Saturday, 5 October 2013

46.IDHARKUTHANE AASAIPATTAI BALAKUMARA (TAMIL,2013)

IDHARKUTHANE AASAIPATTAI BALAKUMARA (TAMIL,2013),|Thriller|Comedy| Drama|,Dir:-Gokul,*ing :Vijay Setupathi,Ashwin,Swathi

"ബ്ലാക്ക് കോമഡിയുടെ സാദ്ധ്യതകള്‍ പരീക്ഷിച്ച് ,സന്ദേശവും പേറി "ഇതര്‍ക്കുതാനെ ആസൈപട്ടൈ ബാലകുമാരാ "

പതിവ് രീതികളില്‍ നിന്നും വ്യതിചലിച്ച് വ്യത്യസ്തതകള്‍ അവതരിപ്പിക്കുന്ന ധാരാളം ചിത്രങ്ങള്‍ ഈ അടുത്തായി എല്ലാ ഭാഷകളിലും വരുന്നുണ്ട്..വീര ശൂര പരാക്രമിയായ നായകന്‍റെ പരാക്രമങ്ങള്‍ പലപ്പോഴും മടുത്തു തുടങ്ങിയപ്പോള്‍ ആണ് ചിലരെങ്കിലും ഇത്തരം വ്യത്യസ്തമായ ആശയങ്ങളുമായി വന്നത് ..പുതുമ ആഗ്രഹിക്കുന്നവര്‍ അത്തരത്തില്‍ വന്ന സിനിമകളില്‍ നല്ലതെന്ന് തോന്നുന്നവ കൈ നീട്ടി സ്വീകരിക്കുകയും ചെയ്തു .മറിച്ച് സംഭവിച്ചത് ഹിന്ദിയില്‍ മാത്രം ആണെന്ന് തോന്നുന്നു ..അവര്‍ കൂടുതല്‍ മസാല ചിത്രങ്ങളിലേക്ക് പോകാന്‍ ആണ് ആഗ്രഹിച്ചത്‌ ..ഈ അടുത്ത് വിജയിച്ച പല ഹിന്ദി ചിത്രങ്ങളും അതിനു അടിവരയിടുന്നുമുണ്ട് ..ഇത്തരത്തില്‍ മികച്ച തിരക്കഥകള്‍ അല്ലെങ്കില്‍ വ്യത്യസ്തമായ ആശയങ്ങള്‍ തിരശ്ശീലയില്‍ അവതരിപ്പിച്ച് തന്റേതായൊരു സ്ഥാനം തമിഴില്‍ നേടിയെടുത്ത ഒരു നടനാണ്‌ വിജയ്‌ സേതുപതി .അതെ പേരില്‍ ഉള്ള വിജയ്‌ സ്ഥിരം രീതികളില്‍ ഉള്ള ചിത്രങ്ങളില്‍ അഭിനയിച്ചു ആരാധകരെ സന്തോഷിപ്പിച്ച് നടക്കുമ്പോള്‍ തമിഴ് സിനിമയില്‍ ഈ ചെറുപ്പക്കാരന്‍ കൊണ്ട് വന്ന മാറ്റങ്ങള്‍ വലുതാണ്‌ ..പണ്ട് ഇറങ്ങിയ ധനുഷിന്‍റെ സെല്വരാഘവാന്‍ ചിത്രമായ പുതുപ്പേട്ടയില്‍ ചെയ്യ ഒരു വേഷം വിജയ്‌ സേതുപതി അവതരിപ്പിച്ചത് ഈ അടുത്ത് കണ്ടിരുന്നു ..പിന്നീട് "നാന്‍ മഹാന്‍ അല്ലൈ","വെണ്ണില കബഡി കുഴു " തുടങ്ങിയ ചിത്രങ്ങിളിലെ ചെറിയ വേഷങ്ങളില്‍ നിന്നും "തെന്മേര്‍ക്ക് പരുവക്കാട്ര് " എന്ന മൂന്നു ദേശിയ പുരസ്ക്കാരം നേടിയ ചിത്രത്തിലൂടെ ആണ് ശ്രദ്ധിക്കപ്പെടുന്നത് .."പിസ്സ","നടുവിലെ കൊഞ്ചം  പക്കതൈ കാണോം" "സൂധു കവ്വും " എന്നീ ചിത്രങ്ങളില്‍ എല്ലാം വ്യത്യസ്തമായ വേഷങ്ങള്‍ അവതരിപ്പിച്ച് തന്റേതായൊരു ശൈലിയില്‍ തമിഴ് സിനിമയില്‍ ഒരു സ്ഥാനം നേടിയെടുക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞിരുന്നു ..അവസാനമിറങ്ങിയ നാല് ചിത്രങ്ങളുടെയും മികച്ച വിജയങ്ങള്‍ക്ക് ശേഷം വിജയ്‌ സേതുപതി അഭിനയിച്ച ചിത്രം ആണ് "ഇതര്‍ക്ക് താനേ ആസൈപട്ടൈ ബാലകുമാരാ"..

  ഒറ്റ ദിവസം ആറു പേരുടെ ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങള്‍ ആണ് ചിത്രത്തിന്‍റെ പ്രമേയം..അലസനും മദ്യപാനിയുമായ സുമാര്‍ മൂഞ്ചി കുമാര്‍ (വിജയ്‌ ) തന്‍റെ അയല്‍വക്കത്ത് താമസിക്കുന്ന കുമുധതിനെ സ്നേഹിക്കുന്നുണ്ട് എന്നാല്‍ കുമുദം കുമാറിനെ സ്നേഹിക്കുന്നില്ല ...ചെറുപ്പം മുതല്‍ അവളോട്‌ തോന്നിയ പ്രേമം ഇന്ന് കുമാറിനെ കൊണ്ട് എത്തിച്ചിരിക്കുന്നത് കുമുധതിന്റെ അച്ഛന്റെ ആവശ്യപ്രകാരം ഈ പ്രേമകഥ പറഞ്ഞ് ശെരിയാക്കാന്‍ വേണ്ടി വന്ന ഗുണ്ടയും പ്രമേഹ രോഗിയുമായ അണ്ണാച്ചിയുടെ (പശുപതി) മുന്നില്‍ ആണ് .സമാന്തരമായി ബാങ്കില്‍ സെയില്‍സില്‍ ജോലി ചെയ്യുന്ന ബാലയുടെ ജീവിതവും കാണിക്കുന്നു ..ബാലയ്ക്ക് പ്രശ്നം ഒരു വശത്ത്ത ന്നെ മാത്രം തിരഞ്ഞെടുത്ത് ആക്രമിക്കുന്ന മേലധികാരിയെ ആണ്..മറു വശത്ത് കര്‍ക്കശ്യക്കാരിയായ കാമുകിയും (സ്വാതി)..അതിനു സമാന്തരമായി ഒരു മദ്യ വില്പ്പനശാലയില്‍ നടക്കുന്ന കൊലപാതകവും , രണ്ടു കൊലപാതകികളുടെ അവസ്ഥയും കാണിക്കുന്നു..പശുപതിയുടെ അടുത്ത് നിന്നും രക്ഷപ്പെട്ട വിജയ്‌ സേതുപതിയുടെ കയ്യില്‍ നിന്നും മൊബൈല്‍ഫോണ്‍ നഷ്ട്ടപ്പെടുന്നു ..അത് കയ്യില്‍ കിട്ടുന്നത്  ആ കൊലപാതകികളുടെ കൈയ്യിലും ..അന്ന് രാത്രി ഒരു പ്രത്യേക സാഹചര്യത്തില്‍ ഈ നാല് പേരും കണ്ടുമുട്ടുന്നു ...അതിന്‍റെ കഥ ആണ് ബാക്കി ചിത്രം ..

 വ്യത്യസ്തത തന്നെ ആണ് ഈ ചിത്രത്തിന്റെയും കൈ മുതല്‍ ..രൌതിരം എന്ന ജീവ ചിത്രത്തിന് ശേഷം ഗോകുല്‍ സംവിധായകനാകുന്ന ചിത്രമാണ് ഇത് ..ചിത്രത്തിന്‍റെ ആദ്യ പകുതി കഥാപാത്ര സൃഷ്ടിക്കായാണ് സംവിധായകന്‍ ഉപയോഗിച്ചിരിക്കുന്നത് ..വ്യത്യസ്ത ഭാവങ്ങള്‍ ..എന്തിന് ഒരല്‍പം വട്ടുണ്ടോ എന്ന് തോന്നിപോകുന്ന  കുമാറും ,സാധാരണ യുവാവായി ബാലയേയും അവതരിപ്പിക്കുന്നു ..നാന്‍ കടവുള്‍ രാജേന്ദ്രനെ രാജാ-റാണി യ്ക്ക് ശേഷം കാണുന്നത് ഈ ചിത്രത്തിലാണ് ..സ്ഥിരം ഗുണ്ട വേഷങ്ങളില്‍ തന്നെ അല്‍പ്പം നര്‍മ്മം കലര്‍ന്ന കഥാപാത്രമായി അദ്ദേഹം നന്നായി അഭിനയിച്ചിരിക്കുന്നു ..അത് പോലെ തന്നെ തുടക്കം മുതല്‍ സിനിമയെ മുന്നോട്ടു കൊണ്ട് പോയ പശുപതി ,ഇടയ്ക്ക് വന്ന സൂരി ..ലിവിങ്ങ്സ്ടന്‍ ..അങ്ങനെ ,എന്തിന് ചെറിയ കഥാപാത്രങ്ങള്‍ വരെ തങ്ങളുടെ വേഷങ്ങള്‍ അഭിനയിച്ച് ഫലിപ്പിച്ചിട്ടുണ്ട് ..ഈ ചിത്രത്തില്‍ ശ്രദ്ധേയമായി തോന്നിയ മറ്റൊരു സംഭവം ഇതിലെ തമാശകള്‍ ആണ് ..ബ്ലാക്ക് കോമഡിയുടെ സാധ്യതകള്‍ ഇവിടെ സംവിധായകന്‍ ഉപയോഗിച്ചിട്ടുണ്ട് ...ഗൌരവം ഉള്ള രംഗങ്ങളിലും മൊത്തത്തില്‍ ഉള്ള സിനിമയുടെ ഹാസ്യ അന്തരീക്ഷം നിലനിര്‍ത്താന്‍ ഈ രീതിയ്ക്ക് സാധിച്ചിട്ടുണ്ട് ...
 നായകന്‍റെ ഗുണങ്ങള്‍ ഒന്നുമില്ലാതെ ...സിനിമയുടെ അവസാനം പോലും താന്‍ എന്താണ് ചെയ്യുന്നത് എന്നറിയാത്ത വേഷത്തില്‍ വിജയ്‌ സേതുപതി ഗംഭീരം ആക്കിയിട്ടുണ്ട് ..ആദ്യ പകുതിയില്‍ ഈ ചിത്രം എവിടേയ്ക്ക് പോവുകയാണ് എന്നറിയാതെ പ്രേക്ഷകന്‍ തീര്‍ച്ചയായും കുഴങ്ങും.സംവിധായകന്‍ എന്താണ് പറയാന്‍ ഉദ്ദേശിച്ചത് എന്ന് ഒരു പിടിയും കിട്ടില്ല ..എന്നാല്‍ രണ്ടാം പകുതി മുതല്‍ മിന്നിത്തെളിഞ്ഞു നില്‍ക്കുന്ന തമാശകള്‍ക്കിടയില്‍ ചിത്രം കൂടുതല്‍ ഗൌരവമായ ഒരു പ്രമേയത്തെ പുല്‍കുന്നു  ..കഥാപാത്രങ്ങള്‍ പലപ്പോഴും അമിതാഭിനയം ആണോ എന്ന് തോന്നി പോകും തുടക്കം  ..എന്നാല്‍ സിനിമയുടെ അവസാന ഭാഗം  ആകുമ്പോള്‍ അതിനൊന്നും ഒരു മാറ്റവും ഇല്ലാതെ ആ കഥാപാത്രങ്ങള്‍ ,അവയുടെ പാത്ര സൃഷ്ടി ;സിനിമയുടെ മൊത്തത്തില്‍ ഉള്ള ഒരു സ്വാഭാവികതയില്‍ ഉള്ള മുഖ്യ ഘടകങ്ങള്‍ ആണെന്ന് മനസ്സിലാകും ..

 ഈ കഥാപാത്രങ്ങളും അവരുടെ ജീവിതവും കണ്ടു മുട്ടുന്ന സ്ഥലത്ത് നിന്നും ചിത്രം ഒരു ത്രില്ലറിന്റെ രീതിയിലേക്ക് മാറുന്നു ...ഒരിക്കലും കണ്ടു മുട്ടിയിട്ടില്ലാത്തവര്‍ പരസ്പരം മറ്റുള്ളവരുടെ ജീവിതത്തില്‍ ഇടപ്പെടുന്ന സ്ഥലത്ത് ചിത്രം കൂടുതല്‍ വേഗം ആര്‍ജിക്കുന്നു .ബാലയും കുമാറും ജീവിതത്തില്‍ എന്താണ് ശരിക്കും ആഗ്രഹിച്ചതെന്ന് പറഞ്ഞു ചിത്രം നിര്‍ത്തുന്നു .എല്ലാം ഒരു നിമിത്തം പോലെ അവരുടെ ജീവിതത്തില്‍ സംഭവിക്കുന്നു ..

 സ്വതസിദ്ധമായ രീതിയില്‍ വേഷങ്ങള്‍ മികച്ചതാക്കുന്ന ഈ വിജയ്‌ ക്ലാസ് ആണോ മാസ്സ് ആണോ എന്ന് ചോദിച്ചാല്‍ ...അതിനുള്ള ഉത്തരത്തിനായി ഇനിയും കാത്തിരിക്കേണ്ടി വരില്ല ..അദ്ദേഹം ക്ലാസ് ഉള്ള ഒരു മാസ്സ് നടനായി മാറുകയാണ് ഇപ്പോള്‍ ...ഞാന്‍ ഈ ചിത്രത്തിന് നല്‍കുന്ന മാര്‍ക്ക് 7/10 !!

More reviews @ www.movieholicviews.blogspot.com