Sunday, 29 December 2013

74.PERFECT NUMBER (KOREAN,2012)

74.PERFECT NUMBER (KOREAN,2012),|Thriller|Drama|,Dir:-Eun-jin Pang,*ing:-Seung-beom RyuYu-won LeeJin-woong Jo

  ജീവിതത്തില്‍ ഉള്ള പ്രതീക്ഷകള്‍ നഷ്ടമാകുമ്പോള്‍ ചിലര്‍ അതിനെ അതിജീവിക്കാന്‍ ശ്രമിക്കും .എന്നാല്‍ ചിലര്‍ അതിനെതിരെ പൊരുതാതെ നിരാശയില്‍ വീണ് പോയ ജീവിതത്തെ അവസാനിപ്പിക്കുവാന്‍ ശ്രമിക്കും .ആ സമയം ഒരു പ്രകാശം പോലെ അയാളുടെ ജീവിതത്തില്‍ വരുന്ന എന്തും  അയാള്‍ക്ക്‌ പ്രിയപ്പെട്ടവ ആകും  എന്നത് ഉറപ്പാണ് .ആ പ്രകാശത്തിന്റെ തിരി കെടാതെ സൂക്ഷിക്കേണ്ടത് അയാളുടെയും കടമയാണ് .കാരണം അയാളുടെ ജീവിതം തിരിച്ചു നല്‍കിയത് ആ പ്രകാശം ആണ് .തന്‍റെ ജീവിതത്തിനു അര്‍ത്ഥം നല്‍കിയ സ്ത്രീയെ ഒരു കൊലപാതകത്തില്‍ നിന്നും രക്ഷിക്കുവാന്‍ ശ്രമിക്കുന്ന ഒരു കണക്ക് അധ്യാപകന്റെ കഥയാണ് പെര്‍ഫെക്റ്റ് ത്രില്ലര്‍ എന്ന കൊറിയന്‍ സിനിമ അവതരിപ്പിക്കുന്നത്‌ .

   കിം സിയോക് കണക്കില്‍ വിദഗ്ധന്‍ ആണ്.അയാള്‍ ഒരു ഹൈ സ്ക്കൂള്‍ അദ്ധ്യാപകനും ആണ് . .അയാളുടെ ജീവിതം തന്നെ കണക്കിനായി ഉഴിഞ്ഞ് വച്ചിരിക്കുകയാണ് .ജീവിതത്തില്‍ ചുറ്റും ഉള്ള എന്തിലും  അയാള്‍ കണക്ക് കാണുന്നു .കണക്കില്‍ താല്‍പ്പര്യം ഇല്ലാത്ത തന്‍റെ വിദ്യാര്‍ഥികളെ അവര്‍ക്ക് ഇഷ്ടമുള്ള സംഗീതവുമായി കണക്കിനെ താരതമ്യപ്പെടുത്തി ഒക്കെ അയാള്‍ സംസാരിക്കുന്നുണ്ട് .ചെറുപ്പം മുതല്‍ എല്ലാം തികഞ്ഞ ഒരു സംഖ്യ കണ്ടെത്തുവാന്‍ അയാള്‍ ശ്രമിക്കുന്നു .തന്‍റെ ജീവിതക്കാലത്ത് അതിനു കഴിഞ്ഞില്ലെങ്കില്‍ മരിച്ചതിനു ശേഷം ദൈവത്തോട് അതിനെ കുറിച്ച് ചോദിക്കാം എന്ന് അയാള്‍ കരുതുന്നു .അയാള്‍ ജീവിതത്തില്‍ ഏകനാണ് .കൂട്ടിനായി ആരുമില്ല .അയാളുടെ അടുത്ത വീട്ടില്‍ താമസിക്കുന്ന ,ഒരു ഭക്ഷണശാലയിലെ ജീവനക്കാരിയായ ബയേകിനെ അയാള്‍ക്ക്‌ ഇഷ്ടം ആണ് .എന്നാല്‍ അയാള്‍ തന്‍റെ ഇഷ്ടം അവരോട് തുറന്ന് പറഞ്ഞിട്ടില്ല ഒരിക്കലും .ദിവസവും രാവിലെ അവരുടെ അടുത്ത് നിന്നും ഭക്ഷണം വാങ്ങുവാനായി പോകുന്നത് മാത്രമാണ് അവര്‍ തമ്മില്‍ ഉള്ള ബന്ധം .അങ്ങനെ സ്വന്തമായ ഇഷ്ടങ്ങളുമായി ഒതുങ്ങി കഴിഞ്ഞിരുന്ന കിഒ സിയോക്കിനെ താന്‍ മനസ്സ് കൊണ്ട് ഇഷ്ടപ്പെടുന്ന ബയേക്കിനെ ഒരിക്കല്‍ ഒരാപത്തില്‍ നിന്നും സഹായിക്കേണ്ടി വരുന്നു .

    ബയേക് താമസ്സിക്കുന്നത്‌ അവരുടെ മരണപ്പെട്ട സഹോദരിയുടെ മകളായ യൂനയുടെ കൂടെ ആണ് .യൂന ഒരു ഹൈ സ്ക്കൂള്‍ വിദ്യാര്‍ത്ഥിനിയാണ് .ഒരു രാത്രി ബയേക്കിന്റെ ആദ്യ ഭര്‍ത്താവായ കിം അവരെ കാണുവാന്‍ എത്തുന്നു .അയാള്‍ ബയെക്കിനെയും യൂനയെയും ക്രൂരമായി മര്‍ദിക്കുന്നു .അവസാനം സ്വയരക്ഷയ്ക്കായി അവര്‍ അയാളെ അബദ്ധത്തില്‍ കൊലപ്പെടുത്തുന്നു .അവര്‍ രണ്ടു പേരും ആ കൊലപാതകത്തില്‍ പങ്കാളികള്‍ ആണ് .തൊട്ടപ്പുറത്ത് താമസിക്കുന്ന കിം സിയോക് ഈ ശബ്ദങ്ങള്‍ എല്ലാം കേള്‍ക്കുന്നു .അയാള്‍ അവരെ സഹായിക്കാനായി മുന്നോട്ടു വരുന്നു .തന്നെ വിശ്വാസം ഉണ്ടെങ്കില്‍ ഒരിക്കലും അവരെ നിയമത്തിന് മുന്നില്‍ വിട്ടുക്കൊടുക്കില്ല എന്നയാള്‍ അവര്‍ക്ക് ഉറപ്പു നല്‍കുന്നു .നവംബര്‍ എട്ടാം തിയതി നടന്ന കൊലപാതകം എന്നാല്‍ അയാള്‍ മറ്റൊരു ദിവസത്തില്‍ നടന്ന സംഭവം ആക്കി എടുക്കുന്നു .അയാള്‍ പോലീസ് അന്വേഷിച്ചു വരുമ്പോള്‍ പറയുവാന്‍ ഉള്ള സംഭാഷണങ്ങള്‍ എല്ലാം അവരെ പഠിപ്പിക്കുന്നു .കിം സിയോക് ആ കൊലപാതകം തന്‍റെ നിയന്ത്രണത്തില്‍ ആക്കുന്നു .ബയെക്കിനെയും യൂനയെയും സംശയിക്കുവാന്‍ ഉള്ള എല്ലാ പഴുതുകളും അയാള്‍ അടയ്ക്കുന്നു .
 കൊല്ലപ്പെട്ടയാളുടെ ശവശരീരം പിന്നീട് വീണ്ടെടുക്കുന്ന പോലീസ് തെളിവൊന്നും ഇല്ലാതെ കഷ്ടപ്പെടുന്നു .ആളെ കണ്ടെത്താന്‍ പോലും കഴിയാതിരുന്ന അവര്‍ക്ക് അവിചാരിതമായി മരണപ്പെട്ടത് കിം ആണെന്ന് തെളിവ് ലഭിക്കുന്നു .കേസ് അന്വേഷിക്കുന്ന ജോ മിന്‍ കിം സിയോക്കിന്റെ പഴയ സഹാപാടിയും ആണ് .ദുരൂഹമായ  ഈ കേസില്‍ ജോ മിന് സംശയം ബയെക്കിനെയും ആണ് .എന്നാല്‍ കിം സിയോക്കിന്റെ അതി ബുദ്ധിപരമായ നീക്കങ്ങള്‍ അവരെ എത്ര മാത്രം സഹായിക്കും എന്നതാണ് ബാക്കി സിനിമയുടെ കഥ .

 ഒരു കൊറിയന്‍ അന്വേഷണ ത്രില്ലര്‍ എന്നതില്‍ ഉപരി ഇതില്‍ മാനുഷികമായ വികാരങ്ങള്‍ എല്ലാം ഉള്‍പ്പെടുത്തിയിരിക്കുന്നു .തന്‍റെ സ്വന്തം എന്ന് കരുതുന്ന ബയെക്കിനെ രക്ഷിക്കാന്‍ കിം സിയോക് നടത്തുന്ന ശ്രമങ്ങള്‍ അയാളുടെ വൈകാരികമായ കാരണങ്ങള്‍ കൊണ്ടാണ് .തനിക്ക് പ്രിയപ്പെട്ടതാടി കരുതുന്ന ഒരാളെ സഹായിക്കുവാന്‍ ഉള്ള ത്വര .മറ്റൊന്ന് സുഹൃത്തായ കിം സിയോക്കിനെ വളരെയധികം ബഹുമാനിക്കുന്ന അല്ലെങ്കില്‍ അയാളുടെ കഴിവുകളെ എപ്പോഴും പ്രശംസിക്കുന്ന ജോ മിന്‍ .അങ്ങനെ ഈ സിനിമയില്‍ കഥാപാത്രങ്ങളുടെ വൈകാരിക താളവും അനാവരണം ചെയ്യുന്നുണ്ട് .അവിടെ ആണ് ഈ ചിത്രം പതിവ് ചിത്രങ്ങളില്‍ നിന്നും വ്യത്യസ്ഥം ആകുന്നത് .കിം സിയോക്കിനെ ഇഷ്ടം ഇല്ലാതിരുന്ന ബിയോക് പിന്നീട് അയാള്‍ അവരെ എത്ര മാത്രം ഇഷ്ടപ്പെട്ടിരുന്നു എന്ന് മനസ്സിലാക്കുന്ന രംഗം ഒക്കെ നല്ലത് പോലെ മനസ്സില്‍ തട്ടുന്നുണ്ട് .വൈകാരികമായി അവതരിപ്പിച്ചതിനാല്‍ ആകണം കിം സിയോക് എന്ന കഥാപാത്രത്തെ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു .

 ഈ സിനിമയുടെ ഹിന്ദി .ഇംഗ്ലീഷ് പതിപ്പുകള്‍ ഒക്കെ ഇനി വരാനുണ്ട് .ഹിന്ദിയില്‍ വിദ്യ ബാലനും നസറുധീന്‍ ഷായും ആണ് മുഖ്യ കഥാപാത്രങ്ങള്‍ .സംവിധായകന്‍ കഹാനി സിനിമയുടെ സംവിധായകന്‍ സുജോയ് ഘോഷും .The Devotion of Suspect X എന്ന ജാപ്പനീസ് നോവലിനെ ആധാരമാക്കിയാണ് ഈ സിനിമ എടുത്തിരിക്കുന്നത് .കീഗോ ഹിഗാഷിണോ എന്ന എഴുത്തുകാരന്റെ മൂന്നു ഭാഗങ്ങള്‍ ഉള്ള Detective Galileo എന്ന പുസ്തകത്തിലെ മൂന്നാം ഭാഗമാണ് ഇത് .ഇതിന്‍റെ ജാപ്പനീസ് സിനിമ Suspect X എന്ന പേരില്‍ 2008 ല്‍ ഇറങ്ങിയിരുന്നു .(അവലംബം :wikipedia).എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ഈ സിനിമ .പ്രത്യേകിച്ചും  കിം സിയോക് എന്ന കഥാപാത്രത്തെ .ഞാന്‍ ഈ ചിത്രത്തിന് നല്‍കുന്ന മാര്‍ക്ക് 7/10!!

 More reviews @ www.movieholicviews.blogspot.com!!

No comments:

Post a Comment