Monday, 24 April 2017

741.MEMORIES OF MURDER(KOREAN,2003)

|
741.MEMORIES OF MURDER(KOREAN,2003),|Mystery|Crime|,Dir:-Joon Ho Bong,*ing:-Kang-ho Song, Sang-kyung Kim, Roe-ha Kim .

   "മഴയുടെ കുളിരില്‍ ,ഇരുളിന്‍റെ കറുപ്പില്‍ ഉന്മാദത്തില്‍ ആകുന്ന കൊലപാതകി.സംഘര്‍ഷഭരിതം ആയ രാഷ്ട്രീയാവസ്ഥ.കുറ്റകൃത്യങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ അവലോകനങ്ങള്‍ പരിചിതം അല്ലാത്ത കുറ്റാന്വേഷകര്‍."കൊറിയന്‍ ചരിത്രത്തില്‍ രേഖപ്പെടുത്തിയ ആദ്യ കൊലപാതക പരമ്പരയുടെ കാലഘട്ടത്തെ ആകെ മൊത്തത്തില്‍ ഇങ്ങനെ അവതരിപ്പിക്കാം.1986 മുതല്‍ 1991 വരെയുള്ള അഞ്ചു വര്‍ഷക്കാലം കൊല്ലപ്പെട്ടത് പത്തോളം സ്ത്രീകള്‍.ഹോസോംഗ് എന്ന ചെറിയ കൊറിയന്‍ പട്ടണത്തില്‍ ലൈംഗികമായി പീഡനം നടത്തിയതിനു ശേഷം ബന്ധിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ശവശരീരങ്ങള്‍ അവശേഷിപ്പിച്ചത് ഒട്ടേറെ ദുരൂഹതകള്‍ ആയിരുന്നു.സ്ത്രീകളെ അവര്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ഉപയോഗിച്ച് തന്നെ ആയിരുന്നു ബന്ധനസ്ഥര്‍ ആക്കി ആയിരുന്നു കൊലപ്പെടുത്തിയിരുന്നത്.മഴയുടെ ശീതളതയില്‍ ചുവന്ന വസ്ത്രം ധരിച്ചിരുന്ന സ്ത്രീകള്‍ ആയിരുന്നു കൊലപാതകിയുടെ ഇരകള്‍.മഴയും ഇരുട്ടും ഈ കൊലപാതകങ്ങളില്‍ ഒരു പ്രത്യേക സ്ഥാനം കൈവരിക്കുന്നുണ്ട്.

    ബോംഗ് ഹോ ജൂന്‍ അവതരിപ്പിച്ച Memories of Murder എന്ന കൊറിയന്‍ ചിത്രം പ്രതിപാദിക്കുന്നത് ഹോസോംഗിലെ കൊലപാതകങ്ങളെ കുറിച്ചാണ്.ചിത്രം അവതരിപ്പിക്കുന്നത്‌ പാര്‍ക്ക് ഡൂ മാന്‍ എന്ന കുറ്റാന്വേഷകനിലൂടെ.ചിത്രത്തിനു ആസ്പദം ആയ സംഭവങ്ങളുടെ കാലഘട്ടത്തിനു ഇവിടെ വലിയ പ്രാധാന്യം ഉണ്ട്.ശാസ്ത്രീയ അവലോകനങ്ങള്‍ക്ക്‌ വലിയ സ്ഥാനം ഇല്ലാതിരുന്ന ആ കാലഘട്ടത്തില്‍  കൊലയാളി എന്തെങ്കിലും തെളിവുകള്‍ അവശേഷിപ്പിച്ചിട്ടുണ്ടെങ്കില്‍ ആ സ്ഥലം കുറ്റകൃത്യം നടന്ന അതെ സമയം പോലെ കാത്തു സൂക്ഷിക്കാന്‍ ഉള്ള സാമാന്യ യുക്തി പോലും അന്യം ആയിരുന്നു അന്ന്.ഓടയില്‍ കണ്ടെത്തിയ ആദ്യ സ്ത്രീ ശരീരം പിന്നില്‍ ആയി കൈകള്‍ കെട്ടിയ നിലയില്‍ ആയിരുന്നു.അന്വേഷണ ഉദ്യോഗസ്ഥനായ പാര്‍ക്കും സഹായിയും പിന്തുടര്‍ന്ന രീതികള്‍ ഒരു പക്ഷേ ആധുനിക കുറ്റാന്വേഷണ രീതികളെ പരിഹസിക്കുന്ന രീതിയില്‍ ആയിരുന്നു.കുറ്റവാളിയുടെ കണ്ണുകളില്‍ നോക്കുമ്പോള്‍ തന്നെ തനിക്കു അവരെ മനസ്സിലാകും എന്ന് പാര്‍ക്ക്  വിശ്വസിക്കുന്നു.മര്‍ദ്ദനമുറകളിലൂടെ പ്രതികള്‍ കുറ്റം സമ്മതിക്കും എന്ന് സഹായിയും.

   ഇവരുടെ അടുക്കലേക്കു ആണ് സിയോളില്‍ നിന്നും സിയോ എന്ന കുറ്റാന്വേഷകന്‍ വരുന്നത്.ശാസ്ത്രീയമായ രീതിയില്‍ സിയോ കൊലപാതകങ്ങളെ അപഗ്രഥിക്കാന്‍ ശ്രമിക്കുംനോള്‍ മന്ത്രവാദിനിയുടെ അടുക്കല്‍ പോയും ഒരു മുടി പോലും തെളിവായി കിട്ടാത്തതിനാല്‍ ബുദ്ധ സന്യാസികളുടെ മന്ദിരത്തിലും ആണുങ്ങള്‍ കുളിക്കുന്ന സ്ഥലങ്ങളിലും അന്വേഷണം വ്യാപിപ്പിക്കണം എന്ന അഭിപ്രായം ആണ് പാര്‍ക്കിനു.വ്യത്യസ്ത രീതികള്‍ അവലംബിക്കുന്ന രണ്ടു വ്യക്തികള്‍ തമ്മില്‍ ഉള്ള സംഘര്‍ഷങ്ങള്‍ അവരില്‍ പതിവായിരുന്നു.കുറ്റവാളി ആക്കാന്‍ സാധിക്കുന്ന ആളെ കണ്ടെത്തി അയാളെ ഭീഷണിയിലൂടെയും മറ്റും കേസിന് തുമ്പ് കണ്ടെത്താന്‍ പാര്‍ക്ക് ശ്രമിക്കുന്നു.മാനസിക വളര്‍ച്ച ഇല്ലാത്ത യുവാവ്,ഫാക്റ്ററി തൊഴിലാളി എന്നിവ ഉദാഹരണങ്ങള്‍.എന്നാല്‍ സിയോ രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിനു മുന്‍പ് തന്നെ മറ്റൊരു കൊലപാതകം നടന്നിട്ടുണ്ടാകം ഏന് സംശയിക്കുന്നു.അതിനു നിരത്തിയ കാരണങ്ങള്‍ ആയിരുന്നു അടുത്ത് കാണാതായ ചുവന്ന വസ്ത്രം ധരിച്ച മഴ ഉള്ള രാത്രി കാണാതായ സ്ത്രീ.മറ്റു രണ്ടു പേര്‍ കൊല്ലപ്പെട്ടപ്പോഴും മഴ ഉണ്ടായിരുന്നു.അവര്‍ ധരിച്ചിരുന്നത് ചുവന്ന വസ്ത്രവും ആയിരുന്നു.

   ഈ അവസരത്തില്‍ ആണ് റേഡിയോയില്‍ പ്രേക്ഷകരുടെ അഭ്യര്‍ത്ഥന അനുസരിച്ച് പാട്ടുകള്‍ അവതരിപ്പിക്കുന്ന പരിപാടിയില്‍ ഒരു പ്രത്യേക ഗാനം പ്രേക്ഷകാഭ്യാര്‍ത്ഥന മാനിച്ചു വയ്ക്കുന്ന ദിവസം ആണ് കൊലപാതകങ്ങള്‍ സംഭവിക്കുന്നത്‌ എന്നും മനസ്സിലാകുന്നത്.അതിനോടൊപ്പം നേരത്തെ ലഭിച്ച തെളിവുകള്‍ കൂടി ആകുമ്പോള്‍ ഒരു പരമ്പര കൊലപാതകിയുടെ വിചിത്രം ആയ കുറ്റകൃത്യ രീതി ആണ് അനാവരണം ചെയ്യപ്പെടുന്നത്.ആ ഗാനങ്ങള്‍ ആവശ്യപ്പെട്ട പാര്‍ക്ക് ഹ്യേന്‍ ഗ്യൂവിനെ പോലീസ് പ്രതിയെന്നു സംശയിക്കുന്നു.എന്നാല്‍ അയാള്‍ ഒരിക്കലും കുറ്റകൃത്യങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറാകുന്നില്ല.തന്‍റെ രീതികളിലെ പാളിച്ചകള്‍ മനസ്സിലാക്കിയ പാര്‍ക്ക് സിയോയുടെ ഒപ്പം അന്വേഷണ വഴിയില്‍ സഞ്ചരിച്ചു തുടങ്ങുന്നു.എന്നാല്‍ കുറ്റകൃത്യം തങ്ങളുടെ കയ്യില്‍ അത്യാവശ്യത്തിനു തെളിവുണ്ടായിട്ടു പോലും തെളിയിക്കാന്‍ കാഴിയാതെ വരുമ്പോള്‍ സിയോ പഴയ പാര്‍ക്കിന്റെ രീതികളിലേക്ക് മാറി തുടങ്ങുന്നതായി കാണാന്‍ സാധിക്കുന്നു.കേസന്വേഷണത്തിന്റെ തുടക്കത്തില്‍ പാര്‍ക്ക് പ്രതിയാക്കാന്‍ ശ്രമിച്ച മാനസിക വളര്‍ച്ചയില്ലാത്ത യുവാവിന്റെ മൊഴികളില്‍ നിന്നും പ്രധാനപ്പെട്ട ഒരു വസ്തുത അവര്‍ കണ്ടെത്തുന്നു.അവനെ കൊണ്ട് കുറ്റം സമ്മതിപ്പിക്കാന്‍ ശ്രമിച്ചിരുന്നു എങ്കിലും കൊലപാതക രീതി അവന്‍ വിശദീകരികുന്നത്അവന്‍ നേരിട്ട് കണ്ട പോലെ ആയിരുന്നു.അവനെ സാക്ഷി ആക്കാന്‍ ശ്രമിക്കുമ്പോള്‍ ആണ് അന്ന് രാത്രി ഉണ്ടായ സംഭവങ്ങളില്‍ അവന്‍ അപകടത്തില്‍ കൊല്ലപ്പെടുന്നത്.ഇനി പോലീസിന്റെ മുന്നില്‍ ഉള്ളത് പ്രതിയുടെ എന്ന് സംശയിക്കുന്ന ശരീര ദ്രാവകങ്ങള്‍ കൊല്ലപ്പെട്ട സ്ത്രീകളില്‍ നിന്നും ലഭിച്ചിരുന്നു.കൊറിയയില്‍ ഡി എന്‍ ഏ പരിശോധന നടത്താന്‍ സാഹചര്യം ഇല്ലാതിരുന്നത് കൊണ്ട് അത് അമേരിക്കയിലേക്ക് അയച്ചു അവര്‍ കാത്തിരിക്കുന്നു.ആ സമയം വീണ്ടും ഒരു കൊലപാതകം സമാനമായ രീതിയില്‍ സംഭവിക്കുന്നു.ഇത്തവണ ഇര ഒരു സ്ക്കൂള്‍ പെണ്‍ക്കുട്ടി ആയിരുന്നു.

   പ്രതി എന്ന് സംശയിക്കുന്ന പാര്‍ക്ക് ഹേന്‍ ഗ്യൂവിനെ സിയോ അതിന്റെ ദേഷ്യത്തില്‍ കൊല്ലപ്പെടുത്താന്‍ പോകുമ്പോള്‍ ആണ് അയാള്‍ അല്ല പ്രതി എന്ന രീതിയില്‍ ഉള്ള പരിശോധനാഫലം അമേരിക്കയില്‍ നിന്നും വരുന്നത്.പ്രതി ആരെന്നു കണ്ടെത്താന്‍ ആകാതെ അവര്‍ ആ റെയില്‍വേ പാളത്തില്‍ നില്‍ക്കുന്നിടത്ത് നിന്നും കാലം മുന്നോട്ട് പോയി 2003 ല്‍ നില്‍ക്കുമ്പോള്‍ പഴയ കുറ്റാന്വേഷകന്‍ പാര്‍ക്ക് ഇപ്പോള്‍ പഴയ ജോലി ഉപേക്ഷിച്ച് സെയില്‍സ് മാന്‍ ആയി പണിയെടുക്കുന്നു.അയാള്തനിക്ക് ആദ്യമായി മൃതദേഹം ലഭിച്ച ഓടയ്ക്കരുകില്‍ വെറുതെ ഒന്ന് നോക്കി നില്‍ക്കുമ്പോള്‍ ആണ് അവിടെ ഒരു ചെറു പെണ്‍ക്കുട്ടി വരുന്നത്.അന്ന് രാവിലെ മറ്റൊരാളും അവിടെ അതേ രീതിയില്‍ ആ ഓടയിലേക്കു നോക്കിയെന്നും  അവള്‍ ചോദിച്ചപ്പോള്‍ അയാള്‍ ചെയ്ത ഒരു പ്രാധാനപ്പെട്ട കാര്യവും ആയി ആ ഓടയ്ക്ക്‌ ബന്ധം ഉണ്ടെന്നു പറഞ്ഞാതായി പറയുന്നു.അയാളെ കണ്ടാല്‍ എങ്ങനെ ഇരിക്കും എന്ന പാര്‍ക്കിന്റെ ചോദ്യത്തിന് സാധാരണ ആയ ഒരു മുഖം എന്നായിരുന്നു അവളുടെ ഉത്തരം.കുറ്റവാളികളുടെ കണ്ണില്‍ നോക്കി പ്രതിയെ കണ്ടെത്തുന്ന പാര്‍ക്ക് ഒരു പക്ഷേ തന്‍റെ കണ്ണുകളിലൂടെ സ്ക്രീനില്‍ നോക്കുമ്പോള്‍ പ്രേക്ഷകര്‍ക്കിടയില്‍ പ്രതിയെ തിരയുന്നുണ്ടാകാം.

  കുറ്റകൃത്യങ്ങള്‍ നടന്നതിനു ശേഷം അവ തെളിയിക്കാന്‍ ആയില്ലെങ്കില്‍ അവയുടെ അന്വേഷണം അവസാനിപ്പിക്കുന്ന Statute of Limitation ഈ കേസില്‍ നിലവില്‍ വന്നെങ്കിലും 2004 ല്‍ സമാനമായ രീതിയില്‍ ഒരു പെണ്‍ക്കുട്ടി മരിക്കുമ്പോള്‍ വീണ്ടും ഈ കേസ് പോലീസിന്റെ മനസ്സില്‍ വന്നിരുന്നു.ദക്ഷിണ കൊറിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കുറ്റാന്വേഷണം നടന ഈ സംഭവം ഇന്നും ദുരൂഹം ആയി തന്നെ അവശേഷിക്കുന്നു.കൊലപാതകിയുടെ ശ്രദ്ധയെക്കാളും പോലീസിന്റെ തുടക്കത്തില്‍ ഉള്ള അശ്രദ്ധയും മതിയാ പരിശീലനവും ശാസ്ത്രീയ അപഗ്രഥനങ്ങളുടെ അഭാവവും എല്ലാം ആയിരിക്കാം ഈ കേസിനെ ഇന്നും ദുരൂഹം ആയി അവശേഷിപ്പിച്ചത്.കൊറിയന്‍ ക്രൈം സിനിമകളെ മനോഹരം ആക്കുന്ന,കൊലപാതകങ്ങളെ സുന്ദരമാക്കുന്ന മഴയുടെ നനവുള്ള ഇരുട്ടിന്‍റെ ഭംഗി വ്യക്തമായി അവതരിപ്പിച്ച ചിത്രം ആയിരുന്നു Memories of Murder.ഹോസോംഗ് കൊലപാതകങ്ങള്‍ പലപ്പോഴായി സിനിമകള്‍ക്കും ടെലിവിഷന്‍ സീരീസുകള്‍ക്കും വിഷയം ആയിട്ടുണ്ടെങ്കിലും നിരൂപക പ്രശംസയോടൊപ്പം പ്രേക്ഷക പിന്തുണയും ലഭിച്ച ഈ ചിത്രം ഇന്ന് കൊറിയന്‍ സിനിമകളിലെ ക്ലാസിക്കുകളില്‍ ഒന്നാണ്.പിന്നീട് വന്ന സമാന പ്രമേയം ഉള്ള പല ചിത്രങ്ങളും അവലംബിച്ചിരിക്കുന്നത് ഇതേ രീതി ആണ്.ഒരു പക്ഷേ കൊലപാതകങ്ങളുടെ സൗന്ദര്യം അവതരിപ്പിച്ച കൊറിയന്‍ സിനിമകളിലെ പ്രധാനപ്പെട്ട സിനിമ തന്നെ ആണ് Memories of Murder എന്ന് നിസംശയം പറയാം.

  ഹോസോംഗിലെ കൊലപാതകി ഇന്നും കാത്തിരിക്കുന്നുണ്ടാകാം മഴയുള്ള രാത്രിയില്‍ അയാളെ ഉന്മാദാവസ്ഥയില്‍ എത്തിക്കുന്ന ആ പാട്ടില്‍ ചുവന്ന വസ്ത്രം ധരിച്ച സ്ത്രീയെ തന്‍റെ ഭ്രാന്തന്‍ സ്വപ്നങ്ങളിലൂടെ പ്രാപിച്ചു അവളുടെ ജീവന്‍ കവര്‍ന്നെടുക്കാന്‍...അയാളുടെ കൊലപാതകങ്ങളുടെ ഓര്‍മയില്‍!!!