Pages

Tuesday, 20 March 2018

861.DOUBLE INDEMNITY(ENGLISH,1944)



നെഫ് ആദ്യമായി ഫില്ലിസിനെ കാണുമ്പോള്‍ ഒരിക്കലും കരുതിയിരുന്നില്ല ഇത്തരത്തില്‍ ഒരു കുറ്റസമ്മതം ദിക്റ്റഫോണിലൂടെ നടത്തുമെന്ന്.ആ രാത്രി അയാളുടെ ജീവിതത്തിലെ തന്നെ ഏറ്റവും മോശം രാത്രികളിയുടെ ശേഷിപ്പുകള്‍ ആയിരുന്നു.പുരുഷ സഹജമായ മന:ചാഞ്ചല്യം അയാളെ ഇപ്പോഴത്തെ അവസ്ഥയില്‍ എത്തിച്ചിരിക്കുന്നു.ഒരു ഇന്ഷുറന്സ് എജന്റ്റ് ആയിരുന്ന നെഫ്,തന്റെ ജോലിയില്‍ സമര്‍ത്ഥനായിരുന്നു.തന്റെ വാക്ചാതുരിയില്‍ അഭിമാനിച്ചിരുന്ന,ആത്മവിശ്വാസം ഉണ്ടായിരുന്ന അയാള്‍ മികച്ച ഒരു കച്ചവടക്കാരന്‍ കൂടി ആയിരുന്നു.ഒരു ഇന്ഷുറന്സ് പോളിസിയുടെ കാര്യം സംസാരിക്കാനായി കോടീശ്വരനായ ടിചെര്‍സനെ കാണാനായി എത്തിയപ്പോള്‍ ആണ് നെഫ് അയാളുടെ ഭാര്യയായ ഫില്ലീസിനെ കണ്ടു മുട്ടുന്നത്.

  അര്‍ദ്ധ നഗ്നയായി ആദ്യ കാഴ്ചയില്‍ തന്നെ കണ്ട ഫില്ലീസിനോട് അയാള്‍ക്ക്‌ അഭിനിവേശം ഉണ്ടാകുന്നു.പിന്നീട് അവരോടു സംസാരിക്കുമ്പോള്‍ അയാള്‍ക്ക്‌ അവരോടു അനുകമ്പയും ഉണ്ടാകുന്നു.അവരുടെ ജീവിതത്തിലെ അവസ്ഥയില്‍ ഖേദം പ്രകടിപ്പിക്കുന്ന നെഫ്,അവരെ പ്രണയിക്കാന്‍ ആരംഭിക്കുന്നു.ഒപ്പം ഫില്ലീസ് അതി വിദഗ്ധമായി അയാളുടെ മുന്നില്‍ അവതരിപ്പിച്ച തന്ത്രത്തില്‍  കുരുങ്ങുകയും ചെയ്യുന്നു.പണത്തിനോട് ഉള്ള ആര്ത്തിയ്ക്കും അപ്പുറം അയാളുടെ ചിന്തകളെ സ്വാധീനിച്ചതു ഫില്ലീസ് എന്ന ഘടകം ആയിരുന്നു.അവരുടെ വശ്യമായ സൌന്ദര്യം അയാളെ കൊണ്ടെത്തിക്കുന്നത് പിഴവുകള്‍ ഇല്ലാത്ത ഒരു കൊലപാതകം ചെയ്യുക എന്ന ഉദ്യമത്തില്‍ ആയിരുന്നു.ഈ ഒരു കാര്യത്തിനു നെഫ്,ആദ്യം ശ്രദ്ധിക്കേണ്ടത് തന്റെ ഉള്ളിലെ ഹൃദയം എന്ന കുഞ്ഞു മനുഷ്യനിലൂടെ കാര്യങ്ങള്‍ അപഗ്രഥനം ചെയ്യുന്ന കെയ്സ് എന്ന ബുദ്ധി രാക്ഷസന്‍റെ ചിന്തകളില്‍ നിന്നും കൊണ്ടുള്ള പ്രവൃത്തിയില്‍ ആയിരുന്നു.

  Perfect Murder എന്നുള്ളത് ഭൂരിഭാഗം അവസരങ്ങളിലും അസംഭാവ്യം ആകാറുണ്ട്.ഒരു കുറ്റകൃത്യം നടന്നൂ എന്ന് ബോധ്യമാകുമ്പോള്‍ തന്നെ അത്തരം ഒരു concept തന്നെ അവിടെ പരാജയപ്പെടുന്നു എന്ന് അര്‍ത്ഥം.വിജയിച്ച കുറ്റകൃത്യം ഒരിക്കലും ആരുടെ ശ്രദ്ധയിലും പെടുകയും ഇല്ല.ബില്ലി വില്ദര്‍ സംവിധാനം ചെയ്ത,'ജെയിംസ് കേയ്ന്സിന്റെ' നോവലിനെ ആസ്പദമാക്കി അവതരിപ്പിച്ച ചിത്രം പ്രധാനമായും സൂക്ഷ്മതയോടെ ഇത്തരം ഒരു സംഭവത്തെ ആണ് അവതരിപ്പിച്ചിരിക്കുന്നത്.ഒരു കുറ്റാന്വേഷണ ചിത്രം എന്ന നിലയില്‍ അധികം പ്രാധാന്യമില്ലാതെ, മുഖ്യ കഥാപാത്രം നടത്തുന്ന കുറ്റസമ്മതം ആയി ആണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.പക്ഷെ ഒന്നുണ്ട്,നെഫ് Perfect Murder എന്ന ചെയ്തിയുടെ അടുക്കല്‍ തന്നെയായിരുന്നു.എന്നാല്‍ അയാളുടെ തീരുമാനങ്ങള്‍ മാറ്റാന്‍ കാരണം എന്തായിരുന്നു?

 Finalizando: സ്ക്രീനിലെ വര്‍ണങ്ങളില്‍ ചാലിച്ച കഥാപാത്രങ്ങളിലും നിന്നും വ്യത്യസ്തമായി പല ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ് ചിത്രങ്ങളും നല്‍കുന്ന കാഴ്ച്ചയുടെ സുഖമുണ്ട്.പ്രത്യേകിച്ചും ഇത്തരം ചിത്രങ്ങളിലൂടെ പ്രേക്ഷകന് ലഭിക്കുന്ന മികച്ച അവതരണങ്ങള്‍.ക്ലാസിക് എന്ന വാക്കിന് മികവിന്‍റെ പര്യായം എന്ന അര്‍ത്ഥം മാത്രം നോകിയാല്‍ കൂടി അത്തരത്തില്‍ ഒന്നാണ് 'Double Indemnity'.തീര്‍ച്ചയായും കാണേണ്ട ഒരു ക്രൈം/മിസ്റ്ററി ചിത്രമാണ്.


861.Double Indemnity
      English,1944
Crime,Mystery
MHV rating:✪✪✪✪½

Director: Billy Wilder
Writers: Billy Wilder (screenplay), Raymond Chandler (screenplay)
Stars: Fred MacMurray, Barbara Stanwyck, Edward G. Robinson

860.WITNESS FOR THE PROSECUTION(ENGLISH,1957)




'നിങ്ങള്‍ ഈ ചിത്രത്തിന്‍റെ ക്ലൈമാക്സ് സുഹൃത്തുക്കളോടും ബന്ധുക്കളോടും പറഞ്ഞു കൊടുക്കരുത്".ക്ലൈമാക്സിലെ ഒരു പത്തു മിനിട്ട് കൊണ്ട് ഒരു ചിത്രത്തിന് എത്ര മാത്രം ട്വിസ്റ്റുകള്‍ നല്‍കാം എന്ന് മികച്ച രീതിയില്‍  അവതരിപ്പിക്കുന്നു 'ബില്ലി വില്ദര്‍' സംവിധാനം ചെയ്ത, 'അപസര്‍പ്പക കഥകളുടെ രാജ്ഞി' ആയിരുന്ന "അഗത ക്രിസ്റ്റിയുടെ" കഥയുടെ ദൃശ്യാവിഷ്ക്കാരത്തില്‍.കാലത്തിനെ അതിജീവിക്കുന്ന സൃഷ്ടികള്‍ എന്നൊക്കെ പറയാറില്ലേ?അത്തരത്തില്‍ ഒരു മാസ്റ്റര്‍പീസ് ആണ് 'Witness for the Prosecution'.1957 ല്‍ റിലീസ് ആയ ചിത്രം പിന്നീട് അതിന്റെ പല വകഭേദങ്ങള്‍ ആയി ടി വി യിലും സിനിമയിലും ഒക്കെ വന്നിട്ടുണ്ടെങ്കിലും ഏറ്റവും മികച്ച രീതിയില്‍ തന്നെ  'ബ്ലാക്ക് ആന്‍ഡ്‌ വൈറ്റില്‍' ദുരൂഹമായ ഒരു കൊലപാതകത്തിന്റെ നിഗൂഡതകള്‍ അതി ഗംഭീരമായി അനാവരണം ചെയ്തിരിക്കുന്നു.

   പ്രധാന കഥാപാത്രമായ സര്‍ വിഫ്രിഡ് എന്ന ബാരിസ്റ്റര്‍ ആയി അഭിനയിച്ചിരിക്കുന്നത് 'ചാര്ള്സ് ലാഫ്ട്ടന്‍ ' ആണ്.അതി ഗംഭീരമായ അഭിനയത്തിലൂടെ ഒരു സീനിയര്‍ ബ്രിട്ടീഷ് ബാരിസ്റ്റര്‍ ആയി അദ്ദേഹം  സ്ക്രീനില്‍ നിറഞ്ഞു നില്‍കുകയാണ്‌.ഹൃദയാഘാതം നല്‍കിയ വിശ്രമത്തിന് ശേഷം തിരികെ ഓഫീസില്‍ എത്തിയ സര്‍.വില്‍ഫ്രിടിന് തന്റെ ഇഷ്ട ജോലി ചെയ്യുനതിനു തന്റെ ഹൃദയം നല്‍കിയ പരിമിതികള്‍ ഏറെയാണ്‌.എന്നാല്‍ തീര്‍ത്തും സാധാരണം എന്ന് തോന്നുന്ന ഒരു കൊലപാതക കേസ് അദ്ധേഹത്തിന്റെ മുന്നില്‍ എത്തുന്നു.

  'ലിയോനാര്ഡ് വോളെ' എന്ന വ്യക്തി തന്റെ പരിചയക്കാരിയായ ഒരു വിധവയെ കൊന്നു എന്നതായിരുന്നു കുറ്റം.എന്നാല്‍ മുന്‍ക്കാല സൈനികനായ,കുറ്റകൃത്യങ്ങളില്‍ ഒന്നും പങ്കെടുക്കാത്ത ,കാഴ്ചയില്‍ നല്ലവന്‍ എന്ന് തോന്നിക്കുന്ന ഒരാള്‍ തുടക്കത്തില്‍ തന്നെ സര്‍ വില്‍ഫ്രിഡിന്‍റെ വിശ്വാസം പിടിച്ചു പറ്റുന്നു.ഒരാള്‍ പറയുന്നത് സത്യമാണോ എന്നറിയാനുള്ള അദ്ദേഹത്തിന്റെ ചെറിയ വിദ്യയിലും വോളെ വിജയി ആകുന്നു.കൊലപാതകം നടന്ന സമയം വോളെ വീട്ടില്‍ ഉണ്ടായിരുന്നു എന്നതിന് തെളിവായി അദ്ദേഹത്തിന്റെ ഭാര്യ സാക്ഷി പറയും എന്ന് വോളെ  അറിയിക്കുന്നു.എന്നാല്‍ ഭാര്യയുടെ മൊഴി കോടതി മുഖവിലയ്ക്ക് എടുക്കാന്‍ സാധ്യത കുറവാണെന്നും ,എന്നാല്‍ക്കൂടിയും അയാളുടെ നിരപരാധിത്വം തെളിയിക്കാം എന്ന് വില്‍ഫ്രിദ് കണക്കു കൂട്ടുന്നു.

 പക്ഷെ കോടതിയില്‍ വാദം ആരംഭിച്ചു തുടങ്ങി നിര്‍ണായകമായ ഒരു വഴിത്തിരിവില്‍ എത്തുമ്പോള്‍ ആണ് വോളെയുടെ ഭാര്യ എല്ലാവരുടെയും കണക്കു കൂട്ടല്‍ തെറ്റിച്ചു കൊണ്ട് അയാള്‍ക്ക്‌ എതിരെ മൊഴി നല്‍കുന്നത്.കേസില്‍ ആരോപിക്കപ്പെട്ട പല കാര്യങ്ങളും കെട്ടി ചമച്ചത് ആണെന്നുള്ള വാദം എന്നാല്‍ അത്തരം ഒരു നീക്കത്തിലൂടെ മാറി മറിയുന്നു.വോളെയുടെ ഭാര്യ ക്രിസ്റ്റീന്‍ എന്തിനായിരുന്നു അത്തരം ഒരു മൊഴി നല്‍കിയത്?അവരുടെ മൊഴി കേസിനെ എങ്ങനെ ആകും ബാധിക്കുക?ദുരൂഹതകള്‍ നിറഞ്ഞ ഒരു കേസിനെ കൂടുതല്‍ സങ്കീര്‍ണം ആക്കി തീര്‍ത്ത ആ മൊഴിയുടെ ചേതോ വികാരം എന്തായിരുന്നു തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ബാക്കി ചിത്രം നല്‍കും.

  കഥാപരമായി കാലത്തെ അതി ജീവിക്കുന്ന ചിത്രം ബ്രിട്ടീഷ് നീതി വ്യവസ്ഥയുടെ പല വശങ്ങളും ചര്‍ച്ച ചെയ്യുന്നുണ്ട്.സിനിമയുടെ മര്‍മപ്രധാനമായ ഭൂരിഭാഗം രംഗങ്ങളും കോടതി മുറിക്കുള്ളില്‍ ആണ് ചിത്രീകരിച്ചിരിക്കുന്നതും.തീര്‍ത്തും രസികനായ,അതെ സമയം തന്ത്രശാലിയായ ഒരു വക്കീലിന്‍റെ ചിന്തകള്‍ക്കും അപ്പുറം ചില സംഭവങ്ങള്‍ ഉണ്ടാകാം.കഥയുടെ ഗതിയും ആ വഴിക്കാണ്.അക്കാദമി പുരസ്ക്കാരങ്ങളില്‍ 6 വിഭാഗത്തില്‍ നാമനിര്‍ദേശം ലഭിച്ച ചിത്രം എന്നാല്‍ ഒന്നിലും പുരസ്ക്കാരം നേടിയിരുന്നില്ല.ആദ്യം പറഞ്ഞത് പോലെ ഇത്തരം ഴോന്രെയില്‍ ഉള്ള ചിത്രങ്ങളില്‍ പ്രേക്ഷകനെ ത്രസിപ്പിക്കുന്ന എല്ലാ ഘടകങ്ങളും Witness For The Prosecution അവതരിപ്പിക്കുന്നുണ്ട്.ക്രൈം/മിസ്റ്ററി വിഭാഗത്തിലെ ക്ലാസ്സിക്കുകളില്‍ ഒന്നായി തന്നെ കരുതാം ഈ ചിത്രത്തെ!!


860.Witness For The Prosecution
        English,1957
       Crime,Mystery

MHV Rating:✪✪✪✪✪



Director: Billy Wilder
Writers: Agatha Christie , Billy Wilder (screen play)
Stars: Tyrone Power, Marlene Dietrich, Charles Laughton 

Wednesday, 14 March 2018

859.MOLLY'S GAME(ENGLISH,2017)


'പോക്കര്‍ മത്സരങ്ങളിലെ രാജ്ഞിയുടെ കുപ്രസിദ്ധ കഥ'-Molly's game

അര്‍ദ്ധ രാത്രി ഉറക്കത്തില്‍ പോലീസ് മോളിയുടെ വീട് വളഞ്ഞിരിക്കുക ആണെന്നും ഇഉടന്‍ തന്നെ പുറത്തേക്കു വരാനും ആവശ്യപ്പെടുന്നു.വലിയ സന്നാഹങ്ങളോടെ വന്ന പോലീസ് അവളെ അറസ്റ്റ് ചെയ്തു.ആരാണ് മോളി ബ്ലൂം?എന്താണ് അവള്‍ ചെയ്ത കുറ്റം?സ്പോര്‍ട്സില്‍ ഏറ്റവും നിരാശാജനകമായ അവസ്ഥ എന്താണ് എന്നുള്ള ചോദ്യത്തോടെ ആണ് ചിത്രം ആരംഭിക്കുന്നത്.പല ഉദാഹരണങ്ങള്‍ ഉണ്ടെങ്കിലും 'മേരി ബ്ലൂം' ഒരു കഥ പറഞ്ഞു തുടങ്ങുന്നു.പ്രേക്ഷകന് ആദ്യ ചോദ്യത്തിന് ഉള്ള ഉത്തരം കണ്ടെത്താന്‍ ഉള്ള ഒരു അവസരം.ആ ഉത്തരം ആണ് യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി ' Molly's Game: The True Story of the 26-Year-Old Woman Behind the Most Exclusive, High-Stakes Underground Poker Game in the World.' എന്ന ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.

   ചിട്ടയായ ജീവിതചര്യകള്‍ ശീലമാക്കി തുടങ്ങി ഒരു മികച്ച കായിക താരം ആയി മാറാന്‍ കഴിയുമായിരുന്ന മോളിയ്ക്ക് എന്നാല്‍ കാലം കരുതി വച്ചത് മറ്റൊന്നായിരുന്നു.തുടക്ക കാലത്തും പിന്നീടും നടന്ന രണ്ടു അപകടങ്ങള്‍ അവളുടെ ജീവിതം തന്നെ മാറ്റി.തന്റെ സ്വപ്നങ്ങള്‍ക്ക് വിരാമം നല്‍കി പുതിയ ജീവിതം അവള്‍ തിരഞ്ഞെടുത്തു.എന്നാല്‍ അവളുടെ സാമര്‍ത്ഥ്യം ഓരോ പ്രവൃത്തികളിലും അവളുടെ വഴികള്‍ സുഗമമാക്കി.ആരും ശ്രദ്ധിക്കാത്ത വഴികളിലൂടെ നിയമം ഒന്നും തെറ്റിക്കാതെ തന്നെ അവള്‍ തന്റെ പാത വെട്ടി തുറന്നൂ.എന്നാല്‍ ഇടയ്ക്കിടെ ഉണ്ടായ ചില പ്രശ്നങ്ങള്‍ അവളുടെ ജീവിതത്തില്‍ കല്ല്‌ കടി ആയി.

   ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് വേണ്ടി നടത്തുന്ന പോക്കര്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നത് മിക്കപ്പോഴും സമൂഹത്തിലെ വിലയേറിയ ആളുകള്‍ ആയിരുന്നു.സമൂഹത്തിലെ ഉന്നതര്‍ തങ്ങളുടെ സമ്പാദ്യങ്ങളുടെ മേല്‍ ജീവന്‍ മരണ പോരാട്ടം ആയിരുന്നു അവിടെ നടത്തിയിരുന്നത്.ഒറ്റ രാത്രി കൊണ്ട് പണം നഷ്ടപ്പെട്ടവരും ഏറെ നേടിയവരും അവരില്‍ ഉണ്ടായിരുന്നു.മോളി ഇതില്‍ ഒന്ന് മാത്രമേ ചെയ്തുള്ളൂ,തുടക്ക കാലത്ത് തന്റെ ബോസിന് വേണ്ടി ചെയ്ത ജോലിയില്‍ നിന്നും പുത്തന്‍ സാധ്യതകള്‍ കണ്ടെത്തി പോക്കര്‍ ഗെയിം കളിക്കുന്ന സ്ഥലവും ആളുകളും തമ്മില്‍ ഉള്ള പ്രാധാന്യം കൂട്ടി.അതിന്റെ ഫലമായി അവളുടെ സമ്പാദ്യം കുത്തനെ ഉയര്‍ന്നു.അവളുടെ രക്തത്തിനായി ദാഹിക്കുന്നവര്‍ ഏറെ ഉണ്ടായി.ആകസ്മികമായി വന്ന റഷ്യന്‍ മാഫിയ അംഗങ്ങളെ പോലെ ഉള്ളവര്‍ അവളുടെ അപകട സാധ്യത കൂട്ടി/.മോളിയുടെ സംഭവ ബഹുലമായ കഥയെ കുറിച്ച് അറിയാന്‍ ബാക്കി ചിത്രം കാണുക.


Finalizando:ഇക്കഴിഞ്ഞ ഓസ്ക്കാര്‍ പുരസ്ക്കരങ്ങളില്‍ മികച്ച തിരക്കഥയ്ക്കുള്ള നാമനിര്‍ദേശം നേടിയ ചിത്രം അവതരന്‍ മികവില്‍ മുന്നില്‍ ആയിരുന്നു.കെവിന്‍ കോസ്ട്ട്നാര്‍ മോളിയുടെ പിതാവായി അഭിനയിച്ചു.ക്ലൈമാക്സ് രംഗങ്ങള്‍ മികവുറ്റത് ആക്കി.മോളി ബ്ലൂം ആയി അഭിനയിച്ച ജെസ്സിക്ക ചെയ്സ്ട്ടിന്‍ തന്റെ വേഷം മികവുറ്റതാക്കി.ഒരു ബയോഗ്രഫിക്കും അപ്പുറം സിനിമാറ്റിക് ആയ ഘടകങ്ങള്‍ ആ കഥയില്‍ ഉള്ളത് കൊണ്ട് തന്നെ എല്ലാവര്ക്കും പരിചിതമായ സിനിമ ഭാഷ്യം ആണ് സിനിമയില്‍ ഉടന്നീളം.ചിത്രം അവസാനിക്കുമ്പോള്‍ ആദ്യം ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം പ്രേക്ഷകന് ലഭിച്ചിരിക്കും.


859.Molly's game
English,2017
Crime,Drama,Biography

MHV Ratings: ✪✪✪½

Director: Aaron Sorkin
Writers: Aaron Sorkin (written for the screen by), Molly Bloom (based on the book by)
Stars: Jessica Chastain, Idris Elba, Kevin Costner

Tuesday, 6 March 2018

858.TSOTSI(ZULU,2005)




"Tsotsi-തിരിച്ചറിവിന്‍റെ കഥ"

 ' ട്സോട്ട്സി' ഒരു പ്രതീകം ആണ്.ആഫ്രിക്കയിലെ വേദനിപ്പിക്കുന്ന യാഥാര്‍ത്യങ്ങളില്‍ ഒന്നായ ദാരിദ്ര്യത്തിന്റെ.ഭൂരിഭാഗം ജനങ്ങളും ദാരിദ്ര്യത്തില്‍ കഴിയുന്ന ഭൂമിയില്‍ ട്സോട്ട്സി ഒരു specimen ആണ്.സാഹചര്യങ്ങള്‍ ഒരു മനുഷ്യനെ എത്ര മാത്രം ക്രൂരന്‍ ആക്കുമെന്നും ,അതെ സാഹചര്യം തന്നെ മനുഷ്യനില്‍ നന്മയെ എങ്ങനെ കണ്ടെത്തും എന്നും.വികാരങ്ങള്‍ തീരെ ഇല്ലാത്ത കഥാപാത്രം ആണ് ട്സോട്ട്സി.അവന്‍ ആരെയും ഉപദ്രവിക്കും,കൊല്ലും.അവന്റെ കൂടെ ഉള്ളവരുടെ പോലും കാര്യം മറ്റൊന്ന് ആയിരുന്നില്ല.അവന്‍ ഒരു മനുഷ്യന്‍ തന്നെ ആണോ എന്ന് പലരും സംശയിച്ചിരുന്നു.

  ജോഹ്നസ്ബെര്‍ഗിലെ സൊവേറ്റോയില്‍ ദാരിദ്ര്യം അനുഭവിക്കുന്ന ധാരാളം ജനങ്ങള്‍ ഉണ്ട്.അവരില്‍ പലരും ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരാണ്.സംഘര്‍ഷഭരിതം ആണ് അവരില്‍ പലപ്രുടെയും ജീവിതം.ദാരിദ്ര്യം അവരെ കൊണ്ട് ലോകത്തെ വേറൊരു രീതിയില്‍ ആണ് കാണാന്‍ പഠിപ്പിച്ചത്.എന്നാല്‍ 'ട്സോട്ട്സി' യ്ക്കും ഒരിക്കല്‍ മാറ്റം സംഭവിച്ചു.അതിനു കാരണം ആയ സംഭവം യഥാര്‍ത്ഥത്തില്‍ ക്രൂരതയുടെ മുഖം ആയിരുന്നു.ഒരു സ്ത്രീയെ ആക്രമിച്ചു അവരുടെ ജീവിതം തന്നെ തകര്‍ക്കുകയും അവരുടെ കുഞ്ഞിനെ തട്ടി എടുക്കുകയും ചെയ്തതു. അവന്‍ ചെയ്ത ക്രൂരതകളില്‍ മുന്‍പന്തിയില്‍ ആയിരുന്നു ആ സംഭവം.ഒരു പിഞ്ചു കുഞ്ഞിനെ,പ്രത്യേകിച്ച് ഒരു ആവശ്യവും ഇല്ലാതെ തട്ടിയെടുത്ത ട്സോട്ട്സിയുടെ മനോനില അപ്പോള്‍ എന്തായിരുന്നു എന്ന് പോലും നിശ്ചയമില്ല.


   എന്നാല്‍ ആ കുട്ടിയുടെ നിസ്സഹായത,അവന്റെ ജീവിതത്തില്‍ പുതിയ വഴികള്‍ തുറന്നൂ എന്നതാണ് സത്യം.പണത്തിനായി അംഗവൈകല്യം ഉള്ള വൃദ്ധനില്‍ നിന്ന് പോലും മോഷ്ടിക്കാന്‍ ശ്രമിക്കുന്ന,സ്വന്തം സുഹൃത്തിനെ മരണത്തിന്റെ വക്കത്തു എത്തിക്കാന്‍ പോലും മടിയില്ലാത്ത ഒരാളുടെ ജിവിതത്തിലെ നവ പ്രകാശം ആയിരുന്നു യഥാര്‍ത്ഥത്തില്‍ ആ കുട്ടി.അവന്‍ സംസരിക്കില്ലായിരുന്നുവെങ്കിലും അവന്റെ കരച്ചിലും ചിരിയും എല്ലാം ട്സോട്ട്സിയിലെ മനുഷ്യനെ കണ്ടെത്തുവാന്‍ അവനെ തന്നെ സഹായിച്ചു എന്ന്  കരുതാം.

  സിനിമ തുടങ്ങുമ്പോള്‍ ഉള്ള ആദ്യ സീന്‍ ഉണ്ട്.അതില്‍ യാതൊരു പ്രകോപനവും ഇല്ലാതെ അവന്‍ നടത്തുന്ന കൊലപാതകം പ്രേക്ഷകനില്‍ അത്തരം ഒരു കഥാപാത്രത്തിന്റെ ക്രൂരത മനസ്സില്‍ ഭീതിയുടെ  തണുപ്പ് സൃഷ്ടിക്കും.'അതോള്‍ ഫുഗാര്ഡ്' രചിച്ച 'ട്സോട്ട്സി' എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.ആഫ്രിക്കയിലെ ഇരുട്ടില്‍ ഒളിഞ്ഞിരിക്കുന്ന ക്രൂരതകളെ കുറിച്ച് തുടങ്ങിയ ചിത്രം എന്നാല്‍ പിന്നീട് ട്സോട്ട്സിയുടെ മാറ്റങ്ങളെ ആണ് അവതരിപ്പിക്കുന്നത്‌.ചിത്രം ആദ്യം കാണുമ്പോള്‍ ഉള്ള വെറുപ്പ്‌ അല്ല അവനോടു ഉണ്ടാകുന്നത്.അവസാനം ട്സോട്ട്സിയോടു തോന്നുന്ന അനുകമ്പ അവന്റെ ഭൂതക്കാലവും ആയി കൂട്ടി വായിക്കണം.ഒരു ചിത്രത്തിന്റെ സ്വഭാവം തന്നെ മാറി പോകും ആ രംഗങ്ങള്‍.മാതൃത്വം എന്ന വികാരത്തോട് അവനു ഉത്തരവാദിത്തം തോന്നിയ സംഭവം ആയിരുന്നു വിശന്നു കരയുന്ന ആ കുഞ്ഞിനു പാല് കൊടുക്കാന്‍ സമീപിക്കുന്ന സ്ത്രീ.

   2006 ലെ മികച്ച വിദേശ സിനിമയ്ക്കുള്ള പുരസ്ക്കാരം നേടിയത്  Zulu ഭാഷയില്‍ ഉള്ള ഈ ചിത്രത്തിനായിരുന്നു.'ട്സോട്ട്സി' മലയാളത്തിലും തമിഴിലും എല്ലാം പിന്നീട് ചില ചിത്രങ്ങള്‍ക്ക് പ്രമേയം ആയിട്ടുണ്ട്‌.'ട്സോട്ട്സി' ഒരു കൊലപാതകിയാണ്‌.എന്നാല്‍ അവനു ഒരിക്കലും ഒരു പിഞ്ചു കുഞ്ഞിനെ കൊല്ലാന്‍ കഴിയുമായിരുന്നില്ല.അവന്‍റെ കഥയുടെ മികച്ച ഒരു അവതരണം ആണ് 'ട്സോട്ട്സി'!!


858.Tsotsi(Zulu,2005)

Crime,Drama

MHV Rating:✪✪✪✪½

Director: Gavin Hood
Writers: Gavin Hood, Athol Fugard (novel)
Stars: Presley Chweneyagae, Mothusi Magano, Israel Makoe 

Monday, 5 March 2018

857.VOLVER(SPANISH,2006)


  "പരേതരുടെ തിരിച്ചു വരവ്'- Volver

സ്പെയ്നിലെ ആ കൊച്ചു ഗ്രാമത്തിലെ ആണുങ്ങള്‍ ചെറു പ്രായത്തില്‍ തന്നെ മരിക്കുകയും,അവരുടെ സ്ത്രീകള്‍ വളരെക്കാലം അവരുടെ ജീവിതം ജീവിച്ചു തീര്‍ക്കുകയും ചെയ്യുന്നു.ഒട്ടേറെ സമയം തങ്ങള്‍ക്കായി ബാക്കി ഉള്ള അവരില്‍ പലരും സ്വന്തം പേരില്‍ കല്ലറകള്‍ ഒരുക്കുകയും അതിനെ തങ്ങളുടെ രണ്ടാം വീട് എന്ന പോലെ പരിപാലിക്കുകയും ചെയ്യുന്നു.എപ്പോഴും കാറ്റ് വീശുന്ന ആ ഗ്രാമത്തില്‍ മരിച്ചവരുടെ തിരിച്ചു വരവുകള്‍ വിഷയം ആകാറുണ്ട്.ഐറിന്‍ അത്തരത്തില്‍ ഒരാളായിരുന്നു.14 വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായ ഒരു അപകടത്തില്‍ മറിച്ചു പോയെന്നു എല്ലാവരും വിശ്വസിക്കുന്ന അവരുടെ ആത്മാവ് പ്രായമായ തന്റെ സഹോദരിയുടെ വീട്ടില്‍ അവരെ പരിപാലിച്ചു കഴിയുന്നു എന്ന് എല്ലാവരും വിശ്വസിക്കുന്നു.എന്നാല്‍ ആരും ഐറിനെ ഒരിക്കലും കണ്ടിട്ട് പോലുമില്ല.

  അസ്വാഭാവികമായ ആമുഖത്തോടെ ആണ് 'Volver' എന്ന സ്പാനിഷ് ചിത്രം ആരംഭിക്കുന്നത്.പിന്നീട് ഐരിന്റെ മകള്‍ കൂടി ഉള്‍പ്പെടുന്ന ഒരു കൊലപാതകം,ഐരിന്റെ സഹോദരിയുടെ മരണം.ഇവ രണ്ടും ആണ് ഇതിലെ കഥാപാത്രങ്ങളെ വികസിപ്പിക്കാനായി ഉപയോഗിക്കുന്നത്.ഐറിന്റെ മകളായ റെയ്മുണ്ട(Penelope Cruz) തന്റെ മകള്‍,ഭര്‍ത്താവ് എന്നിവരോടൊപ്പം ജീവിക്കുന്നു.മറ്റൊരു മകളായ സോളെ ഭര്‍ത്താവുമായി വേര്‍പ്പിരിഞ്ഞു താമസിക്കുന്നു.സംഭവബഹുലമായിരുന്നു ഇവരുടെ രണ്ടു പേരുടെയും ജീവിതം.അവരുടെ ജീവിതത്തില്‍ പലതും സംഭവിച്ചു കൊണ്ടിരുന്നു.അങ്ങനെ ഒരു അവസരത്തില്‍ ഐരിന്റെ സഹോദരി മരിക്കുകയും ഐരിന്റെ ആത്മാവ് സോളെയുടെ മുന്നില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു.ശരിക്കും ഐറിന്‍ ഒരു പ്രേതാത്മാവ് ആയിരുന്നോ?എന്താണ് അവരുടെ പിന്നില്‍ ഉള്ള രഹസ്യം?ഇതാണ് Volver എന്ന ചിത്രം അവതരിപ്പിക്കുന്നത്‌.

  തികച്ചും ഒരു സ്ത്രീപക്ഷ സിനിമ ആയാണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.പ്രത്യേകിച്ചും ആണുങ്ങള്‍ സ്ത്രീകളോട് ചെയ്യുന്ന ക്രൂരതകള്‍ പലപ്പോഴും പരാമര്‍ശിക്കുന്നും ഉണ്ട് സംഭവങ്ങളിലൂടെ.'പെട്രോ അല്മോടവര്‍' തന്റെ ചിത്രതിലുടന്നീളം ഇത്തരം സംഭവങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്‌.പ്രധാന സ്ത്രീ കഥാപാത്രങ്ങള്‍ മിക്കവാറും ഒരു വിധത്തില്‍ പുരുഷന്മാരുടെ ക്രൂരതകള്‍ക്ക് ഇരയായവര്‍ ആയാണ് അവതരിപ്പിച്ചിരിക്കുന്നത്.എന്നാല്‍ ഇത്തരമൊരു വിഷയം കൈകാര്യം ചെയ്യുമ്പോഴും സിനിമയുടെ കഥയില്‍ ദുരൂഹമായ പല കണ്ണികള്‍ കൂടി ചേര്‍ത്ത് എല്ലാതരം പ്രേക്ഷകര്‍ക്കും ആസ്വാദ്യകരം ആക്കിയിട്ടുണ്ട്.

Finalizando: ചിത്രത്തിന്റെ പ്രമേയം സാധാരണമായി തോന്നുമെങ്കിലും അവസാനത്തോട് അടുക്കുമ്പോള്‍ ധാരാളം Mystery Elements പ്രേക്ഷകന്‍ പോലും പ്രതീക്ഷിക്കാതെ അനാവരണം ചെയ്യുന്നത് കാണാം.തുടക്കത്തില്‍ വെറുതെ പറഞ്ഞു പോയ സംഭവങ്ങളില്‍ പോലും ഉള്ള ദുരൂഹതകള്‍ അവിടെ മാറി മറിയുന്നു.പെനെലോപ്പേ ക്രൂസിന് ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഓസ്ക്കാര്‍ നാമനിര്‍ദേശം ലഭിച്ചിരുന്നു.ഒരു typical ലാറ്റിന്‍ യുവതി ആയി അവര്‍ തന്റെ ഭാഗം ഭംഗിയായി അവതരിപ്പിക്കുകയും ചെയ്തിരുന്നു.


  857.Volver(Spanish,2006)
Mystery,Crime,Comedy

MHV Rating:✪✪✪✪

Director: Pedro Almodóvar
Writer: Pedro Almodóvar (screenplay)
Stars: Penélope Cruz, Carmen Maura, Lola Dueñas

Sunday, 4 March 2018

856.THE BREADWINNER(ENGLISH,2017)


  സ്ത്രീകള്‍ക്ക് ഒരു ശരാശരി മനുഷ്യ ജീവന്റെ വില പോലും കൊടുക്കാത്ത സമൂഹത്തില്‍ പര്‍വാന എന്ന പെണ്‍ക്കുട്ടി തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സാഹസികതയ്ക്കു മുതിരുന്ന കഥയാണ് 'The Breadwinner" എന്ന അനിമേഷന്‍ ചിത്രം അവതരിപ്പിക്കുന്നത്‌.അഫ്ഘാനിസ്ഥാനിലെ താലിബാന്‍ ഭരണം നേടിയ കുപ്രസിദ്ധി പ്രസിദ്ധമാണ്.അവരുടെ ശരിയത്ത് നിയമങ്ങളിലെ ഏറ്റവും പ്രാകൃതം ആയിരുന്ന ഒന്നായിരുന്നു സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനു നേരിട്ട കൂച്ചുവിലങ്ങ്.മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കുന്ന എന്തെങ്കിലും സ്ത്രീകളുടെ ഭാഗത്ത്‌ നിന്നും ഉണ്ടായാല്‍ അവര്‍ കഠിന ശിക്ഷയ്ക്ക് വിധേയര്‍ ആകണം എന്നായിരുന്നു അവരുടെ മതം.

   യുദ്ധം നാളുകള്‍ കൂടും തോറും നശിപ്പിക്കുന്ന ജനങ്ങളുടെ ജീവിതം.വിദ്യാഭ്യാസം,ഫോട്ടോഗ്രാഫി,വസ്ത്രധാരണം  തുടങ്ങി എല്ലാത്തിലും നിരോധനം നേരിടുന്ന സമയം മുതല്‍ താലിബാന്‍ ഭരണത്തിന്റെ അവസാന നാളുകളിലെക്കും ആണ് ചിത്രം പ്രേക്ഷകനെ കൊണ്ട് പോകുന്നത്.ഒരു അധ്യാപകന്‍ ആയിരുന്ന നൂറുല്ല ഇന്ന് ചെറിയ രീതിയില്‍ വഴിയോരത്ത് മകളും ആയി സാധനങ്ങള്‍ വിറ്റാണ് ജീവിക്കുന്നത്.ഭാര്യയും,മുതിര്‍ന്ന മറ്റൊരു മകളും ചെറിയ പ്രായത്തില്‍ ഉള്ള മകനും അടങ്ങുന്നതാണ് അവരുടെ ജീവിതം.മൂത്ത മകന്‍ ഉണ്ടായിരുന്നത് അവര്‍ക്ക് നേരത്തെ തന്നെ നഷ്ടമായിരുന്നു.ഈ അവസ്ഥയില്‍ ആണ് ഒരു ദിവസം അകാരണമായി നൂറുല്ലയെ താലിബാന്‍ പട്ടാളം പിടിച്ചു കൊണ്ട് പോകുന്നത്.

  തന്റെ പ്രായത്തിന്റെ ആനുകൂല്യം കാരണം വീട്ടില്‍ നിന്നും പുറത്തു ഇറങ്ങാന്‍ കഴിയുമായിരുന്ന പര്‍വാന കുടുംബത്തെ സംരക്ഷിക്കാനായി പുതിയൊരു വേഷം കെട്ടുന്നു.അതിനോടൊപ്പം  അവള്‍ക്കു സ്വന്തം പിതാവിനെയും കണ്ടെത്തണം.സാധരണ ഒരു രാജ്യത്ത് ഏറെ കുറെ സാധ്യമാകുന്ന കാര്യങ്ങള്‍.എന്നാല്‍ താലിബാന്‍ ഭരണത്തിന് കീഴില്‍ സ്ഥിതി മോശമായിരുന്നു.പര്‍വാനയ്ക്ക് അവളുടെ ലക്ഷ്യത്തില്‍ എത്തി ചേരാന്‍ സാധിക്കുമോ?ചിത്രത്തിന്റെ ബാക്കി കഥ ഇതാണു അവതരിപ്പിക്കുന്നത്‌.


  മതത്തെ സ്വന്തം ആവശ്യങ്ങള്‍ക്കായി കൂട്ടു പിടിച്ചവരും അതിന്റെ അതിര്‍വരമ്പുകള്‍ ഭേദിക്കാന്‍ ആകാത്ത ഒരു ജനതയുടെ കഥയ്ക്കൊപ്പം, ചിത്രത്തിന്റെ തുടക്കത്തില്‍ ഒരിക്കല്‍  അഫ്ഘാന്‍ ജനത എന്തായിരുന്നു എന്നുള്ള ഭൂതക്കാലത്തേക്ക് ഉള്ള യാത്ര ചെറിയ വിവരണങ്ങളില്‍ അവതരിപ്പിക്കുന്നുണ്ട്.പര്‍വാനയ്ക്ക് നേരിടാന്‍ ഉള്ളത് സ്വന്തം ഭയത്തെ ആയിരുന്നു.അവള്‍ തന്റെ അനുജനും കൂട്ടുകാര്‍ക്കും ആയി പറഞ്ഞു കൊടുക്കുന്ന ആണ്ക്കുട്ടിയുടെ കഥയില്‍ അവള്‍  അവള്‍ സ്വന്തം ജീവിതത്തെ തന്നെ കാണുന്നു.അപകടകരമായി ജീവിതത്തിലെ ഓരോ സംഭവങ്ങളും ആരെയൊക്കെയോ ഭയന്ന് ജീവിക്കേണ്ടി വരുന്ന ജനതയ്ക്ക് ഇത്തരം കഥകളിലൂടെ തങ്ങളെ തന്നെ സ്വയം പരിശോധനയ്ക്കും,ഒപ്പം ജീവിതത്തില്‍  പ്രകാശം സ്വയം ചൊരിയാനും സഹായിക്കും.


  Finalizando:ഒരു അനിമേഷന്‍ ചിത്രം എന്ന നിലയില്‍ നിന്ന് കൊണ്ട് തന്നെ വ്യക്തമായ രാഷ്ട്രീയം ചിത്രം മുന്നോട്ടു വയ്ക്കുന്നുണ്ട്‌.സാധാരണയായി പേര്‍ഷ്യന്‍ സിനിമകളില്‍ കണ്ടു വരുന്ന പ്രമേയം ആയിരുന്നെങ്കിലും തുടക്കം മുതല്‍ അവതരിപ്പിക്കുന്ന പ്രശ്നങ്ങളിലേക്കുള്ള യാത്രയില്‍ പ്രേക്ഷകനെയും ഒപ്പം കൂട്ടാന്‍ ചിത്രത്തിന് കഴിഞ്ഞു.മികച്ച അനിമേഷന്‍ ചിത്രത്തിനുള്ള ഓസ്ക്കാര്‍ നാമനിര്‍ദേശം ചിത്രത്തിന് ലഭിച്ചതും ഇത്തരം കാരണങ്ങള്‍ കൊണ്ട് തന്നെയാകും.ഒരു അനിമേഷന്‍ ചിത്രമായി ഒഴിവാക്കാതെ,നല്ല ഒരു യഥാര്‍ത്ഥ ചിത്രത്തിലെ ജീവനുള്ള കഥാപാത്രങ്ങള്‍  തന്നെ ആയി കാണാന്‍ കഴിയും.

The Breadwinner
English,2017

MHV Rating:✪✪✪✪½

Director: Nora Twomey
Writers: Anita Doron , Deborah Ellis
Stars: Saara Chaudry, Soma Chhaya, Noorin Gulamgaus |

Friday, 2 March 2018

855.FUNNY GAMES(GERMAN,1997)

 
അപരിചതരുടെ മരണ കളി-Funny Games

   വീട്ടില്‍ അപ്രതീക്ഷിതമായി എത്തി ചേര്‍ന്ന അതിഥികള്‍ക്ക് വേണ്ടി ഏതാനും മുട്ടകള്‍ വാങ്ങിക്കുവാന്‍ ആണ് അവന്‍ അവിടെ എത്തിയത്.എന്നാല്‍ ഓരോ നിമിഷവും അവന്‍ അന്നയെ മാനസികമായി കീഴ്പ്പെടുത്താന്‍ ശ്രമിച്ചു തുടങ്ങിയിരുന്നു.അല്‍പ്പ നേരത്തിനു ശേഷം അവന്‍റെ തന്ത്രശാലിയായ സുഹൃത്തും കൂടി വന്നപ്പോള്‍ ആണ് അന്നയും കുടുംബവും തങ്ങള്‍ അകപ്പെട്ട യഥാര്‍ത്ഥ പ്രശ്നം മനസ്സിലാക്കുന്നത്.പരിചയമില്ലാത്ത ഒരാള്‍ക്ക്‌ നിങ്ങളുടെ ജീവിതത്തില്‍ എന്ത് മാത്രം അപകടകരമായ കാര്യങ്ങള്‍ ചെയ്യാം?ഒരു പക്ഷെ സ്വന്തം ജീവന് പോലും ആപത്താകുന്ന രീതിയില്‍,ഒരു ശസ്ത്രക്രിയ നടത്തുന്ന അതെ ശ്രദ്ധയോടെ മനസ്സിനെ കീഴ്പ്പെടുത്താന്‍ അവര്‍ക്ക് കഴിഞ്ഞാല്‍?

   അവധിക്കാലം ചിലവഴിക്കാന്‍ മകനോടൊപ്പം തങ്ങളുടെ അവധിക്കാല വസതിയില്‍ എത്തിയ ജിയോര്ജ്-അന്ന ദമ്പതികള്‍ അന്നത്തെ ദിവസം അസധരനമായോന്നും പ്രതീക്ഷിച്ചിരുന്നില്ല.പിന്നീട് എത്തി ചേരുന്ന സുഹൃത്തുക്കളോടൊപ്പം,അവരുടെ കുടുംബത്തോടൊപ്പം അല്‍പ്പം നേരം ചിലവഴിക്കാം എന്നതായിരുന്നു.എന്നാല്‍ ആ രണ്ടു യുവാക്കള്‍,വെളുത്ത വസ്ത്രം അണിഞ്ഞു വന്ന അവര്‍ മാനസികമായ ആധിപത്യം അവരുടെ മേല്‍ നേടിയതിനു ശേഷം ചെയ്തതെല്ലാം പ്രതീക്ഷകള്‍ക്കും അപ്പുറമായിരുന്നു.


  സമാനമായ രീതിയില്‍ ധാരാളം ചിത്രങ്ങള്‍ വന്നിട്ടുണ്ടെങ്കിലും മൈക്കല്‍ ഹനെക്കെയുടെ ഈ ജര്‍മന്‍ ചിത്രം അവതരണ രീതിയില്‍ പുലര്‍ത്തിയിരിക്കുന്ന അതീവ ശ്രദ്ധ കാരണം തന്നെ പ്രേക്ഷകനെ മറ്റൊന്നിലേക്കും അടുപ്പിക്കാതെ പ്രമേയത്തിന്റെ ഭീകരമായ തീവ്രത മാത്രമാണ് സ്ക്രീനില്‍ അവതരിപ്പിച്ചിരിക്കുന്നത്.ഇത്തരം ചിത്രങ്ങളില്‍ ഉള്ള nudity,അമിതമായി അവതരിപ്പിക്കുന്ന  slasher രംഗങ്ങള്‍  പോലുള്ള ചേരുവകകള്‍ സ്ക്രീനില്‍ അവതരിപ്പിക്കുക വഴി ഉണ്ടാകുന്ന impactല്‍ നിന്നും വ്യത്യസ്തമാണ്.ഉദാഹരണത്തിന് അന്നയോട്‌ അവര്‍ ഡ്രസ് മാറാന്‍ പറയുന്ന രംഗം.തീര്‍ച്ചയായും ഇത്തരം ഒരു സീനില്‍ നായികയുടെ ശരീരത്തിലേക്ക് തിരിയും ക്യാമറ.എന്നാല്‍ ആ രംഗത്തിന് സിനിമയുടെ ഇതൊരു രംഗതിനോടോപ്പവും ഉള്ള പ്രാധാന്യം മാത്രം നല്‍കി ആണ് അവതരിപ്പിച്ചിരിക്കുന്നത്.മറ്റൊന്നാണ് അവര്‍ നടത്തുന്ന അപകടകരമായ പ്രവൃത്തികള്‍.ഭിത്തിയില്‍ ചിതറിയ രക്തം,പശ്ചാത്തലത്തില്‍ ഉള്ള സംഭാഷങ്ങളിലൂടെയും ശബ്ദങ്ങളിലൂടെയും ആണ് പ്രേക്ഷകനുമായി സംവേദിക്കുന്നതു അഥവാ അവതരിപ്പിക്കപ്പെടുന്നത്.

   അര്‍ത്ഥവത്തായ ഒരു മന്ദഹാസം മതി ചിത്രത്തിന്റെ അവസാനം പ്രേക്ഷകനില്‍ ഭീതിയുടെ ആഴം കൂട്ടാന്‍.ചിത്രം കാണുമ്പോള്‍ ശ്രദ്ധിക്കുക,എത്ര ഭീകരം ആണ് ഇത്തരം ചിരികള്‍ എന്നത്.പ്രത്യക്ഷത്തില്‍ കാണുന്നത് ഒന്നുമല്ല യാതാര്‍ത്ഥ്യം.ഇടയ്ക്ക് ചിത്രത്തിന്റെ ഗതി വേറൊരു രീതിയില്‍ മാറ്റിയതിനു ശേഷം അത് മറ്റൊരു രീതിയില്‍ അവതരിപ്പിക്കുക ,പലപ്പോഴായി അവതരിപ്പിക്കപ്പെട്ട Fourth Wall Breaking സീനുകള്‍ എല്ലാം പ്രേക്ഷകനില്‍ എത്ര മാത്രം സ്വാധീനം ചെലുത്തുന്നു എന്നത് അനുസരിച്ചിരിക്കും ചിത്രത്തോടുള്ള പ്രിയം കൂടുന്നത്.അതില്‍ 'ഹെനെക്കിയന്‍ മാജിക്' തീര്‍ച്ചയായും വിജയിച്ചിരിക്കുന്നു എന്ന് കാണാം.


Finalizando:കഥയുടെ synopsis പരിചിതം ആണെങ്കിലും സമാന പ്രമേയമുള്ള ചിത്രങ്ങള്‍ക്ക് നല്‍കാന്‍ കഴിയാത്തത്ര രീതിയില്‍ അവതരിപ്പിച്ച ഒരു സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രം ആണ് 'Funny Games'.ചിത്രം പിന്നീട് പത്തു വര്‍ഷങ്ങള്‍ക്കു ശേഷം ഇംഗ്ലീഷ് സംസാരിച്ചിരുന്നു.ഒരു തരിക്ക് എങ്കിലും മികവു ജര്‍മന്‍ ചിത്രത്തിന് കാണിചിരുന്നതായി തോന്നി.'Cache'യിലെ പോലെ ഉള്ള ഭീകരത കൊണ്ട് വരുന്നതിനോടൊപ്പം സിനിമയുടെ അവസാനം വരെ മികവുറ്റ രീതിയില്‍ അവതരിപ്പിച്ച നിഗൂഡത,ക്രൂരത എന്നിവയൊക്കെ ആ കുടുംബത്തെ പോലെ തന്നെ പ്രേക്ഷകനെയും ഭയപ്പെടുത്തും.


855.Funny Games
German,1997
Thriller,Crime

MHV Rating:✪✪✪✪½



Director: Michael Haneke
Writer: Michael Haneke
Stars: Susanne Lothar, Ulrich Mühe, Arno Frisch

More movie suggestions @www.movieholicviews.blogspot.ca