Monday, 5 March 2018

856.THE BREADWINNER(ENGLISH,2017)


  സ്ത്രീകള്‍ക്ക് ഒരു ശരാശരി മനുഷ്യ ജീവന്റെ വില പോലും കൊടുക്കാത്ത സമൂഹത്തില്‍ പര്‍വാന എന്ന പെണ്‍ക്കുട്ടി തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സാഹസികതയ്ക്കു മുതിരുന്ന കഥയാണ് 'The Breadwinner" എന്ന അനിമേഷന്‍ ചിത്രം അവതരിപ്പിക്കുന്നത്‌.അഫ്ഘാനിസ്ഥാനിലെ താലിബാന്‍ ഭരണം നേടിയ കുപ്രസിദ്ധി പ്രസിദ്ധമാണ്.അവരുടെ ശരിയത്ത് നിയമങ്ങളിലെ ഏറ്റവും പ്രാകൃതം ആയിരുന്ന ഒന്നായിരുന്നു സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനു നേരിട്ട കൂച്ചുവിലങ്ങ്.മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കുന്ന എന്തെങ്കിലും സ്ത്രീകളുടെ ഭാഗത്ത്‌ നിന്നും ഉണ്ടായാല്‍ അവര്‍ കഠിന ശിക്ഷയ്ക്ക് വിധേയര്‍ ആകണം എന്നായിരുന്നു അവരുടെ മതം.

   യുദ്ധം നാളുകള്‍ കൂടും തോറും നശിപ്പിക്കുന്ന ജനങ്ങളുടെ ജീവിതം.വിദ്യാഭ്യാസം,ഫോട്ടോഗ്രാഫി,വസ്ത്രധാരണം  തുടങ്ങി എല്ലാത്തിലും നിരോധനം നേരിടുന്ന സമയം മുതല്‍ താലിബാന്‍ ഭരണത്തിന്റെ അവസാന നാളുകളിലെക്കും ആണ് ചിത്രം പ്രേക്ഷകനെ കൊണ്ട് പോകുന്നത്.ഒരു അധ്യാപകന്‍ ആയിരുന്ന നൂറുല്ല ഇന്ന് ചെറിയ രീതിയില്‍ വഴിയോരത്ത് മകളും ആയി സാധനങ്ങള്‍ വിറ്റാണ് ജീവിക്കുന്നത്.ഭാര്യയും,മുതിര്‍ന്ന മറ്റൊരു മകളും ചെറിയ പ്രായത്തില്‍ ഉള്ള മകനും അടങ്ങുന്നതാണ് അവരുടെ ജീവിതം.മൂത്ത മകന്‍ ഉണ്ടായിരുന്നത് അവര്‍ക്ക് നേരത്തെ തന്നെ നഷ്ടമായിരുന്നു.ഈ അവസ്ഥയില്‍ ആണ് ഒരു ദിവസം അകാരണമായി നൂറുല്ലയെ താലിബാന്‍ പട്ടാളം പിടിച്ചു കൊണ്ട് പോകുന്നത്.

  തന്റെ പ്രായത്തിന്റെ ആനുകൂല്യം കാരണം വീട്ടില്‍ നിന്നും പുറത്തു ഇറങ്ങാന്‍ കഴിയുമായിരുന്ന പര്‍വാന കുടുംബത്തെ സംരക്ഷിക്കാനായി പുതിയൊരു വേഷം കെട്ടുന്നു.അതിനോടൊപ്പം  അവള്‍ക്കു സ്വന്തം പിതാവിനെയും കണ്ടെത്തണം.സാധരണ ഒരു രാജ്യത്ത് ഏറെ കുറെ സാധ്യമാകുന്ന കാര്യങ്ങള്‍.എന്നാല്‍ താലിബാന്‍ ഭരണത്തിന് കീഴില്‍ സ്ഥിതി മോശമായിരുന്നു.പര്‍വാനയ്ക്ക് അവളുടെ ലക്ഷ്യത്തില്‍ എത്തി ചേരാന്‍ സാധിക്കുമോ?ചിത്രത്തിന്റെ ബാക്കി കഥ ഇതാണു അവതരിപ്പിക്കുന്നത്‌.


  മതത്തെ സ്വന്തം ആവശ്യങ്ങള്‍ക്കായി കൂട്ടു പിടിച്ചവരും അതിന്റെ അതിര്‍വരമ്പുകള്‍ ഭേദിക്കാന്‍ ആകാത്ത ഒരു ജനതയുടെ കഥയ്ക്കൊപ്പം, ചിത്രത്തിന്റെ തുടക്കത്തില്‍ ഒരിക്കല്‍  അഫ്ഘാന്‍ ജനത എന്തായിരുന്നു എന്നുള്ള ഭൂതക്കാലത്തേക്ക് ഉള്ള യാത്ര ചെറിയ വിവരണങ്ങളില്‍ അവതരിപ്പിക്കുന്നുണ്ട്.പര്‍വാനയ്ക്ക് നേരിടാന്‍ ഉള്ളത് സ്വന്തം ഭയത്തെ ആയിരുന്നു.അവള്‍ തന്റെ അനുജനും കൂട്ടുകാര്‍ക്കും ആയി പറഞ്ഞു കൊടുക്കുന്ന ആണ്ക്കുട്ടിയുടെ കഥയില്‍ അവള്‍  അവള്‍ സ്വന്തം ജീവിതത്തെ തന്നെ കാണുന്നു.അപകടകരമായി ജീവിതത്തിലെ ഓരോ സംഭവങ്ങളും ആരെയൊക്കെയോ ഭയന്ന് ജീവിക്കേണ്ടി വരുന്ന ജനതയ്ക്ക് ഇത്തരം കഥകളിലൂടെ തങ്ങളെ തന്നെ സ്വയം പരിശോധനയ്ക്കും,ഒപ്പം ജീവിതത്തില്‍  പ്രകാശം സ്വയം ചൊരിയാനും സഹായിക്കും.


  Finalizando:ഒരു അനിമേഷന്‍ ചിത്രം എന്ന നിലയില്‍ നിന്ന് കൊണ്ട് തന്നെ വ്യക്തമായ രാഷ്ട്രീയം ചിത്രം മുന്നോട്ടു വയ്ക്കുന്നുണ്ട്‌.സാധാരണയായി പേര്‍ഷ്യന്‍ സിനിമകളില്‍ കണ്ടു വരുന്ന പ്രമേയം ആയിരുന്നെങ്കിലും തുടക്കം മുതല്‍ അവതരിപ്പിക്കുന്ന പ്രശ്നങ്ങളിലേക്കുള്ള യാത്രയില്‍ പ്രേക്ഷകനെയും ഒപ്പം കൂട്ടാന്‍ ചിത്രത്തിന് കഴിഞ്ഞു.മികച്ച അനിമേഷന്‍ ചിത്രത്തിനുള്ള ഓസ്ക്കാര്‍ നാമനിര്‍ദേശം ചിത്രത്തിന് ലഭിച്ചതും ഇത്തരം കാരണങ്ങള്‍ കൊണ്ട് തന്നെയാകും.ഒരു അനിമേഷന്‍ ചിത്രമായി ഒഴിവാക്കാതെ,നല്ല ഒരു യഥാര്‍ത്ഥ ചിത്രത്തിലെ ജീവനുള്ള കഥാപാത്രങ്ങള്‍  തന്നെ ആയി കാണാന്‍ കഴിയും.

The Breadwinner
English,2017

MHV Rating:✪✪✪✪½

Director: Nora Twomey
Writers: Anita Doron , Deborah Ellis
Stars: Saara Chaudry, Soma Chhaya, Noorin Gulamgaus |

No comments:

Post a Comment