതിയിലേക്ക് എത്തുകയാണ്.അതാണ്‌ ഏറ്റവും ക്രൂരത നിറഞ്ഞ സംഭവവും. ആ കൊലയാളി എന്തായി മാറുന്നു എന്നതാണ് പിന്നീടുള്ള സിനിമയുടെ പ്രമേയവും.


 കൊലയാളിയെ തുടക്കത്തിൽ തന്നെ കാണിക്കുകയും, അയാളിലെ ക്രൂരത വരച്ചു കാട്ടുന്ന ചിത്രത്തിൽ അയാൾ എന്തിനു വേണ്ടി ഇത് ചെയ്യുന്നു എന്നത് നിഗൂഢത ആയി നിലനിർത്തി അതിനൊരു പിൻ കഥയും നൽകുന്നുണ്ട് ചിത്രത്തിൽ. നല്ല രീതിയിൽ പ്രേക്ഷകനെ എൻഗേജ്‌ ചെയ്യുന്നുണ്ടെങ്കിലും കൊലയാളിയെ തുടക്കത്തിൽ തന്നെ കാണിച്ചത് ചെറിയ ഒരു പോരായ്മ ആയി തോന്നി. എന്നാൽ മേക്കിങ് നല്ല രസമായിരുന്നു. കണ്ട് നോക്കാവുന്ന ഒരു ജാപ്പാനീസ് മർഡർ മിസ്റ്ററി ആണ് Character.താൽപ്പര്യം ഉണ്ടേൽ കണ്ട് നോക്കാവുന്നതാണ്.


സിനിമയുടെ ലിങ്ക് t.me/mhviews1 ൽ ലഭ്യമാണ്.


1807. Character (Japanese, 2021)

          Crime, Murder- Mystery