Wednesday, 1 January 2014

76.El AURA (SPANISH,2005)

76.El AURA(SPANISH,2005),|Thriller|Crime|,Dir:-Fabián Bielinsky,*ing:-Ricardo DarínManuel RodalDolores Fonzi

 El Aura -എഴുപത്തിയെട്ടാം അക്കാദമി പുരസ്കാരത്തില്‍ അര്‍ജന്റീനയുടെ ഔദ്യോഗിക നാമനിര്‍ദേശം ലഭിച്ച ചിത്രമായിരുന്നു .ഫിലിം നോയിര്‍ ഗണത്തില്‍ പെടുന്ന  ക്രൈം /ത്രില്ലര്‍ പരിവേഷത്തില്‍ ഉള്ള സിനിമയാണ്  El Aura.പല സിനിമകളിലും കണ്ടിട്ടുണ്ട് കുറ്റമറ്റ ക്രൈം നടത്താന്‍ ആഗ്രഹമുള്ള കഥാപാത്രങ്ങളെ .അത്തരത്തില്‍ ഉള്ള ഒരു കഥാപാത്രമാണ് ഈ സിനിമയിലെ നായകന്‍ എസ്പിനോസാ .അയാള്‍ മൃഗങ്ങളെ സ്ടഫ് ചെയ്തു വില്‍ക്കുന്ന ഒരാള്‍ ആണ് .അയാള്‍ ഒരു എപിലെപ്സി രോഗിയും കൂടി ആണ് .തീര്‍ത്തും മുഷിപ്പ് ഉളവാക്കുന്നതായിരുന്നു അയാളുടെ ജീവിതം .പ്രതീക്ഷകള്‍ നഷ്ടപ്പെട്ട അയാളുടെ ഭാര്യ അയാളെ ഉപേക്ഷിച്ചു പോയി .എസ്പിനോസയ്ക്ക് എന്നാല്‍ ഒരു കഴിവുണ്ടായിരുന്നു .എന്ത് കണ്ടാലും ഒരു ചിത്രം പോലെ തലച്ചോറില്‍ സൂക്ഷിക്കുവാന്‍ ഉള്ള കഴിവ്.ഒരിക്കല്‍ കണ്ട സംഭവങ്ങള്‍ അയാള്‍ മറക്കുകയില്ല.അയാള്‍ എല്ലാം നിരീക്ഷിക്കുമായിരുന്നു .ഓരോ നിരീക്ഷണത്തിലും അയാള്‍ മനുഷ്യര്‍ സുരക്ഷിതരല്ല എന്ന് മനസ്സിലാക്കി .എപ്പോള്‍ വേണമെങ്കിലും അപകടത്തില്‍ പെടാവുന്നവര്‍ ആണ് മനുഷ്യര്‍.അയാളുടെ അഭിപ്രായത്തില്‍ കള്ളന്‍ അവന്‍റെ ജോലി ചെയ്യുന്നതും പോലീസ് അവരുടെ ജോലി ചെയ്യുന്നതും ഈ നിരീക്ഷണങ്ങള്‍ നടത്താതെ ആണെന്നാണ്‌ .ഒരാള്‍ കുറ്റകൃത്യം നടത്തുന്നതും അതിനു ശേഷം പോലീസ് പിടിയില്‍ ആകുന്നതും കുറ്റവാളിയുടെ നിരീക്ഷണ പാടവം കുറവായത് കൊണ്ടാണ് എന്ന് കരുതുന്നു .അത് പോലെ കുറ്റകൃത്യം തടയാന്‍ പറ്റാത്തത് പോലീസിന്‍റെ നിരീക്ഷണ പാടവത്തില്‍ ഉള്ള കുറവ് കൊണ്ടാണെന്നും .ഇതായിരുന്നു അയാളുടെ സിദ്ധാന്തം .

    ജീവിതത്തിലെ നിരാശ മാറ്റുവാന്‍ അയാള്‍ ഒരിക്കല്‍ ഒരു പരിചയക്കാരന്റെ കൂടെ അകലെയുള്ള പാറ്റഗോണിയ എന്ന സ്ഥലത്തേക്ക് യാത്ര തിരിക്കുന്നു.വേട്ടയാടുക എന്നതായിരുന്നു അവരുടെ ലക്‌ഷ്യം  .അവിടെ ഉള്ള കാസിനോ അടച്ചു പൂട്ടുന്നത് കൊണ്ട് ആള്‍ക്കാരുടെ തിരക്ക് കാരണം അവര്‍ക്ക് താമസം ശരി ആകുന്നില്ല .പിന്നെ ഒരാളുടെ നിര്‍ദേശപ്രകാരം അവര്‍ അവിടെ ഉള്ള കാടിന് നടുവ്വില്‍ ഉള്ള ഒരു കാബിനില്‍ താമസിക്കുന്നു .വളരെ അപരിചിതമായ സാഹചര്യങ്ങള്‍ ആയിരുന്നു അവിടെ .അടുത്ത ദിവസം നായാട്ടിനായി പോയ അവര്‍ അവിടെ വച്ച് ചെറിയ ഉരസലുണ്ടാകുന്നു .എസ്പിനോസാ സ്വന്തമായി ഒരു മാനിനെ വേട്ടയാടാന്‍ ശ്രമിക്കുന്നു .എന്നാല്‍ അവിചാരിതമായി അയാള്‍ വെടി  വയ്ക്കുന്നത് അയാള്‍ അന്ന് വരെ കാണാത്ത ദിത്രിച് എന്ന ആളെയായിരുന്നു .എസ്പിനോസയുടെ സുഹൃത്ത്‌ അവിടെ നിന്നും പിണങ്ങി പോയിരുന്നത് കൊണ്ട് അയാള്‍ ഇതറിയുന്നില്ല .ആദ്യം പേടിച്ചു പോയ എസ്പിനോസ തന്‍റെ സമനില വീണ്ടെടുത്തപ്പോള്‍ പിന്നീടുള്ള അന്വേഷണത്തില്‍ മനസിലായി താന്‍ വെടി  വച്ച ദിത്രിച് ഒരു വലിയ ക്രിമിനല്‍ ആയിരുന്നു .അവര്‍ താമസിക്കുന്ന കാബിന്റെ ഉടമയും അയാളായിരുന്നു .തന്‍റെ കടങ്ങള്‍ തീര്‍ക്കാന്‍ ദിത്രിച് ഒരു വന്‍ മോഷണം ആസൂത്രണം ചെയ്തിരുന്നു .ദിതൃചിന്റെ ചെറിയ റൂമില്‍ കണ്ട പേപ്പറുകളില്‍ ഉള്ളത് എസ്പിനോസ മനസ്സില്‍ സൂക്ഷിക്കുന്നു .ഇത് അയാള്‍ക്ക്‌ പൂര്‍ണതയുള്ള ഒരു കുറ്റകൃത്യം നടത്താന്‍ ഉള്ള അവസരത്തിലേക്കുള്ള  വഴി ആയിരുന്നു.അയാള്‍ പിന്നീട് ഈ മോഷണ ശ്രമത്തില്‍ പങ്കാളിയായവരെ കാണുമ്പോള്‍ അയാള്‍ക്ക്‌ ഈ വിവരങ്ങള്‍ തുണയാകുന്നു  .പിന്നീടുള്ള എസ്പിനോസയുടെ പിന്നീടുള്ള നീക്കങ്ങളും ജീവിതവും ആണ് ബാക്കി ചിത്രം .
     El Aura ഒരു നല്ല ത്രില്ലര്‍ തന്നെയാണ് .ഒരു കുറ്റകൃത്യത്തിന്റെ മുഴുവന്‍ വിവരങ്ങളും തന്‍റെ ഫോട്ടോസ്ടാറ്റ് ഓര്‍മയിലൂടെ കണ്ടെത്തുന്ന എസ്പിനോസ എന്ന കഥാപാത്രം മികച്ചതായിരുന്നു .ഒരു നായക കഥാപാത്രത്തിന്റെ ആഡംബരങ്ങള്‍ ഒന്നുമില്ലാത്ത എസ്പിനോസ തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം സാക്ഷാല്‍കരിക്കാനായി  ഇറങ്ങി വരുമ്പോള്‍ അയാളെ കാത്തിരുന്ന അപകടങ്ങളെ അയാള്‍ സമചിത്തതയോടെ നേരിട്ടു .എടുത്തു പറയേണ്ടത് ഇതിലെ സംഗീതമാണ് .ഭാരതീയ സംഗീതത്തെ പിന്തുടര്‍ന്ന് ചെയ്തതാണെന്ന് തോന്നുന്നു ഇതില്‍ സംഗീത ശകലങ്ങള്‍ .ഇപ്പോള്‍ നമ്മുടെ സിനിമകളില്‍ അന്യമായി കൊണ്ടിരിക്കുന്ന ഒന്ന് വിദേശികള്‍ക്ക് പ്രിയപ്പെട്ടതാകുന്നത് പുതുമയല്ലല്ലോ .എന്തായാലും ക്രൈം /ത്രില്ലര്‍ ജനുസ്സില്‍ ഉള്ള സിനിമകള്‍ കാണുന്നവര്‍ക്ക് കണ്ടു ഇഷ്ടപ്പെടാവുന്ന ഒരു ചിത്രമാണ്  El Aura.ഞാന്‍ ഇതിനു നല്‍കുന്ന മാര്‍ക്ക് 8/10!!

  More reviews @ www.movieholicviews.blogspot.com