Tuesday, 28 January 2014

87.HIDE AND SEEK(KOREAN,2013)

87.HIDE AND SEEK(KOREAN,2013),|Thriller|,Dir:-Jung Huh,*ing:- Mi-seon JeonJung-Hee MoonHyeon-ju Son

 കൊറിയന്‍ സിനിമകളില്‍ ത്രില്ലര്‍ സിനിമകള്‍ എന്ന ശാഖയില്‍ വരുന്നവയെല്ലാം ആ വിഭാഗത്തോട് പരമാവധി നീതി പുലര്‍ത്താന്‍ ശ്രമിക്കാറുണ്ട് .പലപ്പോഴും ഒരു കഥയുടെ ആരംഭത്തില്‍ പ്രേക്ഷകന്‍ ഒരു കഥയെക്കുറിച്ച് പ്രതീക്ഷിക്കുന്നതല്ല സിനിമയുടെ അവസാനം സംഭവിക്കുന്നത്‌.ത്രില്ലര്‍ സിനിമകള്‍ കണ്ടിട്ടുള്ളപ്പോള്‍  എല്ലാം തന്നെ ഈ ഒരു അനുഭവം എനിക്കുണ്ടായിട്ടുണ്ട്.പലപ്പോഴും ഒരു ചിത്രത്തിന്‍റെ തുടക്കത്തിലെ രംഗങ്ങളില്‍ നിന്നും ആ സിനിമയുടെ അവസാന രംഗങ്ങളിലേക്ക് മനസ്സില്‍ ഒരു യാത്ര നടത്തിയാല്‍ പലപ്പോഴും വഴി തെറ്റാന്‍ ഇടയാകാറുണ്ട്.അത് കൊണ്ട് തന്നെ മറ്റു ഭാഷകളില്‍ കണ്ടു വരുന്ന സ്ഥിരം നായക സങ്കല്‍പ്പങ്ങള്‍ക്ക് ഇതില്‍ പ്രസക്തി ഇല്ലാത്തതും.നായക കഥാപാത്രങ്ങള്‍ക്ക് പകരം സിനിമയിലെ ഓരോ കഥാപാത്രത്തിനും ആ കഥയില്‍ ഉള്ള പങ്കിനെ നീതിപൂര്‍വം അവതരിപ്പിച്ച് അവസാന രംഗങ്ങളിലേക്ക് കൊണ്ട് പോവുക എന്നതാണ് പലപ്പോഴും അവരുടെ വിജയ സമവാക്ക്യം.അത്തരത്തില്‍ തുടക്കത്തില്‍ നമുക്ക് പറഞ്ഞു തരുന്ന കഥയില്‍ നിന്നും പ്രതീക്ഷിക്കാത്ത സംഭവ വികാസങ്ങളിലൂടെ മറൊരു കഥയിലേക്ക് മാറുന്ന ചിത്രമാണ്‌ "ഹൈഡ് ആന്‍ഡ് സീക്ക്".ആദ്യം തന്നെ പറയട്ടെ ഡി നീറോയുടെ 2005 ല്‍ ഇറങ്ങിയ ഇതേ പേരില്‍ ഉള്ള ചിത്രമായി ഇതിനു ബന്ധം ഒന്നുമില്ല.എന്നാല്‍ ചെറിയൊരു ബന്ധം മറ്റൊരു സിനിമയുമായി ഉണ്ട് താനും..ഒരു പരിധി വരെ മാത്രം.

   ചിത്രം ആരംഭിക്കുന്നത് രാത്രി തന്‍റെ താമസസ്ഥലത്തേക്ക് വരുന്ന ഒരു സ്ത്രീ.അവരെ  പിന്തുടര്‍ന്ന് വരുന്ന ഹെല്‍മറ്റ് വച്ച് മുഖം മറച്ച ഒരാള്‍ .ആ സ്ത്രീയുടെ മുന്നില്‍ അയാള്‍ ഒരു ശല്യക്കാരന്‍ ആണ്.മാത്രമല്ല അയാള്‍ അവരുടെ അടുത്ത മുറിയില്‍ ആണ് താമസിക്കുന്നതും .വീട്ടില്‍ കയറിയ അവര്‍ തന്‍റെ വീട്ടില്‍ ഉണ്ടായിരുന്ന വസ്ത്രത്തില്‍ കണ്ട മുടിയിഴകള്‍ കണ്ട് അയാള്‍ തന്‍റെ മുറിയില്‍ പ്രവേശിച്ചിട്ട് ഉണ്ടാകും എന്ന് കരുതി അയാളോട് അതിനെക്കുറിച്ച് ചോദിയ്ക്കാന്‍ പോകുന്നു.എന്നാല്‍ അല്‍പ്പസമയത്തിനു ശേഷം അവരെ കൊല്ലപ്പെട്ടതായി  കാണപ്പെടുന്നു.കൊല്ലുന്നത് ആ ഹെല്‍മറ്റ് ധരിച്ചയാളും ..

 അമിതമായ വൃത്തിയോടുള്ള അഭിനിവേശവും അണുക്കളെ അമിതമായി ഭയക്കുകയും ചെയ്യുന്ന വെര്‍മിനോഫോബിയ എന്ന അവസ്ഥയ്ക്ക് അടിമയാണ് സുംഗ് സൂ എന്ന ബിസിനസ്സുകാരന്‍.ഭാര്യയോടും രണ്ടു മക്കളോടും ഒപ്പം സമാധാനപരമായി ഒരു ആധുനിക സൌകര്യങ്ങള്‍ എല്ലാം ഉള്ള ഒരു അപ്പാര്‍ട്മെന്റില്‍ ആണ് അയാള്‍  താമസിക്കുന്നത്.ഒരു ദിവസം അയാളുടെ സഹോദരന്‍റെ താമസസ്ഥലത്ത്  നിന്നും അയാള്‍ക്ക്‌ ഒരു ഫോണ്‍  കോള്‍ വരുന്നു.അയാളെ കുറച്ചു ദിവസമായി കാണാന്‍ ഇല്ലന്നും അത് കൊണ്ട് അയാളുടെ സാധനങ്ങള്‍ എടുത്തു കൊണ്ട് പോകണം എന്നും ആവശ്യപ്പെട്ടായിരുന്നു ആ കോള്‍ .സൂംഗ് സൂ അടുത്ത ദിവസം തന്നെ ഭാര്യയും കുട്ടികളുമായി അവിടെ പോകുന്നു.തുറുമുഖം അടുത്തുള്ളത് കൊണ്ട് പലപ്പോഴും അനധികൃത താമസക്കാര്‍ വാടക കൊടുക്കാതെ പോകുന്നത് കൊണ്ടും ആളുകള്‍ അപ്രത്യക്ഷ്യമാകുന്നത് പതിവാണെന്ന് താമസ സ്ഥലത്തെ ആള്‍ പറയുന്നു.സഹോദരന്‍റെ മുറിയിലേക്ക് തന്‍റെ ഭാര്യയും കുട്ടികളെയും കാറില്‍ ഇരുത്തി പോയ സൂംഗ് സൂ ആ മുറി പരിശോധിക്കുന്നു.ആ സമയം അവിടെ ഉണ്ടായിരുന്ന ഒരാള്‍ കുട്ടികളെ ഭയപ്പെടുത്താന്‍ ശ്രമിക്കുന്നു.എന്നാല്‍ അവിടെ ഉണ്ടായിരുന്ന ഒരു സ്ത്രീ അവരെ രക്ഷിക്കുന്നു.പിന്നീട് അവരുടെ വീട്ടിലേക്കു പോയ അവര്‍ ആ സ്ത്രീയുടെ പെരുമാറ്റത്തില്‍ നിന്നും സൂംഗ് സൂവിന്റെ സഹോദരന്‍ അവര്‍ക്ക് ഒരു ശല്യം ആയിരുന്നു എന്ന്‍ മനസിലാക്കുന്നു.അവിടെ ഓരോ വീടിന്‍റെ മുന്‍ വശത്തും ആ വീട്ടില്‍ ഉള്ള ആളുകളുടെ അംഗസംഖ്യ സൂചിപ്പിക്കുന്ന അടയാളങ്ങള്‍ സൂംഗ് സൂ കാണുന്നു.പിന്നീട് വീട്ടിലെത്തിയ സൂംഗ് സൂ തങ്ങളുടെ വീട്ടിലും സമാനമായ അടയാളങ്ങള്‍ കാണുന്നു.പിന്നീട് കുട്ടികളെ അപായപ്പെടുത്താന്‍ സൂംഗ് സൂവിന്റെ വാതില്‍പ്പടിയില്‍ ആ ഹെല്‍മറ്റ് ധരിച്ച ആള്‍ വരുന്നു.അയാള്‍ യഥാര്‍ത്ഥത്തില്‍ ആരാണ്?സൂംഗ് സൂ തന്‍റെ കാണാതായ സഹോദരനെ സംശയിക്കുന്നു.കാരണം കല്ലതരത്തില്‍ പൊതിഞ്ഞ ഒരു ഭൂതകാലം തന്നെ വേട്ടയടുകയാണോ എന്ന്പി അയാള്‍ സംശയിച്ചു .എന്നാല്‍ പിന്നീട്  നടന്ന സംഭവങ്ങള്‍ അപ്രതീക്ഷിതമായിരുന്നു.ആരാണ് തങ്ങളെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നതെന്നറിയാതെ കുറേ അപകടകരമായ ശ്രമങ്ങള്‍ അവര്‍ അതിജീവിക്കുന്നു.ആരാണ് അവരെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നത്.അതും ആദ്യം കാണിച്ച കൊലപാതകവും ആയുള്ള ബന്ധം ?ഇതിനെല്ലാം ഉള്ള ഉത്തരം ബാക്കി സിനിമ പറയും.

   ഹൈഡ് ആന്‍ഡ് സീക്ക് അഥവാ ഒളിക്കുക കണ്ടെത്തുക എന്ന പേരിനോട് തീര്‍ച്ചയായും നീതി പുലര്‍ത്താന്‍ ജുംഗ് ഹൂ എന്ന സംവിധായകന്‍റെ കഥയെഴുതിയുള്ള  ആദ്യ സംരംഭത്തിന് കഴിഞ്ഞിട്ടുണ്ട്.ഈ സിനിമ ഒരു കളിയാണ് .മറഞ്ഞിരിക്കുന്ന ആളെ കണ്ടെത്താന്‍ ഉള്ള ഒരു കളി.എഡിറ്റിംഗ് വിഭാഗം മികവു പുലര്‍ത്തിയെങ്കിലും ചില സ്ഥലങ്ങളില്‍ എഡിറ്റിംഗ് കൂടി പ്പോയോ എന്നൊരു സംശയം തോന്നി.ചില കാര്യങ്ങള്‍ക്ക് വ്യക്തത കുറവായിരുന്നു.പ്രത്യേകിച്ചും ഫ്ലാഷ്ബാക്ക് ഒക്കെ കാണിക്കുന്ന രംഗങ്ങളില്‍.എങ്കില്‍ പോലും ഒരു സാധാരണ സിനിമ എന്ന നിലയില്‍ നിന്നും ഈ ചിത്രം ഗിയര്‍ മാറ്റുന്ന സ്ഥലം മുതല്‍ ചിത്രം ഒരു മികച്ച ത്രില്ലര്‍ ആയി മാറുന്നുണ്ട്.അധികം ബഹളങ്ങള്‍ ഇല്ലാതെ ഇറങ്ങിയ ഈ ചിത്രം കഴിഞ്ഞ വര്‍ഷം  കൊറിയയില്‍ പണം വാരിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു .കുഴപ്പിച്ച ആ രംഗങ്ങള്‍ ഉണ്ടെങ്കില്‍ പോലും മൊത്തത്തില്‍ ഈ ചിത്രത്തിന് ഞാന്‍ നല്‍കുന്ന മാര്‍ക്ക് 7/10!! കൊറിയന്‍ ത്രില്ലര്‍  ചിത്രങ്ങളുടെ ആരാധകര്‍ക്ക് തീര്‍ച്ചയായും കാണാന്‍ ശ്രമിക്കാവുന്ന ഒരു ചിത്രം ...

  More reviews @ www.movieholicviews.blogspot.com