Monday, 30 September 2013

44. രണ്ടു സിനിമകള്‍ ,ഒരു ആശയം ,ആശയപുനര്‍ചിന്തനകള്‍


                "രണ്ടു സിനിമകള്‍ ,ഒരു ആശയം ,ആശയപുനര്‍ചിന്തനകള്‍..."

ചുവപ്പിന്‍റെ സിനിമകള്‍ എല്ലാം ധീരന്മാരുടെയും നായകന്മാരുടെയും കഥകള്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തില്‍ പൊതുവേ ഒതുങ്ങുന്നു  ..രക്തസാക്ഷികളേയും അത് പോലെ തന്നെ ഭാവിയില്‍ ചെങ്കൊടിയുടെ ചരിത്രത്തിന്‍റെ ഏടുകളില്‍ വര്‍ണിക്കപ്പെട്ട പാവപ്പെട്ടവരുടെ ആശ്രയമായ ധീര നേതാക്കളെയും അവിടെ വരച്ചെടുക്കുന്നു .കമ്മ്യുണിസ്റ്റ് ചിന്താഗതികള്‍ ഒരു ആശയത്തിലുപരി ഒരു വികാരമായി മാറിയ രാജ്യങ്ങളില്‍ എല്ലാം തന്നെ ധീരത ,ചങ്കൂറ്റം ..അത് പോലെ ജന രക്ഷകന്‍ എന്നീ വികാരങ്ങളെ പലപ്പോഴും മുതലെടുക്കുകയാണ് ഉണ്ടായത് ...വിപ്ലവ വീര്യം ഒഴുകിയ ഞരമ്പുകളില്‍ പണക്കാരന്റെയും അധികാരമോഹികളുടെയും അടുക്കല്‍ നിന്നും ഭരണം സാധാരണക്കാരില്‍ എത്തിക്കുവാന്‍ പ്രയത്നിച്ച ആ പ്രസ്ഥാനം ഇന്ന് എവിടെ എത്തി  നില്‍ക്കുന്നു എന്ന ചോദ്യത്തിന് ഉത്തരം പറയുന്നു ഈ രണ്ടു ചിത്രങ്ങളും.."ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് " എന്ന മലയാള ചിത്രവും "Baader-Meinhoff Complex" എന്ന ജര്‍മന്‍ ചിത്രവും ...

മലയാളത്തില്‍ ഈ അടുത്ത് വന്ന ചിത്രങ്ങളില്‍ രാഷ്ട്രീയ കാരണങ്ങളാല്‍ വിവാദമായ ചിത്രമായിരുന്നു അരുണ്‍ കുമാര്‍ -മുരളി ഗോപി കൂട്ടുക്കെട്ടിന്റെ "ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് " ..ഇവരുടെ ഇതിനു മുന്‍പ് ഇറങ്ങിയ  "ഈ അടുത്തക്കാലത്ത് " എന്ന ചിത്രത്തില്‍ ഇവര്‍ ചെറുതായെങ്കിലും  അവതരിപ്പിക്കുന്ന രാഷ്ട്രീയം മറയാക്കി ഈ ചിത്രത്തിന് നേരെ നടന്ന വിമര്‍ശനങ്ങള്‍ പലയിടത്തും കണ്ടതാണ് ...അതിന്‍റെ ഫലമെന്നോണം ഈ വര്ഷം ഇറങ്ങിയ ചിത്രങ്ങളില്‍ മികച്ചതെന്ന് എല്ലാ അര്‍ത്ഥത്തിലും പറയാവുന്ന ഒരു ചിത്രം ഭാഗികമായി എങ്കിലും ബഹിഷ്ക്കരണ ഭീഷണി നേരിട്ടു എന്നുള്ള വാര്‍ത്തകള്‍ വന്നിരുന്നു ..എന്നാല്‍ അണിയറ പ്രവര്‍ത്തകര്‍ അങ്ങനെ ഉള്ള ഒരു അവസ്ഥ സംജാതമായി എന്ന് പൊതു സമൂഹത്തെ അറിയിച്ചുമില്ല ...അത് വെറും ഒരു വാര്‍ത്തയായി മാത്രമായി ഒതുങ്ങട്ടെ എന്ന് ആഗ്രഹിക്കുന്നു ...ചുവപ്പന്‍ ആശയങ്ങളെ വിമര്‍ശിക്കുന്നു എന്നുള്ള തോന്നലാവാം ഇത്തരം ഒരു വാര്‍ത്തയ്ക്കു പിന്നില്‍ ...സന്ദേശം ,ഒരു അറബി കഥ തുടങ്ങിയ ചിത്രങ്ങളില്‍ നായക കഥാപാത്രങ്ങള്‍ തന്നെ ചുവപ്പിന്‍റെ ആശയങ്ങളുടെ സഹയാത്രികരെ പരിഹസിക്കുന്നുണ്ടെങ്കിലും അന്നൊന്നും ഇത്രയും വിവാദങ്ങള്‍ വന്നിരുന്നില്ല ..ലോകം സമയത്തെ കീഴടക്കിയെങ്കിലും മനസ്സുകള്‍  ഇന്ന് ഇടുങ്ങിയതായി മാറി എന്ന്  തോന്നുന്നു ...

 "Baader- Meinhoff Complex" അവതരിപ്പിച്ച ആശയം റെഡ് ആര്‍മി ഫാക്ഷന്‍ എന്ന ജര്‍മനിയിലെ വിപ്ലവ പാര്‍ട്ടിയുടെ നാള്‍ വഴിയിലൂടെ ആയിരുന്നു ..രണ്ടു ചിത്രങ്ങളും നടക്കുന്ന കാലഘട്ടങ്ങള്‍ കൂടുതലും വ്യത്യസ്തം ആയിരുന്നു എങ്കിലും ഇതില്‍ പങ്കാളി ആയവരുടെ ആശയങ്ങള്‍ പലപ്പോഴും സാമ്യം പുലര്‍ത്തിയിരുന്നു ..ജനങ്ങള്‍ ആരംഭിച്ച് ..ജനങ്ങളുടെ ഇടയിലേക്ക് എത്തിയ പ്രസ്ഥാനം പിന്നീട് ചിലരുടെ ആശയങ്ങള്‍ പ്രകടിപ്പിക്കുവാന്‍ വേണ്ടി മാത്രം ആശയങ്ങളെ വളചൊടിച്ചപ്പോള്‍ ,അതിനെ വളര്‍ത്തി വലുതാക്കിയ ജനങ്ങള്‍ അവരില്‍ നിന്നും അകലുകയും അപ്പോള്‍ അവിടെ വെറും നേതാക്കള്‍ മാത്രം അവശേഷിച്ചപ്പോള്‍ ഉള്ള അവസ്ഥ ആണ് ഈ ചിത്രം അവതരിപ്പിക്കുന്നത്‌ ..

  രണ്ടു ചിത്രങ്ങളിലും പൊതുവായുള്ള കഥാപാത്രങ്ങള്‍ ഉണ്ട് ..വിപ്ലവം അണികളില്‍ എത്തിക്കുവാന്‍ തങ്ങളുടെ കൂടെ ഉള്ളവരുടെ സാധാരണ മരണങ്ങള്‍ പോലും അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവരെ പ്രതികളാക്കി അവതരിപ്പിക്കുവാന്‍ ആണ് Baader-Meinhoff Complex ല്‍  ശ്രമിക്കുന്നത് ..എന്നാല്‍ തലമുറകള്‍ക്ക് മുന്‍പ് നടന്ന സംഭവങ്ങള്‍ ഒരു പകയേറിയ മൂര്‍ഖനെ പോലെ ഓര്‍ത്തു വച്ച് ..അതിന്‍റെ പേരില്‍ ജനങ്ങളുടെ ഇടയില്‍ നിന്നും ലഭിക്കുന്ന അനുകമ്പ തന്‍റെ അധികാര ലക്ഷ്യങ്ങളിലേക്ക് ഉള്ള മാര്‍ഗം ആയി കൈതേരി സഹദേവന്‍ LRL ല്‍ ഉപയോഗിക്കുന്നുണ്ട് ...ജനങ്ങളുടെ ഇടയില്‍ ഉള്ള പ്രസക്തി നഷ്ടപെട്ട ഒരു പ്രസ്ഥാനമായാണ് ഒരു സമയത്തിന്  ശേഷം BMC യില്‍ അവതരിപ്പിക്കുന്നത്‌ ...തങ്ങളുടെ ആശയങ്ങളുടെ സ്വീകാര്യത കൂടുതല്‍ പേരില്‍ എത്തിക്കുവാന്‍ റെഡ് ആര്‍മി ഫാക്ഷന്‍ (RAF),ജര്‍മനിയില്‍ നടത്തുന്ന ബാങ്ക് കൊള്ളകള്‍ ജനങ്ങളുടെ അടുത്ത് നിന്നും അവരെ അകറ്റുകയും ...ചുവപ്പ് സേനയിലെ അംഗങ്ങളെ പിടികൂടുവാന്‍ പോലീസിനെ സഹായിക്കുന്ന അവസ്ഥയിലേക്ക് എത്തി ചേര്‍ക്കുന്നു ...

 ചോരയ്ക്ക് ചോര എന്ന പേരില്‍ നടത്തുന്ന ഈ ചിത്രങ്ങളിലെ കൊലകള്‍ പലപ്പോഴും ചിലരുടെ ഒക്കെ സൗകാര്യ വിദ്വേഷങ്ങള്‍ തീര്‍ക്കാനായി മാത്രം ഉപയോഗിച്ചിരുന്നതായി ഇവിടെ കാണാം ..ആശയപരമായി വ്യത്യാസം വന്ന LRL ലെ ചെഗുവേര റോയിയെ പോലെ ആയിരുന്നു BMC യിലെ Meinhoff എന്ന പത്രപ്രവര്‍ത്തകയും ...വിശ്വാസങ്ങളിലെ മാറ്റങ്ങള്‍ രണ്ടു പേരെയും ദുഖിപ്പിക്കുന്നുണ്ട് ...അവര്‍ അവസാനം എത്തി ചേരുന്ന അവസ്ഥകള്‍ ഒന്നായിരുന്നു ..രീതികള്‍ പലതായിരുന്നു എങ്കില്‍ കൂടി .. BMC യിലെ ഗുഡ് റണ്‍ നെ പോലെ ആയിരുന്നു LRL ല്‍ ലെനയുടെ കഥാപാത്രം ..ആശയങ്ങളോടും വിപ്ലവകാരിയോടും തോന്നിയ ഇഷ്ടം മാത്രം ആയിരുന്നു അവരുടെ ജീവിതങ്ങള്‍ ...
   ഇതിന്‍റെ ഇടയ്ക്ക് മരണത്തിനെ പുല്‍കാന്‍ വന്ന സഖാക്കളേ രണ്ടു ചിത്രത്തിലും കാണാം ...തെറ്റ് ചൂണ്ടി കാണിച്ച പ്രവര്‍ത്തകരെയും ,അത് പോലെ വിമര്‍ശിച്ചവരെയും ..എന്നാല്‍ ഈ രണ്ടു ചിത്രങ്ങളെയും വ്യത്യസ്തം ആക്കുന്നത് ഇന്ദ്രജിത്ത് എന്ന നടന്‍ തന്‍റെ ജീവിതത്തില്‍ അവതരിപ്പിച്ച മികച്ച കഥാപാത്രങ്ങളില്‍ ഒന്നായ വട്ടു ജയന്‍  ആണ് ...ആശയങ്ങളുടെ സാക്ഷാത്കാരം ,അത് ശത്രു കൂടെ ഉള്ളവന്‍ ആണെങ്കില്‍ പോലും അവന്‍റെ അവസാനത്തോടെ LRL ല്‍ അവസാനിക്കുന്നുണ്ട് ..എന്നാല്‍ BMC യില്‍ അത്തരം ഒരു കഥാപാത്രം ഇലാതെ പോയി ..ഒരു പക്ഷെ LRL അവതരിപ്പിച്ചത് ഭാവനയുടെ ഭാഷ്യത്തില്‍ ആയിരുന്നത് കൊണ്ടാവാം അങ്ങനെ ഒരു കഥാപാത്രം ..എന്ത് കൊണ്ടെന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അത്തരം കഥാപാത്രങ്ങള്‍ വിരളം ആണ് എന്നത് തന്നെ ...

പലപ്പോഴായി കാലഹരണപ്പെട്ടു പോയ ആശയങ്ങളില്‍ മാറ്റം വരുത്താതെ ജീവിക്കുന്ന ഒരു കൂട്ടം ആളുകള്‍ ആവാം ഇത്തരം മഹനീയ പ്രസ്ഥാനങ്ങളുടെ അന്തകരായി പ്രവര്‍ത്തിക്കുന്നത് ..രണ്ടു ചിത്രത്തിലും അത്തരം ആളുകളെ കാണാം ...LRL  ഒരിക്കലും നിരോധിക്കപ്പെടെണ്ട/ അകറ്റി നിര്‍ത്തേണ്ട ഒരു ചിത്രമായിരുന്നില്ല ..എന്ത് കൊണ്ടെന്നാല്‍ അത് പലതിലേക്കും ഉള്ള ഒരു ചൂണ്ടു പലക ആയിരുന്നു .കൊലപാതകങ്ങള്‍ ആകാം ഈ പ്രസ്ഥാനങ്ങളുടെ തുടക്കം ...എന്നാല്‍ അനവസരത്തില്‍ ഉള്ള ഇത്തരം പ്രവര്‍ത്തനങ്ങളുടെ അവസാനം എന്താകും എന്നുള്ളത് പ്രസക്തമാണ് ..ഈ പ്രസ്ഥാനങ്ങള്‍ അനീതിക്ക് എതിരെ ജനങ്ങള്‍ക്ക്‌ പ്രതികരിക്കുവാന്‍ ഉള്ള എളുപ്പ വഴി ആയിരുന്നു ..അതിനാല്‍  കാലങ്ങള്‍ക്കപ്പുറം ഈ ചിത്രങ്ങള്‍ക്ക് ആയുസ്സുണ്ട് എന്ന് ഞാന്‍ കരുതുന്നു ..ഒരു തിരുത്തല്‍ ശക്തിയായി ഈ ചിത്രങ്ങള്‍ പ്രവര്‍ത്തിക്കും ...അത് പോലെ തന്നെ ഈ സിനിമകളും ..ഒരു തലമുറയ്ക്കുള്ള ശേഷിപ്പുകളായി നിലനില്‍ക്കും ...