Saturday, 19 October 2013

51.NAADODI MANNAN (MALAYALAM,2013)

NADODI MANNAN(MALAYALAM,2013),Dir:-Viji Thampy,*ing :-Dileep,Ananya,Sayaji Shinde.

പ്രതീക്ഷകള്‍ തെറ്റിക്കാതെ ദിലീപ് ..
  " ശ്രുംഗാരവേലന്‍ "എന്ന ദിലീപ് ചിത്രത്തെ കീറി മുറിച്ചുള്ള അവലോകനങ്ങള്‍ നമ്മള്‍ ധാരാളം കണ്ടതാണ്.ഒരു സിനിമ എന്ന നിലയില്‍ ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്ത ഒരു പുതുമയും ഇല്ലാത്ത ഒരു ചിത്രമായിരുന്നു അത്.എന്നാല്‍ പ്രതീക്ഷകളെ കാറ്റില്‍ പറത്തി ആ ചിത്രം നേടിയ വിജയം പലരെ പോലെയും എന്നെയും ഞെട്ടിച്ചിരുന്നു.ശരാശരിയിലും മേലെ ഉള്ള ചിത്രങ്ങള്‍ എന്ന് നിരൂപകര്‍ പറഞ്ഞ ചിത്രങ്ങള്‍ക്ക് പലപ്പോഴും എത്തിപ്പിടിക്കാനാവാത്ത ദൂരത്തില്‍ ഉള്ള വിജയമായിരുന്നു അത് .മേല്‍വിലാസം,മഞ്ചാടിക്കുരു തുടങ്ങിയ വ്യത്യസ്തതയില്‍ ഊന്നിയിറക്കിയ ചിത്രങ്ങള്‍ മികച്ചതെന്നുള്ള നിരൂപക പ്രശംസകള്‍ ലഭിച്ചപ്പോഴും അവയുടെ സാമ്പത്തിക പരാജയം മലയാളിക്ക് എന്താണ് വേണ്ടത് എന്നുള്ളതിന്റെ ചൂണ്ടു പലകയാണോ എന്നുള്ള സംശയം പലരിലും ഉളവാക്കിയിരുന്നു.മികവിന്‍റെ അളവുകോല്‍ ഇപ്പോള്‍ ഭൂരിപക്ഷ  മലയാള സിനിമാ പ്രേക്ഷകര്‍ക്ക്‌ താഴേക്ക് മാറ്റി വരച്ചോ എന്നൊരു സംശയം സാധൂകരിക്കുന്നതായിരുന്നു സ്രുംഗാരവേലന്റെയും ,മയാമോഹിനിയുടെയും ഒക്കെ വിജയം .സിനിമ തീര്‍ച്ചയായും ഒരു കച്ചവട സാമഗ്രി ആണ് .ലാഭം ആയിരിക്കാം മേന്മ ഉള്ള ചിത്രങ്ങളെക്കാളും കാശിറക്കി സിനിമ പിടിക്കുന്ന ആളുടെ ലക്‌ഷ്യം .ആ ഗണത്തില്‍ പെടുത്താവുന്ന ഒന്നായി  മാറാന്‍ സാധ്യതയുള്ള ചിത്രമാണ് നാടോടി മന്നനും .

   ശ്രുംഗാരവേലനില്‍ നിന്നും നാടോടി മന്നനില്‍ എത്തുമ്പോള്‍ ദിലീപ് എവിടെ വരെ ആയി എന്ന് മനസ്സിലാക്കുമ്പോള്‍ ആണ് യഥാര്‍ത്ഥ ചിത്രം മനസിലാകുന്നത് .പ്രത്യേകിച്ച് ഒരു വ്യത്യാസവും ഇല്ല.ദ്വയാര്‍തങ്ങള്‍ കുറച്ചു കുറഞ്ഞു എന്ന് മാത്രം .കഥ എന്ന് പറയുവാന്‍ പ്രത്യേകിച്ച് ഒന്നുമില്ലാത്ത ചിത്രം .ദിലീപിന്‍റെ തന്നെ ജോഷി ചിത്രമായ "ലയണ്‍ " വിജി തമ്പി സംവിധാനം ചെയ്‌താല്‍ എങ്ങനെ ഇരിക്കും എന്ന് അറിയണമെങ്കില്‍ ഈ ചിത്രം കണ്ടാല്‍ മതി .ജാഥയ്ക്ക് ആളെ കൂട്ടി ജീവിക്കുന്ന പാലക്കാട്ടുകാരനായ പദ്മനാഭന്‍ ഒരു പ്രത്യേക  സാഹചര്യത്തില്‍ നാട്ടുകാരുടെ പ്രതീക്ഷയായി മാറുന്നു .ഭരണമാറ്റം കൊതിച്ചിരുന്ന ജനങ്ങള്‍ക്ക്‌ പ്രതീക്ഷയേകുന്ന മേയറായി മാറുന്നു .പിന്നെ കുറച്ചു ഹീറോയിസം ,അല്‍പ്പം റൊമാന്‍സ് ,അവസാനം തിന്മയുടെ മേല്‍ നന്മയ്ക്ക് വിജയം .മേയറായി വരുന്ന സമയം അല്‍പ്പം ഭാഗങ്ങളില്‍ മുതല്‍വനിലെ ആര്‍ജുനെ ഓര്‍മിപ്പിച്ചു ജനപ്രിയ നായകന്‍ .നായികമാരായി  അനന്യ..കൂടെ അര്‍ച്ചന കവി ,മൈഥിലി എന്നിവര്‍ .അര്‍ച്ചന കവിയ്ക്കു പട്ടം പോലെ എന്ന ചിത്രത്തില്‍ നിന്നും അധികം മാറ്റം ഒന്നും വന്നിട്ടില്ല.നായികമാര്‍ക്കാര്‍ക്കും പതിവ് പോലെ ഷോ പീസ്‌ എന്ന സ്ഥാനം മാത്രം .നെടുമുടി വേണു കാക്കകുയില്‍ .നിന്നും തുടങ്ങിയ വൃദ്ധവേഷം അല്‍പ്പം കളര്‍ മാറ്റി ശ്രുംഗാരവേലനിലും പിന്നെ നാടോടി മന്നനിലും അവതരിപ്പിച്ചിരിക്കുന്നു .സായാജി ഷിണ്ടേ വില്ലന്‍ വേഷത്തില്‍ പ്രകാശ് രാജിനെ അനുകരിക്കുന്നത് പോലെ ഒക്കെ തോന്നിപ്പിച്ചു .ധൂള്‍ എന്ന തമിഴ് ചിത്രത്തില്‍ അദ്ദേഹം തന്നെ  അവതരിപ്പിച്ച  കുറച്ചു മാനറിസ്സങ്ങളും കൂട്ടിനുണ്ടായിരുന്നു .വിജയരാഘവന്റെ മേയര്‍ വേഷം ജഗതി ശ്രീകുമാറിന് വേണ്ടി തുന്നിയതായിരുന്നോ എന്നൊരു സംശയവും ബാക്കി.റിയാസ് ഖാന്‍ മസ്സില്‍ പെരുപ്പിച്ചു പതിവ് പോലെ ഇതിലും ഉണ്ട് .സംഗീതം നല്‍കിയ വിദ്യാസാഗറും നിരാശപ്പെടുത്തി .  കൃഷ്ണ  പൂജപ്പുരയും  പതിവ് രീതിയില്‍ തന്നെ.അപ്പോള്‍ മൊത്തത്തില്‍ ഒരു വ്യത്യസ്തതയും അവകാശപ്പെടാന്‍ ഇല്ലാത്ത ചിത്രം .

  എന്നാല്‍ തമാശയുടെ അകമ്പടിയോടെ ഈ ചിത്രത്തില്‍ കുറെയൊക്കെ സാധാരണക്കാര്‍  അനുഭവിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് അവതരിപ്പിക്കുന്നുണ്ട്.തിരുവനന്തപുരം ജില്ലയുടെ പ്രശ്നങ്ങളിലൂടെ കടന്ന് പോകുന്ന രംഗങ്ങള്‍ പലതും എല്ലാ സ്ഥലത്തും സാധാരണക്കാര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ തന്നെ ആണ് .സര്‍ക്കാര്‍ ആശുപത്രി,ശൌചാലയങ്ങള്‍ ,റോഡിന്റെ വീതി കുറവ് അങ്ങനെ പലതും സംബന്ധിച്ച പ്രശ്നങ്ങള്‍ ഇതില്‍ അവതരിപ്പിക്കുന്നുണ്ട് .ചിത്രത്തിന്‍റെ നല്ല വശം എന്ന് പറയാവുന്നത് ഇത്  ആണ് .സലിംകുമാര്‍ അവതരിപ്പിക്കുന്ന അളിയന്‍ വേഷം ,സുരാജിന്‍റെ സുഹൃത്തിന്‍റെ വേഷം എന്നിവ കുറച്ചു ചിരി പടര്‍ത്തി.എന്നാല്‍ ചിത്രത്തില്‍ ഉടനീളം ഉള്ള വേഷം അവര്‍ക്കില്ലായിരുന്നു .

  ദിലീപിനെ വച്ച് എന്ത് ചിത്രം എടുത്താലും ഇപ്പോള്‍ വിജയം ആകും എന്നുള്ള അമിതപ്രതീക്ഷ ആയിരിക്കാം ഇത്തരം ചിത്രങ്ങളുടെ വരവിന് കാരണം എന്ന് വിചാരിക്കുന്നു .തിയറ്ററില്‍ അത്യാവശ്യം കൂവല്‍ കിട്ടിയ രംഗങ്ങളില്‍ ഒക്കെ കുടുംബ പ്രേക്ഷകര്‍ നല്ല രീതിയില്‍ ചിരിച്ച് പ്രോല്സാഹിപ്പിക്കുന്നുണ്ടായിരുന്നു .ദിലീപിന്‍റെ ഇപ്പോള്‍ ഉള്ള പ്രേക്ഷകര്‍ കൂടുതലും കുടുംബങ്ങള്‍ ആണ് .ട്രയിലര്‍ ഒക്കെ കാണുമ്പോള്‍ ഉള്ള ഒരു രസത്തിന് കുടുംബവുമായി പലരും പോകുന്നു .എന്നാല്‍ അവരുടെ ആസ്വാദന നിലവാരം തീരെ കുറവാണ് എന്ന് ആയിരിക്കും അണിയറക്കാരുടെ വിചാരം .അതിനനുസൃതമായി അവര്‍ പടച്ചു വിടുന്ന തമാശകള്‍ ..അത് സഭ്യത ഇല്ലാത്തത് ആണെങ്കിലും കയ്യടി പിടിച്ചു പറ്റുന്നു .സിനിമ കഴിഞ്ഞു ഇറങ്ങിയപ്പോള്‍ ഒരു ഭര്‍ത്താവ് ഭാര്യയോടു നിരാശയോടെ പറയുന്നത് കേട്ടു "നീ ഒറ്റൊരാള്‍ കാരണം ആണ് ഇതിനു വന്നത് ..ശ്രുംഗാരവേലനില്‍ ഒന്നുമില്ലെങ്കിലും ചിരിക്കാന്‍ എങ്കിലും ഉണ്ടായിരുന്നു "എന്ന് .. ശ്രുംഗാരവേലനിലെ ഹാസ്യത്തെ കുറിച്ച് പലരും സംസാരിച്ചതാണ് ..എന്തായാലും ശ്രുംഗാരവേലനില്‍ നിന്നും മുന്നോട്ടോ പുറകോട്ടോ ദിലീപ് പോയിട്ടില്ല ..ദിലീപിന്‍റെ ഈ അടുത്തുള്ള ഒരു മികച്ച വേഷത്തിനായുള്ള കാത്തിരുപ്പ് തുടരുന്നു ...എങ്കിലും സിനിമയുടെ പ്ലസ് പോയിന്‍റ് ദിലീപിന്‍റെ സ്ക്രീന്‍ പ്രസന്‍സ് ഒന്ന് മാത്രം .അതായിരിക്കും കുടുംബ പ്രേക്ഷകര്‍ ആദ്യ ദിവസം തന്നെ സെക്കന്റ് ഷോ പോലും ബാല്‍ക്കണി ഫുള്‍ ആക്കിയത് .ദിലീപിന്‍റെ ഇപ്പോഴത്തെ ശക്തരായ കുടുംബ ആരാധകര്‍ തുണച്ചാല്‍ ശ്രുംഗാരവേലന്റെ അടുത്ത് എത്തില്ലെങ്കിലും അതിനോട് അടുത്ത ഒരു വിജയം പ്രതീക്ഷിക്കാം ..എന്താ അല്ലെ ???
ഞാന്‍ ഈ ചിത്രത്തിന് നല്‍കുന്ന മാര്‍ക്ക് 5/10 !!

More reviews @ www.movieholicviews.blogspot.com