Thursday, 14 December 2017

812.STRONGER(ENGLISH,2017)

812.STRONGER(ENGLISH,2017)

   |Drama|Biography|
Directed by David Gordon Green
Characters Played by Jake Gyllenhaal, Tatiana Maslany, Miranda Richardson

MH Views Rating;4/5

   
  2013 ലെ 'ബോസ്റ്റണ്‍ മാരത്തോണ്‍' ബോംബ്‌ സ്ഫോടനം ആസ്പദമാക്കി ചിത്രങ്ങള്‍ നിര്‍മിച്ചിരുന്നു.'Patriot's Day' എന്ന മാര്‍ക്ക് വാല്ബെര്‍ഗ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ആ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന കേസ് അന്വേഷണം ആയിരുന്നു പ്രധാനമായും അവതരിപ്പിച്ചത്.എന്നാല്‍ ആ സംഭവത്തിനെ വേറെ ഒരു രീതിയില്‍,അതില്‍ ഇരയായി മാറിയ ഒരാളുടെ കാഴ്ച്ചപ്പാടിലൂടെ അവതരിപ്പിച്ച ചിത്രമാണ് 'Stronger'.യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി ,സ്ഫോടനത്തില്‍ രണ്ടു കാലുകളും നഷ്ടപ്പെട്ട ജെഫ് ബോമാന്റെ മറക്കാന്‍ ആഗ്രഹിക്കുന്ന ആ ദിവസത്തിന് ശേഷം നടന്ന സംഭവങ്ങള്‍ ആണ് ചിത്രത്തില്‍ ഉള്ളത്.ഇതേ പേരില്‍,ജെഫ് ബോമാനും,ബ്രെറ്റ് വിട്ടറും എഴുതിയ ഓര്‍മ്മക്കുറിപ്പുകള്‍‍ ആണ് ചിത്രത്തിന്റെ ജീവന്‍.

   മാരത്തോണില്‍ പങ്കെടുക്കുന്ന കാമുകിയെ ഫിനീഷിംഗ് ലൈനില്‍ കാണാനായി കാത്തിരുന്ന ബോമാന്‍ എന്നാല്‍ അന്ന് നടന്ന ഇരട്ട സ്ഫോടനങ്ങളില്‍ ഒന്നില്‍ ഇരയായി മാറുകയായിരുന്നു.'കോസ്ക്കോ'യിലെ സാധാരണ ജീവനക്കാരന്‍ ആയ ജെഫ് എന്നാല്‍ കമ്പനിയില്‍ നിന്നും ലഭിച്ച ആനുകൂല്യങ്ങള്‍ ഉള്‍പ്പടെ ഉള്ള സഹായത്താല്‍ തന്‍റെ മോശം അവസ്ഥയെ നേരിടാന്‍ ശ്രമിക്കുന്നു.അന്നത്തെ ദാരുണ സംഭവത്തിന്‌ മുന്‍പ് അയാളോടുള്ള മറ്റുള്ളവരുടെ സമീപനം;പ്രത്യേകിച്ചും കുടുംബക്കാരുടെ,അപകടത്തിനു ശേഷം അയാള്‍ അവര്‍ക്കൊരു ബാധ്യത ആകും എന്ന് കരുതിയ നിമിഷങ്ങള്‍,പിന്നീട് 'Boston Strong' ന്‍റെ പ്രചാരണത്തിലൂടെ നേടിയ താര പരിവേഷം അവര്‍ മുതലെടുക്കുന്നത്.അങ്ങനങ്ങനെ അയാള്‍ ആ ചുരുങ്ങിയ കാലയളവില്‍ കടന്നു പോയത് ധാരാളം അവസ്ഥകളിലൂടെ ആയിരുന്നു.

  ജേക്ക് കണ്ണുകള്‍ വളരെ പ്രാധാന്യത്തോടെ തന്‍റെ കഥാപാത്രങ്ങളില്‍ ഉപയോഗിക്കുന്ന നടന്‍ ആണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.അലസമായ കഥാപാത്രത്തില്‍ നിന്നും ഇരയായും നിസഹായനായും എല്ലാം അഭിനയിക്കാന്‍ ആ കണ്ണുകള്‍ തന്നെ ജേക്കിനു ധാരാളമായിരുന്നു.പല ചിത്രങ്ങളിലും അയാള്‍ തന്‍റെ കഥാപാത്രങ്ങളെ കണ്ണുകള്‍ കൊണ്ട് അവിസ്മരണീയം ആക്കിയിട്ടും ഉണ്ട്.അയാളോടൊപ്പം കഥാപാത്രങ്ങളിലൂടെ ചിരിക്കാനും കരയാനും ചിലപ്പോള്‍ പ്രേക്ഷകന് സാധിക്കുന്നത് ആ കണ്ണുകളിലൂടെ ആയിരുന്നിരിക്കണം.


 രണ്ടു കാലും നഷ്ടപ്പെട്ട അവസ്ഥ തരണം ചെയ്യുന്ന വെറും ഒരു 'ക്ലീഷേ' ,'ഫീല്‍ ഗുഡ്' സിനിമ അല്ല ഒരിക്കലും 'Stronger'.പകരം,ഇത്തരമൊരു വിഷയത്തെ അമിതമായ പൊക്കി പറച്ചിലുകള്‍ ഇല്ലാതെ വേറൊരു കാഴ്ചപ്പാടില്‍ ആണ് ചിത്രത്തിന്റെ മൊത്തത്തില്‍ ഉള്ള അവതരണ രീതി.തന്നിലേക്ക് വന്ന താര പരിവേഷം അയാള്‍ കാണുന്നത് വൈരുദ്ധ്യാത്മകമായി ,തനിക്കു സംഭവിച്ച നഷ്ടത്തിലൂടെ ആണ്.പലപ്പോഴും അയാള്‍ക്ക്‌ സ്വയം നിയന്ത്രിക്കാന്‍ കഴിയാതെ പൊട്ടി തെറിക്കുകയും അയാളുടെ ആകുലതകളും ഭയങ്ങളും വേട്ടയാടുന്നും ഉണ്ട്.ചുരുക്കത്തില്‍ അതി മനോഹരമായ ജീവനുള്ള,എന്നാല്‍ സ്ഥിരം രീതികള്‍ അവലംബിക്കാതെ,ഇത്തരം അവസ്ഥയില്‍ ആകുന്ന ഏതൊരാള്‍ക്കും ജീവിതത്തോട് ഇഷ്ടം തോന്നിക്കുന്ന അവസാന സംഭാഷണ ശകലങ്ങള്‍ മനസ്സില്‍ തങ്ങി നില്‍ക്കുക തന്നെ ചെയ്യും.അതൊരു ഓര്‍മപ്പെടുത്തല്‍ കൂടിയാണ്.ലോകത്തില്‍ ദുരന്തങ്ങളിലൂടെ കടന്നു പോകുമ്പോള്‍ അതില്‍ എങ്കിലും നമ്മള്‍ ഒറ്റയ്ക്കല്ല എന്ന സന്തോഷം.


  അടുത്ത് കണ്ട മികച്ച ചിത്രങ്ങളില്‍ ഒന്നാണ് 'Stronger'.നിരൂപക പ്രശംസ നല്ലത് പോലെ ലഭിച്ചുവെങ്കിലും പരാജയ ചിത്രമായി മാറാന്‍ ആയിരുന്നു വിധി.എന്നാല്‍ പോലും ഈ ചിത്രത്തിലൂടെ എന്ത് ആണ് അവതരിപ്പിക്കാന്‍ ശ്രമിച്ചത്‌ എന്ന് വ്യക്തമായി പ്രേക്ഷകനെ ബോധിപ്പിക്കാന്‍ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ടെന്നു വിശ്വസിക്കുന്നു.

Tuesday, 12 December 2017

811.THE YOUNG OFFENDERS(ENGLISH,2016)

811.THE YOUNG OFFENDERS(ENGLISH,2016)

  |Comedy|Crime|
Director: Peter Foott
Characters Played by  Alex Murphy, Chris Walley, Hilary Rose

MH Views Rating:4/5

 ഈ അടുത്ത് കണ്ട ചിത്രങ്ങളില്‍ ഏറ്റവും മികച്ചതായി തോന്നിയ ഒന്നാണ് അയര്‍ലണ്ടില്‍  നിന്നുമുള്ള ചിത്രമായ 'The Young Offenders'.ഡാര്‍ക്ക് കോമഡികളിലൂടെ അവതരിപ്പിച്ചിരിക്കുന്ന ചിത്രം ആസ്പദം ആക്കിയത് ഒരു യഥാര്‍ത്ഥ സംഭവത്തെയാണ്.അയര്‍ലാണ്ടില്‍ നടന്ന ഒരു കൊക്കെയ്ന്‍ കള്ളക്കടത്തും ആയി ബന്ധപ്പെട്ട സംഭവങ്ങള്‍ ആണ് ചിത്രത്തിനാധാരം.സ്വന്തം ജീവിതത്തില്‍ ഏറെ കുറ്റങ്ങള്‍ കണ്ടെത്തുന്ന രണ്ടു ടീനേജ് കുട്ടികള്‍,അവരുടെ ജീവിതത്തിലെ സ്വപ്‌നങ്ങള്‍ നേടാന്‍ വേണ്ടി ഒരു വളഞ്ഞ വഴി സ്വീകരിക്കുന്നു.

  പതിനെട്ടു വയസ്സില്‍ താഴെ ഉള്ളവരുടെ കുറ്റകൃത്യങ്ങള്‍ക്ക് നിയമം നല്‍കുന്ന 'പരിരക്ഷ' മുതലെടുക്കാന്‍ ശ്രമിക്കുന്നു ജോക്കും,കോനോറും.ചെറുപ്പത്തില്‍ തന്നെ പിതാവ് മരണപ്പെട്ട കോണോര്‍ അമ്മയുടെ ഒപ്പം ആണ് താമസവും ജോലിയും.സദാ സമയം മകനെ കുറ്റപ്പെടുത്തുന്ന അമ്മ,അവരുടെ ജീവിതത്തിലെ അവസ്ഥകള്‍ കാരണം ശരിക്കും വലഞ്ഞിരുന്നു.സമാനമായിരുന്നു ജോക്കിന്റെ അവസ്ഥയും.അമ്മ മരണപ്പെട്ട ജോക്ക് മുഴുക്കുടിയന്‍ ആയി മാറിയ പിതാവിന്റെ ഒപ്പം ആയിരുന്നു താമസം.സ്ക്കൂള്‍ പഠനം ഉപേക്ഷിച്ചതിനു ശേഷം, ടീനേജ് കാലഘട്ടത്തില്‍ ഏതൊരാളും സ്വപ്നം കാണുന്നത് തന്നെയായിരുന്നു അവരും കണ്ടിരുന്നത്‌.എന്നാല്‍ സ്വന്തം വീട്ടില്‍ നിന്നും മാറി താമസിക്കുവാന്‍ അവര്‍ക്ക് പ്രശ്നം പണം ആയിരുന്നു.

  അമ്മയോടൊപ്പം മീന്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്തിരുന്ന കോനോറിന്റെ ജീവിതത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തുന്നത് ജോക്ക് ആയിരുന്നു.നില്‍പ്പിലും നടപ്പിലും സ്വന്തം സ്വഭാവത്തില്‍ പോലും കോണോര്‍ ,ജോക്കിനെ അനുകരിക്കുന്നുണ്ടായിരുന്നു.അങ്ങനെയിരിക്കെ അയര്‍ലണ്ടില്‍ നടന്ന ഏറ്റവും വലിയ കൊക്കെയ്ന്‍ വേട്ടയെ കുറിച്ച് അവര്‍ അറിയുന്നു.ആ സംഭവത്തില്‍ നിന്നും പണം ഉണ്ടാക്കാം എന്ന് അവര്‍ കണക്കു കൂട്ടുന്നു.ഏകദേശം 7 മില്യന്‍ യൂറോ ആണ് അവരെ കാത്തിരിക്കുന്നത്.എന്നാല്‍ അവരുടെ സ്ഥിരം കുസൃതികളുടെ ഫലമായി വന്ന ശത്രുക്കള്‍ അവരുടെ പിന്നാലെ ഉണ്ടായിരുന്നു.

  സംഭവബഹുലമായ ഈ കഥയാണ് 'The Young Offenders' അവതരിപ്പിക്കുന്നത്‌.ഐറിഷ് സിനിമകളിലെ ഏറ്റവും വലിയ കള്‍ട്ട് ചിത്രങ്ങളില്‍ ഒന്നായി മാറിയ 'The Young offenders' 2016 ല്‍ ഏറ്റവും വേഗത്തില്‍ 1 മില്യന്‍ യൂറോ കളക്ഷന്‍ നേടിയ ചിത്രവുമായി മാറി.RT നല്‍കിയ 100 ശതമാനം ഉള്‍പ്പടെ നിരൂപകര്‍ മികച്ച ചിത്രമായി വാഴ്ത്തിയിരുന്നു.സിനിമയുടെ അവസാനത്തിലേക്ക് എത്തി ചേരുമ്പോള്‍ സാന്ദര്‍ഭികമായി വരുന്ന ട്വിസ്റ്റുകള്‍,കഥാപാത്രങ്ങള്‍ എല്ലാം ചെറുത്‌ ആണ് എന്ന് തുടക്കം തോന്നിപ്പിക്കുന്ന ഒരു ചിത്രത്തെ കൂടുതല്‍ ഭംഗിയുള്ളത് ആക്കി മാറ്റി.ഓരോ കഥാപാത്രങ്ങളെ എടുത്തു നോക്കിയാലും ഓരോ കഥയ്ക്ക്‌ ഉള്ളത് ഉണ്ട്.ഇവരെ എല്ലാം കൂടി ഒന്നര മണിക്കൂറില്‍ താഴെ ഉള്ള ചിത്രമായി മികവുറ്റ രീതിയില്‍ തന്നെ അവതരിപ്പിച്ചിട്ടും ഉണ്ട്.

Monday, 11 December 2017

810.THE TARGET(KOREAN,2014)

810.THE TARGET(KOREAN,2014)

|Action|Thriller|
Dir:-Hong-Seung Yoon
Characters Played by Seung-ryong Ryu, Joon-sang Yoo, Jin-wook Lee

MH Rating:2.75/5


     അപ്രതീക്ഷിതമായി ഒരു കൊലപാതകത്തില്‍ പ്രതിയായി മാറേണ്ടി വരുന്ന മുന്‍ സൈനികന്‍ യീവോ ഹൂന്റെയും അതില്‍ തന്‍റെ ജീവിതവും ഔദ്യോഗിക ജീവിതവും അപകടകരമായ അവസ്ഥയിലൂടെ കടന്നു പോകേണ്ടി വരുന്ന ഡോക്റ്റര്‍ ടെ-ജൂനിന്റെയും കഥയാണ് The Target എന്ന കൊറിയന്‍ ചിത്രം അവതരിപ്പിക്കുന്നത്‌.സമാധാനപരമായ ജീവിതവുമായി പോയിരുന്ന ഡോക്റ്റര്‍ ടെ-ജൂന്‍.അയാളുടെ ഭാര്യ ഗര്‍ഭിണി ആയിരുന്നു.

  ഒരു ദിവസം കൊലപാതകി ആണെന്ന് സംശയിക്കുന്ന യീവോ ഹൂനിനെ ടെ-ജൂന്‍ ജോലി ചെയ്യുന്ന ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നു.സമ്പന്നനായ ഒരാള്‍ കൊല്ലപ്പെട്ട കേസില്‍ ആയിരുന്നു അയാള്‍ മുഖ്യ പ്രതി ആയി മാറിയത്.അയാളെ ചികില്‍സിച്ചിരുന്നത്‌ ടെ-ജൂന്‍ ആയിരുന്നു.ടെ-ജൂണിനു പിന്നീട് ഒരു ഫോണ്‍ കോള്‍ ലഭിക്കുന്നു.യീവോയെ രക്ഷപ്പെടുത്താന്‍ ടെ-ജൂന്‍ സഹായിച്ചില്ലെങ്കില്‍ ഗര്‍ഭിണി ആയ അയാളുടെ ഭാര്യ കൊല്ലപ്പെടും എന്നും അവര്‍ ഇപ്പോള്‍ ഫോണ്‍ വിളിച്ച ആളുടെ കസ്ട്ടടിയില്‍ ഉണ്ടെന്നുമായിരുന്നു ഫോണ്‍ സന്ദേശം.

  സ്വന്തം ഭാര്യയെ രക്ഷിക്കാനായി കൊലപാതക കേസിലെ പ്രതിയെ ആശുപത്രിയില്‍ നിന്നും രക്ഷപ്പെടുത്തുവാന്‍ ശ്രമിക്കുന്ന ടെ-ജൂന്‍ എന്നാല്‍ തന്‍റെ ഉദ്യമം പരാജയപ്പെടുന്ന സമയം ആണ് മനസ്സിലാക്കുന്നത്,തന്‍റെ ശത്രുക്കളുടെ എണ്ണം കൂടുന്നു എന്ന്.ഈ സമയം രക്ഷപ്പെടാനായി യീവോ ശ്രമിക്കുമ്പോള്‍ അയാളില്‍ ആരോപിക്കപ്പെട്ട കേസിന്‍റെ കൂടുതല്‍ രഹസ്യങ്ങള്‍ അനാവരണം ചെയ്യപ്പെടുന്നു.ടെ-ജൂണിനു തന്‍റെ ഭാര്യയെ രക്ഷിക്കാന്‍ കഴിയുമോ?യീവോയുടെ ജിവിതത്തില്‍ ആരോപണം എങ്ങനെ ഉണ്ടായി?ആരാണ് യഥാര്‍ത്ഥ പ്രതികള്‍?The Target ഇതിനുള്ള ഉത്തരങ്ങള്‍ നല്‍കുന്നു.


   വേഗതയേറിയ ഒരു ആക്ഷന്‍ ത്രില്ലര്‍ ആണ് The Target.ഔദ്യോഗിക ജീവിതം അനാവശ്യമായി ഉപയോഗം ചെയ്യുന്ന ആളുകളുടെയും അതില്‍,അവരുടെ പണക്കൊതി മൂലം ഇരകള്‍ ആകേണ്ടിയും വരുന്ന സാധാരണക്കാരുടെ ജീവിതം ആണ് സിനിമയുടെ മുഖ്യ പ്രമേയം എന്ന് തന്നെ പറയാം.2010 ല്‍ റിലീസ് ആയ Point Blank എന്ന ഫ്രഞ്ച് ചിത്രത്തിന്റെ റീമേക്ക് ആണ് ചിത്രം.

  

Thursday, 7 December 2017

809.NEWTON(HINDI,2017)

809.NEWTON(HINDI,2017)

  |Comedy|Drama|
Dir:Amit Masurkar
Characters Played by:-Rajkummar Rao, Pankaj Tripathi, Anjali Patil


MH Views Rating:4/5

Newton-Indian Nomination,90th Academy Awards.

ന്യൂട്ടന്‍ പ്രതിനിധീകരിക്കുന്നത് ഇന്ത്യന്‍ ബ്യൂറോക്രസിയിലെ ന്യൂന പക്ഷത്തെയാണ്.ന്യൂന പക്ഷം എന്ന് പറയുമ്പോള്‍ ,സര്‍ക്കാര്‍ ജോലി എന്നത് രാജാവിനു സമം ആണെന്ന് വിശ്വസിക്കുന്ന ഭൂരിഭാഗത്തിന്റെ മറു വശം.ഒരു സര്‍ക്കാര്‍ ഓഫീസില്‍ പോകുമ്പോള്‍ മുതല്‍ തുടങ്ങുന്ന "സാര്‍" വിളിയില്‍ ആത്മപുളകിതരാകുന്ന ഭൂരിപക്ഷം.ജോലിയില്‍ സമയ ക്രമം പാലിക്കാതെ,അനധികൃതമായി സ്വത്തു സമ്പാദിക്കാന്‍ വേണ്ടി ജോലി ചെയ്യുന്ന സമയ നിഷ്ഠ പാലിക്കാത്ത ഭൂരിപക്ഷം.ചുരുക്കത്തില്‍ ഒരു സര്‍ക്കാര്‍ ജോലിക്കാരനില്‍ കാണപ്പെടുന്ന 'ക്ലീഷേ' സ്വഭാവങ്ങളുടെ നേരെ എതിരാണ് ന്യൂട്ടന്‍.

   നൂതന്‍ കുമാര്‍ എന്ന പേര് ന്യൂട്ടന്‍ എന്നാക്കി മാറ്റിയ അയാള്‍ പല മുന്‍വിധികളെയും മാറ്റി മറിയ്ക്കാന്‍ ആണ്  ശ്രമിക്കുന്നത്.പ്രൊബേഷന്‍ ഓഫീസര്‍ ആയ ന്യൂട്ടന്‍ ഇത്തരത്തില്‍ ഒരു മുന്‍വിധിയെ മാറ്റാന്‍ അവസരമുണ്ടാകുന്നു.


 സന്ദര്‍ഭം:

നക്സലുകള്‍ക്ക് സ്വാധീനമുള്ള ഛത്തീസ്ഗഡ്‌ സംസ്ഥാനത്തിലെ അപകടകരമായ സ്ഥലത്ത് നടക്കുന്ന ഇലക്ഷന്‍.വര്‍ഷങ്ങള്‍ക്കു ശേഷം ,പട്ടാളത്തിന്റെ നിയന്ത്രണത്തില്‍ ആയ സ്ഥലത്ത് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഓഫീസറായി പോകാന്‍ ആരും താല്‍പ്പര്യം പ്രകടിപ്പിക്കാതെയിരിക്കുമ്പോള്‍ ആണ് റിസേര്‍വ് ആയിരുന്ന ന്യൂട്ടന്‍ അതിനു തയ്യാറാകുന്നത്.ഇലക്ഷന്‍ നടക്കുന്ന സ്ഥലം,സമയം എന്നിവയില്‍ എല്ലാം നിഷ്കര്‍ഷത പാലിക്കുന്ന ന്യൂട്ടന്‍,അവിടെ ഇലക്ഷന് വേണ്ടുന്ന സംരക്ഷണ നല്‍കാന്‍ നിയോഗിക്കപ്പെട്ട ആത്മ സിംഗ് എന്ന പട്ടാള ഓഫീസറും ആയി പല രീതിയിലും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകുന്നു.ജനാധിപത്യം നിഷ്കര്ഷിക്കപ്പെടുന്ന രീതിയില്‍ തന്നെ നടത്തണം എന്ന് കരുതുന്ന ഓഫീസറും,മറ്റുള്ളവരുടെ സുരക്ഷയ്ക്ക് മുഖ്യ സ്ഥാനം നല്‍കുന്ന ആത്മ സിംഗും മികച്ച രീതിയില്‍ തന്നെ ആണ് അവരുടെ മേല്‍ നിക്ഷിപ്തമായ ജോലികള്‍ ചെയ്യാന്‍ ശ്രമിക്കുന്നത്.ഈ സമയമാണ് ഇലക്ഷനെ കുറിച്ച് ഉള്ള പരിപാടി തയ്യാറാക്കുവാന്‍ വിദേശ ലേഖകര്‍ വരുന്നു എന്ന വാര്‍ത്ത ലഭിക്കുന്നത്.അതോടെ സംഭവങ്ങള്‍ മാറി മറിയുന്നു.

  ആ ദിവസത്തെ ഇലക്ഷന്‍ നടത്തിപ്പും അതിനെ സംബന്ധിച്ച് നടക്കുന്ന സംഭവ വികാസങ്ങളും ആണ് ചിത്രത്തിന്റെ ബാക്കി കഥ അവതരിപ്പിക്കുന്നത്‌.മാവോയിസ്റ്റ് കേന്ദ്രങ്ങളിലെ ജനതയുടെ പിന്നോക്കാവസ്ഥയും അതിനു കാരണം ആയ സംഭവങ്ങളിലേക്കും ചിത്രത്തിന്‍റെ ശ്രദ്ധ തിരിക്കപ്പെടുന്നുണ്ട്.ഇലക്ഷന്‍ പ്രക്രിയ അവര്‍ക്ക് എത്ര മാത്രം അപ്രധാനം ആണ് എന്ന് പലപ്പോഴും കാണാന്‍ സാധിക്കും.ഒരു ഗ്രാമവാസി പത്രലേഖകരോട് പറയുന്നത് പോലെ."ഇലക്ഷന്‍ ഒരു മാറ്റവും ഞങ്ങള്‍ക്ക് കൊണ്ട് വരില്ല" എന്ന്.അവര്‍ക്ക്

  ന്യൂട്ടന്‍ എന്ന കഥാപാത്രം നന്മയുടെ ഒരു വശം ആയി അവതരിപ്പിച്ചത് എങ്കിലും.അയാളുടെ ചില പ്രവര്‍ത്തികള്‍ പലപ്പോഴും പ്രായോഗികം അല്ലായിരുന്നു എന്ന് തോന്നി പോകും.പ്രത്യേകിച്ചും ആത്മ സിംഗ് ,സുരക്ഷയില്‍ ആകുലത പ്രകടിപ്പിക്കുമ്പോള്‍ ന്യൂട്ടന്‍ തന്‍റെ നിലപാടുകള്‍ക്ക് വേണ്ടി നില്‍ക്കുമ്പോള്‍ പ്രായോഗികതയും നിലപാടുകളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നു.രണ്ടു പേരും ശരിയായ രീതിയില്‍ അവരുടെ ജോലികള്‍ തന്നെയാണ് ചെയ്യുന്നത്.എന്നാല്‍ അതില്‍ പ്രകടമായ,ആരുടെ പക്ഷം ചേരണം എന്ന രീതിയില്‍ ഉള്ള സംശയം പ്രേക്ഷകനിലും ഉണ്ടാക്കുന്നു.

  ബോളിവുഡ് സിനിമകളിലെ സ്ഥിരം ചേരുവകകളില്‍ നിന്നും മാറി സഞ്ചരിച്ച ചിത്രം മികച്ച വിജയവും നേടിയിരുന്നു.രാജ്കുമാര്‍ റാവു,പങ്കജ് എന്നിവര്‍ അവതരിപ്പിച്ച വേഷങ്ങള്‍ മികച്ചതായിരുന്നു.ഒരു 'ഓഫ്-ബീറ്റ്' ചിത്രമായി മാറാതെ ഹാസ്യത്തിലൂടെ ഗൌരവപൂര്‍വ്വം വിഷയത്തെ സമീപിച്ചിട്ടും ഉണ്ട്.മികച്ച രീതിയില്‍,നുറുങ്ങു തമാശകളിലൂടെയും സന്ദര്‍ഭങ്ങളിലൂടെയും അവതരിപ്പിച്ച "ന്യൂട്ടന്‍"

Monday, 4 December 2017

808.THEERAN ADHIGARAM ONDRU(TAMIL,2017)

808.THEERAN ADHIGARAM ONDRU(TAMIL,2017)

  Crime|Thriller|

Dir:H.Vinoth
Characters Played by Karthi,Rakul

MH Views rating: 3.5/5

  സാധാരണക്കാരുടെ ജീവിതത്തില്‍ പേടി സ്വപ്നമായി മാറിയ കൊള്ളക്കാരുടെ സംഘം പിന്നീട് രാഷ്ട്രീയക്കാരെയും കൊല്ലപ്പെടുത്തി തുടങ്ങിയപ്പോള്‍ സമ്മര്‍ദത്തില്‍  ആയ പോലീസ്,അത്തരം കൊലപാതകങ്ങള്‍ക്ക് അറുതി വരുത്താന്‍ ഉള്ള നിര്‍ദേശം ലഭിച്ചപ്പോള്‍  നടത്തുന്ന അന്വേഷണം ആണ് "തീരന്‍-അധികാരം ഒന്ട്രു" എന്ന കാര്‍ത്തി ചിത്രം."ബാവരിയ ഓപ്പറേഷന്‍" എന്ന വളരെ ബുദ്ധിമുട്ടേറിയ പോലീസ് ദൌത്യത്തിന്റെ സിനിമാവിഷ്ക്കാരം ആണ് ചിത്രം.ഏ ഐ ഡി എം കെ എം.എല്‍.ഏ ആയിരുന്ന സുദര്‍ശന്റെ മരണത്തോടെ അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി ആയിരുന്ന ജയലളിതയുടെ നിര്‍ദേശ പ്രകാരം ഇന്‍സ്പെക്ട്ടര്‍ ജെനറല്‍ ജങ്ങിദ് കൊലപാതകികളുടെ സാന്നിധ്യം ഉണ്ടെന്നു മനസ്സിലാക്കിയ സംസ്ഥാനങ്ങളുടെ സഹായത്തോടെ ആയിരുന്നു 'ഓപ്പറേഷന്‍ ബാവരിയ' പൂര്തീകരിക്കുന്നത്.


   വളരയേറെ ബുദ്ധിമുട്ടുകള്‍ സഹിച്ചും രാജസ്ഥാനിലെ പല ഗ്രാമങ്ങളിലും തമ്പടിച്ചു ദൗത്യസേന നടത്തിയ പ്രവര്‍ത്തനങ്ങളുടെ "തമിഴ്" സിനിമാവിഷ്ക്കാരം ആണ് ചിത്രം.കാര്‍ത്തി, ചിത്രത്തില്‍ DSP തീരന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.അടുത്തായി ചില മോശം ചിത്രങ്ങളുടെ ഭാഗം ആകേണ്ടി വന്ന കാര്‍ത്തിയുടെ കഥാപാത്രം ആണ് ചിത്രത്തിന്റെ പ്രധാന വിജയ ഘടകങ്ങളില്‍ ഒന്ന്.തീരന്‍ തന്‍റെ പോലീസ് ഉദ്യോഗം ;ട്രെയിനിംഗ് കാലഘട്ടം മുതല്‍ അവതരിപ്പിച്ചിരിക്കുന്നു.അയാളുടെ പ്രണയം,കുടുംബം,നിലപാടുകള്‍ എല്ലാം സിനിമയുടെ രീതിയില്‍ തന്നെ ആവിഷ്കരിച്ചിരിക്കുന്നു.


    തുടക്കത്തിലേ അവതരണ രീതി മാറ്റി നിര്‍ത്തിയാല്‍ വയലന്‍സ് നിറഞ്ഞ ഒരു കുറ്റാന്വേഷണ ചിത്രം ആണ് തീരന്‍,H.വിനോത് എന്ന സംവിധായകന്റെ മികവും ഇവിടെ ആയിരുന്നു.ചിത്രം പ്ലാന്‍ ചെയ്ത രീതി.ഒരു പക്ഷെ ബാവരിയ ഓപ്പറേഷന്‍ മാത്രം അവതരിപ്പിചിരുന്നതെങ്കില്‍ നിരൂപക പ്രശംസയില്‍ മാത്രം ഒതുങ്ങി പോകേണ്ടിയിരുന്ന ഒരു ചിത്രം,അത് അവതരിപ്പിച്ചിരിക്കുന്ന പ്രേക്ഷകര്‍ക്ക്‌ വേണ്ടി മസാല ചേരുവകകള്‍ ആവശ്യത്തിനു ചേര്‍ത്തിട്ടും ഉണ്ട്.കൊമേര്‍ഷ്യല്‍ വിജയത്തിന് വേണ്ടുന്ന ചേരുവകകള്‍ ഉള്‍പ്പെടുത്തി ഇത്തരം ഒരു പ്രമേയം അവതരിപ്പിക്കുകയും അത് വിജയം ആക്കുകയും ചെയ്യേണ്ട കടമ ഒരു സംവിധായകന്‍ എന്ന നിലയില്‍ ഭംഗിയായി നിര്‍വഹിച്ചിരിക്കുന്നു.


   ഒരു പോലീസിന്റെ ജീവിതം.അയാളുടെ ബലഹീനതകള്‍,അയാളുടെ നിരാശകള്‍,നഷ്ടങ്ങള്‍, ഇവയില്‍ നിന്നും എല്ലാം കര കയറാന്‍ ഉള്ള അയാളുടെ പ്രതീക്ഷകള്‍ എല്ലാം തീരന്‍ എന്ന കഥാപാത്രത്തില്‍ കാണുവാന്‍ സാധിക്കും.ചിത്രത്തില്‍ അവതരിപ്പിക്കുന്നത്‌ പോലെ തുടക്കം വര്‍ഷങ്ങളായി നടന്നു വരുന്ന ക്രൂരമായ കൊലപാതകങ്ങള്‍ക്ക് അത്രയേറെ പ്രാധാന്യം കൊടുക്കതിരുന്നവര്‍ ഒരു എം എല്‍ ഏയുടെ കൊലപതകത്തോടെ കേസിന് വരുന്ന പ്രാധാന്യം ജീവന്റെ വില നിശ്ചയിക്കുന്ന ഇന്ത്യന്‍ സാമൂഹിക ഘടനയുടെ നേര്‍ അവിഷ്ക്കാരവും ആയിരുന്നു.സംവിധായകനും ഇത് തന്നെയാകും പറയാന്‍ ഉദ്ദേശിച്ചതും.

  ബാവരിയ സംഘാംഗങ്ങള്‍ ആയി വരുന്ന നടന്മാര്‍ പലരും അവരുടെ കഥാപാത്രങ്ങളോട് രൂപം,ശരീര ഘടന എന്നിവ കൊണ്ടുള്ള ഭീതി പ്രേക്ഷകരില്‍ എത്തിക്കാന്‍ സാധിച്ചു. ഈ അടുത്ത് കണ്ട ഏറ്റവും മികച്ച ത്രില്ലറുകള്‍ ഒന്നാണ് തീരന്‍.ഒരിക്കല്‍ പോലും മുഷിപ്പിക്കാതെ ശ്വാസം അടക്കിപ്പിടിച്ചു കൊണ്ട് കണ്ട സംഘട്ടന രംഗങ്ങള്‍ അനേകം.കൊമേര്‍ഷ്യല്‍ ചേരുവകകള്‍ ചിത്രത്തിന്റെ മൊത്തത്തില്‍ ഉള്ള മൂഡ്‌ നശിപ്പിച്ചു എന്ന്‍ അഭിപ്രായം ഉള്ളവര്‍ പോലും ഈ രംഗങ്ങള്‍ കണ്ടു ആസ്വധിച്ചിരിക്കാന്‍ സാധ്യതയുണ്ട്."സതുരംഗ വേട്ട" പോലത്തെ ഒരു ചിത്രം അവതരിപ്പിച്ച H.വിനോത് എന്ന സംവിധായകനില്‍ ഉള്ള പ്രതീക്ഷ ഈ ചിത്രത്തിലൂടെ വീണ്ടും കൂടിയിരിക്കുന്നു.

Sunday, 3 December 2017

807.HAPPY DEATH DAY(ENGLISH,2017)

807.HAPPY DEATH DAY(ENGLISH,2017),|

Thriller|Mystery|Fantasy|,
Director:-Christopher Landon,
Characters Played by:-Jessica Rothe, Israel Broussard, Ruby Modine

MH Views rating:2.75/5

"Happy Death Day"-'When Groundhog Day' meets 'Scream'

   തന്‍റെ ചുറ്റും നടക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തനവും, ഒരേ ദിവസം ആണ് പല തരത്തില്‍  പിന്നീട് പല ദിവസങ്ങലുമായി ജീവിക്കുന്നത് എന്ന വിവരം തെരേസയുടെ ജീവിതത്തില്‍ പലതരം പ്രശ്നങ്ങള്‍ ആണ് സൃഷ്ടിച്ചത്.സ്വന്തം ജീവിതത്തിനു പ്രാമുഖ്യം നല്‍കിക്കൊണ്ട് മറ്റുള്ളവരെ ശ്രദ്ധിക്കാതെ ജീവിച്ചിരുന്ന അവള്‍ തന്‍റെ ജന്മദിനമായ സെപ്റ്റംബര്‍ 18 നു ഫോണില്‍ റിങ്ങ്ടോണ്‍ കേട്ട് ഉണരുമ്പോള്‍ കാര്‍ട്ടര്‍ എന്ന സഹപാഠിയുടെ റൂമില്‍ ആയിരുന്നു.അതിനു ശേഷം നടക്കുന്ന ഓരോ സംഭവങ്ങളും പിന്നീട് ഉള്ള ദിവസങ്ങളില്‍ ആവര്‍ത്തിച്ചു വരുന്നതായി അവള്‍ കാണുന്നു.

   കാര്ട്ടരിന്റെ മുറിയില്‍ ഉറക്കം ഉണരുന്നത് മുതല്‍ മുഖമൂടി വച്ച ഒരാള്‍ അവളെ പിന്നീട് കൊല്ലുന്നത് വരെയുള്ള സംഭവങ്ങള്‍ പിറ്റേ ദിവസം ഉറക്കത്തില്‍ കണ്ട ഒരു സ്വപ്നം പോലെ ആണ് അവള്‍ക്കു തോന്നുക.തെരേസ അവളുടെ ജീവിതത്തില്‍ പിന്നീട് അവളുടെ തന്നെ മരണത്തിലേക്ക് നയിക്കുന്ന സംഭവങ്ങളില്‍ മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിക്കുന്നു.യഥാര്‍ത്ഥ കൊലയാളിയെ കണ്ടെത്താന്‍ ഉള്ള ഒരു ശ്രമം കൂടി അവള്‍ക്കു ഇതിനു പിന്നിലുണ്ടായിരുന്നു.

  എന്നാല്‍ പലപ്പോഴും അവളുടെ വിധി ഒന്ന് തന്നെ ആയിരുന്നുവെങ്കിലും കൊലയാളിയെ കണ്ടെത്താന്‍ സാധിക്കുന്നില്ല.തെരേസ,സ്വയമായി അവളുടെ കൊലയാളിയെ തേടി ഇറങ്ങുന്നതനു ചിത്രത്തിന്റെ പ്രമേയം.പക്ഷെ അതിനായി അവള്‍ക്കു ജീവിതത്തിലെ ഓരോ സംഭവങ്ങളിലും മാറ്റങ്ങള്‍ വരുത്തേണ്ടി വരുന്നു.തെരേസ അവളുടെ കൊലയാളിയെ കണ്ടെത്തുമോ?ഈ ടൈം ലൂപ്പില്‍ നിന്നും അവള്‍ക്കു രക്ഷപ്പെടാന്‍ ആകുമോ?സെപ്റ്റംബര്‍ 19 എന്ന ദിവസം അവള്‍ക്കു അന്യമാണോ?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.


ടൈം ലൂപ് പ്രമേയമായി സാദൃശ്യം ഉള്ള പ്ലോട്ടുകളുമായി അടുത്ത് ഇറങ്ങിയ ചിത്രങ്ങളാണ് "Before I Sleep","Happy Death Day" എന്നിവ.രണ്ടു വിദ്യാര്‍ത്ഥിനികള്‍ടൈം ലൂപ്പില്‍ അകപ്പെടുന്നതാണ് രണ്ടു കഥയുടെയും പ്രമേയം.തന്‍റെ കൊലയാളിയെ കണ്ടെത്തുക,സ്വഭാവ സമീപനങ്ങളിലെ മാറ്റം വരുത്തല്‍ തുടങ്ങിയവ രണ്ടു ചിത്രങ്ങളിലെയും പൊതു ഘടകങ്ങള്‍ ആയിരുന്നെങ്കിലും ക്ലൈമാക്സ് രണ്ടു ചിത്രതിലും അവതരിപ്പിച്ചിരിക്കുന്ന രീതിയില്‍ പ്രകടമായ വ്യത്യാസം ഉണ്ട്.പ്രത്യേകിച്ചും അടുത്ത ദിവസം അവര്‍ എങ്ങനെ നോക്കി കാണുന്നു എന്നതില്‍.സിനിമ എന്ന നിലയില്‍ രണ്ടു ചിത്രങ്ങളും പ്രേക്ഷകര്‍ക്ക്‌ ഇഷ്ടമാകും.

Friday, 1 December 2017

806.CROOKED HOUSE(ENGLISH,2017)

806.CROOKED HOUSE(ENGLISH,2017),|Mystery|Thriller|
       Dir:-Gilles Paquet-Brenner
       Characters Played by: Christina Hendricks, Honor Kneafsey, Gillian Anderson
     
MH Views rating: 2.75/5    സ്റ്റീഫന്‍ കിംഗ്‌,അഗത ക്രിസ്റ്റി തുടങ്ങിയ എഴുത്തുകാരുടെ കഥകള്‍ക്ക് സിനിമ ലോകത്തില്‍ നല്ല മാര്‍ക്കറ്റ് ഉണ്ടായിരുന്നു എപ്പോഴും.ഇവരുടെ രണ്ടു പേരുടെയും കഥകള്‍ ചിത്രങ്ങള്‍ ആയി ഇപ്പോഴും പലതും ഇറങ്ങുന്നത് കൊണ്ടാണ് ഇരുവരെയും ഒരേ ലീഗില്‍ ഉള്‍പ്പെടുത്തിയത്.കഥകളില്‍ ഒക്കെ വ്യക്തമായ ശൈലി വ്യത്യാസം ഇവരില്‍ രണ്ടു പേരിലും കാണാന്‍ സാധിക്കുമെങ്കിലും.അഗത ക്രിസ്റ്റിയുടെ Poirot എന്ന കുറ്റാന്വേഷണ വിദഗ്ധന്‍ ഇതിഹാസം ആയതു പോലെ സ്റ്റെഫാന്‍ കിങ്ങിന്റെ സിഗ്നേച്ചര്‍ കഥാപാത്രമായി മാറി IT ലെ കോമാളി.

   ഇനി സിനിമയിലേക്ക്.Crooked House ഒരു കുറ്റാന്വേഷണ സിനിമയാണ്.എംബസി ഉദ്യോഗസ്ഥന്‍ ആയിരുന്ന ചാര്‍ല്സ് ഹേയ്വാര്‍ഡ്‌ തന്‍റെ ജോലി വ്യക്തിപരമായ കാരണങ്ങളാല്‍  ഉപേക്ഷിച്ച് ഒരു കുറ്റാന്വേഷണ ഏജന്‍സി നടത്തുകയാണ്,തന്‍റെ അച്ഛന്റെ പാത പിന്തുടര്‍ന്ന്.സോഫിയ എന്ന ഒരു യുവതി ഒരു ദിവസം ചാര്‍ല്സിനെ കാണാന്‍ എത്തുന്നു.ധനികനായ അവരുടെ മുത്തശന്‍ കൊല്ലപ്പെട്ടിരിക്കുന്നു.ഹൃദയാഘാതം ആണ് മരണത്തിനു കാരണം എന്ന് ആദ്യം കരുതിയിരുന്നെങ്കിലും പിന്നീട് ഇന്‍സുലിന്‍ കുപ്പിയില്‍ വിഷം മാറ്റി വച്ച് ആരോ ചെയ്ത കൊലപാതകം ആണെന്നുള്ള സൂചന ലഭിച്ചു തുടങ്ങിയിരുന്നു.

  പോലീസ് അന്വേഷണം തുടരുന്നതിനിടയില്‍ അരിസ്ട്ടിദ് ലയനിടിസ് കൊല്ലപ്പെട്ട ആ ബംഗ്ലാവില്‍ തന്നെ ഉണ്ടാകും കൊലപാതകി എന്ന് സോഫിയ വിശ്വസിക്കുന്നു.പോലീസ് ആ രഹസ്യം കണ്ടെത്തുന്നതിനു മുന്‍പ് ചാര്‍ല്സ് ആ കേസ് അന്വേഷണം ഏറ്റെടുക്കാന്‍ അവള്‍ അഭ്യര്‍ത്ഥിക്കുന്നു.ചാര്‍ല്സ് തീരുമാനം എടുക്കാന്‍ ആകാതെ കുഴയുമ്പോള്‍ ആണ് ചാര്‍ല്സിന്റെ പിതാവിന്റെ സുഹൃത്തായ സ്കോട്ട്ലന്റ് ഉദ്യോഗസ്ഥന്‍ ചാര്‍ല്സിനോട് കേസ് അന്വേഷണം നടത്താന്‍ ആവശ്യപ്പെടുന്നു.അതിനു അയാള്‍ക്ക്‌ വ്യക്തമായ കാരണങ്ങള്‍ ഉണ്ടായിരുന്നു.ലയനിടിസിനു ഉള്ള പല അന്താരാഷ്ട്ര ബിസിനസ്സുകളിലും പല വിദേശ ഇന്റലിജന്‍സ് ഏജന്‍സികളുമായി ബന്ധം ഉണ്ടായിരുന്നു.അവര്‍ ആരെങ്കിലും ആണോ ഇത് ചെയ്തതെന്ന് അറിയാന്‍ ഉള്ള ആഗ്രഹം ആയിരുന്നു സ്കോട്ട്ലന്റ് യാര്‍ഡിന് ആ കേസില്‍ ഉള്ള താല്‍പ്പര്യം.

  ചാര്‍ല്സ് അന്വേഷണം ഏറ്റെടുക്കുന്നു.അയാള്‍ അതിനായി ആ വീട്ടിലേക്കു പോകുന്നു.ലയനിടിസ് എന്ന കോടീശ്വരന്റെ സാമ്രാജ്യത്തിന്റെ രഹസ്യങ്ങളുടെ നിഗൂഡത പോലെ തന്നെ നിഗൂഡത പേറി ജീവിക്കുന്ന അയാളുടെ മക്കള്‍,ബന്ധുക്കള്‍ എന്നിവര്‍.അവിടെ ഉള്ള എല്ലാവരിലും കൊലപാതകി ആണെന്നുള്ള സൂചനകള്‍ ഉണ്ടായിരുന്നു.കേസന്വേഷണം നടത്താന്‍ സമീപിച്ച സോഫിയയില്‍ പോലും.ചാര്‍ല്സിന്റെ അന്വേഷണത്തില്‍ കൊലപാതകിയെ കണ്ടെത്താന്‍ സാധിക്കുമോ?ആരാണ് യഥാര്‍ത്ഥ കൊലപാതകി?എന്തായിരുന്നു ആ കൊലപാതകത്തിന്റെ ഉദ്ദേശ്യം?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.

    ഈ ചിത്രത്തില്‍ Poirot നു കൊടുത്ത പോലെ ഉള്ള ഒരു കഥാപാത്ര സൃഷ്ടിക്ക് അഗത ശ്രമിച്ചില്ല എന്ന് തോന്നും.കാരണം,പലപ്പോഴും അപ്രസക്തമായിരുന്നു അയാളുടെ ഇടപെടലുകള്‍ ആ അന്വേഷണത്തില്‍.അപൂര്‍വ്വം ആയി മാത്രം ആയിരുന്നു അയാളില്‍ കുറ്റാന്വേഷകന്‍ എന്ന ഗുണം കാണാന്‍ സാധിക്കുക.ഇത് മനപ്പൂര്‍വം ആണെന്നും തോന്നുന്നു.കാരണം,അഗതയ്ക്ക് പറയാന്‍ ഉണ്ടായിരുന്നത് ആ വലിയ ബംഗ്ലാവിലെ നിഗൂഡതയുടെ കഥയാണ്.സ്വാതന്ത്ര്യമില്ലായ്മയുടെ പ്രതിഷേധത്തിന്റെ കഥ ആയിരുന്നു.

Tuesday, 28 November 2017

805.THE TRUTH BENEATH(KOREAN,2016)

805.                              THE TRUTH BENEATH(KOREAN,2016),|Mystery|Crime|

                      Director: Kyoung-mi Lee
                       Characters Played by:Ye-jin Son, Ju-hyuk Kim, Yu-hwa Choi .

    രാഷ്ട്രീയം പ്രധാന വിഷയം ആയി ആരംഭിക്കുന്ന The Truth Beneath എന്ന കൊറിയന്‍ ചിത്രം പിന്നീട് ഒരു മിസ്റ്ററി/ക്രൈം ചിത്രം ആയി മാറുന്നു.നാഷണല്‍ അസംബ്ലിയിലേക്ക് മത്സരിക്കുന്ന ചാന്‍ ജോംഗ് കുറെ കാലങ്ങളായി അനൌന്സര്‍ ആയി ജോലി ചെയ്യുകയായിരുന്നു.എന്നാല്‍ ഇത്തവണ ഇലക്ഷന്‍ ജയിക്കണം എന്ന ആഗ്രഹത്തോടെ തന്നെ അയാള്‍ പ്രചരണം തുടങ്ങുന്നു തന്‍റെ കന്നിയങ്കത്തില്‍.ആദ്യ ദിവസം അയാളുടെ ഭാര്യ ഹോംഗ് യോണും ഉത്സാഹത്തോടെ തന്‍റെ ഭര്‍ത്താവിന്റെ ഇലക്ഷന്‍ പ്രചാരണത്തില്‍ പങ്കാളിയായി.

  എന്നാല്‍ അന്ന് അവരെ വരവേറ്റ വാര്‍ത്ത അവരുടെ ടീനെജ്കാരിയായ മകള്‍ മിന്‍-ജിന്നിനെ കാണുന്നില്ല എന്നതായിരുന്നു.പ്രത്യേകതരം സ്വഭാവക്കാരി ആയ മിന്‍ ജിന്നിന്റെ തിരോധാനം അവര്‍ ആദ്യം കാര്യമായെടുക്കുന്നില്ല.എന്നാല്‍ പിന്നീട് മനസ്സിലായി സംഭവം അല്‍പ്പം ഗൌരവം ഉള്ളതാണ് എന്ന്.ഇലക്ഷന്‍ പ്രചരണം തുടര്‍ന്ന ചാന്‍ ഗോംഗ് മകളുടെ തിരോധാനം ഇലക്ഷനില്‍ സഹതാപ വോട്ടുകള്‍ക്കായി ഉപയോഗിച്ച് തുടങ്ങുമ്പോള്‍ ഹോംഗ് യോണ്‍ മകളെ കണ്ടെത്താന്‍ ഒറ്റയ്ക്ക് ഇറങ്ങി തിരിക്കുന്നു.തെളിവുകള്‍ ഇല്ലാതെ പോലീസും.

   യോംഗ് ഹോന്‍ മകളുമായി ബന്ധം ഉള്ളവരെയും,അവള്‍ സ്ഥിരം ഫോണ്‍ വിളിക്കുന്നവരെയും അത് പോലെ മെയില്‍ അയക്കുന്നവരെയും എല്ലാം നേരിട്ടോ അല്ലാതെയോ ബന്ധപ്പെടാന്‍ തുടങ്ങി.അവരുടെ അന്വേഷണം മുന്നോട്ടു പോകുമ്പോള്‍ ആണ് മിന്‍-ജിന്നിന്‍റെ സ്വഭാവം അവര്‍ കരുതിയത്‌ പോലെ അല്ല എന്ന് മനസ്സിലാകുന്നത്‌.ഇതിന്റെ ഇടയ്ക്ക് അവളുടെ മറവു ചെയ്യപ്പെട്ട ശരീരം ലഭിക്കുന്നു.

  ആരാണ് യഥാര്‍ത്ഥത്തില്‍ അവളെ കൊല്ലപ്പെടുത്തിയത്?അവളുടെ സുഹൃത്തുക്കള്‍ക്ക് അതില്‍ പങ്കുണ്ടോ?അതോ മറ്റാരെങ്കിലും ആണോ?യോംഗ് ഹോന്നിന്റെ ഈ ഒറ്റയാള്‍ അന്വേഷണം ആണ് ബാക്കി ചിത്രം അവതരിപ്പിക്കുന്നത്‌.പ്രേക്ഷകനെ കേസില്‍ പ്രതികള്‍ ആണെന്ന് ഉള്ള ധാരണ നല്‍കാന്‍ പല കഥാപാത്രങ്ങളിലൂടെയും ശ്രമിക്കുന്നുണ്ട്.എന്നാല്‍ക്കൂടിയും അധികം പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ് കൂടി നല്‍കി ചിത്രം അവസാനിക്കുമ്പോള്‍ നല്ല ഒരു കൊറിയന്‍ ചിത്രം ആകും പ്രേക്ഷകന്റെ മുന്നില്‍ അവസാനിക്കുക.

804.BEFORE I FALL(ENGLISH,2017)

804.BEFORE I FALL(ENGLISH,2017),|Fantasy|Mystery|
       Dir:Ry Russo-Young
        Characters Played by: Zoey Deutch, Halston Sage, Cynthy Wu


      "ടൈം ലൂപ്" പ്രധാന പ്രമേയമായി വന്ന ധിത്രങ്ങള്‍ ഒരുപാട് ഉണ്ട് പല ഭാഷകളിലായി."Groundhog Day" എന്ന ബില്‍ മറെ ചിത്രം ആണ് ഈ വിഭാഗത്തിലെ ക്ലാസിക് ആയി വാഴ്ത്തപ്പെടുന്നത്.സ്പാനിഷ് ചിത്രം "Los cronocrímenes" (Time Crimes) ,Triangle, തുടങ്ങി നീണ്ടു കിടക്കുന്ന ഒരു ലിസ്റ്റ് ആണ് ഈ ഴോന്രെയില്‍ ഉള്ള ചിത്രങ്ങളുടെ ആയുള്ളതു,പ്രധാന കഥാപാത്രം/കഥാപാത്രങ്ങള്‍ ഒരു പ്രത്യേക സമയ പരിധിക്കുള്ളില്‍ അവരുടെ ജീവിതം തളയ്ക്കപ്പെടുന്നു.എന്നും ഒരേ ജീവിതം തന്നെ ഒരേ രീതിയില്‍ അല്ലെങ്കില്‍ ആ അവസ്ഥയില്‍ ചില മാറ്റങ്ങള്‍ വരുത്തുമ്പോള്‍ മറ്റൊരു രീതിയിലേക്ക് പോകുന്ന അവസ്ഥ.


    "Before I Sleep" എന്ന ലോറന്‍ ഒലിവറിന്റെ നോവലിനെ ആസ്പദമാക്കിയാണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.ഫെബ്രുവരി 12,Cupid's Day ആയി ആചരിക്കുമ്പോള്‍ സ്ക്കൂള്‍ വിദ്യാര്‍ത്ഥിനി ആയ സമാന്ത അന്നത്തെ ദിവസം കൂട്ടുകാരികളോട് ഒപ്പം പല കാര്യങ്ങളും പ്ലാന്‍ ചെയ്തിരുന്നു.പതിവ് രീതിയില്‍ വീട്ടില്‍ നിന്നും ഇറങ്ങിയ അവള്‍ക്കു അന്ന് ലഭിച്ച പുഷപ്പങ്ങളും അന്നത്തെ ദിവസം വൈകിട്ട് സുഹൃത്തിന്റെ വീട്ടില്‍ വച്ചുള്ള പാര്‍ട്ടിയിലെ പദ്ധതികളും എല്ലാമായിരുന്നു മനസ്സ് നിറയെ.എന്നാല്‍ സമാന്തയ്ക്ക് കൂട്ടുകാര്‍ക്കും ഇഷ്ടപ്പെടാത്ത ഒരു അതിഥി അന്ന് ആ പാര്‍ട്ടിയില്‍ എത്തി ചേരുന്നു.അവിടെ ഉണ്ടായ പ്രശ്നങ്ങള്‍ക്ക് ശേഷം നാല്‍വര്‍ സംഘം യാത്ര തിരിക്കുമ്പോള്‍ ഒരു അപകടം ഉണ്ടാകുന്നു.

 പിറ്റേന്ന് രാവിലെ ഉണര്‍ന്നു നോക്കുമ്പോള്‍ സമാന്ത തലേ ദിവസത്തെ കാര്യങ്ങള്‍ അത് പോലെ നടക്കുന്നതായി മനസ്സിലാക്കുന്നു.തലേ ദിവസം നടന്ന സംഭവങ്ങള്‍ എന്ന് കരുതിയത്‌ ഒരു സ്വപ്നം ആണോ?അതോ?അന്ന് ആ പാര്‍ട്ടിയില്‍ വന്ന അതിഥി ആരായിരുന്നു?"Before I Sleep" ന്‍റെ ബാകി കഥ അതാണ്‌.

  നല്ല പശ്ചാത്തല സംഗീതവും ചിത്രത്തിന് യോജിച്ച രീതിയില്‍ അവതരിപ്പിച്ച ടീനേജ് കഥാപാത്രങ്ങളും ആണ് സിനിമയുടെ പ്രധാന ഘടകങ്ങള്‍.സമാന്ത അവളുടെ അത് വരെയുള്ള ജീവിതത്തില്‍ നടത്തിയ തെറ്റുകള്‍ക്ക് പ്രായശ്ചിത്തം ചെയ്യാന്‍ അവള്‍ക്കു കിട്ടിയ ഓരോ ദിവസവും ശ്രമിക്കുന്നു.അത് അവള്‍ തുടരുന്നു ഇനിയും മുന്നോട്ടു ദിവസങ്ങള്‍ എന്നെങ്കിലും പോകുമെന്ന് ഉള്ള പ്രതീക്ഷയില്‍.
      

Tuesday, 21 November 2017

803.BAD GENIUS(THAI,2017)

803.BAD GENIUS(THAI,2017),|Thriller|Crime|,Dir:- Nattawut Poonpiriya,*ing:-Chutimon Chuengcharoensukying, Eisaya Hosuwan, Teeradon Supapunpinyo.


 ഒറ്റ വരിയില്‍ ഉള്‍ക്കൊള്ളിക്കാവുന്ന ഒരു കഥ."പരീക്ഷ എഴുതാന്‍ നിയമവിരുദ്ധമായ രീതിയില്‍ ,പണം വാങ്ങി സഹായം ചെയ്ത ബുദ്ധിശാലികളുടെ കഥ".ഏറ്റവും വിരസമായ പരീക്ഷകളെ രണ്ടു മണിക്കൂറില്‍ അധികം ഉള്ള ഒരു സിനിമയായി അവതരിപ്പിച്ച് ഒരു നിമിഷം പോലും പ്രേക്ഷകനെ മുഷിപ്പിക്കാത്ത മികച്ച ചിത്രമായി മാറിയ തായ് സിനിമയാണ് Bad Genius.

  ശരിക്കും ഈ ചിത്രം അത്ഭുതപ്പെടുത്തി കളഞ്ഞൂ.എഡിറ്റിംഗ് വേഗത ഒക്കെ ഏറ്റവും മികച്ച രീതിയില്‍ ഉപയോഗിച്ച് യാതാര്‍ത്ഥത്തില്‍ നടന്ന ഒരു സംഭവത്തെ ഇത്രയും മികവുറ്റ രീതിയില്‍ അവതരിപ്പിച്ചത് തന്നെ ഒരു അത്ഭുതമാണ്."ഓംഗ്-ബാക്ക്" ഒരു കാലത്ത് തായ് സിനിമകളില്‍ നിന്നും ലോകം ആകമാനം പടര്‍ന്നു പിടിച്ച തരംഗമായിരുന്നു.എന്നാല്‍ കളക്ഷനില്‍ പല ഏഷ്യന്‍ രാജ്യങ്ങളിലും ഓംഗ്-ബാക്കിനെ പോലും പിന്തള്ളി ആണ് പുതുമുഖം ആയ Chutimon Chuengcharoensukying പ്രധാന കഥാപാത്രമായ ലിന്നിനെ അവതരിപ്പിച്ച ഈ ചിത്രം പ്രശസ്തി നേടുന്നത്.

   ഒരു സ്ക്കൂളും കുറച്ചു വിദ്യാര്‍ത്ഥികളും ആണ് പ്രധാന കഥാപാത്രങ്ങള്‍.അതീവ ബുദ്ധിശാലി ആയ ലിന്നിന് തന്‍റെ പിതാവിന്റെ അധ്യാപക ജോലി കൊണ്ട് തന്‍റെ സ്വപ്‌നങ്ങള്‍ ഒന്നും നേടാന്‍ കഴിയില്ല എന്ന ചിന്തയില്‍ ആണ് അവള്‍ പരീക്ഷകളില്‍ സുഹൃത്തുക്കളെ പണം വാങ്ങി സഹായിക്കാം എന്ന് സമ്മതിക്കുന്നത്.സാധാരണ രീതിയില്‍ ഉള്ള കോപ്പിയടി ആയിരുന്നില്ല അത്.ലിന്‍ തന്‍റെ ബുദ്ധിയില്‍ കോപ്പിയടിയില്‍ പലതരം പുതിയ ടെക്നിക്കുകളും കൊണ്ട് വരുന്നു.സ്ക്കൊലര്‍ഷിപ് നേടി പഠിക്കുന്ന ലിന്നിന്റെ സഹായത്തോടെ ധനികരായ ധാരാളം വിദ്യാര്‍ഥികള്‍ വിജയങ്ങള്‍ നേടി തുടങ്ങി.

  എന്നാല്‍ പിന്നീട് അവരുടെ അതിബുദ്ധി അന്താരാഷ്ട്രതലത്തില്‍ നടത്തപ്പെടുന്ന പരീക്ഷകളില്‍ കൂടി പ്രയോഗിക്കാന്‍ ശ്രമം തുടങ്ങുന്നു.ലിന്നിനും കൂട്ടര്‍ക്കും എന്ത് സംഭവിച്ചു?അതാണ്‌ ചിത്രത്തിന്റെ ബാക്കി കഥ പറയുന്നത്.പുതുമുഖങ്ങളുടെ അഭിനയം മികച്ചതായിരുന്നു.ഈ അടുത്ത് കണ്ട മികച്ച സിനിമകളില്‍ ഒനാണു തായ് ഭാഷയില്‍ നിന്നുമുള്ള ഈ അത്ഭുത ത്രില്ലര്‍.എല്ലാതരം സിനിമകളുടെ ആസ്വാദകരെയും ഒരു പോലെ തൃപ്തിപ്പെടുന്ന ചിത്രമാണ് Bad Genius.