Pages

Monday, 28 April 2014

108.THE RAID 2:BERANDAL

108.THE RAID 2:BERENDAL(INDONESIAN,2014),|Crime|Action|,Dir:-Gareth Evans,*ing:-Iko UwaisYayan RuhianArifin Putra

2011 ല്‍ ഇറങ്ങിയ Raid:Redemption എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗം ആണ് Raid 2:Berendal.ആദ്യ ഭാഗം ഏതൊരു ആക്ഷന്‍ സിനിമ ആരാധകനെയും ത്രില്‍ അടിപ്പിക്കുന്ന ഒന്നായിരുന്നു.അതി വേഗതയും സാഹസവും  എല്ലാം ഒത്തു ചേര്‍ന്ന ആദ്യ ഭാഗം കണ്ടവര്‍ ഒക്കെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയായിരുന്നു.അനധികൃതമായ ഒരു കെട്ടിടത്തിലേക്ക് ഇരച്ചു കയറുന്ന പോലീസുകാര്‍ക്ക് നേരിടേണ്ടി വന്ന സാഹചര്യങ്ങള്‍ ആണ് ആദ്യ ഭാഗത്തിന്റെ ഇതിവൃത്തം.അവര്‍ ആ ആക്രമണത്തിന് പോയതിനു പിന്നില്‍ ഒരു വലിയ ചതി ഒളിച്ചിരുന്നു.ഒരു സിനിമ മുഴുവന്‍ സംഘട്ടനത്തിനു വേണ്ടി മാറ്റി വച്ചത് പോലെ ആയിരുന്നു ആദ്യ ഭാഗം.നായക കഥാപാത്രങ്ങളും വില്ലന്മാരും എല്ലാം ചേര്‍ന്ന് ആ സിനിമയെ കുറച്ചു പേര്‍ക്കെങ്കിലും ഒരു കള്‍ട്ട് ആണെന്ന് തോന്നിപ്പിച്ചു.രണ്ടാം ഭാഗം ആരംഭിക്കുന്നത് ആദ്യ ഭാഗം അവസാനിക്കുന്നിടത്ത് നിന്നാണ്.രാമ എന്ന ആദ്യ  ഭാഗത്തിലെ നായകന്‍റെ സഹോദരന്‍ ആന്‍ഡി കൊല്ലപ്പെടുന്നു.ആന്‍ഡി  നിര്‍ദേശിച്ചത് അനുസരിച്ച് ബുനാവര്‍ എന്ന വിശ്വസ്തനായ പോലീസുകാരനെ കാണാന്‍ രാമ പോകുന്നു.
    
  രാമയെയും കൂട്ടരെയും  ചതിച്ചവരെ ബുനാവര്‍ തീര്‍ക്കുന്നു.അയാള്‍ രാമയോടു ഒരു പുതിയ ദൌത്യം ഏറ്റെടുക്കാന്‍ പറയുന്നു.എന്നാല്‍ കുടുംബത്തെ ഉപേക്ഷിച്ചു പോകാന്‍ താല്‍പ്പര്യം ഇല്ലാതിരുന്ന രാമ അവസാനം ദൌത്യം ഏറ്റെടുക്കുന്നു.സ്വന്തം കുടുംബത്തിന്‍റെ സുരക്ഷ ബുനാവര്‍ ഏറ്റെടുക്കും എന്ന ഉറപ്പിന്‍ മേല്‍.രാമ അടുത്ത ദൌത്യം ആരംഭിക്കുന്നു.ഇത്തവണ ഒരു അണ്ടര്‍ കവര്‍ ദൌത്യം ആണ് രാമയ്ക്ക്."യുട " എന്ന പേരില്‍.രാമയുടെ മുന്നില്‍ ഉള്ളവര്‍ സാധാരണക്കാര്‍ അല്ല.അതി ശക്തരും സമൂഹത്തില്‍ ഉന്നത സ്വാധീനവും ഉള്ള കുറ്റവാളികള്‍ ആണ്.കൂടെ തന്‍റെ സഹോദരന്‍ ആന്‍ഡിയെ കൊല്ലപ്പെടുത്തിയ ബേജോയും  ഇത്തവണ തന്‍റെ ദൌത്യത്തില്‍ ലക്ഷ്യമായി  ഉണ്ട്.രാമയുടെ രണ്ടാമത്തെ സാഹസികതയാണ് Raid 2:Berandal അവതരിപ്പിക്കുന്നത്‌.

    ആദ്യ ഭാഗം വച്ച് നോകുമ്പോള്‍ ആ ചിത്രം നല്‍കിയ അത്ര ഭീകരത ഇത്തവണ  ഇല്ല.രാമ ആയി അഭിനയിക്കുന്ന ഇകോ ഇത്തവണ അല്‍പ്പം കൂടി ശക്തനായി തോന്നി.ശരീരം മെച്ചപ്പെടുത്തിയിട്ടുണ്ട്.കഥയില്‍ പുതുമ ഒന്നും പറയാന്‍ ഇല്ല ആദ്യ ഭാഗം പോലെ തന്നെ.പക്ഷേ ഇത്തവണ ഒരു ഗാങ്ങ്സ്റ്റെര്‍ സിനിമ ആയപ്പോള്‍ അതിനനുസരിച്ചുള്ള രീതിയില്‍ മാറ്റങ്ങളും വരുത്തിയിട്ടുണ്ട്.എങ്കില്‍ പോലും ഈ അടുത്തിറങ്ങിയ നല്ല ആക്ഷന്‍ ചിത്രങ്ങളില്‍ പെടുത്താം ഈ രണ്ടാം ഭാഗത്തെയും.സംവിധായകന്‍ ഗരേത് ഇവാന്‍സ് ഇക്കണക്കിനു പോയാല്‍ ആക്ഷന്‍ ചിത്രങ്ങളുടെ അപ്പോസ്തലികന്‍ ആകാന്‍ ഉള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്.ടോണി ജാ പരീക്ഷിച്ച ആയോധന കലയില്‍ നിന്നും കൂടുതല്‍ വേഗതയും വീര്യവും ഈ ചിത്രങ്ങളിലെ സംഘട്ടനങ്ങളില്‍ ഉണ്ട്.അതി ക്രൂരമായ രംഗങ്ങള്‍ ആദ്യ ഭാഗത്തെ പോലെ ഇല്ലെങ്കിലും ഇത്തവണയും ആവശ്യത്തിനു ചേര്‍ത്തിട്ടുണ്ട്.ആക്ഷന്‍ ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്ന എല്ലാവരും ആദ്യ ഭാഗം(കണ്ടിട്ടില്ലെങ്കില്‍) അതിനു ശേഷം രണ്ടാം ഭാഗവും കാണുക.തീര്‍ച്ചയായും ഇഷ്ടപ്പെടും.ഒരു സിനിമ എന്ന നിലയില്‍ ഞാന്‍ ഇതിനു നല്‍കുന്ന മാര്‍ക്ക് 6.5/10..പക്ഷെ ഒരു ആക്ഷന്‍ സിനിമ ആസ്വാധകന്‍ എന്ന നിലയില്‍ 8/10!! 

More  reviews @ www.movieholicviews.blogspot.com

Tuesday, 8 April 2014

107.JUNK MAIL(NORWEGIAN,1997)

JUNK MAIL(NORWEGIAN,1997),|Thriller|Comedy|,Dir:-Pål Sletaune,*ing:- Robert SkjærstadAndrine SætherPer Egil Aske

 Junk Mail-അനാവശ്യമായി ഇന്‍ബോക്സില്‍ വരുന്ന മെയിലുകളെ സൂചിപ്പിക്കുന്ന വാക്ക്.അത് പോലെ തന്നെയാണ് പലരുടെയും ജീവിതത്തില്‍ അനാവശ്യമായി കടന്നു വരുന്ന ചില കഥാപാത്രങ്ങളും.അവര്‍ ഒരാളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങള്‍ മനസ്സിലാക്കുകയും അവരുടെ ജീവിതത്തില്‍ സ്ഥാനം ഉണ്ടാക്കി എടുക്കാനും ശ്രമിക്കുന്നു.നമ്മുടെയെല്ലാം മെയിലുകളില്‍ വരുന്ന സ്പാം അഥവാ ജങ്ക് മെയില്‍ ചെയ്യുന്നതും ഇതാണ്.ഇവിടെ ജങ്ക് മെയില്‍ എന്ന് പറയാവുന്ന ഇതിലെ പ്രധാന കഥാപാത്രമായ പോസ്റ്റ്മാനെ ആണ്.രസകരമല്ലാത്ത മുഷിഞ്ഞ തന്‍റെ ബാഗ് പോലെ തന്നെയാണ് അയാളുടെ ജീവിതവും.ആകെമൊത്തം മുഷിപ്പ്.അയാളെ ഇഷ്ടപ്പെടുന്ന വിരൂപയായ സഹപ്രവര്‍ത്തക,ജീവിതത്തില്‍ വിനോദത്തിന് തീരെ  പ്രാധാന്യം കൊടുക്കാത്ത സുഹൃത്തുക്കളും തൊഴിലും എല്ലാം കൂടി റോയ് എന്ന പോസ്റ്റ്മാന്റെ ജീവിതത്തിനെ സ്വാധീനിക്കുന്നു.ഒരു പക്ഷേ അയാളുടെ സ്വഭാവത്തിന് ചേര്‍ന്ന സ്ഥലത്തായിരിക്കും അയാള്‍ എത്തപ്പെട്ടത്.

  റോയ് ദുര്‍ബലനാണ്.ശാരീരികമായും മാനസികമായും.പോസ്റ്റ്‌ ചെയ്യാന്‍ ഉള്ള എഴുത്തുകള്‍ ആവശ്യക്കാരില്‍ എത്തിച്ചേരുന്നത് അയാളുടെ താല്‍പ്പര്യം അനുസരിച്ച് മാത്രമാണ്.അയാളുടെ പ്രധാന വിനോദം എന്ന് പറയാവുന്നതും അതാണ്‌.മറ്റുള്ളവരുടെ കത്തുകള്‍ തുറന്നു നോക്കി വായിക്കുന്നതില്‍ അയാള്‍ സന്തോഷം കണ്ടെത്തിയിരുന്നു.അയാള്‍ വല്ലപ്പോഴും ചിരിക്കുന്നത് അവ വായിക്കുമ്പോഴും വായിച്ചതിനു ശേഷം അത് ആവശ്യക്കാരില്‍ എത്തുമ്പോഴും ആയിരുന്നു.ഒരു ദിവസം റോയ് ഒരു ഡ്രൈ ക്ലീനിംഗ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ലിനെ എന്ന സ്ത്രീയെ കണ്ടുമുട്ടുന്നു.ഒരു പുസ്തക കടയില്‍ അവരുടെ പ്രവര്‍ത്തി കണ്ട അയാള്‍ അവരെ നിരീക്ഷിക്കുന്നു.ഒരു ദിവസം എഴുത്തുകള്‍ കൊടുക്കാന്‍ നേരം അയാള്‍ അബദ്ധത്തില്‍ ലിനെ പോസ്റ്റ്ബോക്സില്‍ വച്ചിട്ട് പോകുന്ന അവരുടെ അപ്പാര്‍ട്ട്മെന്റിന്റെ താക്കോല്‍ കൈക്കലാക്കുന്നു.അയാള്‍ അവരുടെ വീട്ടില്‍ ആരും ഇല്ലാതിരുന്ന നേരത്ത് കയറി ചെല്ലുന്നു.ആ അപ്പാര്‍ട്ട്മെന്റിന്റെ താക്കോലിന്റെ മറ്റൊരു പതിപ്പുണ്ടാക്കി ഉപയോഗിക്കുന്നു.എന്നാല്‍ മറ്റൊരാളുടെ ജീവിതത്തില്‍ അവരറിയാതെ നോക്കുന്ന അയാളുടെ പ്രവര്‍ത്തികള്‍ അയാളെ കൂടുതല്‍ കുഴപ്പങ്ങളില്‍ കൊണ്ടെത്തിക്കുന്നു.ഒരു ജങ്ക് മെയില്‍ എന്ന് വിളിക്കാവുന്ന റോയുടെ ജീവിതം പല കാരണം കൊണ്ടും അവിടെ നിന്നും മാറുന്നു.റോയുടെ കണ്ടെത്തലുകള്‍ ലിനെയുടെ ജീവിതതിനെയും സ്വാധീനിക്കുന്നു.റോയ് തുറക്കാന്‍ നോക്കിയത് ലിനയുടെ ജീവിതത്തിലെ ചില രഹസ്യങ്ങളായിരുന്നു.എന്താണ് ആ രഹസ്യങ്ങള്‍?അവിടെ മുതല്‍ ആണ് ഈ ചിത്രം ഒരു ത്രില്ലര്‍ ആയി മാറുന്നത്.

  അന്താരാഷ്‌ട്ര ചലച്ചിത്ര മേളകളില്‍ പുരസ്ക്കാരങ്ങള്‍ വാരി കൂട്ടിയ ഈ ചിത്രം കഥയ്ക്ക്‌ ആവശ്യമായ രീതിയില്‍ കാര്യങ്ങള്‍ പറഞ്ഞ് പോകുന്ന മിതത്വം പാലിക്കുന്നു.ലിനെ ആയി അഭിനയിച്ച അന്നെ ലിനെസ്ടാദ്,റോയ് ആയി അഭിനയിച്ച റോബര്‍ട്ട് എന്നിവര്‍ തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി.ചുരുങ്ങിയ സമയം കൊണ്ട് സിനിമ അവതരിപ്പിച്ചു എന്നത് ഈ ചിത്രത്തിന് അവകാശപ്പെടാവുന്ന വിജയം ആണ്.അധികം എച്ചുക്കെട്ടലുകള്‍ ഇല്ലാതെ പാകമാക്കിയ ഒരു നോര്‍വീജിയന്‍ ബ്ലാക്ക് കോമഡി ത്രില്ലര്‍ എന്ന് പറയാം ജങ്ക് മെയിലിനെ.വ്യത്യസ്തമായ അവതരണ ശൈലിയില്‍ ഉള്ള ഒരു ത്രില്ലര്‍ ആണ് ഈ ചിത്രം,പ്രമേയവും വ്യത്യസ്ഥം.ഞാന്‍ ഈ ചിത്രത്തിന് നല്‍കുന്ന മാര്‍ക്ക് 7/10.

 More reviews @ www.movieholicviews.blogspot.in

Friday, 4 April 2014

106.THE UNJUST(KOREAN,2010)

106.THE UNJUST(KOREAN,2010),|Crime|Thriller|,Dir:-Seung-wan Ryoo,*ing:-Jeong-min HwangSeung-beom RyuHae-jin Yu

 നീതി എന്നുളത് പലതിനോടും പലരോടും  സന്ധി ചെയ്തു ലഭിക്കുന്ന അവസ്ഥയില്‍ സമൂഹത്തില്‍ അരാജകത്വം ഉത്ഭവിക്കുന്നു.അത്തരമൊരു പ്രമേയം കൈകാര്യം ചെയ്യുകയാണ് The Unjust എന്ന ഈ കൊറിയന്‍ ചിത്രം.ഒരു പെണ്‍ക്കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെടുന്നു.അതിനു ശേഷം അവളെ കൊലപ്പെടുകയും ചെയ്യുന്നു.തെളിവുകള്‍ ഒന്നും ഇല്ലാതിരുന്ന ആ കേസില്‍ നിയമവ്യവസ്ഥ മുഴുവന്‍ ഇരുട്ടില്‍ തപ്പുന്നു.ഭരണകൂടത്തിനെതിരായി ശക്തമായ പ്രതിഷേധം ഉയര്‍ന്ന അവസ്ഥയില്‍ അന്വേഷണം ത്വരിതപ്പെടുത്തുന്നു.ആ അവസരത്തില്‍ മരണപ്പെട്ട പെണ്‍ക്കുട്ടിയുടെ ബന്ധുവായ പോലീസുകാരന്‍ പ്രതിയെന്നു സംശയിക്കുന്ന ആളെ കൊല്ലപ്പെടുത്തുന്നു.അതോടെ പോലീസിന്‍റെ അരാജകത്വത്തിനെതിരെ ശബ്ദം ഉയരുന്നു.ആ അവസരത്തില്‍ ഒരു പ്രതിയെ നിയമത്തിന്റെ മുന്നില്‍ നിര്‍ത്തേണ്ട ആവശ്യകത പോലീസിനു വരുന്നു.പ്രസിഡന്റിന്റെ ബ്ലൂ ഹൌസില്‍ നിന്നുള്ള നിര്‍ദേശം കൂടി ആയപ്പോള്‍ പോലീസ് അടുത്ത വഴികള്‍ തങ്ങളുടെ നിലനില്‍പ്പിനായി തേടുന്നു.

  ആ അവസരത്തില്‍ ആണ് പലപ്പോഴുമായി അക്കാദമിയില്‍ നിന്നുമുള്ള ബിരുദം ഇല്ലാത്തത് കൊണ്ട് ഉദ്യോഗകയറ്റം പലപ്പോഴും അകന്നു പോയ ചോയിയെ ഈ കേസ് അന്വേഷിക്കാന്‍ ഏര്‍പ്പെടുത്തുന്നത്. ചോയിടെ മുന്നില്‍ ഉള്ള ലക്‌ഷ്യം ഒരു തെളിവുകള്‍ എല്ലാം വിരല്‍ ചൂണ്ടുന്ന ഒരു കൊലപാതകി മാത്രം.പകരമായി തന്‍റെ ടീമില്‍ ഉള്ളവരുടെ അഴിമതി ആരോപണങ്ങളില്‍ നിന്നും ഉള്ള വിടുതലും ചോയിയുടെ പ്രൊമോഷനും.എന്നാല്‍ അദൃശ്യമായി നിന്ന ബ്യൂറോക്രസിയും പോലീസുമായി ഉള്ള ഈഗോ പ്രശ്നങ്ങള്‍ ആ കേസിനെ മറ്റു തലത്തിലേക്ക് എത്തിക്കുന്നു.ഇതിനു മുന്‍പ് ചോയി അന്വേഷിച്ച അഴിമതി കേസ് അയാള്‍ക്കുണ്ടാക്കിയ ശത്രുവാണ് പ്രോസിക്യുടര്‍ ആയ ജൂ യാംഗ്.ശക്തമായ അധികാര പിന്‍ബലം ഉള്ള ജൂ യാംഗ് ചോയിയെ പിന്തുടരാന്‍ തുടങ്ങുന്നു.അതോടു കൂടി ഈ കേസ് മറ്റൊരു വഴിത്തിരിവില്‍ എത്തുന്നു.ചോയിയുടെ ആവശ്യം ഒരു കുറ്റവാളി ആണ്.കൊലപാതകത്തിനെ ബന്ധിപ്പിക്കുന്ന  ഒരു കുറ്റവാളി.എന്നാല്‍ ജൂ യാംഗിനു ചോയിയെ അകപ്പെടുത്തുകയും വേണം.ഇവരുടെ ഇടയിലേക്ക് മറ്റൊരു അധികാര കൊതിയനും കൂടി എത്തുന്നു.അതോട്  കൂടി സ്ഥിതി കൂടുതല്‍ സങ്കീര്‍ണം ആകുന്നു.ആരാണ് ആ മൂന്നാമതൊരാള്‍?ചോയിക്ക്‌ പ്രതിയെ ലഭിക്കുമോ?ജൂ യാംഗിനു ലക്‌ഷ്യം നിറവേറ്റാന്‍ സാധിക്കുമോ?ഇതിനിടയില്‍ ആരെയും വക വയ്ക്കാതെ നടക്കുന്ന ചതികളും കുതന്ത്രങ്ങളും ആണ് ബാക്കി സിനിമ.

  കൊറിയയിലെ നിയമവ്യവസ്ഥയിലെ അപകടകരമായ പ്രവണതകള്‍ അവതരിപ്പിക്കുകയാണ് ഈ ചിത്രം.പ്രേക്ഷക പ്രശംസയും അത് പോലെ തന്നെ വിജയ ചിത്രം എന്നും അവകാശപ്പെടാവുന്ന ചിത്രമാണ്‌ The Unjust.ജിയോംഗ് മിന്‍ എന്ന പ്രതിഭാശാലിയായ കൊറിയന്‍ അഭിനേതാവാണ്(The Man who was a Superman,New World)  ഇതിലെ ചോയിയെ അവതരിപ്പിച്ചിരിക്കുന്നത്.സ്വാഭാവിക അഭിനയം പ്രത്യേകത ആയുള്ള ഒരു കൊറിയന്‍ നടന്‍ എന്ന് പറയാം ജിയോംഗിനെ.ദക്ഷിണ കൊറിയയിലെ ദേശിയ പുരസ്ക്കാരമായ "ബ്ലൂ ഡ്രാഗന്‍ ഫിലിം അവാര്‍ഡ്സില്‍" വളരെയധികം പ്രശംസിക്കപ്പെട്ട ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് റ്യൂ സിയൂംഗ് ആണ്.തന്‍റെ മുന്‍ ചിത്രങ്ങളെ പോലെ തന്നെ മികച്ചതാക്കിയിട്ടുണ്ട് ഈ ചിത്രവും.അധികാരത്തിന്‍റെ ഇടവഴിയിലെ പാപത്തിന്‍റെ അപ്പക്കഷ്ണങ്ങള്‍ തേടിപ്പോകുന്നവര്‍ക്ക് എന്ത് സംഭവിക്കും എന്നുള്ളത് കൊറിയന്‍ സിനിമയുടെ മുഖമുദ്രയായ രീതിയില്‍ തന്നെ അവതരിപ്പിച്ചിട്ടുണ്ട്.ഞാന്‍ ഈ സിനിമയ്ക്ക് നല്‍കുന്ന മാര്‍ക്ക് 7/10!!

 More reviews @ www.movieholicviews.blogspot.in