Saturday, 21 December 2013

72.EZHU SUNDARA RAATHRIKAL (MALAYALAM,2013)

72.EZHU SUNDARA RAATHRIKAL (MALAYALAM,2013),Dir:-Lal Jose,*ing:-Dileep,Reema

നേര്‍ത്ത തിരക്കഥയില്‍ നെയ്തെടുത്ത "ഏഴു സുന്ദര രാത്രികള്‍ "
    ദിലീപ് സിനിമകള്‍ മോശം ആണെങ്കില്‍ പോലും വിജയിക്കുവാന്‍ ഉള്ള കാരണം എന്താണെന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട് .മികച്ച കഥയോ ,കഥാപാത്രങ്ങളോ ഒന്നുമില്ലെങ്കില്‍ പോലും ദിലീപ് ചിത്രങ്ങള്‍ പലപ്പോഴും വിജയം കൈ വരിക്കുന്നത് ദിലീപ് സിനിമകളുടെ സ്ഥിരം പ്രേക്ഷകരായ കുടുംബങ്ങള്‍ക്ക്  ആണ് മുഖ്യ പങ്ക്  .ഒരു സിനിമ വ്യത്യസ്ഥം ആണ് ,മികച്ച കഥയാണ് എന്നൊക്കെ പറഞ്ഞാലും സിനിമ കാണാന്‍ കുടുംബമായി വരാത്തവര്‍ പോലും രണ്ടര മണിക്കൂര്‍ തലച്ചോറ് പുറത്തു വച്ച് കാണാന്‍ പോകുന്ന സിനിമകള്‍ ആണ് പല ദിലീപ് സിനിമകളും .മികച്ച കഥാപാത്രങ്ങള്‍ അന്വേഷിച്ചു  പോയപ്പോള്‍ എല്ലാം തന്നെ പരാജയത്തിന്‍റെ കയ്പ്പ് നീര്‍ ആസ്വദിച്ച ദിലീപ് എന്നാല്‍ ഇത്തരം ചിത്രങ്ങളില്‍ അഭിനയിക്കുമ്പോള്‍ ഉള്ള  വിജയം ആകാം വീണ്ടും ദിലീപിന് വേണ്ടി നെയ്തെടുത്ത കണ്ടു മടുത്ത പ്രമേയങ്ങളുമായി മുന്നോട്ടു പോകാന്‍ കാരണം .ക്രിസ്തുമസ് റിലീസ് ആയി വന്ന " ഏഴു സുന്ദര രാത്രികള്‍ " ഇത്തവണ എന്താണ് പ്രേക്ഷകര്‍ക്കായി കരുതി വച്ചിരുന്നത് എന്ന് നോക്കാം .

    " ഏഴു സുന്ദര രാത്രികള്‍ " എബി എന്ന പരസ്യ സംവിധായകന്‍റെ കല്യാണ രാവിലേക്കുള്ള ഏഴു ദിവസങ്ങളുടെ കഥയാണ് പറയുന്നത് .പരാജയപ്പെട്ട അപ്രനയത്തിനു ശേഷം മറ്റൊരു കല്യാണം കഴിക്കാന്‍ വിമുഖനായ എബി അവസാനം തന്‍റെ പരസ്യത്തിലെ മോഡലായ ആനിനെ (പാര്‍വതി നമ്പ്യാര്‍) വിവാഹം കഴിക്കുവാന്‍ തീരുമാനിക്കുന്നു .എന്നാല്‍ തന്‍റെ മുന്‍ പ്രണയിനിയായ സിനിയുടെ  (റീമ) മേല്‍വിലാസം ലഭിക്കുന്ന എബി അവരെ തന്‍റെ കല്യാണം ക്ഷണിക്കുവാന്‍ പോകുന്നു .എന്നാല്‍ ആ ക്ഷണിക്കല്‍ എബിയെ കൊണ്ടെത്തിച്ചത് പല പ്രശ്നങ്ങളിലേക്കും ആയിരുന്നു .എബിയും സിനിയും അവിചാരിതമായി പല പ്രശ്നങ്ങളിലും പെടുന്നു .അവര്‍ ആ പ്രശ്നങ്ങളില്‍ നിന്നും രക്ഷപ്പെടുവാന്‍ പലതും ചെയ്യുന്നു .എന്നാല്‍ അവരുടെ പ്രവര്‍ത്തികള്‍ അവരെ കൊണ്ടെത്തിക്കുന്നത് മറ്റു പല പ്രശ്നങ്ങളിലേക്കും ആണ് .പരസ്പ്പരം ഉള്ള സഹായങ്ങളിലൂടെ അവര്‍ രണ്ടു പേരും തങ്ങളുടെ അപ്പോഴുള്ള ജീവിതം കൈ മോശം വരാതെ ഇരിക്കാന്‍ ശ്രമിക്കുന്നു .എങ്കില്‍ കൂടി പലപ്പോഴും അവര്‍ പുതിയ പുതിയ പ്രശ്നങ്ങളിലേക്ക് എടുത്തെറിയപ്പെടുന്നു .ഒരു ടോം ആന്‍ഡ്‌ ജെറി രീതിയില്‍ അവര്‍ എബിയുടെ വിവാഹതിലേക്കുള്ള ഏഴു ദിവസങ്ങളിലൂടെ സഞ്ചരിക്കുന്നു .അവരുടെ പ്രശ്നങ്ങളും അവയുടെ പരിഹാരവും ആണ് സിനിമയില്‍ ഉടനീളം .എബിയും സിനിയും തങ്ങളുടെ പ്രശ്നങ്ങളില്‍ നിന്നും രക്ഷപ്പെടുമോ എന്നുള്ളതാണ് ചിത്രത്തിന്‍റെ ബാക്കി കഥ .

     ഒരു ചെറിയ കഥയാണ് ഏഴു സുന്ദര രാത്രികള്‍ എന്ന ചിത്രത്തിനുള്ളത് .ക്ലാസ്മേട്സിനു ശേഷം ലാല്‍ ജോസ് -ജയിംസ് ആല്‍ബര്‍ട്ട് കൂട്ടുകെട്ടില്‍ നിന്നും ഇതിലും കൂടുതല്‍ പ്രതീക്ഷിക്കുന്നുണ്ടായിരുന്നു .ആദ്യ പകുതി നുറുങ്ങു തമാശകളുമായി അവസാനിച്ചു .രണ്ടാം പകുതിയില്‍ അവരുടെ പ്രശ്നങ്ങള്‍ അവരെ എങ്ങനെ ബാധിച്ചു എന്നുള്ളത് കാണിക്കുമ്പോള്‍ തീവ്രമായ ഒരു കഥാഘടനയോ അഭിനയ സാദ്ധ്യതകള്‍ എന്നിവ അന്യമായി നിന്നു .എങ്കിലും ഒരു തമാശ ചിത്രം എന്ന നിലയില്‍ പലയിടത്തും ചിരിപ്പിക്കുകയും ചെയ്തു .ആദ്യ പകുതിയില്‍ ഉണ്ടായ ഒരു ത്രില്ലര്‍ സിനിമ ആണ് എന്ന് തോന്നിക്കുന്ന അവസ്ഥയില്‍ നിന്നും രണ്ടാം പകുതിയില്‍ ആ ത്രില്ലര്‍ മൂഡില്‍ നിന്നും മാറിയോ എന്നൊരു സംശയവും ഉണ്ട് .ദിലീപ് തന്‍റെ പതിവ് രീതിയില്‍ തമാശകളെ ഊര്‍ജസ്വലതയോടെ അവതരിപ്പിച്ചു .മുരളി ഗോപി ,റീമ,പുതുമുഖം പാര്‍വതി നമ്പ്യാര്‍ തുടങ്ങിയവര്‍ എല്ലാം തങ്ങള്‍ക്ക് ലഭിച്ച വേഷം മോശമല്ലാതെ അവതരിപ്പിച്ചു .ഹരിശ്രീ അശോകന്‍ ,സുരാജ് ,ടിനി ടോം ,അരുണ്‍ എന്നിവരൊക്കെ തമാശകള്‍ അധികം വെറുപ്പിക്കാതെ ചെയ്തു .എങ്കില്‍ കൂടി ഒരു ശക്തമായ തിരക്കഥയുടെ അഭാവം പലയിടത്തും കാണാമായിരുന്നു .അത് പോലെ തന്നെ മുന്ക്കാല ലാല്‍ ജോസ് ചിത്രങ്ങളിലേത് പോലെ അദ്ദേഹത്തിന്റെ ഒരു കയ്യൊപ്പ് ചാര്‍ത്തിയ  ഒരു ചിത്രമായി ഈ ചിത്രം അനുഭവപ്പെട്ടില്ല .അത് ഒരു പോരായ്മയായി തോന്നി .

   എങ്കില്‍ കൂടി ചിത്രം അധികം മടുപിക്കുന്നില്ല .സെന്‍സര്‍ ബോര്‍ഡിന് എതിരെ തുറന്ന യുദ്ധ പ്രഖ്യാപനം തമാശയിലൂടെ അണിയറപ്രവര്‍ത്തകര്‍ നടത്തിയത് പോലെ തോന്നി .പാട്ടുകള്‍ അധികം മനസ്സില്‍ പതിഞ്ഞില്ല .ഈ ചിത്രത്തിന്‍റെ ഒരു  ആശ്വാസം ചിരിപ്പിക്കാനായി ദിലീപ് സിനിമകളില്‍  ഉപയോഗിക്കുന്ന ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ ഇത്തവണ കുറവായിരുന്നു എന്നതാണ് .സുരാജും ചളി തമാശകള്‍ ഒഴിവാക്കിയത് പോലെ തോന്നി .കുടുംബവുമായി വെറുതെ ഇരുന്നു ആസ്വദിക്കാവുന്ന ഒരു ചിത്രം .ഈ സിനിമയുടെ ആദ്യം ഉള്ള ഒരു ത്രില്ലര്‍ മൂഡ്‌ നിലനിര്‍ത്തിയിരുന്നെങ്കില്‍ ഈ ചിത്രം മറ്റൊരു തലത്തിലേക്ക് ഉയര്‍ന്നേനെ ...മൊത്തത്തില്‍ നോക്കുമ്പോള്‍ മികച്ചതെന്ന് പറയാന്‍ പറ്റില്ലെങ്കില്‍ കൂടിയും ഒരിക്കല്‍ കണ്ടു നോക്കാവുന്ന ഒരു ചെറിയ ചിത്രമാണ് ഏഴു സുന്ദര രാത്രികള്‍ .ഞാന്‍ ഇതിനു നല്‍കുന്ന മാര്‍ക്ക് 6/10!!

  More Reviews @ www.movieholicviews.blogspot.com