Wednesday, 26 September 2018

944.Derailed(Korean,2016)


944.Derailed(Korean,2016)
       Action,Crime.

   
       ആ മൂന്നു ആളുകളും പരസ്പ്പരം കണ്ടു മുട്ടണം എന്നതായിരുന്നു വിധി.സിനിമയുടെ കാല്‍പനികത മാറ്റി വച്ചാല്‍ നമ്മളില്‍ പലര്‍ക്കും കണ്ടെത്താന്‍ കഴിയും ഇത്തരം കഥാപാത്രങ്ങളെ ചുറ്റും.ദൈനംദിന ജീവിതത്തില്‍ അല്ലെങ്കില്‍ പോലും പത്ര വാര്‍ത്തകളില്‍ ഒളിഞ്ഞിരിക്കുന്ന കഥാപാത്രങ്ങളില്‍ കൂടി എങ്കിലും.ഇതൊരു കുട്ടവാളിക്കും അയാളുടെ ഭാഷ്യം ഉണ്ടായിരിക്കും.അയാളുടെ ചെയ്തികളെ ഭൂരിഭാഗവും ന്യായീകരിക്കുന്ന കാരണങ്ങള്‍.അങ്ങനെ ആയിരുന്നു ഈ മൂന്നു പേര്‍ക്കും.അവര്‍ക്കും ഉണ്ടായിരുന്നു അവരുടെതായ കഥ.അവരുടെ ജീവിതം കാണുമ്പോള്‍ കഥാപാത്രങ്ങളുടെ നന്മയും എല്ലാം ചോദ്യങ്ങള്‍ മാത്രം ആകും.

  ഹ്യുംഗ്-സുക്,ജിന്‍ ഇല്‍.സുംഗ് ഹോ എന്നിവരാണിവര്‍.ഇവരില്‍ രണ്ടു പേര്‍ക്ക് അവരുടെ സ്വന്തമായതിനെ കാത്ത് സൂക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരാള്‍ തട്ടിയെടുക്കാന്‍ ആണ് ശ്രമിക്കുന്നത്.അങ്ങനെ അത് തന്‍റെ പ്രിയപ്പെട്ടതാക്കാന്‍ അയാള്‍ ശ്രമിക്കുമ്പോള്‍ സംഭവങ്ങള്‍ എല്ലാം മാറി പോവുകയാണ്.ജീവിതത്തിലെ ദാരിദ്ര്യം ആണ് ഒരു കൂട്ടരേ ആ അവസ്ഥയില്‍ എത്തിച്ചത്.അവര്‍ അതിനായി തിരഞ്ഞെടുത്ത വഴി തെറ്റിയത് കൊണ്ടാകാം പരസ്പ്പരം ബന്ധിപ്പിക്കുന്ന ഈ സംഭവങ്ങളുടെ തുടക്കം അത്തരം ചില സംഭവങ്ങളിലൂടെ ആയിരുന്നു ഈ കഥയുടെ മുന്നോട്ടുള്ള പ്രയാണവും.

   മനുഷ്യന്റെ അതിജീവനത്തിന്റെ കഥയാണ് Derailed.വഴി തെറ്റിയ ജീവിതങ്ങള്‍.അവരെ നേര്‍വഴിക്കു കൊണ്ട് വന്നു പുണ്യവാന്മാര്‍ ഒന്നും ആക്കുന്നില്ല എങ്ങും.സിനിമയില്‍ കാണുന്നതിനും അപ്പുറം അത്തരത്തില്‍ ഉള്ള ഒരു വലിയ ശതമാനം ആളുകളും അവര്‍ക്ക് നിയോഗിച്ചിരിക്കുന്ന ജീവിതങ്ങള്‍ ജീവിച്ചു തീര്‍ക്കാന്‍ മാത്രേ ശ്രമിക്കാറും ഉള്ളൂ.വളരെ സത്യസന്ധമായ കഥാപാത്രങ്ങള്‍,കഥയും അങ്ങനെ തന്നെ.സസ്പന്‍സ് /മിസ്റ്ററി ഘടകങ്ങള്‍ ഒന്നും ഉണ്ടാകില്ല.പക്ഷെ തെരുവില്‍ നിന്നുമുള്ള ചെറിയ തെറ്റുകള്‍ക്ക് പിന്നിലൂടെ പോകുന്നവരും,അല്‍പ്പം മാറ്റത്തോടെ ആണെങ്കിലും ആ ജീവിതത്തെ പിന്തുടരുന്നവരും ഓക്കെ ആയി നോക്കുമ്പോള്‍ 'Deranged' പ്രേക്ഷകന് നല്ല ഒരു അനുഭവമാണ്.പ്രത്യേകിച്ചും ക്ലൈമാക്സ്!!അതില്‍ ദയ ആണോ അതോ ജീവന്‍ എടുക്കാന്‍ ഉള്ള ത്വര ആയിരുന്നോ കഥാപാത്രങ്ങളില്‍ എന്ന് സംശയിക്കാം.

കാണാന്‍ ശ്രമിക്കുക.

സിനിമയുടെ telegram ലിങ്ക് www.movieholicviews.blogspot ല്‍ ലഭ്യമാണ്..

Telegram link: t.me/mhviews

943.6ixty Nin9(Thai,1999)


943.6ixty Nin9(Thai,1999)
       Mystery,Thriller


    മൃതദേഹങ്ങള്‍ മാത്രമായി മാറി ആ മുറിയില്‍.ജീവനോടെ അകത്തു കയറിയ ഭൂരി ഭാഗം മനുഷ്യരും ശവ ശരീരങ്ങള്‍ മാത്രം ആകുന്ന അവസ്ഥ.കാരണം എന്താണ്?വല്ല പ്രേതബാധയും ആണോ?അതോ മറ്റെന്തെങ്കിലും?സാധാരണ ഗതിയില്‍ ഇതൊക്കെ ആണ് സംഭവിക്കേണ്ടത്‌.എന്നാല്‍ പ്രേക്ഷകനെ രസിപ്പിക്കുന്ന ഒരു നല്ല കഥയുണ്ട്. ആ കഥ ചുരുക്കി പറയാം. ഉണ്ടായിരുന്ന ജോലി നഷ്ടമായി ഇരിക്കുന്ന ഒരാള്‍.ജീവിക്കാന്‍ ഇനി വേറെ ഒരു മാര്‍ഗവും ഇല്ല 'തും'  എന്ന യുവതിയുടെ മുന്നില്‍.അവള്‍ ആത്മഹത്യ ചെയ്യുന്നതായി വരെ സ്വപ്നം കാണുന്നു.എന്നാല്‍ അല്‍പ്പ സമയത്തിന് ശേഷം 'തും' തന്‍റെ കൂട്ടുകാരിയെ ഫോണില്‍ വിളിച്ചു ചോദിച്ച ചോദ്യം ഇതായിരുന്നു."ഒരു പെട്ടി നിറയെ പണം നിന്റെ വാതിലിനു മുന്നില്‍ കണ്ടാല്‍ നീ എന്ത് ചെയ്യും"?


     പ്രേക്ഷകനും തോന്നും 'ശരിയാണ്,ഒരു പെട്ടി നിറയെ പണം കിട്ടിയാല്‍ എന്ത് ചെയ്യാം' എന്ന്.പക്ഷെ ഒന്ന് കാത്തിരിക്കണം.കാരണം ആ പണത്തിനു പിന്നാലെ ധാരാളം ആളുകള്‍ ഉണ്ട്.അറിഞ്ഞും അറിയാതെയും വരുന്നവര്‍.അവരില്‍ ഭൂരിഭാഗത്തിന്റെയും വിധി സമാനമായിരുന്നു.അധോലോകവും ,സാധാരണക്കാരനും എന്തിനു പോലീസ് വരെ ഇതില്‍ ഉള്‍പ്പെടുന്നു.തുമ്മിന്റെ ഒരു ദിവസത്തെ ജീവിതം ആണ് '6ixty Nin9" എന്ന തായ്‌ ചിത്രത്തിന്റെ കഥ.എന്ത് കൊണ്ടാണ് ഈ രീതിയില്‍ ചിത്രത്തിന്റെ പേര് എന്നല്ലേ?അത് ഒരു വലിയ രഹസ്യമാണ്.രസകരവുമാണ്‌.


   തായ് സിനിമയിലെ 'Pulp Fiction' എന്നായിരുന്നു ഈ ചിത്രത്തെ നിരൂപകര്‍ വാഴ്ത്തിയത്.മികച്ച സിനിമകളില്‍ ഒന്ന് എന്ന് തന്നെ പറയേണ്ടി വരും.ഒരു നിമിഷം പോലും പ്രേക്ഷകനെ മടുപ്പിക്കാത്ത,ചടുലമായ കഥ.അതിനോടൊപ്പം അടുത്ത നിമിഷം എന്താണ് സംഭവിക്കുന്നത്‌ എന്നാ ആകാംക്ഷ.ഒരു മികച്ച ചിത്രം വേറെ എന്താണ് പ്രേക്ഷകന് നല്‍കാനുള്ളത്?ധാരാളം കഥാപാത്രങ്ങള്‍ വരുന്ന ഈ ചിത്രത്തില്‍ ഓരോരുത്തര്‍ക്കും ഓരോ കഥയും ഉണ്ട്.എന്നാല്‍ എല്ലാവരുടെയും ലക്‌ഷ്യം ഒന്നാണ്.മനസ്സിനെ മാറ്റുന്ന ആ വസ്തുവിന് മരണത്തിനെ വിളിച്ചു വരുത്താനും കഴിവുണ്ട്.

മികച്ച തായ് ചിത്രങ്ങളില്‍ ഒന്നാണ് 6ixty Nin9.ചിത്രം telegram ല്‍ ലഭ്യമാണ്.
ചാനല്‍ ലിങ്ക് ബ്ലോഗില്‍ ലഭ്യമാണ്
www.movieholicviews.blogspot.ca


Telegram link:- t.me/mhviews

942.Deranged(Korean,2012)942.Deranged(Korean,2012)
       Thriller


        രാവിലെ നടക്കാനിറങ്ങിയപ്പോള്‍ ആണ് അയാള്‍ പുഴയിലെ വെള്ളത്തില്‍ സംശയാസ്പദമായ രീതിയില്‍ എന്തോ ഒരു വസ്തു കണ്ടത്.അതെന്താണെന്ന് നോക്കാനുള്ള ശ്രമത്തില്‍ അയാള്‍ വെള്ളത്തില്‍ വീഴുകയും ചെയ്തു.എന്നാല്‍ അത് എന്താണെന്ന് നോക്കിയപ്പോള്‍ അയാള്‍ ഭയപ്പെട്ടു.കാരണം അതൊരു മൃതദേഹം ആയിരുന്നു.ഭീകരമായ രൂപത്തില്‍ കാണപ്പെട്ട മൃതദേഹം.പോലീസ് അന്വേഷണം ആരംഭിച്ചു.എന്നാല്‍ വീണ്ടും വീണ്ടും മൃതദേഹങ്ങള്‍ കാണപ്പെട്ടു തുടങ്ങി.മനുഷ്യനാല്‍ സാധ്യമായ രീതിയില്‍ നടന്ന കൊലപാതകങ്ങള്‍ ആയിരുന്നില്ല.പകരം എന്താണ് അത്?


   രാജ്യമെമ്പാടും പടര്‍ന്ന ഒരു പ്രത്യേക തരാം ദുരൂഹമായ അവസ്ഥയുടെ കഥയാണ് Deranged അവതരിപ്പിക്കുന്നത്‌.മനുഷ്യനെ ബാധിക്കുന്ന/ബാധിക്കാവുന്ന ഏതു മാരക അവസ്ഥയ്ക്കും പിന്നില്‍ കണ്ടെത്തുന്ന മികച്ച ഭാവനകളുടെ മിശ്രിതം ആണ് Deranged.ഇത്തരത്തില്‍ ഉള്ള ചിത്രങ്ങളില്‍ മികച്ചതെന്നു പറയാവുന്ന ഒന്ന്.മുഖ്യ കാരണം ,കൊറിയന്‍ സിനിമകളില്‍ ഇത്തരം വിഷയങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ ഉള്ള കൂടുതല്‍ വൈകാരികമായ പശ്ചാത്തലം.സമാന സിനിമകളുടെ റീമേക്കുകളില്‍ പോലും പലപ്പോഴും അന്യമാകുന്ന ഒന്നാണിത്.അത്തരത്തില്‍ ഉള്ള സമീപനം ചിത്രത്തിന് കൊണ്ട് വരുന്ന ദുരൂഹതയും ഭയവും ഏറെയാണ്‌.

  ഇവിടെ ജീവിക്കാനായി പൊരുതുന്ന തന്‍റെ ഭാര്യയെയും മകളെയും രക്ഷിക്കാന്‍ ശ്രമിക്കുന്ന ജേ-ഹ്യൂക്കിന്റെ കഥ ആണെങ്കിലും ഒരു വലിയ വിഭാഗം ജനങ്ങളെ ബാധിക്കുന്ന ഒരു അവസ്ഥയുടെ സ്വാര്‍ത്ഥതയും ദയയും എല്ലാം സിനിമയുടെ ഒഴുക്കിനെ നന്നായി സ്വധീനിക്കുന്നും ഉണ്ട്.പ്രത്യേകിച്ച് താന്‍ അന്വേഷിച്ചു ഇറങ്ങിയ സാധനം കയ്യില്‍ കിട്ടുമ്പോള്‍ ജേ-ഹ്യൂക്ക് ചെയ്യുന്നതും അതിന്റെ അനന്തര ഫലങ്ങളും എല്ലാം.അതിനൊപ്പം മനുഷ്യനിലെ ഏറ്റവും ഭയങ്കരമായ വിഷം.മറ്റുള്ളവന്റെ ജീവന് വില കല്‍പ്പിക്കാതെ ലാഭ കണക്കുകള്‍ക്ക്‌ പുറകെ ഓടുന്ന ജീവിതങ്ങള്‍.

കേട്ട് പഴകിയ കഥ ആണെങ്കില്‍ കൂടിയും മികച്ച ട്രീട്ട്മെന്റ്റ് ആണ് ഈ കൊറിയന്‍ Survival Thriller അവതരിപ്പിക്കുന്നത്‌.Deranged മികച്ച ഒരു സിനിമ പരിശ്രമം ആണ്.ക്ലീഷേ ആയ വിഷയത്തിനു ആഴമേറിയ അവതരണ ശൈലി നല്‍കിയ ഒന്ന്.കൊറിയന്‍ സിനിമകളിലെ മികച്ച വിജയങ്ങളില്‍ ഒന്നായിരുന്നു Deranged നേടിയതും.

Thursday, 20 September 2018

941.Reasonable Doubt(English,2014)


941.Reasonable Doubt(English,2014)
      Crime,Mystery

        അടുത്തായി ജയിച്ച കേസിന്‍റെ വിജയാഘോഷങ്ങള്‍ മദ്യത്തിലേക്ക് നയിച്ചപ്പോള്‍,ഒരു ടാക്സി വിളിച്ചു പോകാമായിരുന്നിട്ടും ചിക്കാഗോയിലെ യുവ അറ്റോര്‍ണി ആയ മിച്ച് സ്വന്തം കാറില്‍ ഡ്രൈവ് ചെയ്തു പോകാന്‍ തന്നെ തീരുമാനിച്ചു.എന്നാല്‍ പോകുന്ന വഴി ഒരാളെ വണ്ടി ഇടിക്കുകയും മിച്ച് പരിഭ്രാന്തന്‍ ആവുകയും ചെയ്യുന്നു.അതിനു വലിയൊരു കാരണം ഉണ്ടായിരുന്നു.തന്‍റെ ഭാവി പോലും മദ്യപിച്ചു വണ്ടിയോടിച്ചു അപകടം ഉണ്ടാക്കി എന്ന കാരണം കൊണ്ട് അയാള്‍ക്ക്‌ നഷ്ടമായേക്കാം.അത് കൊണ്ട് തന്നെ അടുത്തുള്ള ഫോണ്‍ ബൂത്തില്‍ നിന്നും ഒരു ആംബുലന്‍സ് വിളിച്ചതിന് ശേഷം അയാള്‍ അവിടെ നിന്നും രക്ഷപ്പെടുന്നു.

   എന്നാല്‍ പിറ്റേ ദിവസം ആ അപകടത്തിലേക്ക് ഉള്ള  സൂചനകള്‍ പതിയെ കൊണ്ടെത്തിക്കുന്നത് മറ്റൊരു പ്രതിയിലേക്ക് ആയിരുന്നു.മിച്ചിന് കുറ്റബോധം തോന്നുന്നു.തന്‍റെ ചെയ്തികള്‍ക്ക് മറ്റൊരാള്‍ ശിക്ഷ അനുഭവിക്കാന്‍ പോകുന്നു.മിച്ചിന്റെ മനസാക്ഷി അതിനു അനുവദിക്കുന്നില്ല.അയാള്‍ വേറെ രീതിയില്‍ ആ കേസ് കൈകാര്യം ചെയ്യാന്‍ നോക്കുന്നു.എന്നാല്‍ മിച് എടുത്ത തീരുമാനം ശരിയായിരുന്നോ?കാരണം .സമാന സ്വഭാവമുള്ള കൊലപാതകങ്ങള്‍ വീണ്ടും അരങ്ങേറുന്നു.ഒരു പരമ്പര കൊലയാളിയുടെ സാന്നിദ്ധ്യം പോലീസ് സംശയിക്കുന്നു.

   നല്ല ഒരു പ്രമേയം കയ്യില്‍ ഉണ്ടായിരുന്നിട്ടും അതിനു ആവശ്യമായ രീതിയില്‍ അവതരിപ്പിക്കാന്‍ സാധിച്ചിരുന്നില്ല എന്ന് തോന്നി.നിലവാര തകര്‍ച്ച അല്ലായിരുന്നു ചിത്രത്തിന്റെ പ്രശ്നം.പക്ഷെ ഗ്രിപ്പിംഗ് ആയ ഒരു മൂഡ്‌ നിലനിര്‍ത്താന്‍ സാധിച്ചിരുന്നോ എന്ന കാര്യത്തില്‍ സംശയമുണ്ട്‌.ചിത്രം കൂടുതല്‍ predictable ആയതു പോലെ തോന്നി.മികച്ച ഒരു സിനിമ ആയി മാറുന്നതില്‍ അതാണ്‌ തടസ്സം നിന്നത്.എന്നാല്‍ക്കൂടിയും ഒരു ശരാശരി ത്രില്ലര്‍ എന്ന നിലയില്‍ ചിത്രം സംതൃപ്തി നല്‍കി.

  

940.Parmanu:The Story of Pokhran.(Hindi,2018)


940.Parmanu:The Story of Pokhran.(Hindi,2018)
       Drama,History

          ലോക രാജ്യങ്ങള്‍ തമ്മില്‍ ഉള്ള വിശ്വാസം പരസ്പ്പരം കുറയുകയും,സ്വന്തം അയല്‍ രാജ്യങ്ങളെ പോലും സംശയത്തോടെ കാണേണ്ടി വരുന്ന അവസരങ്ങളില്‍ ഓരോ രാജ്യവും അവരുടെ അതിരുകള്‍ കാത്തു സൂക്ഷിക്കാന്‍ ഉള്ള ബാധ്യത കൂടുന്നു.ആ ഒരു പ്രക്രിയയുടെ ഫലമാണ്, കൂടി വരുന്ന ആയുധ കച്ചവടം.പല രാജ്യങ്ങളുടെയും വാര്‍ഷിക ബഡ്ജറ്റില്‍ വലിയൊരു പങ്കും ആയുധങ്ങള്‍ക്കും മറ്റുമായി ചിലവഴിക്കുന്നും ഉണ്ട്.അങ്ങനെ ഉള്ള ലോകത്തില്‍ ഓരോ രാജ്യവും മറ്റുള്ള രാജ്യങ്ങളെ ഭയപ്പെടുത്താനും സ്വയം സുരക്ഷയെ കരുതിയും ആണവ പരീക്ഷണങ്ങള്‍ നടത്താറുണ്ട്‌.ആയുധം മാത്രം അല്ലാതെ മറ്റുള്ള  ആവശ്യങ്ങള്‍ക്കും ആണവ ശക്തി ഉപയോഗിക്കാം എന്നതും വേറെ കാര്യം.


  ഇന്ത്യ ഇന്ന് ആണവായുധം സ്വന്തമായി ഉള്ള രാജ്യമാണ്.എന്നാല്‍ തൊണ്ണൂറുകളുടെ അവസാനം ഇന്ത്യ 1974 ല്‍ നടത്തിയ Pokhran 1നും അപ്പുറം കാര്യമായ ശ്രദ്ധ ആ മേഖലയില്‍ നടത്തിയിരുന്നില്ല എന്ന് വേണം അനുമാനിക്കാന്‍.അയല്‍ രാജ്യമായ ചൈന ആ മേഖലയില്‍ ബഹു ദൂരം മുന്നേറിയപ്പോള്‍ ഒരു ശ്രമം  1995 ല്‍ രാഷ്ട്രീയ ഇടപ്പെടലുകള്‍ മൂലം തുടക്കത്തില്‍ തന്നെ ആ ശ്രമം ഉപേക്ഷിക്കേണ്ടി വന്നൂ.സമാധാന ആവശ്യങ്ങള്‍ക്ക് വേണ്ടി നടത്തിയ 'Smiling Buddha' എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ആദ്യ പരീക്ഷണം മാത്രമായി ഒതുങ്ങി പാതി വഴിയില്‍  ഉപേക്ഷിക്കേണ്ടി വന്നൂ.പിന്നീട് വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് നടത്തിയ പൊഖ്റാന്‍ ആണവ പരീക്ഷണത്തിന്റെ കഥയുടെ ഫിക്ഷണല്‍ രൂപമാണ് 'Parmanu:The Story of Pokhran'


   അശ്വത് എന്ന IAS ഉദ്യോഗസ്ഥന്‍ സര്‍ക്കാരിന്റെ മുന്നില്‍ അവതരിപ്പിച്ചു ആദ്യം പരാജയപ്പെട്ട ആണവ പദ്ധതി പിന്നീടു വിജയകരമായി നടത്താന്‍ പരിശ്രമിക്കുന്നതാണ് ചിത്രം.യഥാര്‍ത്ഥ സംഭവങ്ങളുടെ സിനിമാറ്റിക് ആവിഷ്ക്കാരം ആയതിനാല്‍ കഥയില്‍ അത്തരത്തില്‍ ഉള്ള നാടകീയ സന്ദര്‍ഭങ്ങള്‍ ആവോളമുണ്ട്.ദേശ സ്നേഹം ഒക്കെ  പ്രമേയം ആയി വരുന്ന ചിത്രത്തില്‍ ഇടയ്ക്ക് നല്ല ത്രില്ലര്‍ ചിത്രം ആയി മാറുന്ന ധാരാളം അവസരങ്ങളും ഉണ്ട്.ചുരുക്കത്തില്‍ നല്ല ഒരു സിനിമ ആയാണ് അനുഭവപ്പെട്ടത്.അവസാന രംഗങ്ങള്‍ ഒക്കെ ഒരു ഇന്ത്യക്കാരന്‍ എന്ന നിലയില്‍ അഭിമാനം ഉളവാക്കുന്ന രീതിയില്‍ തന്നെ അവതരിപ്പിച്ചിരിക്കുന്നു.ക്ലൈമാക്സില്‍ ഈ സംഭവങ്ങളുടെ പിന്നിലെ യഥാര്‍ത്ഥ മഹത് വ്യക്തികളെ കാനിക്കുന്നും ഉണ്ട്.

  Propoganda ചിത്രം എന്ന നിലയില്‍ 'Parmanu:The Story of Pokhran' നെ വിശകലനം ചെയ്തതായി കണ്ടിരുന്നു.ആ രീതിയില്‍ അമിതമായി ഒന്നും തോന്നിയിരുന്നില്ല.ഒരു സിനിമയെ സിനിമ മാത്രമായി കാണാനുള്ള മനസ്സ് ഉള്ളത് കൊണ്ട് പ്രത്യേകിച്ചും!!

Wednesday, 19 September 2018

939.VISHWAROOPAM 2(TAMIL,2018)939.VISHWAROOPAM 2(TAMIL,2018)
       Action

      വിശ്വരൂപം ആദ്യ ഭാഗം ഏറ്റവും അധികം ശ്രദ്ധേയമായത് അതുയര്‍ത്തിയ വിവാദങ്ങള്‍ കാരണമായിരുന്നു.ആവിഷ്ക്കാര സ്വാതന്ത്ര്യവും മത വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന കാര്യങ്ങളും എന്ന നിലയില്‍ ഉള്ള ഒരു സംഘര്‍ഷം ആണ് അന്ന് ഉണ്ടായിരുന്നത്.ഒരു പ്രേക്ഷകന എന്ന നിലയില്‍ അതിനൊന്നും ശ്രദ്ധ കൊടുക്കാതെ കണ്ടത് കൊണ്ട് ആയിരിക്കണം ആദ്യ ഭാഗം നന്നായി ഇഷ്ടപ്പെട്ടൂ.ആദ്യ ഭാഗത്തിലെ പ്രാര്‍ഥിക്കാന്‍ സമയം വേണം എന്ന് പറഞ്ഞു കരയുന്ന പാവത്താനായ കഥാപാത്രം ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ പ്രേക്ഷകനെ കോരിത്തരിപ്പിക്കുന്ന രീതിയല്‍ ഉണ്ടായ transformation ഗംഭീരം ആയിരുന്നു.അത് പോലെ ചിത്രത്തിലെ സംഘട്ടന്‍ രംഗങ്ങള്‍,പശ്ചാത്തല സംഗീതം എല്ലാം കൂടി നല്ലൊരു ഇന്ത്യന്‍-സ്പൈ ചിത്രം ആയിരുന്നു വിശ്വരൂപം ഒന്നാം ഭാഗം.

  രണ്ടാം ഭാഗം ഏറെ വര്‍ഷങ്ങള്‍ക്കു ശേഷം റിലീസ് ആകുമ്പോള്‍ അന്നത്തെ പ്രതീക്ഷയ്ക്ക് ഒത്തു ഉയര്‍ന്നോ എന്ന് ചോദിച്ചാല്‍ വിഷമത്തോടെ ഇല്ല എന്ന് പറയേണ്ടി വരും എന്റെ ഉള്ളിലെ വിശ്വരൂപം ആരാധകന്.പ്രകടമായ വ്യത്യാസം ജിബ്രാന്‍ നല്‍കിയ സംഗീതം ആയിരുന്നു.പ്രതിഭ ഉള്ള കലാകാരന്‍ ആയിരുന്നെങ്കിലും പശ്ചാത്തല സംഗീതം വളരെ നിരാശ ആയിരുന്നു ,ആദ്യ ഭാഗത്തെ വച്ച് താരതമ്യപ്പെടുത്തിയാല്‍.ശങ്കര്‍-എഹ്സാന്‍-ലോയ് കൂട്ടുക്കെട്ടിന്റെ ആദ്യ ഭാഗത്തെ അപേക്ഷിച്ച് ആ ഒരു  ത്രില്ലര്‍ ഫീല്‍ കിട്ടിയില്ല എന്ന് തോന്നി.കമലഹാസന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രോമോ ആയി തുടങ്ങിയ ചിത്രം ഇത്തവണ ഫ്ലാഷ് ബാക്കില്‍ തന്നെ ആണ് ജീവിക്കുന്നത്.ആദ്യ ഭാഗം അവസാനിച്ചിടത്ത് നിന്നും തുടങ്ങുന്ന രണ്ടാം ഭാഗം അത് കൊണ്ട് തന്നെ പലപ്പോഴും ഫ്ലാഷ് ബാക്കില്‍ ആണ് അവതരിപ്പിക്കപ്പെട്ടത്.

   ഇത്തവണ ആക്ഷന്‍ രംഗങ്ങളില്‍ വന്ന ഗണ്യമായ കുറവിനോടൊപ്പം സെന്റി സീനുകള്‍ എല്ലാം ഉള്‍പ്പെടുത്തിയതോടെ സാധാരണ ഒരു ചിത്രം മാത്രമായി തോന്നി വിശ്വരൂപം 2.ഇതൊന്നും അല്ലാതെ ആ സ്പൈ- ത്രില്ലര്‍ എന്ന് വിളിക്കാവുന്ന ഭാഗത്തില്‍ .ഇടയ്ക്കൊക്കെ സിനിമയുടെ ദൈര്‍ഘ്യം കൂടുതലായത് പോലെ തോന്നി.പ്രത്യേകിച്ച് ഓര്‍ത്തു വയ്ക്കാന്‍ ഉള്ള ഒന്നും ചിത്രം നല്‍കിയില്ല എന്ന് നിരാശയോടെ തന്നെ പറയേണ്ടി വരും.എന്നാല്‍ തീരെ മോശം പടം അല്ലതാനും.ഒരു ശരാശരി സിനിമാനുഭവം മാത്രം ആയാണ് ചിത്രം തോന്നിയത്.ഒരു പക്ഷേ റിലീസ് ചെയ്യണം എന്നുള്ളത് കൊണ്ട് മാത്രമായിരിക്കും കമല്‍ ഈ ചിത്രത്തിന് തയ്യാറായത് തന്നെ തോന്നുന്നു.ഒരു പ്രാവശ്യം കണ്ടു മറക്കാന്‍ കഴിയുന്ന ശരാശരി ചിത്രമാണ് വിശ്വരൂപം എന്ന് തോന്നി.
   

938.TAG(ENGLISH,2018)

938.TAG(ENGLISH,2018)
       Comedy,Adventure.

        ഒരു പക്ഷെ 'Blue Whale" കളിയെ ഒക്കെ കിണറ്റില്‍ ഇടാന്‍ പറഞ്ഞു ഒരു കളി വന്നാലോ?(അപകടകരമായ ഒരു കളി സാധാരണക്കാരും കളിക്കുന്നു എന്ന അര്‍ത്ഥത്തില്‍ ആണ് 'Blue Whale' പരാമര്‍ശം ഉപയോഗിച്ചത്).ഒരു സിനിമയുടെ കഥ ആണെന്ന് പറഞ്ഞു എഴുതി തല്ലാന്‍ വരട്ടെ.യഥാര്‍ത്ഥ സംഭവങ്ങളെ ആധികാരമാക്കി അവതരിപ്പിച്ച ചിത്രം ആണ് 'Tag'.കളി ഇനി എന്താണെന്ന് ചോദിച്ചാല്‍ പറയും "തൊട്ടേ-പിടിച്ചേ" കളി ആണെന്ന്.പെട്ടെന്ന് ഒരു വരിയില്‍ കേള്‍ക്കുമ്പോള്‍ ഈ കളിക്ക് എന്താണ് ഇത്ര പ്രത്യേകത എന്ന് തോന്നും?ഭൂരിഭാഗം മനുഷ്യരും ജീവിതത്തില്‍ കൊച്ചു നാളില്‍ എങ്കിലും ഈ കളിചിട്ടുണ്ടാകും.ലോകമെമ്പാടും പ്രചാരം ഉള്ള ഒരു സാധാരണ കളി എന്ന് പറയാനും മാത്രം സാധാരണമായ ഒരു കളി.

    എന്നാല്‍ ഈ കളി ഒരു കൂട്ടം ആളുകള്‍ക്ക് വെറുതെ ഒരു കളി അല്ലായിരുന്നു.വര്‍ഷങ്ങളായി 5 സുഹൃത്തുക്കള്‍ കളിച്ചു പോന്നിരുന്ന ഒരു കളി.ചെറുപ്പത്തില്‍,മുതിര്‍ന്നാലും ഈ കളിയുമായി മുന്നോട്ടു പോകും എന്ന് തീരുമാനിച്ച അവര്‍ എന്നാല്‍ കുറച്ചു കാലമായി ഈ കളിയില്‍ 4 പേര്‍ തോറ്റ പോലെയാണ്.കാരണം,ഈ കൂട്ടത്തിലെ അഞ്ചാമന്‍ ജെറി ആണ്.ജെറിയെ കണ്ടെത്തി ടാഗ് ചെയ്യാന്‍ വര്‍ഷങ്ങളായി മറ്റു നാല് പേര്‍ക്കും കഴിഞ്ഞിട്ടില്ല.അപ്പോഴാണ്‌ അവരുടെ കൂട്ടത്തിലെ ഹോഗി വരുന്നത്.ഹോഗി അവരെ ഒരു രഹസ്യം അറിയിക്കുന്നു.ജെറിയുടെ കല്യാണം ആണ് ഈ വരുന്ന ദിവസങ്ങളില്‍.അതിനു ശേഷം ജെറി,ഈ കളിയില്‍ നിന്നും വിരമിക്കാന്‍ ആണ് പദ്ധതി.അങ്ങനെ വിരമിച്ചാല്‍ ജെറി അജയനായി മാറും.അത് കൊണ്ട് ഇതു വിധേയനെയും ഈ വര്ഷം ജെറിയെ ടാഗ് ചെയ്യണം.

  ഹോഗി മറ്റു സുഹൃത്തുക്കളായ ചില്ലി,ബോബ്,കെവിന്‍ എന്നിവരെ പല സ്ഥലങ്ങളില്‍ നിന്നാന്യി കൂട്ടി  ജെറിയുടെ കല്യാണം നടക്കുന്ന അവരുടെ പഴയ ചെറു പട്ടണത്തിലേക്ക് തിരിച്ചു.എന്നാല്‍ ജെറി അവരുടെ പ്രതീക്ഷകള്‍ അനുസരിച്ച് കീഴ്പ്പെടുത്താന്‍ കഴിയുന്ന ആളായിരുന്നോ?സിനിമയുടെ കാതലായ ഭാഗം ആ വിഷയത്തിലൂന്നി ആണ്.'Fun-Filled' എന്ന് പറയാം.ഇതിന്റെ കൂടെ മറ്റൊന്ന് കൂടി ഉണ്ട്.സൌഹൃദങ്ങളുടെ വില.അത് നന്നായി അവതരിപ്പിച്ചിട്ടുണ്ട് ചിത്രത്തില്‍.അവരുടെ കഥ റിപ്പോര്‍ട്ട് ചെയ്യാനായി ആകസ്മികമായി വന്നു ചേര്‍ന്ന ഒരു 'Wall Street Journal' റിപ്പോര്‍ട്ടറും ഉണ്ട് കൂട്ടത്തില്‍.ഇനി രണ്ടാമതൊരു മുഖം കൂടി ഉണ്ട് ചിത്രത്തിന്.അത് അല്‍പ്പം സസ്പന്‍സ് ആണ്.സിനിമയുടെ വഴി മൊത്തത്തില്‍ മാറ്റുന്ന ഒരു വശം.

   'Wall Street Journal' ല്‍ പ്രസിദ്ധീകരിച്ച സമാനമായ ഒരു യഥാര്‍ത്ഥ സംഭവത്തിന്‍റെ സിനിമാവിഷ്ക്കാരം ആണ് ടാഗ്.സൌഹൃദങ്ങള്‍ക്ക് മറ്റൊരു മുഖം നല്‍കിയ ചിത്രം നല്ലൊരു Entertainer ആണ്.അതിലുപരി നല്ലൊരു ഫീല്‍ ഗുഡ് തമാശ ചിത്രവും ആണ്.ഈ 5 സുഹൃത്തുക്കളും പ്രേക്ഷകനെ ചിരിപ്പിക്കും.കുറച്ചൊക്കെ നൊസ്റ്റു അടിപ്പിക്കും.കാരണം ബാല്യത്തിലെ നിഷ്കളങ്കതയില്‍ നിന്നും മുതിര്‍ന്നപ്പോള്‍ നഷ്ടമായ പലതിന്റെയും മറ്റൊരു തരത്തില്‍ ഉള്ള ആവിഷ്ക്കാരം ആണ് ചിത്രം.

കാണാന്‍ ശ്രമിക്കുക!!!


937.American Animals(English,2018)


937.American Animals(English,2018)
       Crime

       ഒരിക്കലും അവര്‍ അങ്ങനെ ഒരു തീരുമാനത്തിലേക്ക് പോകരുതായിരുന്നു എന്നാണു മനസ്സ് ഇപ്പോഴും പറയുന്നത്.കാരണം അവരും നമ്മളെ പോലെ ആയിരുന്നു.സാധാരണ കുടുംബങ്ങളില്‍ നിന്നും വന്ന യുവാക്കള്‍.അവരുടെ മുന്നില്‍ വലിയ ഒരു ജീവിതം ബാക്കി ഉണ്ടായിരുന്നു എന്നതായിരുന്നു സത്യം.ഒരു പക്ഷെ ജീവിതത്തില്‍ അവര്‍ ആഗ്രഹിച്ചത്‌ എല്ലാം നേടാന്‍ സാധിച്ചില്ലായിരുന്നു എന്ന് വരും.പക്ഷെ ജീവിതം ഇപ്പോള്‍ ഉള്ളതിനേക്കാളും നന്നാകുമായിരുന്നു.ടീനേജ്  കാലത്തില്‍ ഉണ്ടായ ഒരു ആശയക്കുഴപ്പം ആ ചെറുപ്പക്കാരുടെ ജീവിതത്തെ എങ്ങനെ സ്വാധീനിച്ചു എന്നതാണ് American Animals എന്ന സിനിമ അവതരിപ്പിക്കുന്നത്‌.

   ജീവിതത്തില്‍ പ്രത്യേകിച്ച് ലക്ഷ്യമൊന്നുമില്ലാത്ത സ്പെന്‍സര്‍ എന്ന ആര്‍ട്ട് വിദ്യാര്‍ഥി ആണ് ലൈബ്രറിയിലെ ആ പുസ്തകങ്ങള്‍ക്ക് മാര്‍ക്കറ്റില്‍ ഉള്ള വന്‍ വിലയെ കുറിച്ച് മനസ്സിലാകുനത്.അവന്‍ തന്‍റെ മറ്റൊരു സുഹൃത്തായ ലിപ്കയോട് ഇതിനെ കുറിച്ച് പറയുന്നു.സ്പോര്‍ട്സ് ക്വോട്ടയില്‍ പഠനം തുടരുന്ന ലിപ്കയ്ക്ക് അതിലൊന്നും യഥാര്‍ത്ഥത്തില്‍ താല്‍പ്പര്യം ഇല്ലായിരുന്നു.കുടുംബത്തിനു വേണ്ടി വെറുതെ അവന്‍ അതൊക്കെ ചെയ്യുന്നു എന്ന് മാത്രം.അവര്‍ സ്വപ്‌നങ്ങള്‍ കണ്ടു തുടങ്ങി.സങ്കീര്‍ണമായ സുരക്ഷ ക്രമീകരണങ്ങള്‍ ഒന്നുമില്ലാത്ത ആ ലൈബ്രറിയില്‍ നിന്നും വളരെ എളുപ്പം 'Birds of America' ഉള്‍പ്പടെ ഉള്ള വിലയേറിയ പുസ്തകങ്ങള്‍ മോഷ്ടിക്കുന്നത് എളുപ്പം ആണെന്ന് അവര്‍ കണക്കു കൂട്ടി.എന്നാല്‍ സംഭവിച്ചത് അതൊന്നും അല്ലായിരുന്നു.അവരുടെ പിന്നീടുള്ള സംഭവ ബഹുലമായ കഥ കാണാന്‍ സിനിമ കാണുക!!

   'Based on True Events' ലേബലില്‍ വന്ന സിനിമകളില്‍ ,യഥാര്‍ത്ഥ കഥാപാത്രങ്ങള്‍ അന്നത്തെ സംഭവങ്ങള്‍ ഓരോന്നായി വിവരിക്കുകയും നടന്മാര്‍ അവരെ അവതരിപ്പിക്കുകയും ചെയ്യുന്ന ശൈലി ആണ് ചിത്രത്തിന് ഉള്ളത്.ഇടയ്ക്കിടെ ഒരു ത്രില്ലറിന്റെ മൂഡ്‌ ഉണ്ടാക്കുകയും,എന്നാല്‍ യാതാര്‍ത്ഥ്യം എത്ര മാത്രം വിഭിന്നം ആണെന്നും പ്രേക്ഷകനെ മനസ്സിലാക്കി കൊടുക്കാന്‍ ചിത്രത്തിന് സാധിച്ചിട്ടുണ്ട്.ചെറിയ ചിന്തകള്‍;അവയിലെ തെറ്റും ശരിയും മനുഷ്യനെ എത്ര മാത്രം അവന്റെ ജീവിതത്തിന്‍റെ മുന്നോട്ടുള്ള പ്രയാണത്തില്‍ ബാധിക്കും എന്ന് ചിത്രം വ്യക്തമായി അവതരിപ്പിക്കുന്നു!!.

കാണുക!!നല്ലൊരു ചിത്രമാണ് 'American Animals'.Based on True Events!!
      

Monday, 17 September 2018

936.APOCALYPTO(ENGLISH,2006)936.APOCALYPTO(ENGLISH,2006)
       Adventure,Thriller,Action.


'I am Jaguar Paw, son of Flint Sky. My Father hunted this forest before me. My name is Jaguar Paw. I am a hunter. This is my forest. And my sons will hunt it with their sons after I am gone."

 
    കണ്ടിഷ്ടമായ ചിത്രം മറ്റുള്ളവര്‍ക്കും കാണാന്‍ വേണ്ടി എഴുതുന്ന ഒരു കുറിപ്പ് ആയി ഇതിനെ കാണാന്‍ കഴിയില്ല.കാരണം,ഈ സിനിമ കാണാത്തതായി ഉള്ള ആളുകള്‍ വിരളം ആണ്.ഇപ്പോഴും എവിടെയും കേള്‍ക്കുന്ന സാധാരണമായ സിനിമ പേര് എന്ന കാരണം കൊണ്ട് വിട്ടു പോയവര്‍ മാത്രമേ Apocalypto കാണാന്‍ ബാക്കി ഉണ്ടാകൂ.മനുഷ്യന്‍ അവന്റെ ലോകം കീഴടക്കാന്‍ ഉള്ള ത്വര ആരംഭിച്ചത് മുതല്‍ അനുഷ്ഠിച്ചു പോകുന്ന ഒരു നിയമമുണ്ട്.'Survival of the Fittest'.പരിഷ്കൃത ലോകത്തില്‍ എല്ലാവര്ക്കും തുല്യ നീതി എന്ന ആപ്തവാക്ക്യം പിന്തുടരാന്‍ ഉള്ള ശ്രമങ്ങള്‍ നടക്കുമ്പോള്‍ പഴയ തലമുറകളില്‍  മനുഷ്യക്കുലത്തില്‍ പ്രതികൂല സാഹചര്യങ്ങളെ നേരിട്ട് വിജയിച്ചവര്‍ക്ക് മാത്രം ആവുക ഒരു തലമുറയില്‍ നിന്നും അടുത്തതിലേക്ക് ഉള്ള സ്ഥാനക്കയറ്റം കിട്ടിയിട്ടുണ്ടാവുക.യൂറോപ്പിനെ കാര്‍ന്നു തിന്ന മാരകമായ 'ബ്ലാക്ക് പ്ലേഗ്' നെ ഓക്കെ അതി ജീവിച്ചവരുടെ  തലമുറകളില്‍ നിന്നുമുള്ള കഥകളില്‍ നിന്നും അവര്‍ എങ്ങനെ evolve ചെയ്തെന്നു മനസ്സിലാക്കാം.അത്തരത്തില്‍ ഉള്ള ഒരു കഥയുടെ ദൃശ്യാവിഷ്ക്കാരം ആണ് ഇവിടെയും ഉള്ളത്.

  മെല്‍ ഗിബ്സന്‍,ഇത്തരം ഒരു കഥാ പശ്ചാത്തലം എടുക്കുക വഴി തന്നെ അനന്ത സാധ്യതകള്‍ ഉള്ള ഒരു സാഹസിക ത്രില്ലര്‍ സിനിമ ആണ് പ്രേക്ഷകന് ലഭിച്ചത്.ഇപ്പോള്‍ 12 വര്‍ഷങ്ങള്‍ക്കപ്പുറം വളരെയധികം വികസിച്ച ടെക്നോലജിയ്ക്ക് ചെയ്യുവാന്‍ കഴിയുന്നത്‌ ധാരാളം ഉണ്ടാകാം ഇത്തരത്തില്‍ ഉള്ള വന്‍ ക്യാന്‍വാസില്‍ ഉള്ള ഒരു സിനിമയില്‍.പക്ഷെ അന്ന് പോലും കാലത്തിനായി സൂക്ഷിച്ചു വച്ച ഈ പുതുമ അതി ഗംഭീരം ആണ്.ചിലപ്പോള്‍ ചില സീനുകള്‍ മാത്രമായി ആകസ്മികമായി ടി വി യില്‍ കാണുക.ഇടയ്ക്ക് dub ചെയ്തത് കാണുക.പിന്നെ സ്വന്തമായി ഇടയ്ക്ക്  മനപ്പൂര്‍വം വല്ലപ്പോഴും കാണുക.ഒരു പക്ഷെ ആവര്‍ത്തന വിരസത പ്രേക്ഷകന് മുഷിപ്പ് ഉളവാക്കാത്ത അപൂര്‍വ്വം ചിത്രങ്ങളില്‍ ഒന്നാണ് Apocalypto എന്ന് തോന്നിയിട്ടുണ്ട്.രണ്ടെക്കാല്‍ മണിക്കൂറിന്റെ അടുത്തുള്ള,പാട്ടും കോമഡിയും ഒനും അധികം ഇല്ലാത്ത ഒരു ചിത്രം എന്ന നിലയില്‍ പോലും പ്രേക്ഷകനെ സ്ക്രീനില്‍ നിന്നും ഉള്ള നോട്ടത്തില്‍ നിന്നും പിന്തുരിപ്പിക്കാതെ ഇരിക്കുന്ന സിനിമയാണിത്.

  അടിമകളാക്കി, തങ്ങളുടെ നാട്ടില്‍ ഉണ്ടായ അസുഖങ്ങള്‍ക്ക് മരുവിധി ആയി ആളുകളെ ബലി കൊടുക്കാന്‍ വേണ്ടി മറ്റു ചെറു കൂട്ടങ്ങളെ ആക്രമിച്ചു കീഴ്പ്പെടുത്തുമ്പോള്‍ ,അതിനായി ശ്രമിക്കുമ്പോള്‍ വരുന്ന സൂര്യഗ്രഹണം  ആണ് കഥയില്‍ സ്വീകരിച്ച മികച്ച ട്വിസ്റ്റ് ആണെന്ന് പറയും.അവിടെ നിന്നും ആണ് സിനിമ  റോകറ്റ് വേഗത്തില്‍ പായുന്നതും.ഗിബ്സന്‍,മതങ്ങളുമായി തന്‍റെ ചിത്രങ്ങളിലൂടെ സംവദിക്കാന്‍ ശ്രമിച്ചിരുന്നു എന്ന് വിശ്വസിക്കാന്‍ ആ സീനിനു കഴിയുമായിരുന്നു.


  എന്തായാലും,സിനിമകള്‍ ഇനിയും വരും പോകും.പക്ഷെ പ്രേക്ഷകന്‍ എന്ന നിലയില്‍ ഇഷ്ടപ്പെട്ട സിനിമകളുടെ കൂട്ടത്തില്‍ ഇപ്പോഴും ഉണ്ടാകും Apocalypto.അത് ഭൂരിഭാഗം പ്രേക്ഷകര്‍ക്കും അങ്ങനെ തന്നെ ആകും എന്നും പ്രതീക്ഷിക്കുന്നു.കാരണം ,തുടക്കത്തില്‍ പറഞ്ഞത് തന്നെ.ഓരോ കാഴ്ചയിലെയും പുതുമകള്‍


935.EEDA(MALAYALAM,2018)


935.EEDA(MALAYALAM,2018)

   
   വാര്‍ത്തകളില്‍ നിറയുന്ന ആക്രമണകാരികള്‍ ആയ രാഷ്ട്രീയ  പാര്‍ട്ടികളെ കുറിച്ചുള്ള വിവരങ്ങള്‍ എന്നും ഭയം ഉളവാക്കുന്നത് ആണ്.പേരില്‍ ഏതെങ്കിലും ഒരു പാര്‍ട്ടിയും,വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രീതികള്‍ ആളുകളിലേക്ക്‌ ഇറക്കി വിടുകയും ചെയ്യുന്ന എല്ലാ പാര്‍ട്ടികളെയും സമാസമം കാഴ്ചയിലൂടെ വിമര്‍ശിക്കുന്ന ചിത്രമാണ് 'ഈട'.സാമാന്യബുദ്ധിയ്ക്കും അപ്പുറം ആണ് കണ്ണൂരില്‍ നടക്കുന്ന സംഭവങ്ങള്‍ എന്ന് തോന്നുന്നു.ആക്രമണ രാഷ്ട്രീയത്തെ ശക്തമായി എതിര്‍ത്ത് കൊണ്ട് ഉള്ള മനസ്സുമായി ആണ് 'ഈട' കണ്ടു തുടങ്ങിയത്.


   ഒരു പ്രണയകഥയാണ് ചിത്രത്തില്‍ നായിക-നായക കഥാപാത്രങ്ങള്‍ക്ക് വേണ്ടി  ഒരുക്കി വച്ചിട്ടുള്ളത് എങ്കിലും,പത്രങ്ങളില്‍ നിന്നും ഓരോ കൊലപാതക സമയത്തും വരച്ചുകാട്ടുന്ന ചിത്രമുണ്ട് ഓരോ പാര്‍ട്ടിയുടെയും 'പാര്‍ട്ടി ഗ്രാമങ്ങളെ' കുറിച്ചുള്ളതു.ആ വിവരങ്ങളുടെ ദൃശ്യാവിഷ്കാരം ആയിരുന്നു ചിത്രം ഏറെക്കുറെയും.പ്രാദേശിക വിദ്വേഷങ്ങള്‍ ഏറെ കഥാപ്രമേയം ആയി വരുന്ന  തമിഴ് സിനിമയ്ക്ക് കട്ടയ്ക്ക് എതിര് നില്‍ക്കും 'ഈട'.അത്രയേറെ സ്വാഭാവികം ആയിരുന്നു കൊലപാതകങ്ങളും അത് മറ്റുള്ളവരിലേക്ക് പടര്‍ത്തുന്ന ഭീതിയും എല്ലാം.


   സിനിമയുടെ കഥയില്‍ വലിയ സങ്കീര്‍ണതകള്‍ ഒന്നുമില്ല.പക്ഷെ 'ഷെയിന്‍ നിഗം' എന്ന ചെറുപ്പക്കാരന്‍ ഇനിയും കൂടുതല്‍ പ്രതീക്ഷ നല്‍കുന്ന നടന്‍ ആണെന്ന് തന്നെ ഉള്ള വിശ്വാസം കാത്തു.എവിടെയോ വായിച്ചിരുന്നു.'എല്ലാ നടിമാരും രാവിലെ ഒരുങ്ങി മേയ്ക്കപ്പ് ഇടുമ്പോള്‍,നിമിഷ സജയന്‍ മാത്രം വെറുതെ മുഖവും കഴുകി ക്യാമറയുടെ മുന്നില്‍ വന്നു നില്‍ക്കുന്നു' എന്ന്.ആ ഒരു രൂപ ഭംഗി തന്നെയാകും ഒട്ടും കൃത്രിമത്വം തോന്നിക്കാത്ത ഒരു സാധാരണ മലയാളി പെണ്‍ക്കുട്ടി ആയി തന്നെ ആ കഥാപാത്രത്തെ കാണാനും കഴിഞ്ഞത് എന്ന് തോന്നുന്നു.'ഈട' യുടെ കഥ ആ പ്രണയം ഇല്ലായിരുന്നെങ്കില്‍ 'കണ്ണൂരിലെ കൊലക്കളങ്ങള്‍' എന്നോ മറ്റോ പറഞ്ഞു ഒരു ഡോക്യുമെന്‍ററി ആയി അവതരിപ്പിക്കാന്‍ തക്ക റിയാലിറ്റി ഉള്ളതായി തോന്നി.

  തന്‍റെ കന്നി ചിത്രത്തിലൂടെ തന്നെ ബി.അജിത്കുമാര്‍ എന്ന സംവിധായകനും നല്ല ഒരു സിനിമ ഒരുക്കി തന്നെ ആണ് പ്രേക്ഷകന്റെ മുന്നില്‍ വന്നിരിക്കുന്നത് എന്നതും പ്രതീക്ഷ നല്‍കുന്നു.ഫിലിം എഡിറ്ററില്‍ നിന്നുമുള്ള മാറ്റത്തില്‍ ആരുടേയും പക്ഷം പികാതെ തന്നെ ഇത്രയും 'sensitive' ആയ ഒരു വിഷയം കൈകാര്യം ചെയ്തത് തന്നെ പ്രശംസ അര്‍ഹിക്കുന്നു.പ്രേക്ഷകര്‍ പലരും കാത്തിരുന്നു കണ്ട സിനിമ ആണ് 'ഈട' എന്ന് അറിയാം.ഇനിയും കാണാത്തവര്‍ ഉണ്ടെങ്കില്‍ കാണുക.പ്രത്യേകിച്ചും വാര്‍ത്തകളിലൂടെ മാത്രം അറിയുന്ന കൊലക്കളങ്ങള്‍ കാണുവാന്‍.ആ ഭാഗങ്ങളില്‍ ജീവിക്കേണ്ടി വരാത്തതില്‍ സന്തോഷവും തോന്നുന്നു,വ്യക്തിപരമായി!!
 


   

Sunday, 16 September 2018

934.Mystery(Mandarin,2012)


934.Mystery(Mandarin,2012)
      Crime,Drama,Mystery.

   നല്ല മഴയുള്ള ഒരു ദിവസമായിരുന്നു അന്ന്.യുവാക്കളുടെ ഒരു സംഘം   രണ്ടു കാറിലായി വരുമ്പോള്‍,അവരുടെ ചില കുസൃതികള്‍ കാരണം ആകാം,അവര്‍ അവളെ കണ്ടില്ല.ക്ഷണ നേരത്തില്‍ ആ പെണ്‍ക്കുട്ടി ചോരയൊലിപ്പിച്ചു റോഡില്‍ കിടന്നൂ.മദ്യ ലഹരിയോ മറ്റോ ആകാം.കാര്‍ ഓടിച്ചിരുന്ന ഒരു യുവാവ് അവളെ തൊഴിക്കുകയും ചെയ്തു.അപ്പോഴേക്കും അവള്‍ മരിച്ചിരുന്നു.പ്രാഥമിക അന്വേഷണത്തില്‍ അവള്‍ കാര്‍ ഇടിച്ചു മരിക്കുന്നതിനു മുന്‍പ് ശരീരത്തില്‍ മുറിവുകള്‍ ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തുന്നു.ആ അപകടത്തിനു മുന്‍പ് എന്താണ് സംഭവിച്ചത്?


   ആ ചോദ്യത്തില്‍ നിര്‍ത്തുമ്പോള്‍ ചിത്രത്തിന്റെ പേര് പോലെ വലിയ ഒരു രഹസ്യം ഉണ്ടാകും എന്ന് കരുതും.പ്രത്യേകിച്ചും പ്രതികള്‍ ഉന്നതര്‍ ആകുമ്പോള്‍ പോലീസിനു മേല്‍ അതിനുള്ള സംമാര്ധവും ഉണ്ടാകും.അവിടെ പ്രേക്ഷകന്‍ മനസ്സിനെ ഒരു ത്രില്ലര്‍ സിനിമ കാണാന്‍ പാകപ്പെടുത്തുന്നു..എന്നാല്‍ അല്‍പ്പം യാതാര്‍ത്ഥ്യം കൂടി കൂട്ടുമ്പോള്‍ അത്തരത്തില്‍ ഉള്ള ഒരു സിനിമയുടെ രീതിയില്‍ അല്ല ചിത്രം മുന്നോട്ടു പോകുന്നത്.'Lou Yei' ,തന്‍റെ രണ്ടാമത്തെ ചിത്രമായി ചൈനയില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന്റെ കഥ അല്‍പ്പം വിചിത്രമായി തോന്നാം.തങ്ങളുടെ കുട്ടികള്‍ ഒരുമിച്ചു പഠിക്കുന്ന സമയം രണ്ടു സ്ത്രീകള്‍ പരിചയപ്പെടുകയും അവരില്‍ ഒരാള്‍ മറ്റൊരാളോട് തന്‍റെ ഭര്‍ത്താവിനെ സംബന്ധിച്ച ഒരു രഹസ്യം പറയുമ്പോള്‍ അവള്‍ ആ നിമിഷത്തില്‍ കാണുന്നത് മറ്റൊന്നാണ്.

അതിന്റെ അനന്തരഫലങ്ങള്‍ ആണ് ചിത്രത്തിന്റെ കഥ.അതിന്റെ ഇടയ്ക്ക് ഈ മരണം?അതും വിഷയം ആണ് ചിത്രത്തില്‍.എന്നാല്‍ അതിലും സങ്കീര്‍ണം ആയ ചിലതുണ്ട്.മനുഷ്യ ജീവിതം.അതില്‍ വിശ്വാസത്തിന്റെയും വഞ്ചനയുടെയും ഇടയിലുള്ള നൂല്‍പ്പാലം തകര്‍ന്നാല്‍ എന്താകും ഉണ്ടാവുക?ട്വിസ്റ്റുകള്‍ പോലുള്ള ഗിമിക്കുകളില്‍ അധികം ശ്രദ്ധിക്കാതെ,സാധാരണ രീതിയില്‍ അവതരിപ്പിക്കപ്പെട്ട ചിത്രം ആയിരുന്നെങ്കിലും,ചില ഗൌരവമേറിയ വിഷയങ്ങള്‍ ആണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.ആ ഒരു കാരണം കൊണ്ട് തന്നെ നല്ല ഒരു സിനിമ ആയി മരുന്നും ഉണ്ട്.

ചിത്രം എന്റെ ടെലിഗ്രാം ചാനലില്‍ ലഭ്യമാണ്!!

t.me/mhviews

Friday, 14 September 2018

933.Goodachari(Telugu,2018)


933.Goodachari(Telugu,2018)
       Mystery,Thriller


       ഭൂരിപക്ഷവും നല്ല അഭിപ്രായം പറഞ്ഞ ഒരു സിനിമയെ കുറിച്ച് ചെറിയ രീതിയില്‍ പരദൂഷണം പറഞ്ഞു കൊണ്ട് തുടങ്ങാം 'ഗൂഡാചാരി' യുടെ ആസ്വാദന കുറിപ്പ്.തുടക്കത്തിലേ രംഗങ്ങള്‍ ഒക്കെ അല്‍പ്പം ക്ലീഷേ ആയി പോകുന്നു.പെട്ടെന്ന് ആണ് കണ്ടു പരിചയം ഉള്ള ഒരു സിനിമയുടെ സീന്‍ വന്നത്.'Kingsman: The Secret Service" നെ പെട്ടെന്ന് ഓര്‍ത്തു പോയി.പിന്നെ നടന്നത് ഒക്കെ സമാനമായ കാര്യങ്ങള്‍ ആയിരുന്നു.എന്നാല്‍ സിനിമയുടെ അവസാനം ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ ആദ്യം ഓര്മ വന്നതൊക്കെ മറന്നു പോയി എന്നതാണ് സത്യം.

  അമേരിക്കക്കാര്‍ റഷ്യയെയും മറ്റു പല രാജ്യങ്ങളെയും ഒക്കെ ശത്രുപക്ഷത്തു നിര്‍ത്തി "ചാര സിനിമ'കള്‍ അവതരിപ്പിക്കുമ്പോള്‍,അത് ഇന്ത്യന്‍ പശ്ചാത്തലത്തില്‍ സ്ഥിരം 'വേട്ടമൃഗം' ആയ പാക്കിസ്ഥാനോടൊപ്പം ബംഗ്ലാദേശും ഈ തവണ ഉണ്ട് എന്നതാണ് കാതലായ മാറ്റം.തുടക്കത്തില്‍ പതിഞ്ഞ താളത്തില്‍ തുടങ്ങിയ സിനിമ എന്നാല്‍ പിന്നീട് വേറെ ഒരു ലെവലിലേക്ക് മാറുക ആണ് ചെയ്തത്.ചാര സിനിമകളില്‍ വേണ്ട മിസ്റ്ററി/ത്രില്‍ എന്നീ ഘടകങ്ങള്‍.അതിനോടൊപ്പം മോശമല്ലാത്ത ആക്ഷന്‍ രംഗങ്ങള്‍ ഒക്കെ സിനിമയ്ക്ക് മുതല്‍ക്കൂട്ടായി മാറുന്നതിനോടൊപ്പം ക്ലൈമാക്സിലേക്ക് അടുക്കുമ്പോള്‍ ഉള്ള ട്വിസ്റ്റ് കൂടി ആകുമ്പോള്‍ തെലുങ്ക് സിനിമയില്‍ നിന്നും വന്ന മികച്ച ഒരു 'സ്പൈ ചിത്രം' ആണ് ഗൂഡാചാരി.

  ആദിവി ശേഷിന്റെ വലിയ ഹിറ്റുകളില്‍ ഒന്നായിരുന്ന 'ക്ഷണം' ക്ലൈമാക്സില്‍ അവതരിപ്പിച്ച ട്വിസ്ട്ടിനോട് ഉണ്ടായ താല്‍പ്പര്യക്കുറവു എന്നാല്‍ ഈ ചിത്രത്തില്‍ നിന്നും ഉണ്ടായില്ല.അഭിനയം ഒന്നും കാര്യമായി ഇല്ലെങ്കിലും തീരെ മോശമാക്കാതെ സിനിമയുടെ കഥ നോക്കി. വിവരിച്ചു പറയാനുള്ള കഥ ആയിരിക്കില്ല ഇത്തരം ചിത്രങ്ങളില്‍ ഉണ്ടാവുക എന്നതിനാല്‍ അതിനു മുതിരുന്നില്ല.ഹോളിവുഡ് ചിത്രങ്ങളുടെ നിലവാരം ഒന്നും പ്രതീക്ഷിക്കേണ്ട എന്ന് പറഞ്ഞാലും മികച്ച രീതിയില്‍ തന്നെ ചിത്രം അവതരിപ്പിച്ചിട്ടുണ്ട്.എത്ര ഒക്കെ കുറ്റം കണ്ടു പിടിക്കാന്‍ നോക്കിയാലും ഒരു Entertainer എന്ന നിലയില്‍ ഒരിക്കലും നിരാശ നല്‍കില്ല.വലിയ വാചകമടി ഇല്ലാതെ തന്നെ മികച്ച പ്രേക്ഷക പ്രശംസ നേടിയ ചിത്രത്തെ സമാനമായ ഴോന്രെയില്‍ ഉള്ള വിദേശ ചിത്രങ്ങളോട് ഒന്നും താരതമ്യപ്പെടുത്താതെ ,ആസ്വാദനത്തില്‍ അതിന്റെ സ്വാധീനം ഉണ്ടായില്ല എങ്കില്‍ ചിത്രം തീര്‍ച്ചയായും ഇഷ്ടമാകും.

932.Final Score(English,2018)932.Final Score(English,2018)
       Action.Thriller


ഒരു ഫുട്ബോള്‍ മത്സരം നടക്കുന്നു.West Ham ന്റെ അവസാന മത്സരം ആണ് ആ മൈതാനം മുഴുവനും കാണികള്‍ തിങ്ങി നിറഞ്ഞിരുന്നു.എന്നാല്‍ അപകടകരമായ ഒരു സംഭവം അവിടെ നടക്കാന്‍ പോകുന്നു.ലോകവുമായി ബന്ധം വേര്‍പ്പെട്ട ആ മൈതാനത്തില്‍ ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ ഒരു രക്ഷകന്‍ വേണം.അയാളുടെ മുന്നില്‍ ഉള്ളത് കളി അവസാനിക്കുന്ന തൊണ്ണൂറാം മിനിട്ട് വരെ സമയവും.മസില്‍ പെരുപ്പിച്ച വില്ലന്മാരും നായകനും.ഇടി,വെടിയുടെ പൊടിപ്പൂരം.അതാണ്‌ Final Score.

        നല്ല സ്പീഡില്‍ പോകുന്ന ഒരു ആക്ഷന്‍ ത്രില്ലര്‍. കഥയോ ഭാവങ്ങള്‍ വാരി വിതറുന്ന അഭിനേതാക്കള്‍ ഒന്നുമില്ല.അത് പോലെ സിനിമ നിരൂപകര്‍ പോലും അധികം സാധുത കല്‍പ്പിക്കാത്ത ചിത്രം.അതാണ്‌ 'Final Score'.ഒരു ഫുട്ബോള്‍ മത്സരം സ്പോര്‍ട്സ് ഴോന്രെയില്‍ ഉള്ള സിനിമ ആയി അവതരിപ്പിക്കുമ്പോള്‍ ലഭിക്കുന്ന ആവേശം ഉണ്ട്.എന്നാല്‍ ഒരു ഫുട്ബോള്‍ മത്സരത്തിലെ 90 നിര്‍ണായക മിനിട്ടുകള്‍ ഒരു ആക്ഷന്‍ ത്രില്ലറിന് കാരണം ആയാലോ?

  'രക്ഷകന്‍' സിനിമകളുടെ കൂട്ടത്തില്‍ പെടുത്താവുന്ന ഒരു ചിത്രമാണ് 'Final Score'.ബാറ്റി,പിയേര്‍സ് ബ്രോസ്നാന്‍ തുടങ്ങിയവര്‍ അഭിനയിച്ച ഈ ചിത്രം തീവ്രവാദം കാണിക്കുമ്പോള്‍ ,ഒരു പ്രത്യേക മത വിഭാഗത്തെ മാത്രം ഉന്നം വച്ച് കൊണ്ടു സിനിമയില്‍ അവതരിപ്പിക്കുന്ന തീവ്രവാദത്തെ ശക്തമായി എതിര്‍ക്കുന്നും ഉണ്ട്.പകരം 'Old Book Style' ലാണ് അവതരിപ്പിച്ചിരിക്കുന്നത്.ബാറ്റിയുടെ ആ വലിയ ശരീരം കൊണ്ട് അഭിനയിക്കാന്‍ പറ്റിയ രീതിയില്‍ ഉള്ള സിനിമയാണ് "Final Score'.അവസാന ഒന്നര മണിക്കൂര്‍ സിനിമ കഴിയുന്നത്‌ പോലും അറിഞ്ഞില്ല.ആ രീതിയില്‍ നോക്കിയാല്‍ ത്രില്ലര്‍ എന്ന നിലയില്‍ മികച്ച ഒരു ശ്രമം ആയിരുന്നു Scott Mann സംവിധാനം ചെയ്ത 'Final Score'

931.Den of Thieves(English,2018)
        Thriller,Crime.

ഒരു മോഷണക്കേസ്.ഹൈട്ടെക്ക് രീതിയില്‍ ആണ്.ആ മോഷണം പോലീസ് സേനയിലെ മോഷണം തടയാനായി രൂപപ്പെട്ട പ്രത്യേക വിഭാഗത്തിന് തീര്‍ത്തും ക്ഷീണം ആയി.അവര്‍ രണ്ടും കല്‍പ്പിച്ചു ഇറങ്ങുന്നു.പ്രതികളെ ജീവനോടെ പിടിക്കാന്‍ യാതൊരു ഉദ്ദേശവും ഇല്ലാത്ത പോലീസ്.എന്നാല്‍ അവര്‍ നടത്തിയ നീക്കങ്ങള്‍ക്കും അപ്പുറം ഉള്ള എന്തെങ്കിലും ഉണ്ടോ?തീരെ സാധാരണ രീതിയില്‍ പോകുന്ന സിനിമയ്ക്ക് അവിടെ ആണ് ഒരു ട്വിസ്റ്റ്.ജെറാല്ട് ബട്ലര്‍ ,പാബ്ലോ ഷ്രീബെര്‍,ഒ'ഷിയ ജാക്സന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 'Den of Thieves' ന്റെ കഥയാണിത്.

     ലോകത്തു ഏറ്റവുമധികം ബാങ്ക് കൊള്ളകൾ നടക്കുന്ന ലോസ് ഏഞ്ചൽസിലെ കുറ്റകൃത്യങ്ങളുടെ കണക്കു വിവരങ്ങൾ നൽകി തുടങ്ങുന്ന 'Den of Thieves' കൈകാര്യം ചെയ്യുന്നതും അത്തരം ഒരു പ്രമേയമാണ്.ക്ളൈമാക്സിൽ ,"Den of Thieves" did "Usual Suspects" എന്നു പ്രേക്ഷകന്  നൽകിയ ട്വിസ്റ്റ് മികച്ചതായിരുന്നു.എന്നാൽ,രണ്ടു മണിക്കൂറിൽ അധികം ഉള്ള സിനിമ ശരിക്കും പ്രേക്ഷകനെ ത്രിൽ അടിപ്പിച്ചോ എന്ന ചോദ്യം വന്നാല്‍ അല്‍പ്പം  കുഴങ്ങി പോകും.ചില സമയങ്ങളിൽ സിനിമ നല്ല സ്പീഡിൽ ആയിരുന്നു.പ്രത്യേകിച്ചും തുടക്കത്തിലേ Para-Military രീതിയിൽ ഉള്ള മോഷണം ഒക്കെ.

   അതു പോലെ ആയിരുന്നു ഇടയ്ക്കു ജെറാർഡ് ബട്ട്ലർ അവതരിപ്പിച്ച പോലീസ് ഉദ്യോഗസ്ഥനായ നിക്കും കൂട്ടരുടെയും രീതികൾ ഒക്കെ പഴയക്കാല പൗരുഷമുള്ള പല പോലീസ് കഥാപാത്രങ്ങളെയും ഓർമിപ്പിച്ചു.ഈ തലമുറയിലെ മികച്ച "സ്റ്റൈലിഷ്-മാച്ചോ" കഥപാത്രങ്ങളെ അവതരിപ്പിക്കാൻ കാലിബർ ഉള്ള നടൻ ആണ് ജെറാർഡ് ബട്ലർ എന്നു ഒരിക്കൽ കൂടി അടിവരയിടുന്നു.ഒരു മോഷണ കേസിന്റെ പുറകെ പോകുന്ന പോലീസ് സേനയിലെ പ്രത്യേക സംഘവും അവരോടു ബുദ്ധി-ശക്തി ഉപയോഗിച്ചു പോരാടുന്ന കള്ളന്മാരുടെ സംഘവും തമ്മിലുള്ള കളികള്‍ പല സിനിമകളിലും കണ്ടിട്ടുള്ളതാണ്.എങ്കിലും ക്ലീഷേ കഥയില്‍ ഒക്കെ പോയിരുന്ന സിനിമയുടെ അവസാന ഒരു മണിക്കൂര്‍ നല്ല ത്രില്ലിംഗ് ആണ്.

ആക്ഷന്‍ /ത്രില്ലര്‍ സിനിമകളുടെ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന എല്ലാം ചേര്‍ത്തിട്ടുണ്ട്!!

929.Slice(Thai,2009)929.Slice(Thai,2009)
       Mystery,Thriller.

 "ഞെട്ടിപ്പിക്കുന്ന ട്വിസ്റ്റും ആയി ഒരു തായ് ചിത്രം-Slice"

  നദിയിലൂടെ ഒഴുകിയെത്തിയ ചുവപ്പു നിറമുള്ള പെട്ടിയിൽ ആണ് ആദ്യം ശവശരീരം കാണപ്പെട്ടത്. നഗരത്തിൽ അതിനു പുറകെ കൊലപാതകങ്ങൾ നടക്കുന്നു.ഒരു ചുവന്ന പെട്ടിയിൽ വികൃതമാക്കപ്പെട്ട നിലയിൽ അതിക്രൂരം ആയി കൊലപ്പെടുത്തിയ പുരുഷന്മാരുടെ മൃതദേഹങ്ങൾ പലയിടത്തും നിന്നും ലഭിക്കുന്നു.പലരും സമൂഹത്തിൽ സ്വാധീനം ഉള്ള ഉന്നതർ.കൊല്ലപ്പെട്ടവരെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു തെളിവും പ്രത്യക്ഷത്തിൽ ഇല്ലായിരുന്നു.എന്നാൽ മൃതദേഹങ്ങൾ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയ ചുവന്ന പെട്ടികൾ ഒരു സീരിയൽ കില്ലർ ഇതിനു പുറകിൽ ഉണ്ടാകാം എന്ന നിഗമനം മാത്രമായിരുന്നു പൊലീസിന് ഉണ്ടായിരുന്നത്.


    ആ സമയത്താണ് കുറച്ചു മാസങ്ങൾക്കു മുൻപ് ഒരു ജയിൽപ്പുള്ളി തനിക്ക്‌ ഉണ്ടാകുന്ന സ്വപ്നങ്ങളെ കുറിച്ചു ജയിലിൽ കുറ്റവാളികളുടെ മാനസിക നിലയെ കുറിച്ചു പറഞ്ഞ കാര്യങ്ങൾ ഡോക്ടർ പോലീസിനെ അറിയിക്കുന്നത്.അയാളുടെ മനസ്സിനെ ശല്യപ്പെടുത്തുന്ന സ്വപ്നങ്ങളിൽ കാണുന്ന ചുവന്ന പെട്ടി ആണ് അവർ ഇവിടെ ഒരു സംശയമായി അവതരിപ്പിക്കുന്നത്.എന്നാൽ "ടായി" എന്നു പേരുള്ള ആ ജയിൽപ്പുള്ളി രക്ഷപ്പെടാൻ ഉള്ള ഒരു അടവായി അതിനെ പോലീസ് കാണുന്നു.മുൻ ഗുണ്ടാ ആയ അയാൾ 10 വർഷത്തെ ജയിൽവാസത്തിൽ ആണ്.എന്നാൽ രാജ്യത്തെ പ്രധാന മന്ത്രിയുടെ മകൻ സമാനമായ രീതിയിൽ കൊല്ലപ്പെടുന്നതോട് കൂടി പോലീസിന്റെ മുകളിൽ ഉള്ള സമ്മർദ്ദം കൂടുന്നു.15 ദിവസങ്ങൾക്കുള്ളിൽ കുറ്റവാളിയെ കണ്ടെത്തണം എന്ന ഉഗ്ര ശാസന ലഭിച്ച അവർ അവസാനം ആ തീരുമാനത്തിൽ എത്തുന്നു. "ടായ്‌"യുടെ സഹായം കേസന്വേഷണത്തിൽ സ്വീകരിക്കാം എന്നു.ആരാണ് യഥാർത്ഥ കുറ്റവാളി?അയാളുടെ ഉദ്ദേശം എന്തായിരുന്നു?


   തായ് മിസ്റ്ററി ത്രില്ലറുകളിലെ മികച്ച ഒരു ചിത്രം ആയി തോന്നി Slice കണ്ടു തീർന്നപ്പോൾ.പ്രത്യേകിച്ചും ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റും,സിനിമയുടെ ആകെ മൊത്തം ഉള്ള മൂഡിനെ പൊലിപ്പിക്കുന്ന ക്രൂരമായ കൊലപാതകങ്ങളും.അതിന്റെ ഒപ്പം നടക്കുന്ന ഫ്‌ളാഷ് ബാക്കിലൂടെ കഥാപാത്രങ്ങളെ കുറിച്ചു കൂടുതൽ വിശദമായ ഒരു കഥയും കൂടി ആകുമ്പോൾ ഒരു ത്രില്ലർ സിനിമ പ്രേമിക്കു വേണ്ടതെല്ലാം ചിത്രം നൽകുന്നു.ഇടയ്ക്കു ഉള്ള സംഭവങ്ങൾ ധാരാളം ചിത്രങ്ങളെ ഓർമിപ്പിക്കുമെങ്കിലും ആ ഓര്മപ്പെടുത്തലുകൾ ഒന്നും മൂല കഥയും ആയി നോക്കുമ്പോൾ ഒന്നും അല്ല എന്ന് തോന്നാം.

  തായ്ലൻഡിലെ ഗ്രാമീണ ഭംഗിയോടൊപ്പം താഴെക്കിടയിൽ ഉള്ള ജീവിതങ്ങളും ഒപ്പം തായ്ലൻഡിനെ കാർന്നു തിന്നുന്ന സെക്‌സ് ടൂറിസം എല്ലാം പ്രതിപാദ്യം ആകുന്നുണ്ട്.എന്നാൽ ഒരു സാധാരണ കഥയായി മുന്നോട്ടു പോകും എന്ന് തോന്നുമ്പോൾ ക്ളൈമാക്സിനോട് അടുപ്പിച്ചുള്ള ആ ട്വിസ്റ്റ് ഒന്നു മാത്രം മതി ചിത്രത്തിന്റെ കഥയിലെ മികവ് മനസ്സിലാക്കാൻ.ത്രില്ലർ സിനിമ സ്നേഹികളെ..ഇതിലെ വരൂ..ചിത്രം കണ്ട് നോക്കുക...ഇഷ്ടമാകും!!!

930.The Third Murder(Japanese,2017)
930.The Third Murder(Japanese,2017)
        Mystery.


   "ജിഗ്‌സോ പസിൽ" പോലെ ദുരൂഹമായ ഒരു കൊലപാതക കേസ് -The Third Murder.

   പുഴയോരത്ത് വച്ചു കൊലയാളി അയാളെ Wrench നു അടിച്ചു കൊന്നതിന് ശേഷം അയാളുടെ മൃതദേഹം കത്തിക്കുമ്പോൾ അയാളുടെ മുഖത്തു ഒരു സംതൃപ്തി ഉണ്ടായിരുന്നു.'മിസുമി' എന്നാണ് അയാളുടെ പേര്.മുപ്പതു വർഷങ്ങൾക്കു മുൻപ് നടത്തിയ രണ്ടു കൊലപാതകങ്ങൾ കാരണം ജയിലിൽ ആയ അയാൾ തിരിച്ചു ഇറങ്ങിയിട്ടു അൽപ്പ ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളു.പൊലീസിന് കീഴടങ്ങുമ്പോൾ അയാൾ ആണ്  താൻ ജോലി ചെയ്തിരുന്ന കമ്പനിയുടെ മാനേജരെ കൊന്നത് എന്നു മൊഴി നൽകിയത്.കൊലപാതകിയുടെ മൊഴി മുഖവിലയ്ക്കു എടുത്ത പോലീസ് മിസുമിയെ പ്രതിയായി കണക്കാക്കി.

   എന്നാൽ അവിചാരിതമായി കേസ് ഏറ്റെടുക്കേണ്ടി വന്ന 'ഷിഗേമോറി' എന്ന വക്കീൽ ആ കേസിൽ മിസൂമിയ്ക്ക് വേണ്ടി വാദിക്കാൻ തയ്യാറാകുന്നു.പ്രതി കുറ്റം സമ്മതിച്ചത് കൊണ്ടു തന്നെയും,അതു മോഷണ ശ്രമത്തിന്‌ ഇടയ്ക്കു സംഭവിച്ചതാണ് എന്നും മൊഴി നൽകിയത് കൊണ്ടു വധശിക്ഷ ലഭിക്കാൻ പര്യാപ്തം ആയിരുന്നു.അതു കൊണ്ടു ആ കേസിൽ ചെറിയ ഒരു വഴിത്തിരിവ് ഉണ്ടാക്കാൻ ആയിരുന്നു അയാളുടെ ശ്രമം.കൊലപാതകം വൈരാഗ്യത്തിന്റെ പുറത്തു ഉണ്ടായത് ആണെന്നും അതു കൊണ്ടു അതിൽ മറ്റു താൽപ്പര്യങ്ങൾ ഇല്ലാത്തതു കൊണ്ടും ആദ്യം അയാൾക്ക്‌ ലഭിച്ചത് പോലെ ജയിൽ ശിക്ഷയിലേക്കു വിധി മാറ്റുവാൻ ശ്രമിക്കുന്നു.അതിനായി ഷിഗേമോറി ,സ്വന്തം രീതിയിൽ കേസ് പുനരന്വേഷണം നടത്തുന്നു.എന്നാൽ കേസിന്റെ തുടക്കം മുതൽ വ്യക്തത ഇല്ലാത്ത കാര്യങ്ങൾ പലതും മാറ്റി പറഞ്ഞ മിസൂമി എന്ന പ്രതി പറഞ്ഞതിനു അപ്പുറം സത്യങ്ങൾ ഉണ്ടായിരിക്കുമോ?മിസൂമി യഥാർത്ഥ പ്രതി ആണോ?എന്തിനായിരുന്നു അയാൾ ആ കൊലപാതകം നടത്തിയത്? 30 വർഷങ്ങൾക്കു മുൻപ് നടന്ന സംഭവങ്ങളും ആയി എന്തെങ്കിലും ബന്ധം ഉണ്ടോ?അതോ ഇതൊന്നും അല്ലാതെ മറ്റൊന്ന്?ഇതെല്ലാം കൂടാതെ അയാൾ കേസിന്റെ അവസാനം അതു വരെ പറഞ്ഞതിനെ എല്ലാം പരിഹസിച്ചത് എന്തിനായിരിക്കും? ചിത്രം കാണുക,ഉത്തരങ്ങൾക്കായി!!

     Kore-eda സംവിധാനം ചെയ്ത ഈ ചിത്രം എന്നാൽ, Whodunnit,Whydunnit പോലെ ഉള്ള ചോദ്യങ്ങൾക്കും അപ്പുറം ആണെന്ന് പതിയെ മാത്രമേ പ്രേക്ഷകന് മനസ്സിലാകൂ.ഒരു Yes/No ഉത്തരം ലഭിക്കുന്നതിലേക്കു പ്രേക്ഷകനെ മാറ്റാൻ ആണ് സംവിധായകൻ അവസാനം ശ്രമിക്കുന്നത്.അതിനായി സഞ്ചരിക്കുന്ന വഴികൾ ധാരാളം ആണ്.പലതരം വിചിത്ര കഥകൾ അതിന്റെ ഇടയിൽ അനാവരണം ചെയ്യുന്നുണ്ട്.അതിന്റെ ഒപ്പം "ചില മനുഷ്യർ ജനിക്കണമായിരുന്നോ ?" എന്ന ചോദ്യവും.എന്നാൽ അൽപ്പം ഫിലോസഫിക്കൽ ആയി അതിനെ സമീപിക്കാനും പ്രേക്ഷകനെ അനുവദിക്കുന്നില്ല.പകരം,തന്റെ ചുറ്റും ഉള്ളവർ സങ്കടപ്പെടുമ്പോൾ അതു തന്റെ കുറ്റം ആണെന്ന് എത്ര പേർ കരുതുന്നുണ്ട് എന്ന ചോദ്യം ഉയർത്താൻ ശ്രമിക്കുന്നു.ചോദ്യങ്ങൾ ഒട്ടനവധി ആണ് ചിത്രത്തിൽ.ഒരു മിസ്റ്ററി/ത്രില്ലർ എന്ന രീതിയിൽ മാത്രം ചിത്രത്തെ സമീപിച്ചാൽ ഒരു പക്ഷെ പലതിനും ഉത്തരം കണ്ടെത്തുക ദുർഘടം ആകും.എന്നാൽ സിനിമയുടെ ആ ചെറിയ ഒഴുക്കിനോടൊപ്പം നേരത്തെ പറഞ്ഞ Yes/No ചോദ്യത്തിലേക്കു സിനിമയുടെ ക്ളൈമാക്‌സ് എത്തുമ്പോൾ ചെറിയ ഒരു സംതൃപ്തി തോന്നും.മിസൂമി യഥാർത്ഥത്തിൽ ആരായിരുന്നു എന്നും..

കാണുക!!നല്ല ഒരു ചിത്രമാണ്...!!

928.Marionette(Korean,2018)

928.Marionette(Korean,2018)
       Mystery,Crime.


     മിൻ-ഹാ,ഏറെ വർഷങ്ങൾക്കു ശേഷം തന്റെ ഭൂതകാലത്തെ വീണ്ടും നേരിടുകയാണ്.ഒരു ടീച്ചർ ആയി മാറിയ ആ കൗമാരക്കാരി ഏറെ വർഷങ്ങൾക്കു മുൻപ് തന്റെ ജീവിതത്തെയും സ്ഥലങ്ങളെയും മറന്നു ഒളിച്ചു നടക്കുകയാണ്.കല്യാണ തീയതിയും അടുക്കാറായി.ക്ലാസ് കഴിഞ്ഞ ഒരു വൈകുന്നേരം കുടിച്ച കാപ്പി മാത്രമേ അവൾക്കു ഓർമ ഉണ്ടായിരുന്നുള്ളൂ.പിറ്റേ ദിവസം രാവിലെ സ്ക്കൂൾ തുറക്കുമ്പോൾ അവൾ അവിടെ തന്നെ ഉറങ്ങുക ആയിരുന്നു.കൈ തണ്ടയിൽ ചുവന്ന അടയാളം.അൽപ്പ സമയത്തിന് ശേഷം അവളെ തേടി വീണ്ടും അതു വന്നൂ..എന്നാൽ അൽപ്പ സമയത്തിനുള്ളിൽ അവൾ മനസ്സിലാക്കുന്നു,ഇത്തവണ തന്റെ ഒരു വിദ്യാർത്ഥിനിയും തന്റെ അതേ അവസ്ഥയിലേക്ക് പോയി കൊണ്ടിരിക്കുക ആണെന്ന്.

  കൊറിയൻ സിനിമയായ Marionette ചർച്ച ചെയ്യുന്നത് ഗൗരവം ഏറിയ ഒരു വിഷയത്തെ കുറിച്ചാണ്.കുട്ടികൾ ചെയ്യുന്ന കുറ്റ കൃത്യങ്ങൾ.അതിന്റെ തോത് കാലങ്ങൾക്കു അപ്പുറം നവീന ടെക്‌നോളജി കൂടി ചേരുമ്പോൾ എന്ത്‌ മാത്രം ഭീകരം ആയി മാറുന്നു എന്നു.കൊറിയയിൽ ഇത്തരം കുറ്റകൃത്യങ്ങൾ ഏറെയാണ്.കുട്ടികളെ ഉപയോഗിച്ചു പണം ഉണ്ടാക്കുന്ന ധാരാളം ആളുകൾ ഉണ്ട്.പലപ്പോഴും പ്രതികളായി കുട്ടികളെ കിട്ടുമ്പോൾ പോലീസിനും അധികം ഒന്നും ചെയ്യാൻ കഴിയുന്നില്ല.കാരണം നിയമം നൽകുന്ന പരിരക്ഷയും,നാളത്തെ പൗരന്മാർ എന്ന നിലയിൽ അവർക്ക് നൽകുന്ന അവസരങ്ങളും ആണ്.എന്നാൽ അതിനെ മുതലെടുക്കുന്ന എത്രയോ ആളുകൾ നമുക്ക് ചുറ്റും ഉണ്ട്?

  സംവിധായകൻ ലീ ഹൻ വൂക് ഇത്തരം ഒരു വിഷയം പ്രമേയം ആക്കി സിനിമ അവതരിപ്പിച്ചപ്പോൾ കൊറിയൻ സിനിമയിലെ മിസ്റ്ററി ഘടകം കൂടി കൂട്ടിയിണക്കി അൽപ്പം സസ്പെൻസ് ഒക്കെ നൽകി ആണ് അവതരിപ്പിച്ചത്.കാലം കൂടുന്തോറും മനുഷ്യന്റെ നിഷ്കളങ്കതയുടെ ആയുസ്സു കുറഞ്ഞിരിക്കാം.ഒളിവിൽ ഇരുന്നു കൊണ്ടു എന്തു വേണമെങ്കിലും ചെയ്യാൻ കഴിയുന്ന രീതിയിൽ ടെക്നൊളജിയും വിജയിച്ചിരിക്കുന്നു.മിൻ-ഹ,യാഥാർഥ്യങ്ങളെ തേടി പോകുന്ന സിനിമ എന്നാൽ ചില സമയങ്ങളിൽ  മിസ്റ്ററി സ്വഭാവം ഉപേക്ഷിക്കുന്നുണ്ട്.എന്നാൽ ക്ളൈമാക്സിൽ അപ്രതീക്ഷിതമായ  ട്വിസ്റ്റുകൾ വരുമ്പോൾ കണ്ടതെല്ലാം വേറെ ആണെന്ന രീതിയിൽ ആയി മാറുന്നു.ഒരു പക്ഷെ ഒരിക്കലും വിശ്വസിക്കാൻ ആകില്ല എന്നു കരുതുന്ന ക്ളൈമാക്‌സ് ആയി തോന്നിയാൽ പോലും കുറ്റകൃത്യങ്ങളുടെ യഥാർത്ഥ കണക്കു വിവരങ്ങൾ ആ അപ്രതീക്ഷിതം എന്നു തോന്നുന്ന സംഭവങ്ങളെ ശരി വയ്ക്കുന്നു...

  കൊറിയൻ സിനിമ സ്നേഹികൾക്കായി ഒരു ചിത്രം കൂടി..!!!

927.Disturbia (English,2007)


927.Disturbia (English,2007)
        Mystery,Thriller.


    കൗമാരപ്രായക്കാരൻ ആയ 'കേൽ' ,അവന്റെ സ്ക്കൂളിൽ ഉണ്ടായ ഒരു സംഭവത്തെ തുടർന്ന് വീട്ടു തടങ്കലിൽ ആണ്.അവന്റെ ശരീരത്തിൽ ഘടിപ്പിച്ച ബാൻഡ് കാരണം വീടിനു പുറത്തേക്കു പോകാൻ കഴിയാതെ ജീവിക്കുന്നു.തന്റെ പിതാവിന്റെ മരണം അവനെ ആകെ തകർത്തിരുന്നു എന്നതായിരുന്നു സത്യം.അതിന്റെതായ പ്രശ്നങ്ങൾ അവൻ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.ഈ സമയങ്ങളിൽ അയലത്തെ സുന്ദരിയെ രഹസ്യമായി കാണാൻ വേണ്ടി ആണ് അവൻ ബൈനോക്കുലർ ഉപയോഗിച്ചു തുടങ്ങുന്നത്.കൗമാരത്തിന്റെ ചാപല്യങ്ങൾക്കു ഇടയിൽ അവൻ ഒരു രഹസ്യം കണ്ടെത്തുന്നു.

"തന്റെ മറ്റൊരു അയൽക്കാരൻ ഒരു സീരിയൽ കില്ലർ ആണ്"

കേലിന്റെ കൈയിൽ അധികം തെളിവുകൾ ഇല്ലായിരുന്നു.അതിന്റെ കൂടെ നിയമം നൽകിയ ശിക്ഷ അവന്റെ സംശയങ്ങൾ സ്ഥിരീകരിക്കാൻ വിലങ്ങു തടി ആയി തീരുകയും ചെയ്തു.കേലിന്റെ അയൽവാസി യഥാർത്ഥത്തിൽ അവൻ കരുതിയത് പോലെ ഒരു കൊലപാതകി ആയിരുന്നോ?അവനു സത്യം കണ്ടെത്താൻ സാധിക്കുമോ?കൂടുതൽ അറിയാൻ ചിത്രം കാണുക!!

ഹിച്കോക്കിന്റെ മാസ്റ്റർപീസ് ആയ Rear Window യുടെ ടീനേജ് വേർഷൻ എന്നു കഥാപാത്രത്തെ വിളിക്കാമെങ്കിലും വളരെയധികം വ്യത്യാസങ്ങൾ ഉണ്ടായിരുന്നു കഥാപാത്രങ്ങൾ നേരിട്ട സാഹചര്യങ്ങളെ താരതമ്യം ചെയ്യുമ്പോൾ.എന്നാൽ അധികം ഡാർക്ക് മൂഡ് ആകാതെ ഒരു ടീനേജ് കുറ്റാന്വേഷണ കഥ ആയി ചിത്രത്തെ കാണാം.ക്ളൈമാക്സിനോട് അടുപ്പിച്ചു ചിത്രം നല്ല ഒരു ത്രില്ലർ ആകുന്നുണ്ട്.എങ്കിലും, മൊത്തത്തിൽ ഒരു ശരാശരി ചിത്രം എന്നു വിളിക്കാം Disturbia യെ.കാരണം ഇത്തരത്തിൽ ഉള്ള ഒരു പ്ലോട്ട് വർഷങ്ങൾക്കു മുൻപ് മികച്ച രൂപത്തിൽ നമുക്ക് കാണാൻ സാധിച്ചത് കൊണ്ടു തന്നെ.

926.Creepy(Japanese,2016)

926.Creepy(Japanese,2016)
         Mystery,Thriller


         ആറു വർഷങ്ങൾക്കു മുൻപ് 3 പേർ ഒരു കുടുംബത്തിൽ നിന്നും അപ്രത്യക്ഷരായി എന്ന കേസ് ദുരൂഹമായി നില നിൽക്കുമ്പോൾ ആണ് 'ടാകാകുര'  എന്ന മുൻ പോലീസ് കുറ്റാന്വേഷണ വിദഗ്ധൻ ആ കേസിലേക്കു വരുന്നത്.ക്രിമിനൽ സൈക്കോളജിയിൽ വിദഗ്ധനായ ടാകാകുര ,എന്നാൽ ഒരിക്കൽ തന്റെ നിഗമനങ്ങളിൽ വന്ന പിഴവ് കാരണം ഉണ്ടായ അപകടത്തെ തുടർന്ന് ജോലി ഉപേക്ഷിച്ചു ഇപ്പോൾ ഒരു കോളേജിൽ പഠിപ്പിക്കുന്നു.ആറു വർഷങ്ങൾക്കു മുൻപ് നടന്ന സംഭവങ്ങളിൽ നടന്ന ദുരൂഹതയിൽ ഒന്നാണ് സാക്ഷി മൊഴി പലപ്പോഴായി മാറ്റി പറയേണ്ടി വരുന്ന ആ കുടുംബത്തിലെ പെണ്കുട്ടിയുടെ കാര്യം.അതി സങ്കീർണമായ ഒരു കേസ് ആയി മാറുമ്പോൾ ആണ് 5 പേരുടെ ശവശരീരം ആ സമയത്തു ലഭിക്കുന്നത്?അതു ആരുടെ ആയിരുന്നു?എങ്ങനെ ആണ് അവർ കൊല്ലപ്പെട്ടത്??

എന്നാൽ ഈ സമയം ടാകാകുര ഭാര്യയും ആയി താമസിക്കുന്ന സ്ഥലത്തും ചില വിചിത്ര സംഭവവികാസങ്ങൾ ഉണ്ടായി തുടങ്ങി.പുതിയ സ്ഥലത്തുള്ള പുതിയ അയൽവക്കക്കാർ അവരോടു പെരുമാറിയത് വിചിത്രമായി ആയിരുന്നു.ആർക്കും ആരെയും വിശ്വാസം ഇല്ലാത്ത പോലെ.എല്ലാവരും അകലാൻ ശ്രമിക്കുന്ന പോലെ.ആകെ ദുരൂഹതകൾ നിറയുമ്പോൾ എന്താണ് അവിടെ നടക്കുന്നത് എന്നു പ്രേക്ഷകന് താൽപ്പര്യം കൂടുന്നു.ഒരു സീരിയൽ കില്ലർ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നിടത്തു അതിലും ഭീകരം ആയ ഒന്നുണ്ടായാൽ??


   ഈ ഭാഗം സിനിമയുടെ ഒരു ചെറിയ പ്ലോട്ട് മാത്രം ആണ്.അതി സങ്കീർണമായ ഒരു കഥ ആണ് പ്രശസ്ത ജാപ്പനീസ് സംവിധായകൻ ആയ 'കയേഷി കുറോസോവ' ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.ഹൊറർ എന്നാൽ പ്രേത സിനിമകൾ മാത്രം ആണെന്നുള്ള concept മാറ്റി അതീന്ദ്രീയ ശക്തികൾക്കും അപ്പുറം ഉള്ള ചില സംഭവങ്ങളെ തന്റെ ചിത്രങ്ങളിലൂടെ അവതരിപ്പിക്കുന്ന അദ്ദേഹം സമകാലീന സംവിധായകരിൽ ഒരു ഇതിഹാസം ആണ്.'Yutaka Maekawa' എഴുതിയ നോവലിനെ ആസ്പദമാക്കി നിർമിച്ച ചിത്രത്തിന്റെ കഥ വളരെ ദുരൂഹതകൾ നിറഞ്ഞ ഒന്നാണ്.പ്രേക്ഷകന് പ്രധാനമായ പ്ലോട്ട് എന്നു ചിന്തിക്കുന്നിടത്തു നിന്നും അപകടകരകമായ കഥാപാത്രങ്ങളിലൂടെ,പ്രത്യേകിച്ചും മനുഷ്യ മനസ്സിന്റെ നിയന്ത്രണം ഏറ്റെടുക്കുന്ന ചെകുത്താന്റെ സമമായ കഥാപാത്രം ഒക്കെ ഭയപ്പെടുത്തുന്നു മറ്റൊരു തരത്തിൽ.


  അമേരിക്കൻ സീരിയൽ കില്ലർമാരെ കുറിച്ചു തുടക്കത്തിൽ വരുന്ന പരാമർശങ്ങളിൽ നിന്നും മാറി അധികം പരിചയം ഇല്ലാത്ത ഒരു തരം പരമ്പര കൊലയാളിയെ ആണ് ചിത്രത്തിൽ കാണുക.പക്ഷെ നേരെ നോക്കുമ്പോൾ അയാളിൽ സുതാര്യത ഏറെയും ആണ്.ജാപ്പനീസ് കുടുംബങ്ങളുടെ ഇന്നത്തെ പൊതു സ്വഭാവത്തിൽ നിന്നും ഉൾക്കൊണ്ട കഥാപാത്രങ്ങളും അവിടെ ഇത്തരത്തിൽ ഉള്ള ഒരാളും ഉണ്ടായിരുന്നെങ്കിൽ എന്നത് തന്നെ നിലവിൽ ഉള്ള വ്യവസ്ഥിതിയിൽ അത്തരം ഒരു ആശയം ഉൾപ്പെടുത്തിക്കൊണ്ടു ഹൊറർ മൂഡിലേക്കു പ്രേക്ഷകനെ എത്തിക്കുന്നു.പണ്ട് കൊറിയൻ ചിത്രമായ "Hide and Seek" ൽ ഒക്കെ കണ്ട പോലത്തെ ഒരു പ്രമേയം പ്രതീക്ഷിച്ചു സിനിമ കാണാൻ ഇരുന്ന ഒരാൾ എന്ന നിലയിൽ ചിത്രം ആകെ ഞെട്ടിച്ചു!!

  നേരിട്ടു വിവരിക്കാൻ ആകാത്ത ഒരു കഥയാണ് Creepy യുടെ.കാരണം,അതു കണ്ടു തന്നെ അറിയണം.കഥാപാത്രങ്ങളെ കുറിച്ചു പോലും ധാരാളം interpretations നടത്താൻ സാധിക്കുന്ന ചിത്രം ആണിത്.വ്യക്തമായ വ്യക്തിത്വം നൽകുകയും,എന്നാൽ പിന്നീട് അവരുടെ സ്വഭാവം തന്നെ കാഴ്ചയിൽ നിന്നും മാറ്റുന്ന മികച്ച ഒരു അനുഭവം ആയിരുന്നു "Creepy".

തീർച്ചയായും കാണുക!!

925.Junga(Tamil,2018)


925.Junga(Tamil,2018)


     'ജുങ്ക' - ഈ സിനിമയുടെ മോശം വശങ്ങളിലേക്ക് ആദ്യം പോകാം.ഈ പോസ്റ്ററിൽ ഉള്ളത് ആണ് ഏറ്റവും മോശം ആയ കാര്യം.സംശയിക്കേണ്ട.വിജയ് സേതുപതി തന്നെ.നല്ല ഒരു കഥ ഉണ്ടെങ്കിൽ അതിനെ ഏറ്റവും ഭംഗിയായി അവതരിപ്പിക്കുന്ന തമിഴ് നടൻ എന്നു ഉറപ്പായും പറയാവുന്ന വിജയുടെ ഏറ്റവും മോശം കഥാപാത്രങ്ങളിൽ ഒന്നായിരിക്കും ഇതിലെ 'ഡോൺ ജുങ്ക'.ഗെറ്റപ്പ് ചേഞ്ച്‌ എന്നു പറഞ്ഞു തമാശയ്ക്കു വേണ്ടി ചെയ്തതാണെങ്കിലും ആകെ ബോർ ആയി തോന്നി അതു.തമിഴിലെ ഏതു നടനും ചെയ്യാവുന്ന ഒരു കഥാപാത്രം,സ്വന്തം പ്രൊഡക്ഷൻ കമ്പനിയിൽ നിന്നും വരുമ്പോൾ 'ആക്റ്റർ വിജയ്' എന്തായിരിക്കും കരുതിയിട്ടുണ്ടാവുക??

  കഥയിൽ വലിയ ലോജിക് ഒന്നും ഇല്ലാത്തതു കൊണ്ടു ഒരു ഫാന്റസി സിനിമ ആയി കണക്കാക്കാം.കുറച്ചു തമാശയും ഒക്കെ ആയി പോകുന്ന ചിത്രത്തിൽ വിജയ്‌ പലപ്പോഴും തീരെ comfortable ആണെന്ന് തോന്നിയില്ല.സ്വാഭാവികമായ,നിഷ്ക്കളങ്കം ആയ അദ്ദേഹത്തിന്റെ തമാശ കഥാപാത്രങ്ങൾ കണ്ടിട്ടുണ്ടാവും.എന്നാൽ ഇവിടെ വേറെന്തോ ആയി മാറാൻ ഉള്ള ഒരു ശ്രമം പോലെ.യോഗി  ബാബു,കുറച്ചു നേരം സ്‌ക്രീനിൽ ഉള്ള രാജേന്ദർ,നായിക സയേഷ ഒക്കെ ആ ഫ്ലോയിൽ അങ്ങു പോയി.'അമ്മ വേഷത്തിൽ വന്ന ശരണ്യ ,മുത്തശ്ശി വേഷം ചെയ്ത നടി എന്നിവരൊക്കെ നന്നായിരുന്നു.അതു പോലെ സുന്ദരമായ ഫ്രാൻസും!!!

  Encounter ചെയ്തു കൊല്ലാൻ പോകുന്ന ഒരു ഡോൺ, അയാളെ കൊല്ലാൻ കൊണ്ടു പോകുമ്പോൾ അയാളുടെ കഥ കൊല്ലാൻ പോകുന്ന പൊലീസുകാരോട് പറയുന്നതാണ് സിനിമയുടെ പ്രമേയം.ഇടയ്ക്കു ചെറിയ തമാശകൾ ഒക്കെ ആയി സിനിമ വെറുതെ ഒരു ടൈം പാസ് ചിത്രമായി മാറുമ്പോൾ മനസ്സിൽ തോന്നിയതു, വിജയ് സേതുപതിയെ പോലെ ഒരാൾ എന്തിനു ഈ കഥാപാത്രം ചെയ്തു എന്നതാണ്.കാർത്തി,ജീവ,ശിവ ഒക്കെ പോലെ ഈ കഥാപാത്രം ചെയ്യാൻ കഴിയുന്ന ധാരാളം ആളുകൾ ഉള്ളപ്പോൾ മികച്ച അഭിനേതാവ് ആയ ഒരാൾ 'കണ്ണു തട്ടാതെ' ഇരിക്കാൻ ചെയ്‌ത സിനിമ ആയി മറക്കാം.ഒരു പിടി നല്ല സിനിമകൾ വിജയുടെ ആയി വരാൻ ഉള്ളത് കൊണ്ട് പ്രത്യേകിച്ചും.

വിജയ് സേതുപതിയുടെ അഭിനയം ഒഴിച്ചു നിർത്തിയാൽ ഒരു ശരാശരി entertainer ആയി തോന്നി 'ജുങ്ക'.

ഒരു 'ആക്റ്റർ വിജയ്' ആരാധകൻ എന്ന നിലയിൽ എഴുതിയ കുറിപ്പാണിത്...!!!

924.Summer of '84(English,2018)924.Summer of '84(English,2018)
        Mystery

   'It','Hardy Boys',Famous Five,'Secret Seven ','Goonies' തുടങ്ങി '80 കളിലെ തലമുറയ്ക്ക് നൽകിയ മികച്ച ഒരു homage ആണ് Summer of '84.സിനിമ നടക്കുന്ന കാലഘട്ടം മുതൽ 'Le Matos' ന്റെ പശ്ചാത്തല സംഗീതം പോലും പ്രേക്ഷകനെ ആ കാലഘട്ടത്തിലേക്കു കൊണ്ടു പോകാൻ സാധിക്കുന്ന ഒന്നായിരുന്നു.ടീനേജ് കുറ്റാന്വേഷണ കഥകൾ വായിച്ചു കഥകളുടെ ലോകത്തിലേക്ക്‌ വന്ന ഏതൊരാൾക്കും നൊസ്റ്റാൾജിയ നൽകുന്ന കാലം.'വിന്റേജ്' ബാലരമ,പൂമ്പാറ്റ,ട്വിങ്കിൾ കാലഘട്ടത്തിലേക്കു ഉള്ള തിരിച്ചു പോക്കായി തോന്നും മുപ്പതുകളിൽ എത്തിയ പലർക്കും.'നൊസ്റ്റാൾജിയ' എന്ന വാക്കിനു അത്രയധികം വിലയുണ്ടാകാം പലർക്കും.പുസ്തകങ്ങൾ വായിച്ചും,കൂട്ടുകാർ കൂട്ടം ചേർന്നുള്ള കളികളും ഒക്കെ ആയി ശുദ്ധമായ അന്തരീക്ഷം ഉള്ള,ടെക്‌നോളജി ഭാവിയിൽ സംഭവിക്കുന്ന ഏതൊക്കെയോ ഭ്രാന്തൻ ആശയങ്ങളിൽ ഉള്ളതാണ് എന്നു ചിന്തിക്കുന്ന ആ കാലഘട്ടം ഇഷ്ടമാണെങ്കിൽ മടിക്കാതെ 'Summer of '84' കണ്ടോളൂ.

   'It' റീമേക്,' Stranger Things' എന്നിവയുടെ ചുവടു പറ്റി ആണ് 'Summer of '84' ന്റെ അവതരണവും.ടീനേജ് പ്രായത്തിൽ ഉള്ള കുട്ടികളുടെ തിരോധാനം ഒരു ചെറിയ ടൗണിനെ ഭയപ്പെടുത്തുമ്പോൾ,തന്റെ വീടിന്റെ അപ്പുറത്തുള്ള പോലീസുകാരൻ ആണ് ഇതിനെല്ലാം പിന്നിൽ എന്നു വിശ്വസിക്കുന്ന 'ഡേവി ആംസ്ട്രോങ്ങും' കൂട്ടുകാരും നടത്തുന്ന അന്വേഷണം ആണ് ചിത്രത്തിന്റെ പ്രമേയം.ഒരു 'ടീനേജ് കുറ്റാന്വേഷണ' നോവൽ വായിക്കുന്ന സരളതയോടെ കാണാവുന്ന ചിത്രം എന്നാൽ ക്ളൈമാക്സിനോട് അടുക്കുമ്പോൾ വളരെ അധികം disturbing ആയി മാറുന്നുണ്ട്.കഥ കൂടുതൽ വിവരിക്കുന്നതിൽ കാര്യമില്ല. ഇന്നത്തെ കാലത്തു ക്ളീഷേ ആണെന്ന് തോന്നാം!!

  ക്രൊയേഷ്യൻ ചിത്രമായ 'Koko i duhovi' പോലെ ഉള്ള സിനിമകൾ ഒക്കെ പഴയ ചിത്രകഥകളിലെ ആ മൂഡ് നിലനിർത്തിയെങ്കിൽ,ഇവിടെ അതിലും വ്യത്യസ്തമായി 'gore elements' നു ആണ് പ്രാമുഖ്യം.പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു പ്രത്യേകിച്ചും ഇത്തരം ചിത്രത്തിലെ ക്ളൈമാക്‌സ്.ഒരു സിനിമ കണ്ടു തീർത്ത ഉടനെ അതിന്റെ OST തേടി പോകാൻ തോന്നിക്കും La Mantos ന്റെ സംഗീതം.സിനിമയുടെ ആകെ മൊത്തം ഉള്ള പൂര്ണതയ്ക്കു വേണ്ടി വന്ന ഒരു ഘടകം ആയിരുന്നു അത്.'RKSS' എന്നു അറിയപ്പെടുന്ന സംവിധായക ജോഡികളുടെ ചിത്രം ഈ കലാഘട്ടത്തിലെ ഒരു പുതുമ ആണ്.,Shia LaBeouf, ന്റെ ചിത്രമായ 'Disturbia'  യും ആയി കഥാപാപരമായി ചെറുതല്ലാത്ത സാദൃശ്യം തോന്നിയിരുന്നെങ്കിലും 30 വർഷങ്ങൾ മുൻപുള്ള കാലഘട്ടത്തിന്റെ സ്മരണകൾ അയവിറക്കാൻ ഉള്ള ഒരു ചിത്രമായി മാറി 'Summer of '84'.

To the '80 s and '90s kids,ധൈര്യമായി കണ്ടോളൂ ഈ ചിത്രം.നിരാശരാകില്ല!!

923.BHAVESH JOSHI SUPER HERO(HINDI,2018)

923.Bhavesh Joshi Super Hero(Hindi,2018)
        Action,Drama


  സൂപ്പർ ഹീറോ സിനിമകൾ ഹോളിവുഡ് വാഴുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ സിനിമ വ്യവസായങ്ങളിൽ ഒന്നായ ബോളിവുഡ് കൂടി ചേരുകയാണ്.വിരലിൽ എണ്ണാവുന്ന സൂപ്പർ ഹീറോ സിനിമകൾ ആണ് ഇന്ത്യൻ സിനിമയിൽ നിന്നും വന്നിട്ടുള്ളത്.ഒരു പക്ഷെ സൂപ്പർ ഹീറോകളെക്കാളും അമാനുഷികമായ ശക്തികൾ ഉള്ള നായകന്മാർ ആണ് നമുക്ക് ഉള്ളത് എന്ന കാരണം കൊണ്ടാകും.സൂപ്പർ ഹീറോകൾ ചാടും ,ഓടും ,പറക്കും.അതൊക്കെ നമ്മുടെ പല സിനിമകളിലും നായകന്മാർ  തന്നെ ചെയ്യാറും ഉണ്ട്.ഈ ഒരു സാഹചര്യത്തിൽ ആണ് പുതിയ ഒരു തരം സൂപ്പർ ഹീറോ വരുന്നത്.

  സാധാരണ പോലെ അതി സങ്കീർണം ആയ ശാസ്ത്രീയ ഇടപെടലുകൾ ഇല്ല.വേറെ ഗ്രഹങ്ങളിൽ പോയിട്ടില്ല,കാശുകാരൻ അല്ല,പ്രത്യേക തരം സുരക്ഷാ കവചം ഇല്ല,കുറെ കാലം ഐസിൽ ഇട്ടു വച്ചിട്ടും ഇല്ല.പ്രധാനമായും പറക്കുകയും ഇല്ല.ആകെ അറിയാവുന്നത് കുറച്ചു സോഫ്റ്റ്‌വെയർ കോഡിങ് ആണ്.പിന്നെ ഇടയ്ക്കു പെട്ടെന്ന് പഠിച്ച കുറച്ചു കരാട്ടെയും മാത്രം.പക്ഷെ അയാളുടെ ഉദ്ദേശ ശുദ്ധി ഏറെ കുറെ നല്ലതാണ്.ഇന്ത്യയെ എക്കാലവും കാർന്നു തിന്നുന്ന അഴിമതി ആണ് അയാളുടെ ശത്രു.

പണ്ട് തൊപ്പിയും ചൂലുമായി ഇന്ത്യൻ യുവത തെരുവുകളിൽ ഇറങ്ങിയപ്പോൾ ഉണ്ടായ ഒരു പ്രതീക്ഷ.അതിൽ നിന്നുമാണ് ചിത്രം ആരംഭിക്കുന്നത്.എന്നാൽ പതിയെ ആവേശം കെട്ടടങ്ങിയപ്പോൾ മനസ്സിലായി.ഇന്ത്യ ഇങ്ങനെ തന്നെ ആണ്.മാറില്ല.ആര് മാറിയാലും system.അതു അങ്ങനെ തന്നെ നിൽക്കും.രാഷ്ട്രീയക്കാരും ബ്യുറോക്രസിയും ആയുള്ള അവിശുദ്ധ ബന്ധം.അതു അങ്ങനെ തന്നെ നിലനിൽക്കും.എന്നാൽ 2 പേർ അതിനെതിരെ ഉള്ള പോരാട്ടം തുടർന്ന് കൊണ്ടിരുന്നു.ഭാവേഷ് ജോഷിയും സുഹൃത്തായ സിക്കന്ദർ ഖന്നയും.അവർ മുഖമൂടി അണിഞ്ഞു യൂടൂബ് വീഡിയോകളും ആയി തെറ്റിനെ ചൂണ്ടി കാണിച്ചിരുന്നു.എന്നാൽ സിക്കു,പിന്നീട് ജീവിത യാഥാർഥ്യങ്ങളോട് ചേർന്നു ജീവിക്കാൻ ശ്രമിക്കുന്നു.പക്ഷെ ഭാവേഷ് അതിനു തയ്യാറല്ലായിരുന്നു.ഒരു പ്രത്യേക അവസരത്തിൽ ഭാവേഷ് ഇല്ലാതായി തീരുന്നു.അവിടെ ഭാവേഷ് ജോഷി എന്ന സൂപ്പർ ഹീറോ ഉദയം കൊള്ളുന്നു.

  അനുരാഗ് കശ്യപ് ഉൾപ്പടെ ഉള്ള ടീം എഴുതിയ കഥ സാഹചര്യങ്ങളെ കൂടുതലും യാഥാർഥ്യങ്ങളോട് ചേർന്നു നിൽക്കുന്ന രീതിയിൽ ആണ് അവതരിപ്പിച്ചിരിക്കുന്നത്.DC ചിത്രങ്ങളിലെ പോലുള്ള ഇരുട്ടു നിറഞ്ഞ പശ്ചാത്തലം.സംഘടന രംഗങ്ങളിലെ മികവ് ഹർശവർധൻ കപൂറിന് പ്രകടമായിരുന്നു.ആ ബൈക് ചേസിംഗ് സീൻ ഒക്കെ മികച്ചതായിരുന്നു.പ്രിയാൻഷുവിന്റെ കഥാപാത്രം ആയിരുന്നു സിനിമയുടെ നട്ടെല്ല്.പ്രത്യേകിച്ചും പ്രതീക്ഷകൾ ഇല്ലാതിരുന്നിട്ടും പോരാടാൻ തീരുമാനിച്ച കഥാപാത്രമായി ജീവിച്ചു.  അവസാന രംഗങ്ങളിലെ ഇഴച്ചിൽ മാറ്റി നിർത്തിയാൽ നല്ല നിലവാരം ഉള്ള ചിത്രം ആയിരുന്നു "ഭാവേഷ് ജോഷി സൂപ്പർ ഹീറോ".കണ്ടു മടുത്ത സൂപ്പർ ഹീറോകളിൽ നിന്നും ജീവനും രക്തവും മരണവും ഉള്ള സാധാരണ ആളുകളുടെ ഇടയിൽ നിന്നും ഉള്ള സൂപ്പർ ഹീറോ. 

ചിത്രം Netflix ൽ ലഭ്യമാണ്!!