Pages

Saturday, 30 May 2015

374.BLIND CHANCE(POLISH,1987)

374.BLIND CHANCE(POLISH,1987),|Drama|Fantasy|,Dir:-Krzysztof Kieslowski,*ing:-Boguslaw Linda, Tadeusz Lomnicki, Zbigniew Zapasiewicz .

    ട്രെയിന്‍ യാത്ര പോലെ നിസാരമായ സംഭവം ഒരു സംഭവം ഒരാളുടെ ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്തുന്നു എന്ന് മൂന്നു വ്യത്യസ്ത സാഹചര്യങ്ങളില്‍ കൂടി അവതരിപ്പിച്ചിരിക്കുകയാണ് "ബ്ലൈന്‍ഡ് ചാന്‍സ്" എന്ന പോളീഷ് ചിത്രത്തിലൂടെ.കമ്മ്യൂണിസ്റ്റ് ഭരണത്തിന് കീഴില്‍ ഉള്ള പോളണ്ടില്‍ ജനങ്ങളുടെ കാര്യങ്ങള്‍ സര്‍ക്കാര്‍ നിരീക്ഷിക്കുന്ന കാലഘട്ടം ആണ് സിനിമയില്‍ ഉള്ളത്.തികച്ചും പ്രക്ഷുബ്ധമായ സാഹചര്യം നിലനിന്നിരുന്ന പോളണ്ടില്‍ വാര്‍സോയിലേക്കുള്ള ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്ന വിറ്റക്കിന്റെ ജീവിതം ആണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.

   പിതാവിന്റെ മരണ വാര്‍ത്ത അറിഞ്ഞു വാര്‍സോയിലേക്കുള്ള  ട്രെയിനില്‍ കയറാന്‍ പോകുന്ന വിറ്റക് ട്രെയിന്‍ സ്റ്റേഷനില്‍ നിന്നും യാത്ര തുടങ്ങി  എന്നറിഞ്ഞ് അതില്‍ എത്തിപ്പെടാന്‍ ആയി ഓടുന്നു.വഴിയില്‍ ഒരു സ്ത്രീയുമായി കൂട്ടിയിടിക്കുന്ന വിറ്റക് നിലത്തു കിടന്നു ലഭിച്ച കാശിനു ബിയര്‍ വാങ്ങുന്ന ഒരാളെയും കണ്ടു മുട്ടുന്നു,അയാളുമായുള്ള കണ്ടുമുട്ടല്‍ എങ്ങനെ ആണെന്നതിനെ ആശ്രയിച്ചാണ് വിറ്റക്കിന്റെ പിന്നീടുള്ള ജീവിത.അതിനെ ഓരോ സാഹചര്യം ആക്കി നോക്കാം,.

1)വിറ്റക് അയാളും ആയുള്ള കൂട്ടിയിടിയില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെടുന്നു.വിറ്റക്കിനു  ട്രെയിന്‍ ലഭിക്കുന്നു.ട്രെയിനിലെ സഹയാത്രികന്‍ ആയ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനെ പരിചയപ്പെടുന്നു,വിറ്റക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരുന്നു.പിന്നീടുള്ള അയാളുടെ ജീവിതം ആണ് ആദ്യം അവതരിപ്പിച്ചിരിക്കുന്നത്.

2)വിറ്റക് ബിയര്‍ കുടിക്കാന്‍ നില്‍ക്കുന്ന ആളുമായി കൂട്ടിയിടിക്കുന്നു.വിറ്റക് അയാളോട് ക്ഷമ ചോദിക്കാന്‍ ഒന്നും നില്‍ക്കാതെ ഓടുന്നു.ഗ്ലാസ് പൊട്ടുന്നു.ഇത്തവണ എന്നാല്‍ വിറ്റക്കിനു ട്രെയിന്‍ കിട്ടുന്നില്ല.പോരാത്തതിന് അവിടെ സ്റ്റേഷന്‍ ഗാര്‍ഡും ആയി കൂട്ടിയിടിക്കുന്നു.പോലീസ് വിറ്റക്കിനെ അറസ്റ്റ് ചെയ്യുന്നു.കുറ്റക്കാരന്‍ ആണെന്ന് തെളിഞ്ഞ വിറ്റക്കിനെ ശിക്ഷിക്കുന്നു.ആ സമയത്താണ് ഡാനിയല്‍ എന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന യുവാവിനെ  പരിചയപ്പെടുന്നത്.വിറ്റക് അവരോടൊപ്പം  ചേരുന്നു.

3)വിറ്റക് ഇത്തവണയും അയാളുമായി കൂട്ടിയിടിക്കുന്നു.എന്നാല്‍ ഇത്തവണ അയാളോട്  ക്ഷമ പറയുന്നുണ്ട്.എന്നാലും ഇത്തവണയും ട്രെയിന്‍  കിട്ടുന്നില്ല വിറ്റക്കിനു.എന്നാല്‍ അവിടെ വച്ച് വിറ്റക്കിന്റെ ആദ്യ പ്രണയിനിയെ കാണുന്നു.അവര്‍ ഒരുമിക്കുന്നു.

  ഈ മൂന്നു സാധ്യതകളിലും ഓരോ ക്ലൈമാക്സ് ഉണ്ട്.വിറ്റക്ക് ജീവിച്ച ആ സമൂഹത്തില്‍ ആളുകള്‍ക്ക് തിരഞ്ഞെടുക്കാവുന്ന മൂന്നു സാധ്യതകള്‍.അതാണ്‌ ഈ ചിത്രത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.രാഷ്ട്രീയ പരമായി ജനങ്ങളുടെ  ചോയിസിനെ അവരുടെ ജീവിതത്തില്‍ നടക്കുന്ന   കൊച്ചു  സംഭവങ്ങള്‍ പോലും  എങ്ങനെ ഒക്കെ സ്വാധീനിക്കുന്നു എന്നും വിറ്റക്കിന്റെ ജീവിതത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നു.

More movie suggestions @www.movieholicviews.blogspot.com


Friday, 29 May 2015

373.PREMAM(MALAYALAM,2015)

373.PREMAM(MALAYALAM,2015),Dir:-Alphonse Puthren,*ing:-Nivin Pauly,Anupama,Sai Pallavi,Madonna.

  അല്‍ഫോന്‍സ്‌ പുത്രന്‍-മലയാള സിനിമയില്‍ വ്യത്യസ്തമായ ശൈലിയില്‍ ചിത്രത്തിന്‍റെ പ്രോമോ വര്‍ക്ക് ചെയ്തത് ഫലിച്ചു എന്ന് വേണം ഈ ചിത്രം കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും തോന്നുക.പ്രണയം എന്ന പേരിനോട് നീതി പുലര്‍ത്തുന്ന,എന്നാല്‍ പ്രണയത്തിലെ നിരാശ വരെ രസകരമായി അവതരിപ്പിച്ച് യുവാക്കള്‍ക്ക് വേണ്ടി മാസ് സീനുകളും നിറച്ച ഒരു കമ്പ്ലീറ്റ് പാക്കേജ് ആണ്.ചിത്രത്തിനുള്ള ഇന്നത്തെ തിരക്ക് ഒന്ന് മതി "വ്യത്യസ്തത ഇല്ലാത്ത ലോകത്തെ രണ്ടാമത്തെ ചിത്രത്തെ" വലിയ ഒരു ഹിറ്റ് ആക്കാന്‍.നിവിന്‍ പോളിയുടെ സ്ഥിരം വേഷം.എന്നാല്‍ അജു വര്‍ഗീസ്‌ കൂടെ ഇല്ല എന്നുള്ളത് മാറ്റി നിര്‍ത്തിയാല്‍ തടം ആകാന്‍ വേണ്ടി "നേരം" ടീം മൊത്തം ഉണ്ട് താനും.

  ജോര്‍ജ്ജ് എന്ന 1984 ല്‍ ഭൂജാതന്‍ ആയ കുട്ടി വളര്‍ച്ചയുടെ മൂന്നു പ്രധാന സ്റ്റേജുകളില്‍ കൂടി ആണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.പ്രണയം എന്നുള്ളത് ജീവിതത്തില്‍ എത്ര മാത്രം പ്രധാനം ആണ് എന്നത് അവതരിപ്പിക്കുന്നതിനോടൊപ്പം സൗഹൃദം കൂടി അവതരിപ്പിക്കപ്പെടുന്നു ചിത്രത്തില്‍.ഒരു ശരാശരി മലയാളിയുടെ ജീവിത പ്രതിനിധികള്‍ ആണ്  ഇതിലെ കഥാപാത്രങ്ങള്‍ പലരും.മനസ്സിലെ കൃത്രിമ ഗൌരവം മാറ്റി വച്ച് അല്‍പ്പം കുറഞ്ഞ പ്രായം ഉള്ള മനസ്സോടെ കാണേണ്ട ചിത്രം ആണ് പ്രേമം.അവിടിവിടയായി വരുന്ന ചെറിയ സന്ദര്‍ഭങ്ങള്‍ ചിരിയുടെ മാലപ്പടക്കം ആണ് പ്രേക്ഷകന് തുറന്നു കൊടുക്കുന്നത്.ടീനേജില്‍ ഒരു പെണ്ണിന്‍റെ പ്രണയം ആഗ്രഹിച്ച് അവളുടെ പുറകെ നടക്കുകയും.പിന്നീട് കോളേജ് ജീവിതത്തില്‍ വരുന്ന മാസ് സീനുകളില്‍ പലപ്പോഴും പഴയ ലാലേട്ടനെ മമ്മൂട്ടി ഫാന്‍ ആയ നിവിന്‍ ഓര്‍മിപ്പിച്ചു.തമിഴിലെ "ഓട്ടോഗ്രാഫ് " എന്ന ചിത്രത്തിന്‍റെ മാസ്/കോമഡി വേര്‍ഷന്‍ എന്നൊക്കെ ഒറ്റ വാക്കില്‍ ഈ ചിത്രത്തെക്കുറിച്ച് പറയാം.രണ്‍ജി പണിക്കരുടെ ഒരു മിനുറ്റ്   ഉള്ള വേഷം പോലും  തിയറ്ററില്‍ ചിരിയുടെ അലകള്‍ ഉയര്‍ത്തി.ലാലു അലക്സിന്‍റെ പഴയ അച്ഛന്‍ വേഷങ്ങളുടെ ഹൈ വോള്‍ട്ട് വേര്‍ഷന്‍ ആയിരുന്നു ആ കഥാപാത്രം.

  പ്രണയം ആണ് സിനിമയുടെ മുഖ്യ പ്രമേയം എങ്കിലും നേരത്തെ പറഞ്ഞ സൗഹൃദത്തിന്റെ ഊഷ്മളത അതെത്ര മാത്രം ഫ്ലെക്സിബള്‍ ആണെന്ന് അവതരിപ്പിക്കുന്നുണ്ട്.തിയറ്ററില്‍ ഒരേ ദിവസം ഒരു നടന്റെ രണ്ടു ജോനറില്‍ ഉള്ള ചിത്രങ്ങള്‍ ഇറങ്ങുക.അതിനു നല്ല അഭിപ്രായം ലഭിക്കുക.ഒരു നായക നടന് ഇതില്‍ കൂടുതല്‍ എന്ത് വേണം?നിവിന്‍ പോളി സ്വന്തമായ രീതിയില്‍ മലയാള സിനിമയില്‍ മിനിമം ഗ്യാരണ്ടിയുള്ള നടന്‍ ആയി മാറുകയാണ്.പക്ഷേ ഒരേ അച്ചില്‍ ഉള്ള കഥാപാത്രങ്ങള്‍ ആളുടെ മികവിനെ എങ്ങനെ ബാധിക്കും എന്ന് ഭാവി ചിത്രങ്ങള്‍ ഉത്തരം നല്‍കും.തിയറ്ററില്‍ ഉള്ള തിരക്ക് വരും ദിവസങ്ങളില്‍ കൂടാന്‍ തന്നെ ആണ് സാധ്യത കൂടുതല്‍.

എന്റെ മനസ്സില്‍ തോന്നിയ ഒരു റേറ്റിംഗ് 3.5/5

372.IVIDE(MALAYALAM,2015)

372.IVIDE(MALAYALAM,2015),Dir:-Shyamaprasad,*ing:-Prithviraj,Nivin ,Bhavana.

   മലയാളത്തിലെ രണ്ടു പ്രമൂഖ നായകന്മാര്‍ ഈ തലമുറയിലെ സംവിധായകരില്‍ തന്‍റേതായ ശൈലിയില്‍ ചിത്രം ഒരുക്കുന്ന ശ്യാമപ്രസാദിന്റെ ഒപ്പം ഒരു ക്രൈം ത്രില്ലര്‍ അവതരിപ്പിച്ചപ്പോള്‍  കൈ വന്നത് അന്താരാഷ്‌ട്ര നിലവാരത്തില്‍ ഉള്ള ഒരു മലയാള ചിത്രം ആണ്.അറ്റ്ലാന്‍റ നഗരത്തില്‍ നിന്നും മലയാളി പ്രേക്ഷകരുടെ മുന്നില്‍ അവതരിപ്പിച്ച ഈ ചിത്രത്തെ കുറിച്ച് പറയുകയാണെങ്കില്‍ ശ്യാമപ്രസാദ് എന്ന സംവിധായകന്‍ ചെയ്യുന്ന ചിത്രത്തിന്‍റെ ഗുണമേന്മ ആണ് മുഴച്ചു നില്‍ക്കുക.ഒരു സിനിമയുടെ ആത്യന്തിക ലക്‌ഷ്യം പ്രേക്ഷകനെ തൃപ്തിപ്പെടുത്തുക എന്നതാണെങ്കില്‍ ആ തൃപ്തി ഏതു രീതിയില്‍ ആണെന്ന് പ്രേക്ഷകന് തീരുമാനിക്കാം.അത്തരം ഒരു കാഴ്ചപ്പാട് ഈ ചിത്രത്തിന്‍റെ ആസ്വാദനത്തെ തീര്‍ച്ചയായും ബാധിക്കും.

   വിദേശ ഭാഷകളില്‍ ഉള്ള ക്രൈം ത്രില്ലറുകള്‍ ,പ്രത്യേകിച്ചും സീരിയസ് ആയ കഥാഖ്യാന ശൈലി പിന്തുടര്‍ന്നുവ എങ്ങനെ ആണോ അവതരിപ്പിക്കപ്പെടുന്നത് ആ രീതിയില്‍ ആണ് ഈ ചിത്രവും സഞ്ചരിക്കുന്നത്.ഇനി അല്‍പ്പം കഥയിലേക്ക്.അനാഥനായ മലയാളി ബാലനെ ദത്തെടുക്കുന്ന അമേരിക്കന്‍ ദമ്പതികള്‍ അവനു പുതിയ പേരും മേല്‍വിലാസവും നല്‍കി.വരുണ്‍ ബ്ലേക്ക് എന്ന ആ കുട്ടി വളര്‍ന്നപ്പോള്‍  അറ്റ്ലാന്‍റ പോലീസില്‍ ഡിറ്റക്റ്റീവ് ആണ്.പരുക്കനും ദേഷ്യക്കാരനും ആയ വരുണ്‍ അയാളുടെ ആ സ്വഭാവം കാരണം ഭാര്യയില്‍ നിന്നും അകന്നു താമസിക്കുന്നു.സ്വന്തം മകളെ ഇടയ്ക്ക് ഒപ്പം കൊണ്ട് പോകുന്ന വരുണ്‍ അമേരിക്കന്‍ ജീവിതത്തിന്റെ പ്രതിനിധി ആണ്,അയാളുടെ തൊലിയുടെ നിറം ഒഴിച്ച് നിര്‍ത്തിയാല്‍.കോര്‍പ്പരെറ്റ് ലോകത്തിന്ല്‍ ഉള്ള ഇന്ത്യന്‍ പ്രതിനിധി ആണ് കൃഷ്‌ ഹെബ്ബര്‍.സിലിക്കന്‍ വാലിയുടെ വളര്‍ച്ചയില്‍ കഴിയാവുന്നത്ര സമ്പാദിക്കാന്‍ ശ്രമിക്കുന്ന എഞ്ചിനീയര്‍.അറ്റ്ലാന്റ നഗരത്തില്‍ തുടര്‍ച്ചയായി നടക്കുന്ന കൊലപാതകങ്ങളില്‍ ഉള്ള ഒരു സാദൃശ്യം വരുണ്‍ ബ്ലേക്ക് കണ്ടു പിടിക്കുന്നു.വരുണ്‍ ബ്ലേക്കിന്റെ തിയറി ഒപ്പം ഉള്ളവര്‍ തള്ളി കളയുമ്പോള്‍ കൃഷും വരുണും നേര്‍ക്ക്‌ നേര്‍ വരേണ്ട അവസ്ഥ ഉണ്ടാകുന്നു.പ്രത്യേകിച്ചും മനുഷ്യ ജീവിതം പലപ്പോഴും വേട്ടയാടപ്പെടുന്ന ഒന്നാണ് എന്ന അവസ്ഥ ഉണ്ടാകുമ്പോള്‍.ചിത്രത്തിന്‍റെ പേര് അവതരിപ്പിച്ചിരിക്കുന്ന MAZE പോലെ ആണ് ചിത്രത്തിന്‍റെ കഥയും.എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകാതെ വായുവില്‍ നിന്നും പെട്ടന്ന് പ്രത്യക്ഷം ആകുന്ന അന്താരാഷ്‌ട്ര തലത്തില്‍ പ്രസക്തി ഉള്ള പ്രശ്നം.

   ഇനി ചിത്രത്തെ കുറിച്ച് ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ എനിക്ക് തോന്നിയത്.മികച്ച ചിത്രം.ശ്യാമപ്രസാദ് എന്ന സംവിധായകന്റെ കയ്യൊപ്പ് പതിഞ്ഞ ഈ ചിത്രത്തില്‍  പ്രിത്വിരാജ് മനോഹരം ആക്കുന്ന പോലീസ് വേഷങ്ങളില്‍ വരുണും ഇനി സ്ഥാനം പിടിക്കും.കൃഷ്‌ ഹെബ്ബര്‍ നിവിന്‍ പോളിയുടെ ഒരേ ട്രാക്കില്‍ പോകുന്ന ചിത്രങ്ങളില്‍ വ്യത്യസ്തം ആയ കഥാപാത്രം ആണ്.പിന്നെ ഉള്ള ഒരു കാര്യം,ചിത്രം എല്ലാവര്ക്കും വേണ്ടി ഉള്ളതല്ല എന്ന് തോന്നുന്നു.കാരണം തിയറ്ററില്‍ അവസാനം ഉണ്ടായ കൂവല്‍ ഇനിയും മലയാളി പ്രേക്ഷകര്‍ക്ക്‌ പരസ്യമായി വിമര്‍ശിക്കുന്ന ചളി ചിത്രങ്ങളോടുള്ള ആഭിമുഖ്യം ആണ് പിന്നെയും പിന്നെയും കാണിക്കുന്നത്.അത് കൊണ്ട് ബോക്സോഫീസില്‍ എന്തും സംഭവിക്കാം.അപ്രത്യക്ഷമായ tail end ചിത്രത്തിന്‍റെ മൊത്തത്തില്‍ ഉള്ള നിലവാരത്തെ ബാധിക്കില്ല എന്നും കരുതുന്നു ..

എന്‍റെ മനസ്സില്‍ തോന്നിയ ഒരു റേറ്റിംഗ് 3.5/5

More movie suggestions @www.movieholicviews.blogspot.com

Monday, 25 May 2015

371.NJAAN STEVE LOPEZ(MALAYALAM,2014)

371.NJAAN STEVE LOPEZ(MALAYALAM,2014),Dir:-Rajiv Ravi,*ing:-Farhaan Faazil,Ahaana Krishna.

  തന്‍റെ സങ്കല്‍പ്പത്തില്‍ ഉള്ള സിനിമയ്ക്ക് എഴുതിയ  തിരക്കഥ ആവശ്യം ഇല്ല എന്ന് പറഞ്ഞ സംവിധാകന്‍ രാജീവ് രവി ക്യാമറമാനില്‍ നിന്നും സിനിമയുടെ അമരക്കാരന്‍ ആയപ്പോള്‍ പതിവ് കാഴ്ചകള്‍ സിനിയില്‍ നിന്നും മാറ്റണം എന്ന് തോന്നിയിരിക്കാം.അത് കൊണ്ടാകും ഈ ചിത്രത്തിലെ നായകന്‍ സ്റ്റീവ് സാധാരണക്കാരന്റെ പ്രതിനിധി ആകുന്നതു.ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍  ആയ അച്ഛന്റെ മകന്‍ സ്റ്റീവ് ഒരു കോളേജ് വിദ്യാര്‍ഥി ആണ്.അപ്പുറത്തെ വീട്ടിലെ ചേച്ചിയോട് ഒരു പ്രത്യേക തരം ഇഷ്ടം തോന്നുകയും ബാത്ത്റൂമില്‍ ആവശ്യത്തില്‍ കൂടുതല്‍ സമയം ചിലവഴിക്കുകയും ചെയ്യുന്ന പ്രത്യേകതകള്‍ ഒന്നും ഇല്ലാത്ത സോഷ്യല്‍ മീഡിയ അഡിക്റ്റ്‌.എപ്പോഴും സെല്‍ ഫോണില്‍ കുത്തിക്കുറിച്ച് നടക്കുന്ന ജന്മം.

  ഉള്ള കൂട്ടുകാരോടൊപ്പം അങ്ങനെ ജീവിച്ചു പോന്നിരുന്ന സ്റ്റീവ് ഒരു ദിവസം അപ്രതീക്ഷിതമായി ഒരു ആക്രമണ സംഭവത്തില്‍ സാക്ഷി ആകുന്നു.ആ ഒരു സംഭവം നടക്കുമ്പോള്‍ അടുത്ത സീനില്‍ ബാക്ക് ഗ്രൌണ്ട് മ്യൂസിക്കിന്റെ പിന്‍ബലത്തില്‍ എതിരാളിയെ ചാടി തല്ലുന്ന "മാസ്" നായകനെ ആകും നമുക്ക് പെട്ടന്ന്  ഓര്‍മ വരുക.എന്നാല്‍ രാജീവ് രവി അവിടെ മുതല്‍ പതിവുകള്‍ തെറ്റിച്ചു ഈ സിനിമയില്‍.സ്റ്റീവ് ലോപസ് ആരാണെന്ന് പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ അവതരിപ്പിക്കുമ്പോഴും പതിവ് ക്ലീഷേ രംഗങ്ങള്‍ സ്ക്രീനില്‍ തെളിയാത്തത് കൊണ്ട് "നായകന്‍ വെറും പഴം" ആണെന്ന് വിളിച്ചു കൂവുന്ന പ്രേക്ഷക സമൂഹത്തില്‍ താന്‍ സ്വന്തമായി ആ അവസ്ഥയില്‍ എന്താകും ചെയ്യുക എന്ന് വിചാരിക്കാന്‍ ഉള്ള സാമാന്യ ബോധം പോലും മാറിയതിനു കാരണം ഒരു പക്ഷേ സ്ക്രീനില്‍ കാണിക്കുന്ന പറന്നു ചാടുന്ന നായകന്‍റെ ഗിമ്മിക്കുകള്‍ ആകാം.അതാകും നമ്മുടെ മനസ്സില്‍ ഒട്ടി ചേര്‍ന്ന് നില്‍ക്കുന്നത്.

ഗുണ്ടാ സംഘങ്ങളുടെ ഇടയിലേക്ക് അപ്രതീക്ഷിതമായി കടന്ന യുവാവിനു വേണമെങ്കില്‍ മറ്റൊരു ക്ലീഷേ ആയ പുതിയ ഗുണ്ടാ തലവന്‍ ആയി മാറാമായിരുന്നു.എന്നാല്‍ പാതി അടഞ്ഞ കണ്ണുകളും ആയി കഞ്ചാവ് അടിച്ചത് പോലെ അലസനായി നടക്കുന്ന നായകനെ കൊണ്ട് കഥയില്‍ അത്തരം ഒരു സാഹസികത കാണിക്കുവാന്‍ സംവിധായകന്‍ ശ്രമിച്ചോ ഇല്ലയോ എന്നതും ഈ ചിത്രത്തിന്‍റെ പരാജയ കാരണങ്ങളില്‍ ഒന്നാകും.പ്രണയ രംഗങ്ങള്‍ പോലും സാധാരണയില്‍ കവിഞ്ഞ പ്രാധാന്യത്തോടെ അവതരിപ്പിച്ചില്ല ഈ ചിത്രത്തില്‍.സോഷ്യല്‍ മീഡിയയുടെ ഉപയോക്താവ് ആയ സ്റ്റീവ് ജീവിതം എത്ര സിമ്പിള്‍ ആണെന്ന് വിചാരിചിടത് നിന്നും കണ്മുന്നില്‍ കാണുന്ന മനുഷ്യ രൂപങ്ങളില്‍ നിന്നും വ്യത്യസ്തമായ മുഖമൂടി അണിഞ്ഞ ഒരു രൂപം ഉണ്ടെന്നു മനസ്സിലാകുമ്പോള്‍ "ഞാന്‍ സ്റ്റീവ് ലോപസ്" ആണെന്ന് സ്റ്റീവിന് നേരെ നോക്കി പറയാന്‍ സാധിക്കും.ഒരു പക്ഷേ സാധാരണ സിനിമകളില്‍ നായക കഥാപാത്രത്തിന് സ്വന്തമായി അത്തരം ഒരു വ്യക്തിത്വം ഉണ്ടാകാന്‍ ഉള്ള സാധ്യത വിരളം ആണ്.അത് കൊണ്ട് തന്നെ പരീക്ഷണ ചിത്രങ്ങളില്‍ പരീക്ഷണം നടത്തിയിരിക്കുന്ന ഈ ചിത്രം തിയറ്ററില്‍ പോയി കാണാത്തവര്‍ സി ഡി ഇറങ്ങുമ്പോള്‍ കാണും എന്ന് പ്രതീക്ഷിക്കുന്നു.എന്നാല്‍ അപ്പോഴും "നായകന്‍ പഴമാണ്" എന്ന് കേള്‍പ്പിക്കാന്‍ ഉള്ള സാധ്യത കൂടുതല്‍ ആണ്.ജീവിതത്തിലെ ഇരുണ്ട ഭാഗങ്ങള്‍ തിരശീലയില്‍ അവതരിപ്പിക്കുന്നത്‌ കണ്ടു പരിചയം ഇല്ലാത്ത പ്രേക്ഷകന് ചിത്രത്തോട് പ്രത്യേക പ്രതിബദ്ധത ഉണ്ടാകേണ്ട കാര്യമില്ല എന്നതും ഒരു സത്യം ആയി നില്‍ക്കുമ്പോള്‍ തന്നെ സിനിമ എന്നത് കാല്‍പ്പനികതകള്‍  മാത്രം അവതരിപ്പിക്കാന്‍ ഉള്ള സ്ഥലം ആണോ എന്ന് ആരെങ്കിലും ഒക്കെ ചിന്തിച്ചു തുടങ്ങേണ്ടിയിരിക്കുന്നു.

(എന്‍റെ സുഹൃത്തിന്റെ ഒപ്പം തിയറ്ററില്‍  ചിത്രം കാണാന്‍ പോയ എനിക്ക് ചിത്രം ഇഷ്ടം ആയെങ്കിലും നായക കഥാപാത്രത്തിന്റെ നിര്‍ഗുണത മാത്രം കണ്ട അവന്‍ എന്നെ ചീത്ത വിളിച്ചു;സെക്കണ്ട്‌ ഷോ ആയി ആ പടം  കൊണ്ട് കാണിച്ചതിന് )

More movie suggestions @www.movieholicviews.blogspot.com

Sunday, 24 May 2015

370.PARALLELS(ENGLISH,2015)

370.PARALLELS(ENGLISH,2015),|Sci-Fi|Mystery|Thriller|,Dir:-Christopher Leone,*ing:-Mark Hapka, Jessica Rothe, Eric Jungmann.

  ശാസ്ത്രം വളരെയധികം പുരോഗതി പ്രാപിക്കുകയും ഭൂമിയിലെ സാഹചര്യങ്ങള്‍ക്ക് സമാനമായ ലോകങ്ങള്‍ അഥവാ ഗ്രഹങ്ങള്‍ അന്വേഷിക്കുകയും ചെയ്യുന്ന ഈ കാലത്ത് മുന്നോട്ടു വയ്ക്കാവുന്ന ഒരു ആശയം ആണ് ഈ ചിത്രത്തിന്‍റെ തീം.അതായത് നമ്മുടെ ഭൂമി പോലെ കുറേ ഭൂമികള്‍ ഉണ്ടെങ്കിലോ?അവിടെ എല്ലാം നമ്മള്‍ ഓരോരുത്തരെ പോലെ ഉള്ള ആളുകളും പരിചിതം അല്ലെങ്കില്‍ അപരിചിതമായ സാഹചര്യങ്ങള്‍ ഉള്ളവയാണ് എങ്കില്‍?സമാന്തരമായ പ്രവര്‍ത്തന രീതികള്‍ ഉള്ള ഗ്രഹങ്ങള്‍ എന്ന വിഷയത്തെ ആസ്പദം ആക്കി ആണ് Parallels എന്ന ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.

  നെറ്റ്ഫ്ലിക്സ് റിലീസ് ആയ വന്ന ഈ ചിത്രത്തിന്‍റെ സമാനമായ ആശയം ഉള്‍ക്കൊണ്ട ഒരു തമിഴ് ചിത്രം ആയിരുന്നു സെല്‍വ രാഘാവന്റെ "ഇരണ്ടാം ഉലകം".പ്രമേയം സാമ്യത പുലര്‍ത്തിയിരുന്നു എങ്കിലും ചിത്രത്തിന്‍റെ അവതരണത്തിലെ ചില പിഴവുകള്‍ ചിത്രത്തില്‍ നിന്നും പ്രേക്ഷകനെ അകറ്റിയിരുന്നു.എന്നാല്‍ ഈ ചിത്രം വ്യത്യസ്തം ആയ ഒരു ത്രില്ലര്‍ ആകാന്‍ ഉള്ള വഴികളിലൂടെ ആണ് സഞ്ചരിക്കുന്നത്.ബോക്സര്‍ ആയ റോനാന്‍ അന്നും റിങ്ങില്‍ പരാജയപ്പെട്ടു പുറത്തു വരുമ്പോള്‍ ആണ് വോയിസ് മെയിലില്‍ തന്‍റെ പിതാവായ അലക്സ് അവനെ കാണണം എന്നുള്ള മെസേജ് കേള്‍ക്കുന്നത്.പിതാവ് പറഞ്ഞതനുസരിച്ച് വീട്ടില്‍ എത്തിയെങ്കിലും അവിടെ അദ്ധേഹത്തെ കാണാന്‍ കഴിയാതെ ഇരുന്ന റോനാന്‍ തന്‍റെ അനുജത്തി ആയ ബിയാത്രിക്സിനെ കാണുന്നു.വര്‍ഷങ്ങളായി അമ്മയുടെ മരണത്തിനു ശേഷം വീടിനു പുറത്തു ഇറങ്ങാതിരുന്ന അച്ഛനെ അവിടെ കാണാതായപ്പോള്‍ അവര്‍ അയല്‍വാസിയും ബിയാത്രിക്സിനോട് പ്രണയവും ഉള്ള ഹാരിയുടെ സഹായത്തോടെ പോലീസില്‍ പരാതിപ്പെടുന്നു.എന്നാല്‍ അച്ഛന്‍ കാണാതായി എന്ന് ഉള്ളതിന്  വ്യക്തമായ ഒരു സൂചനയും ഇല്ലാത്തത് കൊണ്ട് പോലീസ് അവരെ കയ്യൊഴിയുന്നു.അപ്പോഴാണ്‌ റോനാന്‍ പിതാവ് വ്യക്തമായി പറഞ്ഞ ആ വിലാസം ഓര്‍മ വരുന്നത്.കാറില്‍ കണ്ട ബാഗും ആയി അവര്‍ മൂവരും അവിടെ എത്തുന്നു.

  ഒരു വലിയ കെട്ടിടം .വര്‍ഷങ്ങളായി ആള്‍ താമസം ഇല്ലാത്ത ആ സ്ഥലം അവര്‍ക്ക് നല്‍കുന്നത് അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ അത്ഭുതം ആയിരുന്നു.ഓര്‍ക്കുമ്പോള്‍ കൗതുകം തോന്നിപ്പിക്കുന്ന ഒരു അത്ഭുതം.ചിത്രം "Cube Trilogy" പോലെ ഒക്കെ ആദ്യ ഭാഗത്തില്‍ ചോദ്യങ്ങള്‍ പലതും അവശേഷിപ്പിച്ചു ആണ് അവസാനിക്കുന്നത്.അത് കൊണ്ട് തന്നെ രണ്ടാം ഭാഗത്തിന് ഉള്ള സാധ്യത അധികം ആണ്.കാത്തിരിക്കുന്നു രണ്ടാം ഭാഗത്തിനായി,ഇഷ്ടം തോന്നിയ ഒരു കണ്സപ്റ്റ് എങ്ങനെ ഈ ചിത്രത്തില്‍ വര്‍ക്ക് ഔട്ട്‌ ആകും എന്ന് കണ്ടു മനസ്സിലാക്കണം എന്നൊരു ആഗ്രഹം ഉണ്ട്.

More movie suggestions @www.movieholicviews.blogspot.com

369.SPARE PARTS(ENGLISH,2015)

369.SPARE PARTS(ENGLISH,2015),|Drama|,Dir:- Sean McNamara,*ing:-George Lopez, Jamie Lee Curtis, Carlos PenaVega.

"ദി ബിഗ്‌ അമേരിക്കന്‍ ഡ്രീം" സ്വന്തം ആക്കാന്‍ വെമ്പുന്ന യുവാക്കളുടെ കഥയാണ് Spare Parts.ഈ അടുത്ത് ഇറങ്ങിയ കെവിന്‍ കൊസ്ട്ട്നര്‍ ചിത്രമായ McFarland,USA ആയി നല്ല സാദൃശ്യം ഈ ചിത്രത്തിനും ഉണ്ട്.എന്നാല്‍ ഏറ്റവും അത്ഭുതപ്പെടുത്തുന്നത് ഇന്‍സ്പിരേഷന്‍ വിഭാഗത്തില്‍ ഉള്ള ഈ ചിത്രങ്ങള്‍ നടക്കുന്ന കാലഘട്ടവും മുഖ്യ പ്രമേയവും വ്യത്യസ്തം ആണെങ്കിലും കഥാ പാത്രങ്ങള്‍ പ്രതിനിധികരിച്ച സാമൂഹിക പശ്ചാത്തലവും പ്രചോദനം ആയി മാറിയ അദ്ധ്യാപകന്മാരുടെ മുന്‍ക്കാല ജീവിതവും ഒരു ടീമിനോടൊപ്പം  ചേര്‍ന്ന അവര്‍ക്ക് നേരിട്ട സംഭവങ്ങളും എല്ലാം ഒരു പോലെ തോന്നുന്നു.യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദം ആക്കി ആണ് ഈ രണ്ടു  ചിത്രങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത് എന്നറിയുമ്പോള്‍ ആണ് ഏകദേശം ഒരേ പോലെ ഉള്ള ജീവിതം ആണ് പലയിടത്തും എന്ന് കാണിച്ചു തരുന്നത്.


   സ്പാനിഷ് കുടിയേറ്റക്കാര്‍ കൂടുതല്‍ ആയുള്ള സ്ഥലത്ത് ഉള്ള സ്ക്കൂള്‍ ആണ് കാര്‍ള്‍ ഹെയ്ഡന്‍ ഹൈസ്കൂള്‍.കുടിയേറ്റക്കാര്‍ ആയതു കൊണ്ട് തന്നെ വിദ്യാഭ്യാസത്തിനു വലിയ സ്ഥാനം ഇല്ലാത്ത ഈ സ്ഥലങ്ങളില്‍ അന്നന്നത്തെ അപ്പത്തിനുള്ളത് ശേഖരിക്കാന്‍ ശ്രമിക്കുന്ന കുടംബങ്ങള്‍ ആണ് കൂടുതലും.ഓസ്ക്കാര്‍ ,അമേരിക്കാന്‍ സേനയില്‍ എങ്ങനെയെങ്കിലും കയറാന്‍ ഉള്ള ശ്രമത്തില്‍ ആണ്.എന്നാല്‍ കുടിയേറ്റക്കാര്‍ ആയതു കൊണ്ട് അവന്‍റെ കഴിവുകള്‍ പ്രകടിപ്പിച്ചിട്ടും അത്യാവശ്യ രേഖകള്‍ ഇല്ലാത്തത് കൊണ്ട് അവനു സേനയില്‍ സ്ഥാനം ലഭിക്കുന്നില്ല.ആ സമയത്താണ് ആ സ്ക്കൂളില്‍ എന്‍ജിനിയര്‍ ആയി ജോലി ചെയ്തിരുന്ന Dr.കാമറോണ്‍ താല്‍ക്കാലിക അദ്ധ്യാപകന്‍ ആയി അവിടെ ചേരുന്നത്.സയന്‍സ് ക്ലബിന്റെ ചുമതല ഉണ്ടായിരുന്ന കാമറോനിന്റെ അടുക്കല്‍ ഓസ്ക്കാര്‍ പോകുന്നു.തന്‍റെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ആയില്ലെങ്കിലും തനിക്കു  നല്ല ഒരു ജീവിതം നല്‍കാന്‍ സാധിക്കുന്ന American Underwater Robotics Competition ല്‍ പങ്കെടുക്കാന്‍ ഉള്ള ആഗ്രഹവും ആയി വരുന്നത്.എന്നാല്‍ അത് വളരെ ചിലവുള്ളത് ആണെന്നൊക്കെ പറഞ്ഞു കാമറോണ്‍ ഒസ്ക്കറിനെ തിരിച്ചു അയക്കാന്‍ ശ്രമിക്കുന്നു.

  പക്ഷേ  അവന്‍റെ അഭിനിവേശം കാരണം കാമറോണ്‍ അതിനു സമ്മതിക്കുന്നു.ഒപ്പം കൂടെ കൂറ്റന്‍ ഒരു ടീമിനെയും തിരഞ്ഞെക്കാന്‍ പറയുന്നു.ബാക്കി നടന്ന സംഭവങ്ങള്‍ ആണ് ഈ ഇന്‍സ്പിരേഷന്‍ ചിത്രം അവതരിപ്പിക്കുന്നത്‌.കഴിവുകള്‍ക്ക് വിലങ്ങു തടി ആകാന്‍ ഒരു ശക്തിക്കും സാധ്യം അല്ല എന്ന് ഇവരുടെ ജീവിതത്തിലൂടെ അവതരിപ്പിക്കുന്നു.ഒരു അവസാന വാക്ക് കൂടി McFarland,USA യിലെ ചില കഥാപാത്രങ്ങളുടെ സ്വഭാവം പോലും ഈ ചിത്രത്തിലും കാണാം.അത് പോലെ തന്നെ ക്ലൈമാക്സില്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രകടനം നടത്തുന്നതും ഒക്കെ.സ്വപ്ന തുല്യമായ യഥാര്‍ത്ഥ കഥ എന്ന് വിളിക്കാം രണ്ടു ചിത്രങ്ങളെയും.

  More movie suggestions @www.movieholicviews.blogspot.com

Wednesday, 20 May 2015

368.McFARLAND,USA(ENGLISH,2015)

368.McFARLAND,USA(ENGLISH,2015),|Sports|Drama|,Dir:-Niki Caro,*ing:-Kevin Costner, Maria Bello, Ramiro Rodriguez.

  ഇന്‍സ്പിരേഷനല്‍ സിനിമകള്‍ ഇപ്പോഴും വര്‍ക്ക്‌ ഔട്ട്‌ ആകുന്ന ഒരു രീതി ഉണ്ട്.അത് പഴയ വീഞ്ഞും പുതിയ കുപ്പിയും ആയുള്ള സാദൃശ്യം ഉണ്ടെങ്കില്‍ പോലും ചിത്രത്തിന്‍റെ അവസാനം പ്രേക്ഷകന്‍റെ മനസ്സ് നിറയ്ക്കാന്‍ പലപ്പോഴും സാധിക്കാറുണ്ട്.ഞാന്‍ എപ്പോഴും കാണുന്ന ഇന്‍സ്പിരേഷന്‍ സിനിമ ഇത്തരത്തില്‍ ഉള്ളത് ആണല്ലോ എന്ന് ചിന്തിക്കുമ്പോള്‍ ആകും ഈ പഴമയുടെ കാര്യം ഓര്‍മ വരുക.

  മക്ഫാര്‍ലാന്‍ഡ്,അമേരിക്കയിലെ സ്പാനിഷ് കുടിയേറ്റക്കാരുടെ സ്ഥലം ആണ്.ഇതര അമേരിക്കന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് "ദി ബിഗ്‌ അമേരിക്കന്‍ ഡ്രീം " എന്ന വാക്കിനു പ്രസക്തി ഇല്ലാത്ത സ്ഥലം.സ്പാനിഷ് കുടിയേറ്റക്കാര്‍ പാടത്ത് ജോലി ചെയ്തും പോലീസിനു തലവേദന ഉണ്ടാക്കി ജയിലിലും ജീവിതങ്ങള്‍ അവസാനിപ്പിക്കുന്നു.പഠനം അവര്‍ക്ക് സമയം ചിലവഴിക്കാന്‍ ഉള്ള സമയം മാത്രം ആണ്.സ്വപ്‌നങ്ങള്‍ ഇല്ലാത്ത ആ നാട്ടിലേക്ക് ആണ് ജിം വൈറ്റ് എന്ന ഫുട്ബോള്‍ കോച്ച് പട്ടണത്തില്‍ നിന്നും സ്ഥലം മാറി എത്തുന്നത്‌.ദേഷ്യക്കാരന്‍ ആയ ജിം തന്‍റെ മുന്‍ സ്ക്കൂളില്‍ ഫുട്ബോളിനോട് ആത്മാര്‍ഥത കാണിക്കാത്ത ആ ടീം ക്യാപ്റ്റനോട് രൂക്ഷമായ രീതിയില്‍ പെരുമാറിയതിന്റെ പേരില്‍ ജോലി നഷ്ടപ്പെട്ടു.തന്‍റെ രണ്ടു പെണ്‍ക്കുട്ടികളെയും ഭാര്യയേയും കൂട്ടി ആണ് ജിം അപരിചിതമായ ആ സ്പാനിഷ് പട്ടണത്തില്‍ എത്തുന്നത്‌.എന്നാല്‍ പുതിയ സ്ഥലവും അവിടത്തെ ജീവിത രീതിയില്‍ ജിമ്മിന്റെ കുട്ടികളെ അലോസരപ്പെടുത്തുന്നു.

  പുതിയ സ്ക്കൂളിലും തന്‍റെ പതിവ് രീതികള്‍ സംഭവിക്കും എന്ന് മനസ്സിലായപ്പോള്‍ ആണ് ജിം താല്‍പ്പര്യം ഉള്ളവരെ കളികളിലേക്ക് ആകര്‍ഷിക്കാന്‍ ഉള്ള ശ്രമങ്ങള്‍ തുടങ്ങുന്നത്.ആ അന്വേഷണത്തില്‍ ആണ് ജിം അവിടെ ഉള്ള ചില കുട്ടികളുടെ ആരാലും ശ്രദ്ധിക്കപ്പെടാത്ത കഴിവ് കണ്ടെത്തിയത്."ക്രോസ് കണ്ട്രി റേസ്" എന്ന കായിക വിനോദം അവരുടെ എല്ലാം ജീവിതവും സ്വപ്നങ്ങളും മാറ്റി മറിക്കാന്‍ പര്യാപ്തം ആണ്.എന്നാല്‍ ജിമ്മിനു അവിടെ നേരിടേണ്ടി വരുന്ന എതിര്‍പ്പുകള്‍ അധികം ആണ്.എന്തൊക്കെ ആണ് അത് എന്നതാണ് യഥാര്‍ത്ഥത്തില്‍ നടന്ന സംഭവത്തെ ആസ്പദം ആക്കി എടുത്ത ഈ ചിത്രം അവതരിപ്പിക്കുന്നത്‌.കെവിന്‍ കൊസ്ട്ട്നാര്‍ സിനിമകളുടെ ആരാധകന്‍ ആയ എനിക്ക് ആ പേര് കണ്ടാണ്‌ ഈ ചിത്രം കണ്ടത്.എന്നാല്‍ മുന്‍പ് പറഞ്ഞത് പോലെ പഴയ വീഞ്ഞും പുതിയ കുപ്പിയും ആണെങ്കിലും യാതാര്‍ത്ഥ്യത്തോട് ഈ ചിത്രം നീതി പുലര്‍ത്തിയതായി തോന്നി.പ്രത്യേകിച്ചും ഏന്‍ഡ് ക്രെഡിറ്റ്‌ എഴുതി കാണിക്കുന്നതിന് മുന്‍പ്.

More movies @www.movieholicviews.blogspot.com

Sunday, 17 May 2015

367.EX MACHINA(ENGLISH,2015)

367.EX MACHINA(ENGLISH,2015),|Sci-Fi|Thriller|.Dir:-Alex Garland,*ing:-Alicia Vikander, Domhnall Gleeson, Oscar Isaac.

88 മത്  ഓസ്ക്കാര്‍  നാമനിര്‍ദേശം  രണ്ടു  വിഭാഗത്തില്‍  ലഭിക്കുകയും  അതില്‍  ഒന്നില്‍  വിജയി  ആവുകയും  ചെയ്ത  ചിത്രം  ആണ്  Ex Machina

 

  • Best Achievement in Visual Effects

Andrew Whitehurst
Paul Norris
Mark Williams Ardington
Sara Bennett

  • Best Writing, Original Screenplay

Alex Garland എന്നിവയില്‍  മികച്ച  വിഷ്വല്‍  effects  നുള്ള  പുരസ്ക്കാരം  ഈ  ചിത്രത്തിന്  ലഭിച്ചു.


2013 ല്‍ റിലീസ് ആയ Her എന്ന സിനിമയില്‍ അവതരിപ്പിച്ച
 പ്രമേയം പുതുമയുള്ളത് ആയിരുന്നു.മനുഷ്യനും ഓപ്പറേറ്റിംഗ് സിസ്റ്റവും തമ്മില്‍ ഉള്ള വൈകാരികമായ ബന്ധം അവതരിപ്പിച്ച ആ ചിത്രം വ്യത്യസ്തമായ ഒരു പ്രണയ കഥയും ആയി മാറി.ആ സിനിമയുടെ V 2.0 എന്ന് വിളിക്കാം Ex Machina എന്ന ഈ ചിത്രത്തെ.പ്രമേയം ആയുള്ള സാമ്യത്തിനും അപ്പുറം Her പോലെ തന്നെ മികച്ച ഒരു ചിത്രമായി ഈ ചിത്രവും അനുഭവപ്പെട്ടു.

   ചിത്രത്തിന്‍റെ ആരംഭത്തില്‍ Bluebook എന്ന ഇന്റര്‍നെറ്റ്‌ സേര്‍ച്ച്‌ എഞ്ചിന്‍ ഭീമനിലെ കോഡര്‍ ആയ കലേബിനു ഒരു ഓണ്‍ലൈന്‍ ലോട്ടറിയില്‍ ഒന്നാം സ്ഥാനം ലഭിച്ചതായി അറിയിക്കുന്നു.സമ്മാനമായി ലഭിക്കുന്നത് Bluebook ന്‍റെ തലവനായ നതാനിനോടൊപ്പം ഒരാഴ്ചത്തെ താമസം ആണ്.അതീവ സമര്‍ത്ഥന്‍ ആയ നതാനിനോടൊപ്പം ഒരാഴ്ച ചിലവഴിക്കാന്‍ അയാളുടെ വസതിയിലേക്ക് ഹെലിക്കോപ്ട്ടരില്‍ കാലേബ് പുറപ്പെടുന്നു.ഏക്കര്‍ കണക്കിന് സ്ഥലത്ത് ആര്‍ക്കും പ്രവേശിക്കാന്‍ അനുവാദം ഇല്ലാത്ത വളരെയധികം സെക്യൂരിറ്റി ഉള്ള സ്ഥലത്താണ് നതാന്‍ താമസിക്കുന്നത്.അവിടെ കയറിയപ്പോള്‍ തന്നെ ഒരു തരം ദുരൂഹത അനുഭവപ്പെട്ട കലേബ് പിന്നീട് നതാന്‍ അയാളോട് ആവശ്യപ്പെട്ട ഉടമ്പടിയില്‍ ഒപ്പ് വയ്ക്കാന്‍ നിര്‍ബന്ധിക്കുന്നു.അവിടെ നടക്കുന്ന കാര്യം ഒരു കാരണവശാലും ലോകത്ത് മറ്റൊരാള്‍ അറിയരുത് എന്നതായിരുന്നു ഉടമ്പടി.കലെബിനെ അവിടെ കാത്തിരുന്നത് ലോകത്തിലെ തന്നെ മികച്ച അത്ഭുതങ്ങളില്‍ ഒന്നായിരുന്നു.

  ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന എവാ എന്ന യന്ത്ര മനുഷ്യ സ്ത്രീയെ ടൂറിംഗ് ടെസ്റ്റ്‌ (റോബോട്ടുകള്‍ അവയുടെ യാന്ത്രികത മാറ്റി വച്ച് മനുഷ്യനെ പോലെ പെരുമാറുന്നുണ്ടോ എന്ന് കണ്ടു പിടിക്കാന്‍ ഉള്ള ടെസ്റ്റ്‌ ) നടത്താന്‍ നതാന്‍ കലേബിനെ ക്ഷണിക്കുന്നു.മനുഷ്യനെ പോലെ ചിന്തിക്കാനും ചതിക്കാനും പ്രണയിക്കാനും കഴിവുള്ള എവ കലേബിനു അത്ഭുതം ആയിരുന്നു.എന്നാല്‍ കലേബ് കാണുന്നതെല്ലാം സത്യമായിരുന്നില്ല.കലേബിന്റെ മുന്നില്‍ ഉണ്ടായിരുന്ന കള്ളത്തരങ്ങള്‍ എന്തൊക്കെ ആയിരുന്നു.യന്ത്ര മനുഷ്യന്‍ ശരിക്കും മനുഷ്യനെ പോലെ ചിന്തിക്കാന്‍ തുടങ്ങിയാല്‍ എന്താകും?ഇതൊക്കെ ആണ് ചിത്രം അവതരിപ്പിക്കുന്നത്‌.ഈ വര്‍ഷത്തെ മികച്ച ചിത്രങ്ങളുടെ കണക്കെടുപ്പ് വര്‍ഷാന്ത്യത്തില്‍ വരുമ്പോള്‍ ഈ ബ്രിട്ടീഷ് ചിത്രവും ആ ലിസ്റ്റില്‍ വരും എന്ന് പ്രതീക്ഷിക്കുന്നു.സേര്‍ച്ച്‌ എന്‍ജിനുകള്‍ പലരും അവരുടെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അല്ലെങ്കില്‍ ഉപയോഗിക്കുന്ന സാഹചര്യങ്ങളും ചിത്രത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്.അതി വേഗം വളരുന്ന ടെക്നോളജിയുടെ നേര്‍ക്കുള്ള ഒരു കണ്ണാടി കൂടി ആണ് ഈ ചിത്രം.

More movie suggestions @www.movieholicviews.blogspot.com

Friday, 15 May 2015

366.CHAPPiE(ENGLISH,2015)

366.CHAPPiE(ENGLISH,2015),|Sci-Fi|Thriller|Action|,Dir:-Neill Blomkamp,*ing:-Sharlto Copley(Voice), Dev Patel, Hugh Jackman.

  "ചാപ്പി"യുടെ കഥ നടക്കുന്നത് 2016 ല്‍ ആണ്.പഴയ ചിത്രങ്ങളില്‍ 30 വര്‍ഷങ്ങള്‍ക്കു ശേഷം എന്നതൊക്കെ മാറ്റി ഇപ്പോള്‍ ടെക്നോളജിയുടെ അഭൂതപൂര്‍വം ആയ വളര്‍ച്ച കാരണം ഒരു വര്‍ഷം മുന്നിലേക്ക്‌ മാത്രം മാറ്റിയുള്ള ഫിക്ഷണല്‍ കഥയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്‌.ദക്ഷിണാഫ്രിക്കയില്‍ കുറ്റ കൃത്യങ്ങളുടെ നിരക്ക് കൂടിയപ്പോള്‍  മനുഷ്യ പോലീസിനെ മാറ്റി പകരം മനുഷ്യനെ പോലെ പ്രവര്‍ത്തിക്കുവാന്‍ സാധിക്കുന്ന യന്ത്ര മനുഷ്യന്മാരെ ക്രമ സമാധാന പരിപാലനത്തിനായി നിയോഗിക്കുന്നു.ഡിയോന്‍ വിത്സണ്‍ രൂപപ്പെടുത്തിയ ആ റോബോട്ടുകള്‍ വന്‍ തോതില്‍ വിറ്റഴിക്കുന്നത് TetraVaal എന്ന സ്ഥാപനം ആണ്.ആധുനിക സജ്ജീകരണങ്ങള്‍ ഉള്ള അവരുടെ ഫാക്റ്ററിയില്‍ അതിനോടൊപ്പം മേന്മയേറിയ റോബോട്ടുകളെ വികസിപ്പിക്കാന്‍ ഉള്ള ശ്രമങ്ങള്‍ തുടര്ന്നും ഉണ്ട്.

  ഡിയോന്‍ ഇപ്പോഴും പരീക്ഷണങ്ങളില്‍ ആണ്.മനുഷ്യനെ പോലെ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും വികാരങ്ങള്‍ പ്രതിഫലിപ്പിക്കാനും പുതിയ വിദ്യകള്‍ അഭ്യസിക്കാനും കഴിവുള്ള Artificial Intelligence റോബോട്ടുകള്‍ ആണ് ഡിയോന്‍ ലക്‌ഷ്യം ഇടുന്നത്.ഡിയോനിന്റെ ഒപ്പം ജോലി ചെയ്യുന്ന മറ്റൊരു എന്‍ജിനീയര്‍ ആയ മൂര്‍ തന്‍റെ പരീക്ഷണങ്ങള്‍ നടത്തി വികസിപ്പിച്ച റോബോട്ട് ആര്‍ക്കും വേണ്ടാതെ ഇരിക്കുന്നതില്‍ ദു:ഖിതന്‍ ആണ്.അയാള്‍ക്ക്‌ അതിന്റെ പേരില്‍ ഡിയോണിനോട് ദേഷ്യവും ഉണ്ട്.ഡിയോന്‍ വര്‍ഷങ്ങളായി നടത്തുന്ന പരീക്ഷണങ്ങളുടെ അവസാനം അത് സംഭവിച്ചു.ഡിയോന്‍ തന്‍റെ ലക്ഷ്യത്തില്‍ എത്തി ചേര്‍ന്നു.ഡിയോനിന് ഇനി വേണ്ടത് പരീക്ഷണം നടത്താവുന്ന ഒരു റോബോട്ട് ആണ്.ആ ഇടയ്ക്ക് ഗുണ്ടാ സംഘങ്ങള്‍ ആയുള്ള ആക്രമണത്തില്‍ നിര്‍ജീവം ആയ Scout 22 എന്ന റോബോട്ട് ആണ് അതിനായി ഡിയോണിന്‍റെ മനസ്സില്‍ ഉള്ളത്.എന്നാല്‍ ആ ശ്രമത്തിനു മേലധികാരി ആയ മിഷേല്‍ അനുവാദം നല്‍കുന്നില്ല.ഡിയോന്‍ തന്‍റെ ലക്ഷ്യത്തില്‍ നിന്നും പിന്മാറാന്‍ തയ്യാര്‍ അല്ലായിരുന്നു.

  ഈ സമയം വളരെയധികം പണം ആവശ്യം ഉള്ള മൂന്നു പേര്‍ ഉണ്ടായിരുന്നു.ആ പണം ഇല്ലെങ്കില്‍ ജീവന്‍ വരെ നഷ്ടം ആകാന്‍ സാധ്യത ഉള്ളവര്‍.ഡിയോന്‍ അവരെ കണ്ടു മുട്ടുന്നു ഒരു പ്രത്യേക സാഹചര്യത്തില്‍.ഡിയോനിന്റെ ലക്ഷ്യത്തില്‍ എത്തി ചേരാന്‍ അവരെ കൊണ്ട് കഴിയുമോ??ആരാണ് ചാപ്പി?ഇതിന്റെ എല്ലാം ഉത്തരം ചിത്രം കാണുമ്പോള്‍ ലഭിക്കും.Neural Transmission ഒക്കെ പ്രമേയം ആയി വരുന്ന ഈ ചിത്രത്തില്‍ ഒരു പക്ഷേ ഭാവിയില്‍ സംഭവിക്കാന്‍ സാധ്യത ഉള്ള കാര്യങ്ങള്‍ ആണ് കാണാന്‍ കഴിയുക.ചാപ്പിയുടെ സംഗീതം ഹാന്‍സ് സിമ്മര്‍ ആയിരുന്നു.സംവിധായകന്‍  നീലിന്റെ District 9 എന്ന ചിത്രത്തിന്‍റെ അടുത്ത് വരില്ലെങ്കില്‍ പോലും അന്ന് അന്യഗ്രഹ ജീവികളോട് തോന്നിയ ഇഷ്ടം ഈ ചിത്രത്തില്‍ റോബോട്ടുകളോട് തോന്നി പോകും.ചാപ്പി വിമര്‍ശകരുടെ തൂലികയില്‍ കൊല ചെയ്യപ്പെട്ട ചിത്രം ആയിരുന്നു.എങ്കിലും ഒരു സാധാരണ പ്രേക്ഷകന്‍ ആയ എന്നെ എ ചിത്രം തൃപ്തിപ്പെടുത്തി.ഒപ്പം ചാപ്പിയും.

More movie suggestions @www.movieholicviews.blogspot.com

365.LA MOUSTACHE(FRENCH,2005)

365.LA MOUSTACHE(FRENCH,2005),|Mystery|Drama|,Dir:-Emmanuel Carrère,*ing:-Vincent Lindon, Emmanuelle Devos, Mathieu Amalric.

 ഒരു സിനിമയില്‍ തന്നെ വളരയധികം കഥകള്‍ മെനഞ്ഞെടുക്കാന്‍ ഉള്ള സ്വാതന്ത്ര്യം പ്രേക്ഷകന് നല്‍കുന്ന സംവിധായകര്‍ ഉണ്ട്.കാര്യങ്ങള്‍ നേരിട്ട് അവതരിപ്പിക്കുന്നതിനു പകരം പ്രേക്ഷകന്‍റെ ഭാവനയില്‍ കഥയ്ക്ക്‌ അനുസൃതം ആയ മാറ്റങ്ങള്‍ സംഭവിക്കും ഇത്തരം ഉദ്ദേശം വച്ച് നിര്‍മിക്കുന്ന ചിത്രങ്ങള്‍ക്ക്.La Moustache എന്ന ഫ്രഞ്ച് ചിത്രത്തിലൂടെ ഇമ്മാനുവല്‍ കാരി പ്രേക്ഷകന് അത്തരം ഒരു അവസരം നല്‍കുന്നുണ്ട്.സങ്കീര്‍ണമാണ് ചിത്രം പലപ്പോഴും എന്നാല്‍ അതിലേക്കു നയിക്കുന്ന വിഷയം ആകട്ടെ വളരെ ചെറുതും.ഒരു മീശയ്ക്ക് മനുഷ്യ ജീവിതത്തില്‍ എന്ത് മാത്രം പ്രാധാന്യം വരാം എന്ന് ചിന്തിക്കുന്നതിനു പകരം മീശ കാരണം കഥകള്‍ മെനഞ്ഞെടുക്കാന്‍ നിര്‍ബന്ധിക്കുന്നു ഈ ചിത്രം.

    മാര്‍ക്ക് രാവിലെ കുളിക്കാന്‍ കയറിയപ്പോള്‍ ആണ് ഭാര്യ ആഗ്നസിനോട്‌ തന്‍റെ മീശ എടുക്കട്ടെ എന്ന് ചോദിക്കുന്നത്.എന്നാല്‍ മാര്‍ക്ക് മീശ എടുത്തതിനു ശേഷം പുറത്തു വരുമ്പോള്‍ ഭാര്യയ്ക്ക് അയാളുടെ പുതിയ മുഖം കാണുമ്പോള്‍ എന്താണ് അഭിപ്രായം എന്നറിയാന്‍ ആഗ്രഹം ഉണ്ട്.മീശയില്ലാത്ത അയാളുടെ മുഖത്തെ കുറിച്ച് തനിക്കു ആലോചിക്കാനേ കഴിയില്ല എന്ന് പറയുന്ന മാര്‍ക്കിന്റെ ഭാര്യ ആഗ്നസ് എന്നാല്‍ അയാളുടെ മുഖം കണ്ടിട്ട് പ്രത്യേകിച്ച് അഭിപ്രായം ഒന്നും പറയുന്നില്ല.മാര്‍ക്ക് പലപ്പോഴും തന്‍റെ മുഖം ഭാര്യക്ക് അഭിമുഖമായി പിടിച്ചിട്ടും ആഗ്നസ് ഒന്നും പറയുന്നില്ല.അന്ന് വൈകിട്ട് ആഗ്നസിന്റെ ആദ്യ ഭര്‍ത്താവിന്റെ വീട്ടില്‍ അവര്‍ പാര്‍ട്ടിക്ക് പോകുമ്പോഴും ആരും മാര്‍ക്കിന്റെ മുഖത്തെ കുറിച്ച് ഒന്നും പറയുന്നില്ല,തന്‍റെ മുഖത്ത് പതിനഞ്ചു വര്‍ഷം ആയുള്ള മീശ പോയതിനെ കുറിച്ച് ആരും ഒന്നും പറയാത്തത് മാര്‍ക്കിനെ വിഷമത്തില്‍ ആക്കുന്നു.അയാള്‍ അവസാനം ആഗ്നസിനോട്‌ ദേഷ്യത്തില്‍ എന്ത് കൊണ്ടാണ് അഭിപ്രായം പറയാത്തത് എന്ന് പറയുമ്പോള്‍ ആഗ്നസ് അയാള്‍ക്ക്‌ നേരത്തെ തന്നെ മീശ ഇല്ലായിരുന്നു എന്ന് പറയുന്നു.

  മാര്‍ക്ക് ആകെ വിഷമത്തില്‍ ആകുന്നു.മീശ ഉണ്ടായിരുന്നതായി തനിക്കു തോന്നിയതാണോ എന്നൊരു ഉള്‍വിളിയുടെ പുറത്തു പഴയ ഫോട്ടോകള്‍ നോക്കുമ്പോള്‍ അതില്‍ തനിക്കു മീശ ഉള്ളതായി കാണുന്നു.എന്നാല്‍ പരിചയം ഉള്ളവര്‍  ഒന്നും ആ ഒരു ഭാവം കാണിക്കുന്നില്ല താനും.ഇവിടെ മാര്‍ക്കിന്റെ തോന്നലുകള്‍ ശരി ആയിരുന്നോ?അതോ അയാളുടെ ചുറ്റും ഉള്ള ലോകം അയാളോട് കള്ളം പറയുകയാണോ?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.കാന്‍ ചലച്ചിത്ര മേളയില്‍ "Label Europa Cinemas" പുരസ്ക്കാരം ഈ ചിത്രം നേടുകയുണ്ടായി.

More movies @www.movieholicviews.blogspot.com

Sunday, 10 May 2015

364.IT FOLLOWS(ENGLISH,2014)

364.IT FOLLOWS(ENGLISH,2014),|Horror|Thriller|,Dir:-David Robert Mitchell,*ing:-Maika Monroe, Keir Gilchrist, Olivia Luccardi.

    സിനിമ വിഭാഗങ്ങളില്‍ ഏറ്റവും റിസ്ക്‌ ഉള്ളത് കോമഡി .ഹൊറര്‍ എന്നീ ചിത്രങ്ങള്‍ അവതരിപ്പിക്കാന്‍ ആണെന്ന് തോന്നുന്നു.രണ്ടും പാളി പോകാന്‍ നല്ലത് പോലെ സാധ്യത ഉള്ളതാണ്.രണ്ടു വിഭാഗത്തില്‍ ഉള്ള ചിത്രങ്ങളും അതിന്‍റെ ഉദ്ദേശിക്കുന്ന രീതിയില്‍ മികവു പുലര്‍ത്തി ഇല്ലെങ്കില്‍ പരാജയം ആകും ഫലം.എന്തായാലും ഒരു ഹൊറര്‍ പടം ആയി ഇറങ്ങുകയും അത്യാവശ്യം ആളുകളെ പേടിപ്പിക്കാനും കഴിയുന്ന ചിത്രം ആയി തോന്നി "It Follows"

  പേരില്‍ ഉള്ളത് പോലെ തന്നെ ആളുകളെ പിന്തുടരുന്ന രൂപങ്ങള്‍ ആണ് ചിത്രത്തിന്‍റെ പ്രമേയം.ചിത്രത്തിന്‍റെ ആരംഭത്തില്‍ ഭയന്നോടുന്ന പെണ്‍ക്കുട്ടിക്ക് എന്ത് സംഭവിച്ചു എന്നുള്ളത് പെട്ടന്ന് ഒരു ഷോക്ക് ആയി മാറും.പിന്നീട് സമാന സംഭവങ്ങള്‍ നടക്കുന്നത് ജയ്‌ എന്ന പെണ്‍ക്കുട്ടിക്കു  ആണ്.രൂപങ്ങള്‍ ഒരാളുടെ മുന്നില്‍ ദൃശ്യം ആകുന്നതു എങ്ങനെ എന്നുള്ള വിശദീകരണം അവളുടെ കാമുകന്‍ ആയി അല്‍പ്പ ദിവസം നടന്ന ജെഫ് എന്ന യുവാവ് നല്‍കുന്നുണ്ടെങ്കിലും ചിത്രത്തില്‍ അതിന്‍റെ വലിയൊരു വിശദീകരണം ഇല്ല.ഒരു പ്രേത പടത്തില്‍ നമ്മള്‍ കാണുന്നതിനും അപ്പുറം ഉള്ള ഒരു ചെറിയ ചെയിന്‍ മാത്രം ആണ് ഈ ചിത്രത്തില്‍ ഉള്ളത്.Prequel ആയി ഒരു രണ്ടാം ഭാഗം വരുന്നു എന്നുള്ള സംസാരവും ഉണ്ട്.

  ലിമിറ്റഡ് പ്രേക്ഷകര്‍ക്ക്‌  വേണ്ടി ആദ്യം റിലീസ് ചെയ്ത ഈ ചിത്രം പിന്നീട് വലിയ തോതില്‍ റിലീസ് ആകുകയായിരുന്നു.പ്രത്യേകിച്ചും സ്ഥിരം പ്രേത ചിത്രങ്ങളിലെ പോലെ ഉള്ള ഫാന്‍സി ഡ്രെസ് പ്രേതങ്ങള്‍ കുറവായിരുന്നു ഈ ചിത്രത്തില്‍.ഒപ്പം ഭയപ്പെടുത്തുന്ന ശബ്ദം ഉണ്ടാക്കുന്നവയും.സംവിധായകന്‍ ആയ മിച്ചല്‍ കുട്ടിക്കാലത്ത് കണ്ട സ്വപ്നങ്ങളെ ആസ്പദം ആക്കി ആണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.ചിത്രത്തിന്‍റെ അവസാനവും ചിലതെല്ലാം ചോദ്യം ആയി അവശേഷിപ്പിച്ചാണ് തീരുന്നത്.ഒരു പക്ഷേ അടുത്ത ഭാഗം അതിനു ഉത്തരം നല്‍കുമായിരിക്കും.എന്തായാലും ഇപ്പോള്‍ പ്രേക്ഷകന് സ്വന്തമായ രീതിയില്‍ അനുമാനിക്കാം ആ സംഭവങ്ങളെ എന്ന് തോന്നുന്നു.

More movie suggestions @www.movieholicviews.blogspot.com  

363.KINGSMAN:THE SECRET SERVICE(ENGLISH,2014)

363.KINGSMAN:THE SECRET SERVICE(ENGLISH,2014),|Thriller|Action|,Dir:-Matthew Vaughn,*ing:-Colin Firth, Taron Egerton, Samuel L. Jackson

  ഈ അടുത്തിറങ്ങിയ മികച്ച സ്പൈ  ചിത്രങ്ങളില്‍ ഒന്നാണ് Kingsman:The Secret Service.പ്രേക്ഷകനെ രസിപ്പിക്കാന്‍ ഉള്ളതെല്ലാം മാത്യു വോനും കൂട്ടരും ചിത്രത്തില്‍ ഒരുക്കിയിട്ടുണ്ട്."വിശ്വരൂപം" സിനിമയിലെ പ്രശസ്തമായ സംഘട്ടന രംഗം വെറും മിനിയേച്ചര്‍ ആക്കി മാറ്റുന്ന സ്ടയലിഷ് സംഘട്ടന രംഗങ്ങള്‍ ആണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്.ഒപ്പം സ്ഥിരം സ്പൈ ചിത്രങ്ങളില്‍ കാണുന്നതിലും ഒരു പടി മുകളില്‍ നില്‍ക്കുന്ന സ്ടയലിഷ് കഥാപാത്രങ്ങളും ചിത്രത്തെ ആ ജോനറില്‍ ഉള്ള ചിത്രങ്ങളില്‍ മുകളില്‍ നിര്‍ത്താനും മാത്രം പ്രാപ്തം ആണ്.

    ഡേവ് ഗിബ്ബന്‍സ്,മാര്‍ക്ക് മില്ലര്‍ എന്നിവര്‍ രചിച്ച "ദി സീക്രട്ട് സര്‍വിസ് " എന്ന കോമിക് പുസ്തകം ആണ് ഈ ചിത്രത്തിന്‍റെ കഥയ്ക്ക്‌ ആധാരം.അതീവ രഹസ്യ സ്വഭാവം ഉള്ള ഒരു ചാര സംഘടന ആണ് കിംഗ്സ്മാന്‍.ഒരു രാജ്യത്തിന്റെയും രാഷ്ട്രീയത്തിന്റെയും പിണിയാളുകളുടെ നിയന്ത്രണങ്ങള്‍  ഇല്ലാത്ത രഹസ്യ സംഘടന ആണ്.അവര്‍ വര്‍ഷങ്ങളായി  അവരുടെ രഹസ്യ സ്വഭാവം നില നിര്‍ത്തുന്നു.1997 ല്‍ നടന്ന അവരുടെ ഒപരെഷനില്‍ മരിച്ച പുതിയ ഉദ്യോഗസ്ഥന്റെ കുടുംബത്തിനു സഹായവും ആയി ഹാരി ഹാര്‍ട്ട് എന്ന എജന്റ്റ് വരുന്നു.എന്തെങ്കിലും സഹായം ആവശ്യം ഉണ്ടെങ്കില്‍ ഉപയോഗിക്കണ്ട കോഡും നമ്പറും അടങ്ങിയ വിവരങ്ങള്‍  മരിച്ചയാളുടെ മകനായ എഗ്സിക്ക് നല്‍കുന്നു.വര്‍ഷങ്ങള്‍ക്കു ശേഷം എഗ്സിക്ക് ഒരു ആവശ്യം ഉണ്ടാകുന്നു.അച്ഛന്‍ മരിച്ചതിനു ശേഷം ദുരിതത്തില്‍ ആയ ജീവിതത്തില്‍ എഗ്സിക്ക് അന്ന് നല്‍കിയ ആ സമ്മാനം ഉപയോഗപ്രദം ആകുന്നു.അത് പോലെ ജീവിതത്തില്‍ ഒരിക്കലും വിചാരിക്കാത്ത മാറ്റങ്ങളും വരുന്നു.

   എഗ്സിയെ പോലെ ജീവിതം നയിച്ചിരുന്ന ഒരാള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത വഴികളിലേക്ക് എത്തി ചേരാന്‍ മുന്നില്‍ വഴികള്‍ ഉണ്ട്.അതിനു ആവശ്യം കഠിനാധ്വാനം മാത്രം ആണ്.ഒപ്പം സ്വയം ആര്‍ജ്ജിച്ച മനോബലവും.സസ്പന്‍സ് ചേരുവകകള്‍ കുറവ് ആണെങ്കിലും ആ ഒരു കുറവ് നിര്‍ത്തുന്ന രീതിയില്‍ ആണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.പ്രത്യേകിച്ചും പള്ളിയിലെ ആ സംഘട്ടന രംഗവും ഒപ്പം ക്ലൈമാക്സിലെ ഫയര്‍ വര്‍ക്സും. ചിത്രം ലോകം എമ്പാടും വലിയ ഹിറ്റ്‌ ആയി മാറിയിരുന്നു.മാത്യൂ വോണ്‍ ചിത്രങ്ങളിലെ ഏറ്റവും വലിയ ഹിറ്റ്‌ ആയ ഈ ചിത്രം ഒരു രണ്ടാം ഭാഗം ആയി തിരയില്‍ വരുമെന്ന് കേള്‍ക്കുന്നുണ്ട്.എന്തായാലും ഈ ഭാഗത്തോടെ ഞാന്‍ ഈ ചിത്രത്തിന്‍റെ ആരാധകന്‍ ആയി മാറിയിട്ടുണ്ട്.

More movie suggestions @www.movieholicviews.blogspot.com

Wednesday, 6 May 2015

362.DUM LAGA KE HAISHA(HINDI,2015)

362.DUM LAGA KE HAISHA(HINDI,2015),|Comedy|Family|,Dir:-Sharat Katariya,*ing:-Ayushman Khurana,Bhumi Pednekar.

  ഇന്ത്യന്‍ സിനിമയുടെ തലസ്ഥാനം ആയ ബോളിവുഡ് സാമ്പത്തിക ലാഭം മാത്രം നോക്കി നിര്‍മിക്കുന്ന കോടികള്‍ എറിഞ്ഞുള്ള താര ചിത്രങ്ങളുടെ ഇടയില്‍ വന്ന ഒരു കൊച്ചു ചിത്രം ആണ് "ദം ലഗാ കെ ഹൈഷ".ബോളിവുഡ് നായിക സങ്കല്‍പ്പങ്ങളില്‍ നായികയുടെ സീറോ സൈസിന് ഉള്ള പ്രാധാന്യം ഒക്കെ മാറ്റി വളരെയധികം തടി ഉള്ള നായിക ആണ് ചിത്രത്തില്‍ ഉള്ളത്.കൂടെ  പാവത്താനായ നായകനും.തൊണ്ണൂറ്റിഅഞ്ചില്‍ നടക്കുന്ന സംഭവങ്ങള്‍ ആണ് ചിത്രത്തില്‍ ഉടന്നീളം.

  പ്രേം പ്രകാശ് എന്ന യുവാവ് കുമാര്‍ സാനുവിന്റെ ആരാധകന്‍ ആണ്.ആരാധന മൂത്ത പ്രേം ആ കൊച്ചു പട്ടണത്തില്‍ ഒരു കാസറ്റ് കട നടത്തുന്നു.ഇംഗ്ലീഷ് അറിയാത്ത പ്രേം പ്രകാശ് പ്ലസ് ടൂ ജയിച്ചിട്ടില്ല.സ്വന്തം പിതാവിനെ വളരെയധികം ഭയക്കുന്ന പ്രേം പ്രകാശ് വണ്ണം ഉള്ള സന്ധ്യ എന്ന യുവതിയെ വിവാഹം ചെയ്യാന്‍ ആ ഭയം കാരണം  സമ്മതിക്കുന്നു.സന്ധ്യ ,പ്രേമിന്‍റെ സ്ത്രീ സങ്കല്‍പ്പങ്ങളില്‍ നിന്നും വ്യത്യസ്ത ആയിരുന്നു.വിദ്യാഭ്യാസം ഉള്ള സന്ധ്യയോടു പ്രേമിന് ഒരു തരം ഈഗോയും അവളുടെ വണ്ണം ഉള്ള  ശരീരത്തോട് അവജ്ഞയും ആയിരുന്നു.സന്ധ്യ കുടുംബ ജീവിതം മുന്നോട്ടു കൊണ്ട് പോകാന്‍ ശ്രമിക്കുന്നു.അവരുടെ ജീവിതം എന്നാല്‍ പോയിരുന്നത് നേരായ വഴിയില്‍ അല്ലായിരുന്നു.ഒരു ശരാശരി ഇന്ത്യന്‍ യുവാവിന്റെ ഈഗോയും സ്ത്രീകളോട് തോറ്റ് കൊടുക്കാന്‍ ഉള്ള മടിയും അത് പോലെ സുഹൃത്തുകള്‍ക്കു ലഭിച്ച നല്ല ജീവിതത്തില്‍ അസൂയയും ഉള്ള പ്രേം പ്രകാശ് കുടുംബ ജീവിതത്തില്‍ പരാജയം ആകുന്നു.

     എന്നാല്‍ പ്രേമിന്റെയും സന്ധ്യയുടെയും ജീവിതത്തില്‍ മാറ്റം വരുത്താന്‍ സാധിക്കുന്ന ഒന്നുണ്ടായിരുന്നു.അതിലേക്കു നയിക്കുന്ന സംഭവങ്ങള്‍ ആണ് ചിത്രം ബാക്കി അവതരിപ്പിക്കുന്നത്‌.കുറച്ചു തമാശയും പിന്നെ തൊണ്ണൂറ്റിഅഞ്ചുകളുടെ നൊസ്റ്റാള്‍ജിയയും എല്ലാം ചേര്‍ത്ത് എടുത്ത ഈ ചിത്രം തരക്കേട് ഇല്ലാത്ത ഒന്നാണ്.ഈ ചിത്രത്തില്‍ സന്ധ്യ ആയി അഭിനയിച്ച ഭൂമി പെട്നെക്കാര്‍ ഇന്ത്യന്‍ സിനിമയില്‍ നായകന്മാര്‍ മാത്രം ചെയ്തു വരുന്ന Weight Transformation നന്നായി ചെയ്തിട്ടുണ്ട്.സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞതിനു ശേഷം ഉള്ള അവരുടെ രൂപം കണ്ടാല്‍ അത് മനസ്സിലാകും.

More movie suggestions @www.movieholicviews.blogspot.com

Sunday, 3 May 2015

361.LAKESIDE MURDER CASE(JAPANESE,2004)

361.LAKESIDE MURDER CASE(JAPANESE,2004),|Mystery|,Dir:-Shinji Aoyama,*ing:-Kôji Yakusho, Hiroko Yakushimaru, Akira Emoto .

   കുട്ടികളുടെ വിദ്യാഭ്യാസത്തെ കുറിച്ച് ആശങ്ക ഉള്ളവരാണ് മാതാപിതാക്കള്‍ മിക്കവാറും എല്ലാവരും.അത് ലോകത്തിന്റെ ഏതു കോണില്‍ ആയാലും പ്രസക്തം ആയ ഒരു വിഷയം ആണെന്ന് തോന്നുന്നു.ജപ്പാനിലെ ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരം പ്രദാനം ചെയ്യുന്ന സ്ക്കൂള്‍ ആണ് ശുബുന്‍ഖാന്‍.അവിടെ കുട്ടികള്‍ക്ക് അഡ്മിഷന്‍ കിട്ടുക എന്നുള്ളത് വളരെ കഠിനം ആണ്.അതിനു അവര്‍ പല തട്ടില്‍ ഉള്ള പരീക്ഷയില്‍ പങ്കെടുക്കേണ്ടി വരും.ഹിമെഗാമി തടാകത്തിന്റെ തീരത്തുള്ള സ്ഥലത്താണ് കുട്ടികളുടെ പരീക്ഷകള്‍ നടക്കുന്നത്.പരീക്ഷകള്‍ നടത്തുന്നത് ടൌകുമി എന്ന അദ്ധ്യാപകന്‍ ആണ്.പരീക്ഷകളില്‍ പങ്കെടുക്കാന്‍ മൂന്നു കുട്ടികളും അവരുടെ മാതാപിതാക്കളും എത്തിയിട്ടുണ്ട്.

     നമിക്കിയുടെ മകള്‍ പരീക്ഷയില്‍ പങ്കെടുക്കുന്നുണ്ട്.എന്നാല്‍ അത് അയാളുടെ സ്വന്തം മകള്‍ അല്ല.തന്‍റെ ഭാര്യയുടെ ആദ്യ വിവാഹത്തിലെ കുട്ടിയാണ് മൈക്ക.മിക്കായുടെ അമ്മയായ മിനാക്കോയും ആയി വേര്‍പിരിയാന്‍ നമിക്കി തീരുമാനിച്ചിരിക്കുന്നു.എന്നാല്‍ കുട്ടിയുടെ അഡ്മിഷന്‍ നടക്കാന്‍ വേണ്ടി അവര്‍ രണ്ടു പേരും ഒരുമിച്ചു അവിടെ എത്തുന്നു.കുട്ടികളുടെ പരീക്ഷകളുടെ ഒപ്പം മാതാപിതാക്കന്മാര്‍ക്കും അവിടെ അഭിമുഖങ്ങള്‍ നടത്തുന്നുണ്ട്.അപ്പോഴാണ്‌ അവിടെ നമിക്കിയുടെ കാമുകിയായ ടക്കഷിന എന്ന ഫോട്ടോഗ്രാഫര്‍ അവിടെ എത്തുന്നത്‌.അവര്‍ താമസിക്കുന്നത് പുഴക്കരയില്‍ ഉള്ള ഒരു ഹോട്ടലില്‍ ആണ്.

  അന്ന് രാത്രി ടക്കഷിനയെ കാണാനായി ഇറങ്ങിയ നമിക്കി തിരിച്ചു വന്നപ്പോള്‍ അയാളുടെ ഭാര്യ ഒരു രഹസ്യം പറയുന്നു.എല്ലാവരുടെയും ജീവനെ ബാധിക്കുന്ന ആ രഹസ്യം ഒന്നെങ്കില്‍ പുറത്തു അറിയിക്കാം.അല്ലെങ്കില്‍ ഒളിച്ചു വയ്ക്കാം.എന്നാല്‍ അതിനു വ്യക്തമായ പദ്ധതികള്‍ വേണം.അതിനായി അവര്‍ ഒത്തു ചേരുന്നു.എന്താണ് ആ രഹസ്യം?അവര്‍ എന്തിനാണ് അത് ഒളിച്ചു വയ്ക്കുന്നത്?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.കുട്ടികളുടെ  വളര്‍ച്ചയില്‍ അവരുടെ സ്വാതന്ത്ര്യം എന്ത് മാത്രം ഉണ്ടെന്നുള്ള വിശകലനം നടക്കുന്നതിനോടൊപ്പം മാതാപിതാക്കളുടെ മത്സരബുദ്ധിയും ഈ മിസ്റ്ററി/ത്രില്ലര്‍ അന്വേഷിക്കുന്നു.ഒരു സ്ലോ പോയിസന്‍ പോലെ നമുക്ക് ഇഷ്ടം ആകുന്ന ചിത്രം ആണ് പുഴയരികിലെ കൊലപാതക കേസ് ..

More movie suggestions @www.movieholicviews.blogspot.com