Tuesday, 22 September 2015

505.ENNU NINTE MOIDEEN(MALAYALAM,2015)

505.ENNU NINTE MOIDEEN(MALAYALAM,2015),Dir:-R. S. Vimal,*ing:-Prithvi Raj,Tovino Thomas,Parvathy Menon.

  അവിശ്വസനീയം ആയിരുന്നു യഥാര്‍ത്ഥത്തില്‍ മൊയ്ദീന്‍-കാഞ്ചന എന്നിവരുടെ പ്രണയം.ഒരു പക്ഷെ ഇങ്ങനെയും ഒരു പ്രണയം ഉണ്ടായിരുന്നോ എന്ന് അവര്‍ക്ക് ശേഷം വന്ന തലമുറ ചോദിച്ചിരിക്കാം,എന്തായാലും ഈ തലമുറയ്ക്ക് ശരിക്കും അത്ഭുതം ആണ് അവരുടെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍.അത് തന്നെ ആകാം അവരുടെ കഥ ഒരു സിനിമ ആയി മാറാനുള്ള കാരണവും.സിനിമയില്‍ നടക്കുന്നത് ജീവിതത്തില്‍ സംഭവിക്കാവുന്നതിലും നാടകീയം ആണ്.എന്നാല്‍ ജീവിതത്തില്‍ തന്നെ ഒരു സിനിമയ്ക്കുള്ള വക ഒരുക്കിയ പരിശുദ്ധമായ പ്രണയം ആയിരുന്നു ആ കോഴിക്കോട്ടുകാരുടെ.ആനുകാലികങ്ങളിലും സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളിലും ആഘോഷിക്കപ്പെട്ടിരുന്ന കഥ സിനിമ ആയി മാറിയപ്പോഴും പുതുമുഖ സംവിധായകന്‍ ചെയ്ത ചിത്രം ആണെന്ന് പറയാന്‍ കഴിയാത്ത അത്ര മികവോടെ ആണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.R S വിമല്‍ എന്ന സംവിധായകന് മലയാളത്തില്‍ ഇനിയും ഭാവി ഉണ്ടെന്നു തോന്നി.

    സമ്പന്നരായ രണ്ടു കുടുംബങ്ങള്‍.പരസ്പ്പരം സൗഹൃദത്തില്‍ കഴിഞ്ഞ അ കുടുംബങ്ങളുടെ ഇടയില്‍ ഒരു വില്ലനായാണ് മൊയ്ദീന്‍-കാഞ്ചന പ്രണയം വരുന്നത്,അന്നത്തെ സാമൂഹിക അവസ്ഥ അവരുടെ ബന്ധത്തിന് അദൃശ്യമായ വിലക്ക് കല്‍പ്പിച്ചിരുന്നു.എന്നാല്‍ സുഹൃത്തുക്കള്‍ക്കിടയില്‍ നല്ല പേരുള്ള രണ്ടു പേര്‍,അതും യാഥാസ്ഥിക മാമൂലുകളെ വക വയ്ക്കാത്ത രണ്ടു പേരുടെ പ്രണയം കൂടി ആയപ്പോള്‍ അതില്‍ ധീരതയും സഹന ശക്തിയും ത്യാഗവും എല്ലാം ഇടകലര്‍ന്നു വന്നൂ.ക്ലാസിക് പ്രണയ കഥ ആണ് അവരുടെ,നല്ല രീതിയില്‍ അവതരിപ്പിക്കുക കൂടി ചെയ്തപ്പോള്‍ ചിത്രം "ഇന്‍സ്റ്റന്റ് ക്ലാസിക് ബോക്സ് ഓഫീസ് ഹിറ്റ്‌" ആകുകയും ചെയ്തു.പ്രണയത്തിനെ എങ്ങനെ സമീപിക്കുന്നു എന്നത് ഓരോ ആളുടെയും മനസ്സിന്റെ അവസ്ഥ അനുസരിച്ചിരിക്കും,ഇവിടെ മൊയ്ദീനും കാഞ്ചനയും ചിന്തിച്ചിരുന്നത് ഏകദേശം ഒരു പോലെ ആയിരുന്നു.അവര്‍ക്ക് ഒന്നിക്കാന്‍ ധാരാളം അവസരങ്ങള്‍ ഉണ്ടായിരുന്നിട്ടും അവര്‍ മറ്റു ചിലതിനും കൂടി പ്രാധാന്യം കൊടുത്തു.ആത് കൊണ്ട് തന്നെ അവിടെ പ്രണയം പൈങ്കിളി ആയി മാറിയില്ല.ഇവിടെ പല അവസരങ്ങളിലും വിധി മാത്രം ആണ് അവര്‍ക്ക് വില്ലനായി വന്നത്.

  ചില ഭാഗങ്ങളില്‍ ഒക്കെ പശ്ചാത്തല സംഗീതം പോലും മികവിലേക്ക് ഉയര്‍ന്നു.കേള്‍ക്കാന്‍ ഇമ്പം ഉള്ള ഗാനങ്ങളും നല്ല ക്യാമറ വര്‍ക്കുകളും .അതിനൊപ്പം ടോവിനോയുടെയും നായിക പാര്‍വതിയുടെയും മികച്ച അഭിനയം കൂടി ആയപ്പോള്‍ ചിത്രത്തിന്‍റെ നിലവാരം തന്നെ മാറി.പ്രിത്വി രാജ് മൊയ്ദീനെ നല്ല രീതിയില്‍ തന്നെ സ്ക്രീനില്‍ അവതരിപ്പിച്ചു.എന്നാല്‍ കാഞ്ചനയുടെ കാര്യങ്ങള്‍ കൂടി വിശദമായി കാണിച്ചതോടെ പാര്‍വതിയുടെ അഭിനയം കൂടുതല്‍ ആളുകള്‍ക്കും ഇഷ്ടം ആയി.

  "പ്രേമം" എന്ന ചിത്രവും ആയി ഇതിനെ താരതമ്യം ചെയ്യാന്‍ ഒരിക്കലും കഴിയില്ല.അതിനു ശ്രമിക്കുന്നത് പോലും മണ്ടത്തരം ആണ്.രണ്ടു ചിത്രവും അത് അവതരിപ്പിച്ച രീതികളില്‍ മികവ് പുലര്‍ത്തിയവ ആണ്."പ്രേമം" എന്ന ചിത്രം അവതരിപ്പിച്ചത് സാധാരണ ഒരാളുടെ ജീവിതത്തില്‍ നടക്കാന്‍ സാധ്യതയുള്ള,പല പ്രായത്തില്‍ ഉള്ള പ്രണയം ആയിരുന്നു,ആ പ്രണയത്തിന്റെ തീവ്രത പ്രായവും ആയി ബന്ധിച്ചിരിക്കും.എന്നാല്‍ "എന്ന് നിന്റെ മൊയ്ദീനിലെ" പ്രണയം UNIQUE ആണ്.കാന്ച്ചനയും-മൊയ്ദീനും ആയി അവര്‍ മാത്രമേ കാണൂ.മൊയ്ദീന്റെ രാഷ്ട്രീയം ചിത്രത്തില്‍ അവതരിപ്പിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ കാണിച്ചില്ല എന്ന് തോന്നി.ഒരു പക്ഷെ സിനിമയുടെ ജോണര്‍ എന്താണെന്നുള്ള വ്യക്തമായ ധാരണയുടെ പുറത്തു ആയിരിക്കും ഈ രീതിയില്‍ അവതരിപ്പിച്ചത്.ഈ അടുത്ത കാലത്ത് ഇറങ്ങിയ മികച്ച പ്രണയ ചിത്രങ്ങളില്‍ ഒന്നാണ് "എന്ന് നിന്‍റെ മൊയ്ദീന്‍".അറിയാതെ കണ്ണ് നിറഞ്ഞു പോകുന്ന രംഗങ്ങള്‍ ഉള്ളത് കൊണ്ട് തന്നെ സിനിമ കഴിഞ്ഞു ഇറങ്ങുമ്പോള്‍ മനസ്സിന് ഒരു ഭാരവും കാണും.

  നല്ല ഒരു മലയാള ചിത്രംആണ് "എന്ന് നിന്റെ മൊയ്ദീന്‍".ഈ ചിത്രത്തിന് ഞാന്‍ കൊടുക്കുന്ന മാര്‍ക്ക് 4/5.

  More movie suggestions @www.movieholicviews.blogspot.com