Wednesday, 16 July 2014

144.THE NEIGHBORS(KOREAN,2012)

144.THE NEIGHBORS(KOREAN,2012),|Thriller|,Dir:-Hwi Kim,*ing:-Yunjin Kim,Dong Seok ma,Gun Ho Jin.

കൊറിയന്‍ ത്രില്ലര്‍ സിനിമകളിലെ സ്ഥിരം വിഷയം ആണ് പെണ്‍കുട്ടികള്‍ക്ക് നേരെ ഉള്ള അക്രമങ്ങള്‍ പ്രമേയം ആക്കിയുള്ള സിനിമകള്‍.ഒരു പക്ഷേ പലപ്പോഴും മടുപ്പ് ഉണ്ടാകും ഇത്തരം സ്ഥിരം പ്രമേയങ്ങള്‍  എന്ന് കരുതുമ്പോഴും ഓരോ പ്രാവശ്യവും വ്യക്തമായ ഒരു തിരക്കഥ അവതരിപ്പിച്ച് കൊറിയന്‍ സിനിമ നമ്മളെ അത്ഭുതപ്പെടുത്തും.ഒരു ക്ലീഷേ പ്രമേയം എങ്ങനെ വ്യത്യസ്തം ആയി എടുക്കാം എന്ന് അവരുടെ പല സിനിമകളും കാണിച്ചു തരുന്നു."Azooma", "Psychometry","Memories of Murder","Monatge","Missing","No Mercy","Voice of Murderer","Chaser" അങ്ങനെ പോകുന്നു ആ ലിസ്റ്റ്.ഈ സിനിമകള്‍ ഒക്കെ കാണുമ്പോള്‍ മനസ്സിലാകും ഒരേ പ്രമേയം വ്യത്യസ്ത രീതിയില്‍ അവതരിപ്പിക്കുന്നതിന്റെ മായാജാലം.ആ ഗണത്തില്‍ തീര്‍ച്ചയായും പെടുത്താവുന്ന ഒരു ചിത്രം ആണ് 2012 ല ഇറങ്ങിയ "The Neighbors".ഇത്തവണയും ഒരു പെണ്‍ക്കുട്ടിയുടെ കൊലപാതകത്തോടെ ആണ് സിനിമ തുടങ്ങുന്നതും.മരിച്ചു പോയ പെണ്‍ക്കുട്ടിയുടെ രണ്ടാനമ്മ മരിച്ചതിന് അവള്‍ ദിവസവും വൈകിട്ട് വീട്ടില്‍ വരുന്നത് പോലെ അനുഭവപ്പെടുന്നു.അവര്‍ അവളെ ഭയക്കുന്നു.എന്നാല്‍ ഒരു ദിവസം ആ പെണ്‍ക്കുട്ടിയുടെ അച്ഛന്‍ തന്റെ മകളെ രണ്ടാനമ്മ ഭയപ്പെടുന്നത് അവള്‍ സ്വന്തം മകള്‍ അല്ലാത്തത് കൊണ്ടാണെന്ന് പറയുന്നു.അതിനു ശേഷം അവര്‍ അവളെ കൂടുതലായി സ്നേഹിക്കുന്നു.അവര്‍ തമ്മില്‍ ഉള്ള ബന്ധം ശക്തമാകുന്ന ദിവസം ആണ് അവളെ കാണാതാകുന്നതും ഒരു പെട്ടിയില്‍ അവളുടെ മൃത ദേഹം ലഭിക്കുന്നതും.എന്നാല്‍ സിനിമയില്‍ കൊലയാളിയെ തുടക്കം മുതല്‍ കാണിക്കുന്നുണ്ട് മറകള്‍ ഇല്ലാതെ.

  അയല്‍ വീടുകള്‍ തമ്മില്‍ ഉള്ള അടുപ്പമില്ലായ്മ കാരണം അപരിചിതമായ പല സംഭവങ്ങളും അവിടെ വിഷയം ആകുന്നില്ല.ഒരു കൊലയാളി അവിടെ ഉണ്ടെന്നറിഞ്ഞാല്‍ അവിടെ ഉള്ള വീടുകളുടെ വില കുറയും എന്ന് ഭയപ്പെടുന്നവരും,തന്‍റെ ജീവിതത്തിലെ വലിയ ഒരു രഹസ്യത്തില്‍ നിന്നും 5 മാസത്തില്‍ നിന്നും രക്ഷപ്പെടും എന്ന് കരുതുന്ന ആളും,മറ്റൊരു മുഖം ഉള്ള കൊലയാളി പോലും സ്വന്തം സ്വഭാവം മറ്റുള്ളവരില്‍ നിന്നും ഒളിച്ചു വയ്ക്കുന്നു.ചില പ്രത്യേക ദിവസങ്ങളില്‍ മാത്രം പിസ്സ വാങ്ങിക്കുന്ന ഫ്ലാറ്റിലെ അന്തേവാസിയെ കുറിച്ച് സംശയം തോന്നുന്ന പിസ ഡെലിവറി ബോയ്‌ അക്കാര്യം തന്‍റെ മുതലാളിയോട് പറയുന്നെങ്കിലും അതൊരു ഭ്രാന്തന്‍ ചിന്ത മാത്രം ആയി അയാള്‍ തള്ളിക്കളയുന്നു.സമാനമാണ് മൃത ശരീരം അടയ്ക്കപ്പെട്ട പെട്ടി വാങ്ങിച്ച കടയുടെ ഉടമയായ വൃദ്ധനും.അയാള്‍ ഇക്കാര്യം തന്‍റെ ഭാര്യയോടു പറയുമ്പോള്‍ അനാവശ്യ കാര്യങ്ങളില്‍ ഇടപ്പെടാതെ ഇരിക്കാന്‍ അവര്‍ ഉപദേശിക്കുന്നു.തന്‍റെ അമ്മാവനോടുള്ള പക തീര്‍ക്കാന്‍ അയാള്‍ക്ക്‌ തിരിച്ചടയ്ക്കാന്‍ പറ്റാത്ത അത്ര തുക കൊടുത്ത് പീഡിപ്പിക്കുന്ന ആന്‍-ഹ്യുക് മോയും മനുഷ്യന്റെ മറ്റൊരു മുഖം കാണിക്കുന്നു.ആ കഥാപാത്രത്തെ അവതരിപ്പിക്കുന്ന :മാ ഡോംഗ് സിയോക്" ഇപ്പോള്‍ കൊറിയന്‍ നടന്മാരില്‍ എനിക്ക് ഇഷ്ടപ്പെട്ട നടന്മാരില്‍ ഒരാളാണ്.പലപ്പോഴും ചുറ്റും ഉള്ളവരുടെ അശ്രദ്ധയും മറ്റുള്ളവരുടെ ജീവിതം പോകുന്ന വഴിക്ക് പോകട്ടെ എന്ന് കരുതുന്ന ചിന്താഗതിയും പുലര്‍ത്തുമ്പോള്‍ ഉണ്ടാകുന്ന അപകടം ആണ് ഈ ചിത്രം അവതരിപ്പിക്കുന്നത്‌.ആദ്യ പെണ്‍ക്കുട്ടിയുടെ മരണത്തിനു ശേഷം കൊലയാളി അവളുടെ മുഖ സാദൃശ്യം ഉള്ള മറ്റൊരു പെണ്‍ക്കുട്ടിയെ ഉന്നമിടുന്നു.അതിന്‍റെ ഇടയ്ക്ക് അയാള്‍ പല കൊലകളും നടത്തുന്നു;നടത്താന്‍ ശ്രമിക്കുന്നു.എന്നാല്‍ സംശയം ഉള്ളവര്‍ പോലും തങ്ങളുടെ ജീവിത സാഹചര്യങ്ങള്‍ മൂലം അത് പുറം ലോകത്തെ അറിയിക്കുന്നില്ല.എന്നാല്‍ ഒരിക്കല്‍ ഈ ചിന്താഗതി ഉള്ളവര്‍ എല്ലാം ഒരുമിക്കുന്നു,പരസ്പ്പരം അറിയിക്കാതെ തങ്ങളുടെ കടമകള്‍ ചെയ്യാന്‍ അവര്‍ തയ്യാറാകുമ്പോള്‍ ചിത്രം അവരുടെ ഇടയില്‍ ഉള്ള ഊഷ്മളമായ ഒരു ബന്ധം പുറത്തു കൊണ്ട് വരുന്നു.അല്ലെങ്കില്‍ അവരെ അതിലേക്ക് അടുപ്പിക്കുന്ന  സംഭവങ്ങള്‍ ഉണ്ടാകുന്നു.നമുക്ക് അരോചകം തോന്നുന്ന പല കഥാപാത്രങ്ങളും തങ്ങളുടെ ഭാഗം ഭംഗിയാക്കാന്‍ ശ്രമിക്കുന്നു.അതിനു കാരണം?വിധി എന്നൊക്കെ പറയാം."ഈ അടുത്ത കാലത്ത്" സിനിമയില്‍ അവതരിപ്പിച്ച വിധിയെ ചുറ്റിപ്പറ്റി നടക്കുന്ന സംഭവ വികാസങ്ങള്‍ ആണ് ചിത്രം പിന്നീട്(രണ്ടു ചിത്രങ്ങളും തമ്മില്‍ ഒരു സാമ്യവും ഇല്ല.പകരം എനിക്ക് ഓര്‍മ വന്ന സമാന ചിത്രത്തെ കുറിച്ച് പറഞ്ഞു എന്നെ ഉള്ളു).അതില്‍ ചിലത് മോശം ആകാം.ചിലത് നല്ലതും.

 തന്‍റെ അയല്‍ക്കാരോട് അവരറിയാതെ സന്ധിയില്ലാ ആക്രമണം സ്വയം മനസ്സില്‍ പ്രഖ്യാപിച്ച കൊലയാളി.അയാളുടെ യുദ്ധങ്ങളെ കുറിച്ച് അറിയാത്ത അല്ലെങ്കില്‍ അറിയില്ല എന്ന് നടിക്കുന്ന അയല്‍ക്കാര്‍.ഈ ഒരു സാഹചര്യം അയാള്‍ക്ക്‌ തന്‍റെ മനസ്സിന്റെ വികലമായ പ്രവര്‍ത്തികള്‍ തുടര്‍ന്ന് പോകാന്‍ ഉള്ള മൌനാനുവാദം ആണ് നല്‍കുന്നത്.ചെറിയ ചെറിയ സംഭവങ്ങള്‍ വലിയ സംഭവങ്ങളിലേക്ക് ഉള്ള മാര്‍ഗദര്‍ശി ആകും എന്ന് ഈ സിനിമയിലെ ചില സീനുകളിലൂടെ സംവിധായകന്‍ പറയാന്‍ ശ്രമിക്കുന്നുണ്ട്.ഒരു പക്ഷേ കൂടൊരുക്കാന്‍ സാമഗ്രികള്‍ അന്വേഷിച്ച് ഇറങ്ങുന്ന പക്ഷിയുടെ നിയോഗം അതായിരിക്കാം.കൊറിയന്‍ ത്രില്ലറുകളുടെ ആരാധകര്‍ക്ക് ധൈര്യമായി കാണാവുന്ന ചിത്രം.

More reviews @ www.movieholicviews.blogspot.com