Wednesday, 14 January 2015

277.I(TAMIL,2014)

277.I(TAMIL,2015),Dir:-Shankar,*ing:-Vikram,Amy Jackson,Suresh Gopi.

  മൂന്നു വര്‍ഷത്തെ കോലാഹലങ്ങള്‍ കഴിഞ്ഞു I എന്ന ഇന്ത്യന്‍ വിസ്മയം ഇപ്പോള്‍ ഉള്ള സംവിധായകരില്‍ ഇന്ത്യന്‍ ഷോമാന്‍ എന്ന വിശേഷണത്തിന് അര്‍ഹനായ ഷങ്കര്‍ സംവിധാനം ചെയ്തു എത്തുമ്പോള്‍ പ്രതീക്ഷകളും കൂടുതല്‍ ആയിരുന്നു.എന്നാല്‍ അങ്ങനത്തെ പ്രതീക്ഷകള്‍ ഒന്നും വച്ച് പുലര്‍ത്താതെ ഏതൊരു തമിഴ്‌ സിനിമയും കാണുന്ന അതേ മനസ്സോടെ തന്നെ കാണാന്‍ തീരുമാനിച്ചു.പടത്തില്‍ എടുത്തു പറയേണ്ടത് വിക്രം എന്ന നടന്‍ നടത്തിയ പരിശ്രമങ്ങള്‍ തന്നെയാണ്.നാല്‍പ്പത്തിയേഴാം വയസ്സിലും ശരീരം സിനിമയ്ക്ക് വേണ്ടി പാകപ്പെടുത്തി എടുക്കുന്ന പരിശ്രമങ്ങള്‍ക്കും അതിന്‍റെ രിസല്‍ട്ടിനും നല്‍കാം മുഴുവന്‍ മാര്‍ക്കും.ശങ്കര്‍ സിനിമകളില്‍ ഉപയോഗിക്കുന്ന പലതരം പുതിയ ടെക്നോളജികള്‍ വച്ച് നോക്കിയാല്‍ പോലും ഈ അദ്ധ്വാനം തന്നെയാണ് മുന്നില്‍ നില്‍ക്കുക.വിക്രം ലിംഗേശ്വരന്‍ ആയും ലീ ആയും കൂനന്‍ ആയും തിളങ്ങി.ശരീരം ഒരു ബോഡി ബില്‍ഡറുടെ പോലെ ആക്കിയതിനു ശേഷം സുന്ദരനായ വിക്രം ആയും പിന്നെ വൈരൂപ്യം ഉള്ള കൂനന്‍ ആയും മികച്ചു നിന്നു.

  ഇനി സിനിമയിലേക്ക്.മൊത്തത്തില്‍ വര്‍ണമയം ആക്കിയപ്പോള്‍ കഥയില്‍ എവിടെയൊക്കെയോ പോരായ്മകള്‍ ഉള്ളതായി തോന്നി.ഒരു മികച്ച സിനിമ എന്ന് പറയുന്നത്  കാണുമ്പോള്‍ ഉള്ള ഒന്നും I സിനിമ പ്രേക്ഷകന്‍ എന്ന നിലയ്ക്ക് എനിക്ക് തന്നില്ല.സിനിമയുടെ ആരംഭം നല്ലൊരു ത്രില്ലര്‍ ആകും എന്ന് തോന്നിപ്പിച്ചു.നോണ്‍  ലീനിയര്‍ രീതിയില്‍ അവതരിപ്പിച്ച രംഗങ്ങളില്‍ ഒന്നില്‍ നിന്നും മറ്റൊന്നിലേക്കു പോകാന്‍ ഉപയോഗിച്ച ടി വി പരസ്യങ്ങള്‍ പുതുമ നല്‍കി.എന്നാല്‍ കഥയിലേക്ക് എത്തിച്ചേരാനും ചൈനയിലെ പൂക്കളുടെ ഭംഗിയൊക്കെ കാണിച്ചു വന്നപ്പോള്‍ ചിത്രത്തിന്‍റെ ആകെ മൊത്തം ഉള്ള ഒരു ഒഴുക്ക് നഷ്ടം ആയി.ബ്ലാക്ക് മണിയുടെ പേരില്‍ ഉള്ള കഥകള്‍ പലപ്പോഴും ജനക്കൂട്ടങ്ങള്‍ക്ക് വേണ്ടി അവതരിപ്പിച്ച ഷങ്കര്‍ ഇത്തവണ മനുഷ്യന്‍റെ ബാഹ്യ സൗന്ദര്യം ആണ് പ്രമേയം ആക്കിയത്.എങ്കിലും മുന്‍ക്കാല ചിത്രങ്ങള്‍ നല്‍കിയ ഒരു ഹരം ഈ ചിത്രത്തിന് പ്രേക്ഷകനില്‍ എത്തിക്കാന്‍ സാധിച്ചിട്ടുണ്ടോ എന്നുള്ളത് സംശയം ആണ്.

  ഏറെ വിവാദങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപിക്ക് സിനിമയില്‍ പ്രാധാന്യം ഉള്ള ഒരു റോള്‍ തന്നെ ലഭിച്ചു.എന്നാല്‍ ആ റോള്‍ ഒരു സസ്പന്‍സ് ആക്കാന്‍ ഷങ്കര്‍ ശ്രമിച്ചു എന്ന് തോന്നുന്നില്ല.കാരണം ആര്‍ക്കും ഊഹിക്കാവുന്ന രീതിയില്‍ തന്നെ ആയിരുന്നു കഥാ ഗതി.ആമി ജാക്സണ്‍ യുവ പ്രേക്ഷകര്‍ക്ക്‌ ഹരം ആകാന്‍ വേണ്ടി ഉള്ളതെല്ലാം ചെയ്തിട്ടുണ്ട്.സന്താനം കൊമേഡിയന്‍ ആയി വന്നപ്പോള്‍ ഇടയ്ക്കൊക്കെ സ്കോര്‍ ചെയ്തു.പ്രത്യേകിച്ചും പവര്‍ സ്റ്റാര്‍ ശ്രീനിവാസനും ആയുള്ള രംഗങ്ങള്‍.റഹ്മാന്‍ജിയുടെ പാട്ടുകളും അവയുടെ ദൃശ്യാവിഷ്ക്കാരവും ശങ്കര്‍ പടങ്ങളുടെ നിലവാരത്തില്‍ തന്നെയായിരുന്നു.

   ഈ ചിത്രത്തിന്‍റെ പൂര്‍ണതയ്ക്കു വേണ്ടി മൂന്നു വര്‍ഷങ്ങള്‍ ചിലവാക്കി എങ്കിലും മൊത്തത്തില്‍ അത്തരം ഒരു പൂര്‍ണത വന്നതായി തോന്നിയില്ല കഥയില്‍.പിന്നെ നേരത്തെ പറഞ്ഞത് പോലെ ഏതൊരു തമിഴ് സിനിമയും പ്രതീക്ഷിച്ചു പോകുന്നത് പോലെ പോയപ്പോള്‍ ആ ഒരു അളവുക്കോലില്‍ സിനിമ സ്ക്കോര്‍ ചെയ്തു എന്ന് പറയാം.അത് കൊണ്ട് ഈ ചിത്രത്തിന് ഞാന്‍ നല്‍കുന്ന റേറ്റിംഗ് 3/5!!..ഒരു അന്ന്യന്‍ ഒക്കെ പ്രതീക്ഷിച്ചു പോയാല്‍ ചിലപ്പോള്‍ നിരാശന്‍ ആകേണ്ടി വന്നേക്കാം.

More reviews @www.movieholicviews.blogspot.com