Thursday, 10 September 2015

493.DOUBLE BARREL(MALAYALAM,2015)

493.DOUBLE BARREL(MALAYALAM,2015),Dir:-Lijo Jose Pellissery,*ing:-Prithviraj,Indrajith,Arya.

  "ഡബിള്‍ ബാരല്‍ ",ഓണ റിലീസുകളിലെ ബോക്സ്  ഓഫീസ് ദുരിതം ആയി മാറിക്കൊണ്ടിരിക്കുന്ന സമയത്ത് ആണ് അത് ട്രിം ചെയ്തു പ്രദര്‍ശിപ്പിക്കുന്നു എന്ന് അറിഞ്ഞത്.എന്തായാലും ട്രിം ചെയ്തിട്ടും തിയറ്ററില്‍ കൈ അടിക്കാനോ ഒന്നും ആളുണ്ടായിരുന്നില്ല.(ട്രിം ചെയ്യാത്ത വേര്‍ഷന്‍ ഞാന്‍ കണ്ടിട്ടും ഇല്ല).ഇത് ഈ സിനിമയുടെ തിയറ്ററിലെ അവസ്ഥ.ലിജോ ജോസ് പെല്ലിശ്ശേരി എന്ന പ്രതിഭയുള്ള സംവിധായകന്‍ അവതരിപ്പിച്ച വ്യത്യസ്ത "മലയാള" ചിത്രം മാത്രം ആയി "ഡബിള്‍ ബാരല്‍" മാറുന്നു.അതിന്‍റെ കാരണങ്ങള്‍ പലതാകാം.ആരുടേയും കുറ്റം അല്ല.പ്രേക്ഷകന്റെയോ സംവിധായകന്റെയോ ഭാഗത്ത്‌ തെറ്റുകള്‍ക്ക് സ്ഥാനം ഇല്ല.ഭൂരി ഭാഗം വരുന്ന പ്രേക്ഷകര്‍ ,അതും Entertainment എന്ന വാക്കിനു രസിപ്പിക്കുക എന്ന അര്‍ത്ഥം മാത്രം കാണുന്ന പ്രേക്ഷകന്‍റെ ആസ്വാദന നിലവാരത്തെക്കുറിച്ച് തെറ്റ് പറഞ്ഞ് ഈ സിനിമയുടെ പരാജയത്തെ കാണാന്‍ സാധിക്കില്ല.

  സംവിധായകന്‍ ഒരുക്കിയത് മലയാളത്തിലെ പുതിയ പരീക്ഷണ രീതിയില്‍ ഉള്ള ചിത്രം ആയിരുന്നു."എമിര്‍ കുസ്റ്റൂരിക്ക","ഗയ് റിച്ചീ " പോലുള്ള സംവിധായകരുടെ സിനിമകളില്‍,ചില ലിത്വാനിയന്‍ ചിത്രങ്ങളില്‍    കാണുന്ന തരം പശ്ചാത്തലവും ഒക്കെ ഒരുക്കി ഉള്ള ചിത്രം.എന്നാല്‍ ഈ തീമിന് മലയാളികളും ആയി എന്ത് മാത്രം ബന്ധിപ്പിക്കാന്‍ കഴിഞ്ഞു എന്ന ചോദ്യത്തില്‍ ആണ് ഈ ചിത്രം നേരിട്ട ബോക്സോഫീസ് പരാജയത്തിന്‍റെ കാരണം വ്യക്തം ആവുക.ഈ ക്രൂവിനെ തന്നെ വച്ച് ഒരു സാധാ   ഡോണ്‍,രത്നം,പലതരം കഥാപാത്രങ്ങള്‍ക്ക് പകരം സാധാരണക്കാര്‍ ആയ മലയാളികള്‍ ഒക്കെ മതിയായിരുന്നു.ചിത്രം രക്ഷപ്പെട്ടേനെ.അവസാനം "മാഡ് മാക്സ്" ഒന്നും ആകേണ്ട ആവശ്യവും ഇല്ലായിരുന്നു.എന്നാല്‍ ഫോര്‍മുല ചിത്രങ്ങളില്‍ പുതുമകള്‍ ഒന്നും ഇല്ല എന്ന് മനസ്സിലാക്കിയ സംവിധായകന്‍ മലയാളം സംസാരിക്കുന്ന വ്യത്യസ്തമായ പരീക്ഷണം തന്നെ ആണ് നടത്തിയത്.

  മലയാള ചിത്രങ്ങളില്‍ അധികം കണ്ടിട്ടില്ലാത്ത കോമിക് കഥകളിലെ പോലുള്ള കഥാപാത്രങ്ങള്‍.അടിയില്ല ,വെടി മാത്രം എന്ന് പറയുമ്പോള്‍ പൊട്ടുന്ന വെടികള്‍ക്കു പോലും ഒരു കോമിക്  ടച്ച്‌.മലയാളത്തില്‍ നിന്നും ഉള്ള ഹോളിവുഡ് നിലവാരം ഉള്ള സിനിമ എന്നൊന്നും ആരും പറയില്ല എന്നാലും.കാരണം വിദേശ ഭാഷകളില്‍ ഇത്തരം ചിത്രങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ ഡയലോഗുകളില്‍ പോലും സിനിമയുടെ മൂഡ്‌ ഉണ്ടാക്കാവുന്ന സഹായം അതാത് ഭാഷകള്‍ നല്‍കും.എന്നാല്‍ മട്ടാഞ്ചേരി,തിരോന്തരം,തൃശൂര്‍ ഭാഷകളില്‍ മാത്രം അധോലോകം ഒക്കെ അവതരിപ്പിക്കാന്‍ പോകുമ്പോള്‍ ഭാഷ ഒരു പ്രശ്നം ആകുന്നുണ്ട്  ഈ മൂഡില്‍ ഉള്ള ചിത്രത്തിന്.ഇതേ സിനിമ ലോകത്തെങ്ങും ഇല്ലാത്ത ഭാഷയില്‍ ടബ്ബ് ചെയ്തു മലയാളം സബ് ടൈറ്റില്‍ വച്ച് ഇറക്കിയിരുന്നെങ്കില്‍ തന്നെ വേറെ output ആയേനെ.കാരണം മനസ്സിലാകാത്ത ഭാഷകളില്‍ പോലും ഇത്തരം സിനിമകള്‍ കാണുമ്പോള്‍ കഥാപാത്രങ്ങള്‍ പഞ്ച് ആയി ഉപയോഗിക്കുന്ന വാക്കുകള്‍ ഒക്കെ കേള്‍ക്കാന്‍  ഒരു ഇതുണ്ട്.മലയാള ഭാഷയില്‍ പലതും പൈങ്കിളി ആയി പോവുകയും ചെയ്യും.

    പുരാതനക്കാലം മുതല്‍ മൂല്യം ഏറിയ രത്നത്തിന്റെ കഥ അവതരിപ്പിച്ച ചിത്രം,ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ എന്താണ് പ്രതീക്ഷിച്ചത് അതൊക്കെ ആണ് സ്ക്രീനിലും കാണാന്‍ സാധിച്ചത്.അത് കൊണ്ട് തന്നെ ഇറങ്ങാനോ,ഉറങ്ങാനോ തോന്നിയും  ഇല്ല തിയറ്ററില്‍ നിന്ന്.സങ്കീര്‍ണമായ കഥയൊന്നും ഇല്ല ചിത്രത്തിന്.തികച്ചും പ്ലെയിന്‍ ആയ കഥ.ഒരു സിനിമ...അതിലെ വ്യത്യസ്ഥത കണ്ടു കണ്ണൊന്നും തള്ളിയില്ല എങ്കിലും എനിക്ക് നല്ലൊരു സിനിമ ആയിട്ട് തന്നെ ഈ ട്രിം വേര്‍ഷന്‍ തോന്നി.റേറ്റിംഗ് ഒന്നും  നടത്തിയിട്ട് ഒന്നും ആകില്ല എന്നറിയാം.എന്നാലും തിയറ്ററില്‍ നിന്നും കാണുന്ന സിനിമയ്ക്ക് അതൊക്കെ  ഇടാം എന്ന് കരുതുന്നു.ഞാന്‍ ഈ ചിത്രത്തിന് നല്‍കുന്ന മാര്‍ക്ക് 3/5.ഇതെന്റെ സ്വന്തം അഭിപ്രായം മാത്രം ആണ്.സോഷ്യല്‍ മീഡിയ  റേറ്റിംഗ് കണ്ടു സിനിമ കാണണോ വേണ്ടയോ  എന്ന്  തീരുമാനിക്കാനും മാത്രം മണ്ടന്മാര്‍ അല്ല മലയാളി പ്രേക്ഷകര്‍ എന്നും അറിയാം.ഇത് ടോറന്റ് ഹിറ്റ്‌ ആകുംമോ എന്ന് പോലും പ്രവചിക്കാന്‍  ആകുന്നില്ല.എന്നാലും  ഒരു അഭിപ്രായം ഉണ്ട്.ഒരു അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഇങ്ങനത്തെ ഒരു സിനിമ ഇറങ്ങി എന്ന് അന്നത്തെ cHuNkZz,pOpPiNzZ,sMoKiEzZ ഒക്കെ പറയുമായിരിക്കും.

More movie suggestions @www.movieholicviews.blogspot.com