Saturday, 11 February 2017

733.എസ്ര(മലയാളം,2017)

733.എസ്ര(മലയാളം,2017),സംവിധാനം:-ജയ്‌ കെ,*ing:-പ്രിത്വിരാജ്,പ്രിയ ആനന്ദ്‌.


  "അവതരണ മികവും ആയി എസ്ര "

    ഹോളിവുഡ് ചിത്രങ്ങള്‍,ജാപ്പനീസ്,തായ് ഹൊറര്‍  സിനിമകള്‍ പലപ്പോഴും ഒരു അത്ഭുതം  ആയി  തോന്നാറുണ്ട് ഇന്ത്യന്‍ ഹൊറര്‍ സിനിമകളും ആയി ഉള്ള താരതമ്യത്തില്‍.പ്രാചീന ഇന്ത്യന്‍ സിനിമ കാലം മുതല്‍ ഉള്ള വെള്ള സാരി, "വട" യക്ഷി ഒക്കെ ആയി മാറ്റങ്ങള്‍  അധികം വരുത്താന്‍ ഇന്ത്യന്‍ സിനിമ ലോകം വിമുഖത കാണിച്ചിരുന്നു.ഒറ്റപ്പെട്ട സിനിമകള്‍  ഇല്ല  എന്നല്ല.മലയാളത്തില്‍  തന്നെ  ദേവദൂതന്‍,മണിച്ചിത്രത്താഴ്,മൂന്നാമതൊരാള്‍ ഒക്കെ  ഒരു  പരിധി  വരെ വ്യത്യസ്ത  സിനിമ അനുഭവങ്ങള്‍  ആയിരുന്നു.ഇതില്‍  മണിച്ചിത്രത്താഴ്  പൂര്‍ണമായും ഒരു ഹൊറര്‍ ചിത്രം  അല്ലായിരുന്നു.എന്നാല്‍ ഒരു  നിലാവരം  മുന്നോട്ടു  വച്ചിരുന്നു.

  ഇനി  എസ്രയിലേക്ക്.എസ്ര  വ്യത്യസ്തം  ആകുന്നതു  എന്ത്  കൊണ്ടാണ്  എന്ന  ചോദ്യത്തിന്  ഉത്തരം   ആയി  പറയാവുന്നത്  അതിന്റെ  അവതരണ  രീതി  തന്നെയാണ്.വിദേശ  സിനിമകളില്‍  കാണുന്ന തരത്തില്‍  ഉള്ള  അവതരണ  രീതി  പ്രേക്ഷകര്‍ക്ക്‌  പരിചിതം ആണെങ്കിലും മലയാളത്തില്‍  ആദ്യമായാണ്‌  എന്ന്  പറയാന്‍  ആകും.ഒരിക്കലും  ചിത്രം അത് ഉള്‍പ്പെടുന്ന  വിഭാഗത്തില്‍ നിന്നും  പുറത്തു പോകാന്‍  ശ്രമിച്ചിട്ടില്ല.കുത്തിതിരുക്കിയ  തമാശ രംഗങ്ങള്‍  പോലും  ഇല്ലായിരുന്നു.സിനിമയില്‍ ഉടന്നീളം ഭയം  എന്ന വികാരം  പ്രേക്ഷകനില്‍  എത്തിക്കാന്‍  ശ്രമിച്ചിരുന്നു.ശ്രദ്ധേയം  ആയ  ഒരു  കാര്യം  ആണ് ഭയപ്പെടുത്തുന്ന  സീനുകള്‍ക്ക്  മുന്‍പ് അത്  പ്രേക്ഷകന്‍  ശ്രദ്ധിക്കാന്‍ വേണ്ടി  പ്രിയയെ  ഉപയോഗിച്ച രീതി.മനപ്പൂര്‍വം അല്ലായിരുന്നു  എങ്കില്‍  പോലും ഭയപ്പെടുത്താന്‍  ഉള്ള  രംഗങ്ങള്‍ അധികം  ആര്‍ക്കും നഷ്ടമായില്ല  എന്ന്  തോന്നുന്നു.പുതുമുകങ്ങള്‍  ആയ  സംവിധായകന്‍ ജയ്‌ തിരക്കഥകൃത്തു മനു  ഗോപാല്‍  ഒക്കെ  നല്ലത്  പോലെ  ചിത്രത്തിനായി  ഹോം വര്‍ക്ക്  നടത്തിയതായി  തോന്നി.

   പ്രണയിച്ചു  വിവാഹം  ചെയ്ത രഞ്ജന്‍-പ്രിയ ദമ്പതികള്‍  കൊച്ചിയില്‍   എത്തുമ്പോള്‍  അപ്രതീക്ഷിതം  ആയി  അവരുടെ  ഒപ്പം  കൂടുന്ന പുത്തന്‍  അതിഥി അവരുടെ ജീവിതത്തില്‍ വരുത്തുന്ന  സംഭവങ്ങള്‍  ആണ്  ചിത്രത്തിന്‍റെ പ്രമേയം .വിജയരാഘവന്‍,ടോവിനോ,ബാബു  ആന്റണി,സുജിത് തുടങ്ങിയ  ഒരു  താരനിരയും ചിത്രത്തില്‍ ഉണ്ട്.ജൂത  പശ്ചാത്തലത്തില്‍ അവതരിപ്പിച്ച  ഈ  ഹൊറര്‍  ചിത്രം അതിന്‍റെ  ക്ലൈമാക്സും  നല്ലതാക്കി.മലയാളികള്‍ക്ക്  ട്വിസ്റ്റ്  വേണം  എന്നുള്ള അഭിപ്രായം  ആയിരിക്കാം  ഇതിനു  കാരണം  എന്ന്  തോന്നുന്നു.എല്ലാം ഒത്തിണങ്ങിയ അന്തസ്സും  മാന്യതയും  ഉള്ള  പ്രേക്ഷകരുടെ  ഒപ്പം  ഇരുന്നാണ്  ചിത്രം  കാണുന്നതെങ്കില്‍ ഒരു  പക്ഷെ  ചിത്രം  അല്‍പ്പം  കൂടി  ഭയപ്പെടുത്തിയേനെ  എന്ന്  തോന്നി  പോയി.എന്നാല്‍  കൂടി  ചിത്രം  ഇഷ്ടം  ആയി.എന്റെ  റേറ്റിംഗ്  3.5/5


     ഒരു ചെറിയ  കുറിപ്പ് :-കോട്ടയം  അനുപമ  തിയറ്ററില്‍  ആദ്യത്തെ  ദിവസത്തെ  ഫസ്റ്റ്  ഷോയില്‍ C6 സീറ്റിന്റെ  അപ്പുറത്ത് (ഇടതു  വശം)  ഇരുന്ന,സിനിമ  തുടങ്ങുന്നതിനു  മുന്‍പ്  കൂട്ടുകാരോട്  ക്ലൈമാക്സ്  പറഞ്ഞു  ബെറ്റ്  വച്ച  ആ  മഹാനുഭാവന്റെ  പിതാമഹന്‍  ഇന്നലെ  എത്ര  വട്ടം  തുമ്മി  എന്ന്  അറിയില്ല.അത് പോലെ  തന്നെ  സിനിമയുടെ  ഇടയ്ക്ക് ഊള ചളി  അടിച്ച  അതിന്‍റെ  മുന്നില്‍  ഇരുന്ന  3  തരുണീമണികളും (ഇരുട്ട്  ആയതു  കൊണ്ട്  വദനം  കണ്ടില്ല).ഒപ്പം സിനിമയ്ക്ക്  മുഴുവനും അവനവന്‍റെ ജനുസ്സില്‍  ഉള്‍പ്പെടുന്ന  മൃഗങ്ങളുടെ ശബ്ദം  അനുകരിച്ചവര്‍ക്കും  പ്രത്യേക  അഭിനന്ദനങ്ങള്‍.(പ്രിത്വി,ടോവിനോ,ബാബു  ആന്റണി  എന്നിവരെ  കാണിച്ചപ്പോള്‍  കയ്യടിച്ചവരെ ഒന്നും  ഇതില്‍  കൂട്ടിയിട്ടില്ല!!)


More movie suggestions @www.movieholicviews.blogspot.ca