Friday, 18 July 2014

146.BEKAS(KURDISH,2012)

146.BEKAS(KURDISH,2012),|Drama|,Dir:-Karzan Kader,*ing:-Zamand Taha,Sarwar Fazil.

 സൂപ്പര്‍മാന്‍-അനീതിക്കെതിരെ പോരാടുന്ന അമാനുഷികന്‍ എന്ന് ബാല്യത്തില്‍ ആ കഥാപാത്രത്തെ കുറിച്ച് ചിന്തിക്കാത്ത ബാല്യങ്ങള്‍ കുറവാണ്.കുട്ടികളെ കുറിച്ചുള്ള സിനിമകള്‍ പലതും ലോകനിലവാരത്തിലേക്ക് ഉയരുമ്പോള്‍ അവയുടെ പ്രമേയങ്ങള്‍ പലപ്പോഴും ബാല്യത്തിലെ നിഷ്ക്കളങ്കമായ സ്വപ്നങ്ങളെ ആധാരമാക്കി ആകും.ജീവിത ലക്ഷ്യത്തില്‍ എത്തി ചേരാന്‍ പ്രയത്നിക്കുന്ന കുട്ടികളുടെ കഥകള്‍ അത് കൊണ്ട് തന്നെ നിഷ്ക്കളങ്കമായ മനസ്സ് കൊണ്ട് കാണുമ്പോള്‍ പലപ്പോഴും മനസ്സിന് ഒരു പ്രത്യേക സുഖം നല്‍കും.അതിനായി മുതിര്‍ന്നവരുടെ മനസ്സും അവരുടെ ചിന്തകള്‍ക്ക് ഒപ്പം അതിവേഗം സഞ്ചരിക്കണം എന്ന് മാത്രം.ഇറാക്ക് എന്ന രാജ്യത്തെ കുറിച്ച് ആദ്യം കേള്‍ക്കുമ്പോള്‍ മനസ്സില്‍ വരുന്നത് സദ്ദാമും പിന്നെ അവിടത്തെ യുദ്ധങ്ങളും ആണ്.ഒരു ദു:ഖ സത്യമായി ഈ സിനിമ കാണുമ്പോഴും അവിടെ നടക്കുന്ന മരണങ്ങള്‍ മനുഷ്യരാശിയെ എന്നും വേദനിപ്പിക്കുന്ന ഒന്നാണ്.ഇറാക്കിലെ കുര്‍ദുകളുടെ ഭാഗത്തില്‍ ഉള്ള കുട്ടികളായ ധനയുടെയും അവന്‍റെ അനുജന്‍ സനയുടെയും സ്വപ്നങ്ങളുടെ കഥയാണ് ഈ ചിത്രം.അവരുടെ സ്വപ്നം വലുതാണ്,അമാനുഷികനായ സൂപ്പര്‍മാനെക്കാളും വലുത്.അനാഥരായ, വീടില്ലാത്ത അവരുടെ സ്വപ്നം അമേരിക്കയില്‍ പോയി സൂപ്പര്‍മാനെ കാണുക എന്നതാണ്.

    റോഡരികില്‍ ഷൂ തുടച്ചു ജീവിക്കുന്ന അവരെ സഹായിക്കുന്നത് കണ്ണ് കാണാത്ത വൃദ്ധനായ ബാബ ഖാലിദ് ആണ്.അയാള്‍ പുത്രവാല്‍സല്യത്തോടെ സനയെ വിളിക്കുമ്പോള്‍ അവന്‍ പലപ്പോഴും അനാഥന്‍ ആണെന്നത് മറക്കുന്നു.തന്‍റെ മൂത്ത സഹോദരനായ ധന ആയിരുന്നു സനയുടെ ലോകം.അവനെ ശാസിക്കാനും തല്ലാനും എല്ലാം അധികാരം ഉള്ളത് തന്‍റെ മാതാപിതാക്കളുടെ സ്ഥാനത് ഉള്ള ധനയ്ക്ക് സന നല്‍കിയിരുന്നു.ഒരു കൊച്ചു കുട്ടി ആയിരുന്നെങ്കിലും അവനു ജീവിതത്തെ കുറിച്ച് ചില കാഴ്ചപ്പാടുകള്‍ ഉണ്ടായിരുന്നു.അതിലൊന്ന് ആണ്,ഒളിച്ചിരുന്ന് കാണുന്ന സിനിമകളിലെ സൂപ്പര്‍മാനെ നേരില്‍ കാണണം എന്ന ആഗ്രഹം.തന്‍റെ ജീവിതം ദുഷ്ക്കരം ആക്കിയവരെ ഒക്കെ ശിക്ഷിക്കാന്‍ സൂപ്പര്‍മാന് കഴിയും എന്നവന്‍ വിശ്വസിക്കുന്നു.യുദ്ധങ്ങളിലൂടെ തന്‍റെ മാതാപിതാക്കളുടെ മരണത്തിനു കാരണക്കാരന്‍ ആയ സദ്ദാം ആണ് ആവന്‍ തയ്യാറാക്കിയ ലിസ്റ്റില്‍ ആദ്യ പേരുകാരന്‍.ധനയ്ക്കാണെങ്കില്‍ ഒരു കൗമാര പ്രണയം ഉണ്ട്.അവള്‍ ഒരു ദിവസം മാതാപിതാക്കളോടൊപ്പം  അമേരിക്കയില്‍ പോകുന്നു എന്നറിഞ്ഞപ്പോള്‍ അവളെ കാണാന്‍ വേണ്ടി അമേരിക്കയില്‍ പോകാന്‍ അവന്‍ തീരുമാനിച്ചു.കൂടെ സൂപ്പര്‍മാനെ കാണാം എന്നുള്ള പ്രതീക്ഷയില്‍ സനയും.നിയമവിരുദ്ധമായി ആളുകളെ അമേരിക്കയിലേക്ക് കടത്തി കൊണ്ട് പോകുന്നവര്‍ അവിടെ ധാരാളം ഉണ്ട്.എന്നാല്‍ അതിനു ആവശ്യം പണം,പാസ്പ്പോര്‍ട്ട് എന്നിവയാണ്.എന്നാല്‍ ആവരുടെ കയ്യില്‍ രണ്ടും ഇല്ല.എന്നാലും അവര്‍ തളരാതെ മൈക്കില്‍ ജാക്സണ്‍ എന്ന പേരിട്ട് വിളിക്കുന്ന ഒരു കഴുതയെ  വാങ്ങുന്നു.അപകടകരമായ ഒരു സാഹസത്തിനു അവര്‍ തയ്യാറായി..ഒരു കഴുതപ്പുറത്ത് കയറി  അമേരിക്കയില്‍ പോയി സൂപ്പര്‍മാനെ കാണാം എന്ന ലക്ഷ്യത്തോടെ.അവരുടെ കൌതുകകരവും രസകരവുമായ യാത്രയാണ് "ബെകാസ്" എന്ന ഈ കുര്‍ദിഷ് ഭാഷയില്‍ ഉള്ള ചിത്രം അവതരിപ്പിക്കുന്നത്‌.

   യുദ്ധങ്ങളുടെ കെടുതിയും എല്ലാം തികച്ചും വ്യത്യസ്തമായി ഈ ചിത്രത്തില്‍ അവരുടെ ജീവിതത്തിലൂടെ അവതരിപ്പിക്കപ്പെടുന്നു.ഏതു യുദ്ധത്തിന്റെയും അവസാനം അനാഥരായ ഇത്തരം ബാല്യ-കൗമാരങ്ങള്‍ മാത്രമാണ്.സന ആയി അഭിനയിച്ച സമന്ദ് താഹ എന്ന കുട്ടി ആ വേഷം അവിസ്മരനീയം ആക്കി.അത്ര ജീവനുണ്ടായിരുന്നു ആ കഥാപാത്രത്തിന്.ഒരു പക്ഷേ ഒരു ബാലതാരത്തില്‍ നിന്നും പ്രതീക്ഷിക്കവുന്നതിനും അപ്പുറം അവന്‍ അഭിനയിച്ചിട്ടുണ്ട്.സിനിമ കഴിയുമ്പോള്‍ പോലും മനസ്സില്‍ നില്‍ക്കുന്ന ഒരു കഥാപാത്രം.അവന്റെ നിഷ്കളങ്കമായ ലോകത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ അതീവ രസകരം ആയിരുന്നു.കുര്‍ദുകളുടെ ജീവിത രീതികളും അവരുടെ ലോകത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളും പ്രതീക്ഷകളും എല്ലാം ഈ ചിത്രത്തിലുണ്ട്.ഈ ചിത്രം കൂടുതല്‍ മനോഹരമാക്കുന്നത് ക്യാമറയും പിന്നെ പശ്ചാത്തല സംഗീതവും ആണ്.അധികം കേട്ടിട്ടില്ലാത്ത ഒരു സ്ഥലത്ത് നിന്ന് അവതരിപ്പിക്കപ്പെട്ട ഈ ചിത്രം നിലവാരത്തിലും മോശം അല്ല.ചുരുക്കത്തില്‍ ഒരല്‍പം സമയം ഉണ്ടെങ്കില്‍ തലയൊന്നും പുകയ്ക്കാതെ കാണാവുന്ന ഒരു നല്ല സിനിമയാണ് ബെകാസ്.

More reviews @ www.movieholicviews.blogspot.com