Saturday, 30 November 2013

67.PUNYALAN AGARBATTIS (MALAYALAM,2013)

PUNYALAN AGARBATTIS (MALAYALAM,2013),Dir:-Ranjith Shankar,*ing:-Jayasurya,Aju,Nyla Usha
സാമൂഹിക പ്രതിബദ്ധതയുമായി പുണ്യാളനും,തിരികളും പിന്നെ ജോയ് താക്കോല്‍ക്കാരനും  !!

  ഈ ചിത്രത്തെ ചുരുക്കത്തില്‍ മേല്‍പ്പറഞ്ഞ രീതിയില്‍ വിവരിക്കാം .ട്രെയിലര്‍ കണ്ട പ്രതീക്ഷയില്‍ ആണ് സിനിമ കാണാന്‍ പോയത് .ട്രയിലറില്‍ തന്നെ ചിരിക്കാന്‍ ഉള്ളത് ഉണ്ടായിരുന്നു .എന്തായാലും ചിത്രം നിരാശപ്പെടുത്തിയില്ല .ഒരു മികച്ച സിനിമ എന്ന് വിളിക്കാന്‍ കഴിയില്ലെങ്കിലും  ഉള്‍ക്കൊള്ളാനാകാത്ത അവസാന ചില രംഗങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ ഒരു നല്ല സിനിമ എന്ന് പറയാന്‍ ആകും .പുണ്യാളന്‍ ചര്‍ച്ച ചെയ്യുന്നത് കേരളത്തിന്‍റെ മൊത്തം ശാപമാവുകയും ,ഒരു കാന്‍സര്‍ പോലെ ഈ നാടിനെ കാര്‍ന്നു തിന്നുകയും ചെയ്യുന്ന ഒരു വിഷയത്തെ കുറിച്ചാണ്.അതിന്‍റെ കൂടെ  സിനിമയുടെ രീതിയില്‍ ഉള്ള ചില കൂട്ടി ചേര്‍ക്കലുകള്‍ കൂടി ആയപ്പോള്‍ പുണ്യാളന്‍ അഗര്‍ബതീസ് ജനിച്ചു .പുണ്യാളന്‍ അഗര്‍ബതീസ് ചര്‍ച്ച ചെയ്ത വിഷയം ഒന്ന് മാത്രം മതി ഈ ചിത്രത്തെ പതിവ് മസാല സിനിമകളില്‍ നിന്നും മാറ്റി നിര്‍ത്താന്‍ .ഇതിലെ പുണ്യാളന്‍ ഒരു പ്രതീകമാണ് .നന്മയുള്ള കുറച്ചു മനുഷ്യരുടെ പ്രതീകം .

  ജോയ് താക്കോല്‍ക്കാരന്‍ വളരെയധികം ആശയങ്ങള്‍ ഉള്ള ഒരു തൃശ്ശൂര്‍ക്കാരനാണ് .ആള്‍ പുണ്യാളന്റെ ഭയങ്കര ഭക്തനുമാണ്‌ .ജോയിയുടെ സുഹൃത്തും എന്തിനും കൂടെ നില്‍ക്കുന്ന ആളായി  ഗ്രീനു ശര്‍മ്മ എന്ന അജു വര്‍ഗീസ്‌ അവതരിപ്പിക്കുന്ന കഥാപാത്രം.ജോയിയുടെ പ്രവര്‍ത്തികള്‍ക്ക് ഒരു എതിരും പറയാത്ത ഭാര്യയായി നൈലയുടെ കഥാപാത്രം .പലതരo ബിസിനസ് ആശയങ്ങള്‍ ഉള്ള ജോയി തന്‍റെ സ്വപ്നങ്ങള്‍ക്ക് മേലെ താലോലിച്ച ആന പിണ്ഡത്തില്‍ നിന്നും ചന്ദനത്തിരി നിര്‍മാണശാല തുടങ്ങുന്നു .എന്നാല്‍ കേരളത്തിലെ ഏതൊരു നവസംരംഭകനെ പോലെയും ജോയിക്ക് തന്‍റെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യം ആക്കുന്നതില്‍ കുറേ വിലങ്ങുതടികള്‍ ഉണ്ട് .ഒരു പരിധി കഴിയുമ്പോള്‍ തന്‍റെ ജീവിതം തന്നെ കൈ വിട്ടു പോകും എന്ന് മനസ്സിലായപ്പോള്‍ ജോയി തന്‍റെ നിലനില്‍പ്പിനായി കുറച്ചു കാര്യങ്ങള്‍ ചെയ്യുന്നു .അതാണ്‌ പുണ്യാളന്‍ അഗര്‍ബതീസിന്റെ കഥ .ചിലയിടത്തൊക്കെ ദാക്ഷായണി ബിസ്ക്കറ്റ് കമ്പനി തുടങ്ങിയ മിഥുനത്തിലെ മുതലാളിയെയും സഹായിയേയും ഒക്കെ കണ്ടപ്പോള്‍ അതിന്‍റെ രണ്ടാം ഭാഗം ആണോ എന്നൊരു സംശയം വന്നിരുന്നു .എന്തായാലും ഇവിടെ ബിസ്ക്കറ്റ് ഇല്ല .എന്നാല്‍ സമൂഹത്തിലെ നീതികേടുകള്‍ രണ്ടു സിനിമയിലെയും കഥാപാത്രങ്ങള്‍ അനുഭവിക്കുന്നുണ്ട്

    ജോയി നമ്മള്‍ കണ്ടും കേട്ടിട്ടും ഉള്ള ഒരു തൃശ്ശൂര്‍ക്കാരന്‍ ആണ് .തൃശ്ശൂര്‍ക്കാര്‍ പുണ്യാളനെ ഇഷ്ടപ്പെടുന്നത് പോലെ തന്നെ രഞ്ജിത്ത് എന്ന പേരുള്ള സംവിധായകര്‍ക്കും ഒരു പ്രത്യേക മമത ഉണ്ടെന്ന് തോന്നുന്നു .ജയകൃഷ്ണനും അരിപ്രാഞ്ചിക്കും ശേഷം മലയാളം ഓര്‍ക്കാന്‍ സാധ്യതയുള്ള ഒരു തൃശ്ശൂര്‍ക്കാരന്‍ ആണ് ജയസൂര്യയുടെ ജോയി .ജോയിക്ക് തന്‍റെ എല്ലാ പ്രവര്‍ത്തികള്‍ക്കും വ്യക്തമായ ന്യായീകരണങ്ങള്‍ ഉണ്ട് .അങ്ങനെയുള്ള തന്‍റെ മുതലാളിയും സുഹൃത്തുമായ ജോയിയെ ഗ്രീനുവിനു നല്ല മതിപ്പുമാണ് .ജയസൂര്യയും അജുവും തങ്ങളുടെ വേഷം മോശമാക്കിയില്ല .പിന്നെ എടുത്തു പറയേണ്ടത് തന്‍റെ പതിവ് വേഷങ്ങളില്‍ നിന്നും വ്യത്യസ്തമായി പാവത്തനായി ,അതും ഇടയ്ക്കിടയ്ക്ക് തന്‍റെ മൂളിപ്പാട്ടുകളിലൂടെയും ദുഖങ്ങളിലൂടെയും  ചിരിപ്പിച്ച പാവത്താനായ അഭയ് കുമാര്‍ എന്ന വേഷം അവതരിപ്പിച്ച  ശ്രീജിത്ത്‌ രവി ആണ്.പിന്നെ വക്കീലായി വന്ന രചനയ്ക്ക് വലിയ വേഷം ഒന്നുമില്ലെങ്കിലും മോശമാക്കിയില്ല .നായികയായ നൈല ഉഷ കുഞ്ഞനന്തന്റെ കടയില്‍ നിന്നും എങ്ങും എത്തിയിട്ടില്ല എന്ന് തോന്നി .കഥയില്‍ വലിയ പ്രാധാന്യം ഇല്ലാത്ത വേഷം.ഗാന്ധിയനായി വന്ന ടി ജി രവി ,അഭിനവ കാപട്യ രാഷ്ട്രീയത്തിന്‍റെ പ്രതിനിധിയായി  വന്ന ഇടവേള ബാബു ,കുറേ കാലത്തിനു ശേഷം വെള്ളിത്തിരയില്‍ കണ്ട മാള അരവിന്ദന്‍ എന്നിവരും തങ്ങളുടെ വേഷം മോശമാക്കിയില്ല .

     കേരളം ഇന്ന് നേരിടുന്ന മുഖ്യ പ്രശ്നങ്ങളില്‍ ഒന്നാണ് ഒരാള്‍ തുമ്മിയാല്‍ പോലും നടത്തുന്ന നമ്മുടെ ദേശിയ ഉത്സവമായ ഹര്‍ത്താല്‍ .അതിനെ വിമര്‍ശിച്ചുക്കൊണ്ട് ആണ് ഈ തവണ രഞ്ജിത്ത് ശങ്കര്‍ വന്നിരിക്കുന്നത് .വാര്‍ത്താ ചാനലുകളില്‍ കാണിക്കുന്ന സ്വീകരണ മുറിയില്‍ കാണിക്കാന്‍ കൊള്ളാത്ത വാര്‍ത്തകളെയും രാഷ്ട്രീയക്കാരുടെ ഇരട്ടത്താപ്പിനെയും എല്ലാം കഴിയാം വിധം ഈ ചിത്രം കളിയാക്കുന്നുണ്ട് .സാധാരണ ആളുകളുടെ പ്രതിനിധിയായി ജയസൂര്യ നടത്തിയ റോഡ്‌ പണി പോലും വിവാദമാക്കിയവരെ  താന്‍ നിര്‍മ്മിച്ച ആദ്യ സിനിമയിലൂടെ തന്നെ അദ്ദേഹം കളിയാക്കുന്നുമുണ്ട് .ഒരു ശരാശരി മലയാളി താന്‍ ജീവിക്കുന്ന ഈ നാട്ടില്‍ നേരിടേണ്ടി വരുന്ന രാഷ്ട്രീയ നപുംസകങ്ങളെ എല്ലാം തുറന്നു കാണിച്ചിട്ടുണ്ട് ഈ ചിത്രം .സിനിമ എന്ന മാധ്യമത്തിന് ചേര്‍ന്ന നാടകീയത കൊണ്ട് വരാനായി നടത്തിയ ചില കുതിത്തിരുക്കലുകള്‍ സിനിമയുടെ അവസാനം ചെറിയ കല്ലുകടിയായി മാറി എന്നുള്ളത് സത്യമാണ് .അല്ലെങ്കില്‍ മികച്ച ഒരു സ്വയം അവലോകനത്തിന് സഹായിക്കാവുന്ന ഒരു ചിത്രമായി ഇത് മാറിയേനെ .

  രാഷ്ട്രീയത്തെ  തൊഴിലായി കാണുന്ന എല്ലാ രാഷ്ട്രീയക്കാരെയും കൊടിയുടെ  നിറം നോക്കാതെ പരിഹസിച്ചിട്ടുണ്ട് ഈ ചിത്രത്തില്‍ .ദൈവത്തിന്‍റെ സ്വന്തം നാട് ചെകുത്താന് സ്വന്തമാക്കുവാന്‍ വേണ്ടി നടക്കുന്ന ചിലര്‍ക്ക് എതിരെ എങ്ങനെ പ്രതികരിക്കണം എന്നറിയാത്ത ഒരു ജനതയെയും അവതരിപ്പിക്കുന്നുണ്ട് ഈ ചിത്രത്തില്‍ .ഏതൊരു സംരംഭത്തെയും ശത്രുവിനെപ്പോലെ കാണുന്ന രാഷ്ട്രീയ കോമരങ്ങള്‍ ആയിരുന്നു രഞ്ജിത്ത് ശങ്കറിന്‍റെ ഈ ചിത്രത്തില്‍ ഇരകള്‍ .ഒരു സിനിമ എന്നതില്‍ ഉപരി ഈ  ചിത്രത്തിലെ ഇത്തരം വിഷയങ്ങള്‍ ആണ് എനിക്ക് ഇഷ്ടപ്പെട്ടത് .കുടുംബ പ്രേക്ഷകര്‍ക്ക്‌ ധൈര്യമായി കാണാവുന്ന ചിത്രം;ആന പിണ്ഡം ഇടുന്നത് സദാചാര വിരുദ്ധം അല്ല എന്ന് തോന്നിയാല്‍ മാത്രം.വേലനും മന്നനും ഒക്കെ മുകളില്‍ നില്‍ക്കുന്ന ഒരു ചിത്രം  .ഒരു ശരാശരി ചിത്രമാണെങ്കില്‍ പോലും  ഈ ചിത്രത്തില്‍ ഇത്തരം വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയ സംവിധായകനും നിര്‍മാതാവിനും അഭിനന്ദനങ്ങള്‍ .എന്തായാലും ജയസൂര്യ ഈ ചിത്രം നിര്‍മ്മിച്ചത് കൊണ്ട് വീട് വില്‍ക്കേണ്ടി വരില്ല .അവസാനത്തെ ചില രംഗങ്ങള്‍ കല്ലുകടിയായി തോന്നിയത് കൊണ്ട് ഈ ചിത്രത്തിന് എന്‍റെ മാര്‍ക്ക് 6/10!!

More reviews @ www.movieholicviews.blogspot.com