Sunday, 27 July 2014

154.MANGLISH(MALAYALAM,2014)

154.MANGLISH(MALAYALAM,2014),Dir:-Salam Bappu,*ing:-Mammootty,Caroline Beach,Tini Tom.

മലയാളത്തിന്‍റെ പ്രിയ മെഗാസ്റ്റാറിനെ അഭിനയം എന്താണ് എന്നും ആരും ഉപദേശിക്കേണ്ട ആവശ്യം ഇല്ലാത്തത് പോലെ തന്നെ ഉള്ള ഒരു കാര്യം ആണ് അദ്ദേഹത്തിന്റെ സിനിമകളുടെ തിരഞ്ഞെടുപ്പും.കുറച്ചു ദിവസം മുന്‍പ് എവിടെയോ മമ്മൂട്ടി പറഞ്ഞു എന്നും പറഞ്ഞ ഒരു വാചകം ശ്രദ്ധിച്ചു.അദ്ദേഹത്തിന് വേണമെങ്കില്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ ചിത്രം മതിയാകും.എന്നാല്‍ അദ്ദേഹത്തിന് വേണ്ടി കാത്തു നില്‍ക്കുന്ന പുതുമുഖ സംവിധായകര്‍ക്ക് മമ്മൂട്ടി എന്ന നടന വൈഭവം കൂടെ ചേരുമ്പോള്‍ ലഭിക്കുന്ന നേട്ടങ്ങള്‍ പലതാണ്.നിര്‍മാതാവ് മുതല്‍ എല്ലാം കുറച്ചും കൂടി എളുപ്പത്തില്‍ കിട്ടുമായിരിക്കും എന്നുള്ളത് സത്യമാണ്.ആ ഒരു രീതിയില്‍ അദ്ദേഹം ഈ അടുത്ത്  ചെയ്ത പടങ്ങളുടെ ഗതി പലതും കണ്ടതാണ്.അദ്ദേഹത്തിന്റെ പിന്‍ബലത്തില്‍ വന്ന അന്‍വര്‍ റഷീദ്,അമല്‍ നീരദ്,ആഷിക് അബു,മാര്‍ട്ടിന്‍ പ്രക്കാട്ട്  തുടങ്ങിയ ഇക്കാലത്തെ സംവിധായകരെ മറന്നു കൊണ്ടല്ല ഇത് പറയുന്നത്.സലാം ബാപ്പു "റെഡ് വൈനില്‍" നിന്നും "മംഗ്ലീഷില്‍" എത്തിയപ്പോള്‍ നാലാം ക്ലാസുകാരന്‍ എല്‍ കെ ജിയില്‍ എത്തിയത് പോലെ ആയി തോന്നി.മാസ് സിനിമ എടുക്കുന്നതില്‍ ചില വിദഗ്ധര്‍ ഉണ്ട് മലയാളത്തില്‍.ജോഷി മുതല്‍ വൈശാഖന്‍ വരെ നില്‍ക്കുന്ന ഇപ്പോഴത്തെ സംവിധായകരെ അനുകരിച്ചുള്ള ഒരു മേക്കിംഗ് സ്റ്റൈല്‍ ആണെങ്കില്‍ പോലും ഈ സിനിമ ഓടിയേനെ.ഇവരെ ഒക്കെ വിമര്‍ശിക്കാന്‍ എന്ത് യോഗ്യത എന്ന് ചോദിച്ചാല്‍ ഒരു മൊബൈല്‍ ക്യാമറയില്‍ മര്യാദയ്ക്ക് ഫോട്ടോ പോലും എടുക്കാന്‍ അറിയാത്ത എന്നെ പോലെ ഒരാള്‍ മുടക്കിയ ടിക്കറ്റ് കാശിന്‍റെ അവകാശം എന്ന് പറയാം.

   മംഗ്ലീഷ് ആരംഭത്തില്‍ ചെറിയ ഒരു പ്രതീക്ഷ തന്നിരുന്നു.ഉത്സവക്കാലത്ത് ആരാധകര്‍ക്ക് വേണ്ടി ഇറങ്ങുന്ന ഒരു മാസ് ചിത്രം എന്ന ഒരു തോന്നല്‍.എന്നാല്‍ കേട്ട് പഴകിയ ആവര്‍ത്തന വിരസമായ കഥയില്‍ പുതിയതായി എഴുതി ചേര്‍ക്കാന്‍ ഒന്നും കഴിയാത്ത ഒന്നായി ഈ ചിത്രം.കൊച്ചിയുടെ സപ്ന്ദനം അറിയുന്ന മാലിക് ഭായ് എന്ന നായകന്‍ അവിടത്തെ ഒരു ഡോണ്‍ ആണെന്ന് പറയാം.രാഷ്ട്രീയം ,പോലീസ് എന്ന് വേണ്ട സിനിമ നടന്മാര്‍ക്കിടയില്‍ പോലും ബന്ധങ്ങള്‍ ഉള്ള ആള്‍.വിദ്യാഭ്യാസം കുറവുള്ള എന്നാല്‍ കാശുകാരനായ ഒരാള്‍ ആണ് മാലിക് ഭായ്.തന്‍റെ ആദ്യ ഭാര്യയുടെ പിതാവുമായി ശത്രുതയില്‍ ആയിരുന്ന മാലിക് ഭായ് അയാളുടെ രാഷ്ട്രീയ പ്രതിയോഗിയുടെ സ്വന്തം ആളാണ്‌.തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സമയത്ത് ഡല്‍ഹിയില്‍ മീന്‍ കൊണ്ട് കൊടുത്ത ആളെ പോലെ ഒരാള്‍.അയാള്‍ക്ക്‌ വേണ്ടി ചെയ്യുന്ന ഒരു ജോലിയുടെ സമയത്ത് മാലിക് ഭായ് മിഷല്‍ എന്ന വിദേശ വനിതയെ കണ്ടു മുട്ടുന്നു.മാലിക് ഒരു അവസരത്തില്‍ അവരുടെ വിശ്വാസം നേടി എടുക്കുന്നു.മിഷലിനു മാലിക്കിനോട് പറയാന്‍ ഒരു രഹസ്യമുണ്ട്.എന്നാല്‍ മിഷലിനു അറിയുന്ന ഭാഷ മാലിക്കിന് വശമില്ല.എന്നാല്‍ ജീവിതത്തില്‍ പ്രധാനമായ ഒരു കാര്യം മിഷലിനു മാലിക് ഭായെ അറിയിക്കുകയും വേണം.അതിനായി അവര്‍ എന്തൊക്കെ ചെയ്തു എന്നതാണ് ബാക്കി കഥ.കേട്ട് പഴകിയ കഥ ആയിരിക്കാം.എന്നാലും അതൊക്കെ മികച്ച ടീം വര്‍ക്കിലൂടെ നന്നാക്കുന്ന ചില സംവിധായകരെ എങ്കിലും നമുക്ക് കാണാന്‍ സാധിക്കും.എന്നാല്‍ സലാം ബാപ്പു അവിടെ നിലവാരമനുസരിച്ച് ഉയര്‍ന്നുമില്ല.

  മമ്മൂട്ടി എന്ന നടന്‍ സൗന്ദര്യത്തില്‍ ഒരു അത്ഭുതം ആണ്.പ്രത്യേകിച്ചും അദ്ദേഹത്തിന്റെ പ്രായം നോക്കുമ്പോള്‍.എന്നാല്‍ സ്ക്രീനില്‍ ഒരു യുവാവായി നായികയുടെ ഒപ്പം യുഗ്മ ഗാനം പാടി നടക്കുന്നത് അല്‍പ്പം ബോര്‍ ആയി തന്നെ തോന്നുന്നുണ്ട്.പ്രത്യേകിച്ച് മെച്ചമില്ലാത്ത ഗോപി സുന്ദറിന്റെ പാട്ടുകള്‍ക്ക് അനുസരിച്ച്.ഗോപിയുടെ സ്റ്റോക്ക് തീര്‍ന്നോ എന്നൊരു സംശയം.തറ വലിപ്പുകള്‍ കുറവായിരുന്നു.പക്ഷെ അതൊക്കെ കേട്ട് ചിരിക്കുന്ന ഒരു കൂട്ടം പ്രേക്ഷകര്‍ക്ക്‌ പോലും അത് കൊണ്ട് ഈ സിനിമയില്‍ ഓര്‍ത്തു വയ്ക്കാന്‍ ഒന്നും ഇല്ലാതെ ആയി പോയി.ആദ്യ പകുതി കണ്ടപ്പോള്‍ രണ്ടാമത്തേതില്‍ എങ്കിലും എന്തെങ്കിലും കാണും എന്ന് കരുതി.എന്നാല്‍ രണ്ടാം പകുതി ആദ്യത്തേതിലും നിരാശ നല്‍കി എനിക്ക്.മമ്മൂട്ടി എന്ന നടന് ഇത്തരം സിനിമകള്‍ ഒന്നും നല്‍കും എന്ന് തോന്നുന്നില്ല.അഭിനയത്തിന്‍റെ ഒക്കെ കാര്യത്തില്‍ ഒരു സാച്ചുറേഷന്‍ പോയിന്‍റ് എത്തിയ ഒരാള്‍ക്ക് പ്രത്യേകിച്ചും.അദ്ധേഹത്തില്‍ നിന്നും കൂടുതല്‍ നല്ല സിനിമകള്‍ പ്രതീക്ഷിക്കുന്നു.ഒരു സിനിമ പ്രേമി എന്ന നിലയില്‍.എന്നാല്‍ ഒരു ആരാധകന്‍ എന്ന നിലയില്‍ അതിലും കൂടുതല്‍ പ്രതീക്ഷിക്കുന്നു.എന്നും ക്ലാസിക്കുകള്‍ വേണം എന്നല്ല.പകരം പോക്കിരി രാജ പോലെ ഒരു പടം ആണെങ്കിലും അത് മതി എന്നെ പോലെ ഒരു സാധാരണ പ്രേക്ഷകന്.ഒരു ആവരേജിലും താഴെ നില്‍ക്കുന്ന ഈ ചിത്രത്തിന് അഞ്ചില്‍ ഒരു രണ്ട് റേറ്റിംഗ് അര്‍ഹിക്കുന്നു എന്ന് തോന്നുന്നു.

More reviews @ www.movieholicviews.blogspot.com