Sunday, 13 July 2014

141.THE CLIENT(KOREAN,2011)

141.THE CLIENT(KOREAN,2011),|Thriller|Crime|Mystery|,Dir:-Young Sung Sohn,*ing:-Jung Woo Ha,Hee Soon Park.

  സങ്കീര്‍ണമായ ഒരു കൊലപാതകത്തിന്റെ ചുരുളഴിക്കുകയാണ് 2011 ല്‍ ഇറങ്ങിയ "The Client" എന്ന കൊറിയന്‍ ചിത്രം.ആദ്യം തന്നെ പറയട്ടെ അടുത്തിറങ്ങിയ ഒരു മലയാളം സിനിമ ഈ ചിത്രത്തിലെ തന്ത്രപ്രധാനമായ ട്വിസ്റ്റ് മുതല്‍ ചിലയിടങ്ങളില്‍ ഉള്ള സാദൃശ്യം മൂലം ഒരു സാധാരണ മലയാളി പ്രേക്ഷകന് ഊഹിക്കാന്‍ സാധിക്കും ഈ സിനിമയുടെ ട്വിസ്റ്റ് മുതല്‍ ഉള്ള ഭാഗങ്ങള്‍.തന്‍റെ വിവാഹ വാര്‍ഷികത്തിന്റെ അന്ന് "ഹാന്‍ ചുല്‍" വീട്ടിലേക്കു വന്നു കയറുമ്പോള്‍ അവിടെ ഒരു ആള്‍ക്കൂട്ടം കാണുന്നു.അയാള്‍ വീട്ടിലേക്കു നടന്നടുത്തപ്പോള്‍ വീട് നിറയെ പോലീസും ചോരയില്‍ കുതിര്‍ന്ന ബെഡ്ഡില്‍ നിന്നും മന്ദമായ് ഒഴുകുന്ന ചോരയും കാണുന്നു.ചാന്‍ ഹുല്ലിന്റെ ഭാര്യ കൊല്ലപ്പെട്ടിരിക്കുന്നു.എന്നാല്‍ ശവം അവര്‍ക്ക് കണ്ടെത്താന്‍ സാധിക്കുന്നില്ല.സാഹചര്യ തെളിവുകള്‍ വച്ച് പോലീസ് ചാന്‍ ഹുല്‍ ആണ് കൊലപാതകി എന്ന നിഗമനത്തില്‍ പോലീസ് എത്തി ചേരുന്നു.ചാന്‍ ഹുല്ലിനെ അന്വേഷണത്തിനായി പോലീസ് കസ്റ്റടിയില്‍ ആക്കുന്നു.പ്രോസിക്യൂട്ടര്‍ ആയ ആന്‍-മിന്‍ ഹോ ഈ കേസില്‍ ചാന്‍ ഹുല്ലിനു എതിരായി വാദിക്കുന്നു.ഈ സമയം ജാംഗ് ഹോ എന്ന കുറ്റാന്വേഷകന്‍ ഈ കേസ് "കാംഗ് സുംഗ്" എന്ന വക്കീലിനെ ചാന്‍ ഹുല്ലിനു വേണ്ടി വാദിക്കാന്‍ ഏര്‍പ്പെടുത്തുന്നു.

 ആദ്യം ഈ കേസില്‍ താല്‍പ്പര്യം ഇല്ലാതിരുന്ന കാംഗ് സുംഗ് എന്നാല്‍ പിന്നീട് തന്‍റെ കക്ഷിയുടെ പക്കല്‍ ആണ് സത്യം എന്ന നിഗമനത്തില്‍ എത്തി ചേരുന്നു.അന്ന-മിന്‍ ഹോയുടെ അച്ഛനായ പ്രശസ്ത പ്രൊഫസ്സര്‍ ചോയിയുടെ പ്രിയപ്പെട്ട ശിഷ്യന്‍ ആയിരുന്നു കാംഗ് സുംഗ്.ആന്‍ മിന്‍ ഹോ അദ്ദേഹത്തിന്റെ മകനും.അങ്ങനെ ചോയിയുടെ ഇഷ്ട ശിഷ്യനും സ്വന്തം മകനും തമ്മില്‍ ഉള്ള പോരാട്ടമായി ഈ കേസ് മാറുന്നു.ആന്‍ മിന്‍ ഹോയ്ക്ക് തന്‍റെ കഴിവ് സ്വന്തം പിതാവിന്‍റെ മുന്നില്‍ തെളിയിക്കണം എങ്കില്‍ അദ്ദേഹത്തിന്റെ പ്രിയ ശിഷ്യന്‍ ഈ കേസ് തോല്‍ക്കണം എന്ന് കരുതുന്നു.കാംഗ് സുംഗ് തന്‍റെ കക്ഷിയായ ചാന്‍ ഹുല്ലിനെ ശക്തമായ തെളിവുകള്‍ ഒന്നുമില്ലാതെ സാഹചര്യ തെളിവുകള്‍ മാത്രം ഉപയോഗിച്ചാണ് പോലീസ് കുരുക്കിയതെന്നു മനസ്സിലാകുന്നു.വാന്‍ ഹുല്ലിന്റെ വീട്ടിലേക്കുള്ള സി സി ടി വി വീഡിയോ പോലീസ് എത്തുന്നതിനു മുന്‍പ് തന്നെ മുന്‍ ഡിറ്റക്ടീവ് ആയ സിയോ അവിടെ നിന്നും മാറ്റി എന്നതും കാംഗ് സുംഗിനു ഈ കേസില്‍ തന്റെ കക്ഷി കുറ്റക്കാരന്‍ അല്ല സംശയം ബലപ്പെടുത്തുന്നു.ഒരു സിനിമ ലാബോറട്ടറിയില്‍ ജോലി ചെയ്യുന്ന ചാന്‍ ഹുല്ലിനു അവിടെയുള്ള രാസ പദാര്‍ഥങ്ങള്‍ മൂലം കയ്യിലെ വിരലടയാളങ്ങള്‍ നഷ്ടം ആകുന്നു.അതിനാല്‍ തന്നെ പോലീസിനു അത്തരത്തില്‍ ഉള്ള തെളിവുകള്‍ ലഭിചിരുന്നും ഇല്ല.മാത്രമല്ല കൊല ചെയ്യപ്പെട്ടു എന്ന് കരുതുന്ന സ്ത്രീയുടെ ശവ ശരീരം ലഭിക്കുന്നുമില്ല.മൂന്നു ലിറ്ററോളം രക്തം നഷ്ടപ്പെട്ട അവര്‍ ജീവിച്ചിരിക്കാന്‍ ഉള്ള സാധ്യതയും തള്ളിക്കളയുന്നു.ഇ കേസിന്റെ പുറകെ പോയ ജംഗ് ഹോ സംഭവം നടന്ന അന്ന് ചാന്‍ ഹുല്ലിന്റെ വണ്ടി അപകടത്തില്‍ പെട്ട് എന്ന് അയാള്‍ അവകാശപ്പെടുന്ന ഡാമിന്റെ അടുത്തേക്ക് പോകുന്നു.അവിടെ ഒരു വൃദ്ധനും അയാളുടെ മൂക-ബധിരനായ മകനെയും കണ്ടു മുട്ടുന്നു.കൊലപാതകം നടന്ന അന്ന് രാത്രി വാന്‍ ഹുല്ലിന്റെ കാര്‍ അയാളുടെ മകന്റെ മേല്‍ തട്ടി എന്നും അയാള്‍ ജംഗ് ഹോയെ അറിയിക്കുന്നു.മരിച്ച സ്ത്രീയുടെ അമ്മ മുതല്‍ എല്ലാവരും വാന്‍ ഹുല്ലിനു എതിരായി സാക്ഷി പറയുന്നു.എന്നാല്‍ അതി ബുദ്ധിമാനായ കാംഗ് സുംഗ് കേസ് തന്‍റെ വരുതിയില്‍ ആക്കാന്‍ സകല നീക്കങ്ങളും പരീക്ഷിക്കുന്നു.എന്നാല്‍ വാന്‍ ഹുല്ലിന്റെ മുന്‍കാല ജീവിതം അറിഞ്ഞതോടെ കാംഗ് സുംഗ് മറ്റൊരു നിഗമനത്തില്‍ എത്തുന്നു.താന്‍ പ്രതീക്ഷിച്ചതിനും അപ്പുറം ആണ് ഈ കൊലപാതക കേസ് എന്ന് മനസ്സിലാക്കുന്നു.തന്‍റെ ഭാഗത്ത്‌ നിന്ന് നോക്കുമ്പോള്‍ ഏതാണ് നീതി അയാള്‍ തീരുമാനിക്കുന്നു.കോടതിയില്‍ രണ്ട് ഊര്‍ജസ്വലരായ യുവ വക്കെലന്മാര്‍ ഏറ്റു മുട്ടുന്നു.എന്നാല്‍ ഈ കേസില്‍ നിഗൂഡമായ പലതും ഉണ്ടായിരുന്നു.വാന്‍ ഹുല്ലും ഭാര്യയും,അവരുടെ ജീവിതവും.കൂടുതല്‍ അറിയുവാന്‍ ഈ സിനിമ കാണുക.

   ഒരു മികച്ച ത്രില്ലര്‍ എന്ന രീതിയില്‍ ആസ്വദിച്ചു വരുമ്പോഴായിരുന്നു ആ രംഗം.പരിചിതമായ മലയാള സിനിമയിലെ അതേ രംഗം.പിന്നെ സിനിമയില്‍ നടന്നതൊക്കെ എളുപ്പത്തില്‍ ഊഹിക്കാന്‍ സാധിച്ചു.എന്നാലും ഒരു കാര്യം ഉണ്ട് , കഥാപാത്രം തന്നെ മലയാളം സിനിമയില്‍ സ്വന്തം തോന്നലുകളില്‍ കണ്ടെത്തിയതും ഓര്‍ത്തെടുത്തതും ആയ തെളിവ് എന്നാല്‍ ഈ സിനിമയില്‍ വിശ്വസനീയം ആയ  രീതിയില്‍ തന്നെ പ്രേക്ഷകനില്‍ എത്തിക്കാന്‍ സിനിമയുടെ തിരക്കഥാകൃത്തിനു സാധിച്ചിട്ടുണ്ട്.മലയാള സിനിമയില്‍ പാളി പോയതും അവിടെ ആയിരുന്നു.പൊതുവേ മറ്റൊരു ഇംഗ്ലീഷ് സിനിമയുടെ ഒരു ചെറിയ സാദൃശ്യം  എന്ന് കരുതിയിരുന്ന ആ മലയാള ചലച്ചിത്രം രണ്ടാമതൊരു സിനിമ കൂടി യോജിച്ച് എടുപ്പിച്ച സന്തതി ആയിരുന്നു എന്ന് ഇപ്പോഴാണ് മനസ്സിലായത്‌.ഇന്‍സ്പിരേഷന്‍ ആയി സിനിമ എടുക്കുമ്പോള്‍ എങ്കിലും അതിലെ ചെറിയ ലോജിക്കുകള്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ മലയാള സിനിമ നല്ല ഹിറ്റ്‌ ആയേനെ.എന്നാല്‍ ബോക്സോഫീസ് പരാജയം ആയ ഒരു സിനിമയുടെ യഥാര്‍ത്ഥ മുഖം ഒരു നല്ല ത്രില്ലര്‍ ആണെന്ന് മനസ്സിലായി.മലയാളം സിനിമ കാണാത്ത പ്രേക്ഷകര്‍ക്ക്‌ ഈ ചിത്രം ഇഷ്ടമാകും.

More reviews @ www.movieholicviews.blogspot.com